Thursday 09 April 2020 12:29 PM IST : By വനിത പാചകം

പെസഹ പെരുന്നാളിന് അപ്പവും പെസഹാപ്പാലും

pesaha335e5r4

ക്രിസ്തു ശിഷ്യന്മാരോടൊത്ത് പെസഹ ആചരിച്ചതിന്റെ ഓർമയ്ക്കാണ് പെസഹ പെരുന്നാൾ കൊണ്ടാടുന്നത്. അപ്പം മുറിച്ച് വീഞ്ഞിൽ മുക്കി ശിഷ്യന്മാർക്ക് കൊടുത്തത് തന്റെ ശരീരവും രക്തവും നൽകുന്നതിന്റെ പ്രതീകമായിരുന്നത്രേ. ഇന്ന് ക്രിസ്ത്യാനികളുടെ വീടുകളിൽ ഇതിനെ അനുസ്മരിപ്പിച്ചു കൊണ്ടു വീട്ടിലെ മുതിർന്ന അംഗം പെസഹാ അപ്പം മുറിച്ച്, പാലി‍ൽ മുക്കി കുടുംബാംഗങ്ങൾക്ക് നൽകുന്നു.

പെസഹ അപ്പം 

1. ഉഴുന്ന് – ഒരു കപ്പ്

പച്ചരി – മൂന്നു കപ്പ്

2. തേങ്ങ, ചെറുത് – ഒന്ന്, ചുരണ്ടിയത്

ചുവന്നുള്ളി – ആറ്

ജീരകം – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

4. ചുവന്നുള്ളി – 10–12, നീളത്തിൽ അരിഞ്ഞത്

5. തേങ്ങാക്കൊത്ത്, പായസത്തിനെന്ന പോലെ അരിഞ്ഞത് – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙ ഉഴുന്നും പച്ചരിയും നന്നായി കഴുകി മൂന്നു മണിക്കൂർ കുതിർത്തു വയ്ക്കണം.

∙ പിന്നീട് ഇതിലേക്കു രണ്ടാമത്തെ ചേരുവയും ചേർത്തു മിക്സിയിൽ ഇഡ്ഡലി മാവിന്റെ പരുവത്തിൽ അരച്ചെടുക്കുക.

∙ ഈ മാവിൽ നിന്നു പകുതി മാറ്റി വച്ച്, ബാക്കി മാവ് ചെറിയ സ്റ്റീൽ  പ്ലേറ്റിൽ ഒഴിച്ച് മുകളിൽ കുരുത്തോലയുടെ അറ്റം കീറി കുരിശാകൃതിയിൽ വച്ച് ആവിയിൽ വേവിച്ചെടുക്കണം. ഇതാണ് വേവിച്ച അപ്പം.

∙ മാവ് അരച്ചാൽ അപ്പോൾ തന്നെ ചുട്ടെടുക്കണം. ഇല്ലെങ്കിൽ പുളിച്ചു പോകും. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളാണ് പെസഹ.

ഇനി ചുട്ട അപ്പം തയാറാക്കാം

∙ ചുവന്നുള്ളിയും തേങ്ങാക്കൊത്തും ഇളം റോസ് നിറത്തിൽ വെവ്വേറെ വറുത്തു കോരി മാറ്റി വച്ച മാവിൽ ചേർത്തിളക്കുക.

∙ ഇതു ചെറിയ ഉരുളിയിലോ, പരന്ന പാനിലോ ഒഴിച്ചു ചുട്ടെടുക്കാം.

പെസഹാപ്പാൽ 

1. ശർക്കര – അരക്കിലോ

2. തേങ്ങ – ഒന്ന്

3. അരിപ്പൊടി – ഒരു കപ്പ്

4. ഏലയ്ക്ക – ആറ്, പൊടിച്ചത്

ചുക്ക് പൊടിച്ചത് – ഒരു ചെറിയ സ്പൂൺ

ജീരകം പൊടിച്ചത് – അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ ശർക്കര ചെറിയ കഷണങ്ങളാക്കി വെള്ളം ഒഴിച്ച് ഉരുക്കി അരിച്ചെടുക്കണം.

∙ തേങ്ങ ചുരണ്ടിയെടുത്ത്, ഒരു കപ്പ് വെള്ളം ചേർത്തടിച്ച് ഒരു കപ്പ് ഒന്നാം പാൽ പിഴിഞ്ഞു മാറ്റിവയ്ക്കണം.

∙ ബാക്കി തേങ്ങയിൽ രണ്ടു കപ്പ് ചെറു ചൂടുവെള്ളം ഒഴിച്ച് രണ്ടും മൂന്നും പാൽ പിഴിഞ്ഞെടുക്കണം.

∙ ഉരുക്കി അരിച്ചു വച്ചിരിക്കുന്ന ശർക്കരയിലേക്കു രണ്ടും മൂന്നും പാൽ ചേർത്തിളക്കി അടുപ്പത്തു വയ്ക്കുക.

∙ ഇതിലേക്ക് അരിപ്പൊടി അൽപം വെള്ളത്തിൽ കലക്കിയതും ചേർത്തു തുടരെയിളക്കി തിളപ്പിച്ചു കുറുക്കണം.

∙    ഏലയ്ക്കയും ചുക്കും ജീരകവും പൊടിച്ചത് ഒന്നാംപാലിൽ ചേർത്തിളക്കി വയ്ക്കണം.

∙ അടുപ്പത്തിരിക്കുന്ന പാൽ പാകത്തിനു കുറുകുമ്പോൾ തയാറാക്കി വച്ചിരിക്കുന്ന ഒന്നാംപാൽ ചേർത്തിളക്കി വാങ്ങുക.

∙ പാൽ കുറുക്കുമ്പോഴും കുരുത്തോലയുടെ ഒരു കഷണം ചേർക്കുന്ന പതിവുണ്ട്.

∙ കഴിഞ്ഞ വർഷത്തെ ഓശാനപ്പെരുന്നാളിനു ലഭിച്ച കുരുത്തോലയാണ് അപ്പത്തിലും പാലിലും ഇടുവാൻ ഉപയോഗിക്കുന്നത്.

Tags:
  • Easy Recipes
  • Pachakam