Tuesday 16 July 2019 04:43 PM IST : By അനിൽ മംഗലത്ത്

‘ഹൽവ പോലെ അലിഞ്ഞിറങ്ങുന്ന ഇഡ്‍ലി, കൂട്ടിന് ചമ്മന്തിപ്പൊടി’; രാമശേരിയിലെ ദോശഡ്‍ലി വേറെ ലെവലാണ്

idly
പാലക്കാട് രാമശ്ശേരി ശങ്കർനിവാസിലെ വിജയകുമാരി രാമശ്ശേരി ഇഡ്‌ലിയുടെ പണിപ്പുരയിൽ

ലോകത്തെ തന്നെ മികച്ച പ്രഭാതഭക്ഷണങ്ങളിലൊന്നാണ് ഇഡ്‌ലി. എണ്ണമയം ചേരാതെ, ആവിയിൽ വേവിക്കുന്ന ആരോഗ്യകരവും പോഷണസമൃദ്ധവുമായ ഭക്ഷണം. നിങ്ങളുടെ വീട്ടിൽ ഇഡ്‌‍ലി ഇഷ്ടപ്പെടാത്ത കുട്ടികളുണ്ടോ? ഉണ്ടാവുമെന്നുറപ്പാണ്. എങ്കിൽ ആ കുട്ടികളുമായി നമുക്കൊരു യാത്ര പോകാം. പോയി വരുമ്പോൾ ഗാരന്റി തരാം–കുട്ടിയൊരു ഇഡ്‌ലി ഭ്രാന്തനായി മാറിയിരിക്കും.

പേരിൽ ഇഡ്‌ലി; രൂപത്തിൽ ദോശ

ആദ്യം പാലക്കാട് വണ്ടിയിറങ്ങാം. അല്ലെങ്കിൽ കാറിൽ തമിഴ് മണമുള്ള