Saturday 15 January 2022 04:17 PM IST : By സ്വന്തം ലേഖകൻ

രുചികരമായ പാലപ്പവും മട്ടൺ കറിയും; രാജനി ചാണ്ടി സ്‌പെഷൽ റെസിപ്പി

rajini-chandymutton-curry തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ഫോട്ടോ: സരുൺ മാത്യു. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: അഭിലാഷ് തങ്കപ്പൻ, എക്സിക്യൂട്ടീവ് സൂ ഷെഫ്പോർട്ട് മുസിരിസ്, ട്രിബ്യൂട്ട് പോർട്ട്ഫോളിയോ, നെടുമ്പാശ്ശേരി, കൊച്ചി

‘‘എന്റെ പതിനെട്ടാം വയസ്സിലായിരുന്നു ഞങ്ങളുടെ കല്യാണം. ചാണ്ടിച്ചനന്നു മുംബൈ അമേരിക്കൻ എക്സപ്രസ് ഇന്റർനാഷനൽ ബാങ്കിലാണ് ജോലി. കൂടെ ജോലി ചെയ്യുന്ന വിദേശികൾ ഉൾപ്പെടെ 10-35 പേരെ ഇടയ്ക്കിടെ വീട്ടിലേക്കു ക്ഷണിക്കും. നാടൻ ഭക്ഷണം വിളമ്പണമെന്ന് ചാണ്ടിച്ചനു നിർബന്ധമായിരുന്നു. പാലപ്പവും സ്റ്റ്യൂവും ആയിരുന്നു അന്നത്തെ മെയിന്‍ ഡിഷ്.’’- അമ്മയുടെ കയ്യിൽ നിന്നു പകർന്നു കിട്ടിയ കൈപുണ്യമാണ് തന്റെ അടുക്കളയിലെ വിജയമെന്നു പറയുന്നു രാജിനി. രാജനി ചാണ്ടി സ്‌പെഷൽ പാലപ്പവും, മട്ടൺ കറിയും റെസിപ്പി ഇതാ.. 

പാലപ്പം

1. പച്ചരി – രണ്ടു കപ്പ്

2. യീസ്റ്റ് – കാല്‍ ചെറിയ സ്പൂണ്‍

പഞ്ചസാര – നാലു വലിയ സ്പൂണ്‍

3. തേങ്ങ ചുരണ്ടിയത് – മൂന്നു കപ്പ്

4. ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ അരി കഴുകി നാല്–അഞ്ചു മണിക്കൂര്‍ കുതിര്‍ത്തു വയ്ക്കണം. തലേന്നു കുതിർത്തു വച്ചാൽ ഏറെ നന്ന്.

∙ അരി നന്നായി പൊടിച്ച് കണ്ണകലം കുറഞ്ഞ അരിപ്പയിലൂടെ ഇടഞ്ഞു വയ്ക്കുക.

∙ രണ്ടാമത്തെ ചേരുവയും ഇടഞ്ഞെടുത്ത അരിപ്പൊടിയും യോജിപ്പിച്ചു വയ്ക്കുക.

∙ ഇട‍ഞ്ഞു ബാക്കി വന്ന തരി, രണ്ട്–മൂന്നു വലിയ സ്പൂണ്‍ എടുത്തു കുറുക്കി വയ്ക്കണം. ഇതു ചൂടാറിയ ശേഷം അരിപ്പൊടി മിശ്രിതത്തിൽ ചേര്‍ത്തു നന്നായി കുഴച്ചു വയ്ക്കുക.

∙ തേങ്ങ അല്‍പം വെള്ളം ചേര്‍ത്തരച്ചു ഒന്നും രണ്ടും മൂന്നും പാലെടുത്തു വയ്ക്കുക. ഇതു ക്രമത്തില്‍ അരിപ്പൊടിയില്‍ ചേര്‍ത്തു കലക്കി പാകത്തിന് അയവുള്ള മാവു തയാറാക്കണം. 

∙ അടുത്ത ദിവസം രാവിലെ ഉപ്പു ചേര്‍ത്തിളക്കി അപ്പച്ചട്ടിയില്‍ മാവൊഴിച്ച് അപ്പം തയാറാക്കാം.

മട്ടണ്‍ കറി

1. മട്ടണ്‍ – അരക്കിലോ, ചെറിയ കഷണങ്ങളാക്കിയത്

2. മല്ലിപ്പൊടി – ഒന്നേകാല്‍ വലിയ സ്പൂണ്‍

മുളകുപൊടി – അര വലിയ സ്പൂണ്‍

മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂണ്‍

ഗരംമസാല – ഒന്നര ചെറിയ സ്പൂണ്‍

3. വെളിച്ചെണ്ണ / എണ്ണ– മൂന്നു വലിയ സ്പൂണ്‍

4. സവാള – ഒരു വലുത്, കനം കുറച്ച് അരിഞ്ഞത്

പച്ചമുളക് – രണ്ട്–മൂന്ന്, പിളര്‍ന്നത്

ഇഞ്ചി – ഒരിഞ്ഞു കഷണം, പൊടിയായി അരിഞ്ഞത്

വെളുത്തുള്ളി – രണ്ട്–മൂന്ന് അല്ലി

കറുവാപ്പട്ട – ഒരു വലിയ കഷണം

ഗ്രാമ്പൂ – ഒന്ന്–രണ്ട്

ഏലയ്ക്ക – ഒന്ന്

കറിവേപ്പില – പാകത്തിന്

5. ഉപ്പ് – പാകത്തിന്

6. തക്കാളി – രണ്ട്, അരിഞ്ഞത്

7. ഉരുളക്കിഴങ്ങ് – രണ്ട്, എട്ട്–പത്തു കഷണങ്ങളാക്കിയത്

തേങ്ങാപ്പാല്‍ – പാകത്തിന്

8. കട്ടിത്തേങ്ങാപ്പാല്‍ – രണ്ട്–മൂന്നു വലിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

∙ മട്ടണ്‍ കഴുകി വൃത്തിയാക്കി വയ്ക്കുക. 

∙ രണ്ടാമത്തെ ചേരുവ അല്‍പം വെള്ളം ചേര്‍ത്തു കുഴച്ചു പേസ്റ്റ് പരുവത്തിലാക്കി വയ്ക്കണം.

∙ പാനില്‍ എണ്ണ ചൂടാക്കി മസാല പേസ്റ്റ് ചേര്‍ത്തു തുടരെയിളക്കി വഴറ്റുക. പച്ചമണം മാറുമ്പോള്‍ നാലാമത്തെ ചേരുവ ചേര്‍ത്തു വഴറ്റണം.

∙ മൃദുവാകുമ്പോള്‍ ഉപ്പു ചേര്‍ത്തിളക്കിയ ശേഷം തക്കാളി ചേര്‍ത്തു വഴറ്റുക. മൃദുവാകുമ്പോള്‍ മട്ടണ്‍ ചേര്‍ത്ത് അല്‍പസമയം ഇളക്കണം. മസാല മട്ടണില്‍ നന്നായി പുരണ്ടിരിക്കണം.

∙ ഇതൊരു പ്രഷര്‍ കുക്കറിലേക്കു മാറ്റി ഉരുളക്കിഴങ്ങും തേങ്ങാപ്പാലും ചേര്‍ത്തു മൂന്ന്–നാലു വിസില്‍ വരും വരെ വേവിക്കണം. മട്ടണ്‍ നന്നായി വേവണം. ആവശ്യമെങ്കില്‍ മട്ടണ്‍ പ്രത്യേകം വേവിച്ചും ചേര്‍ക്കാം.

∙ ആവി പോയ ശേഷം കുക്കര്‍ തുറന്നു കട്ടിത്തേങ്ങാപ്പാല്‍ ചേര്‍ത്തിളക്കുക. ഉപ്പു പാകത്തിനാക്കി വിളമ്പാം.

Tags:
  • Pachakam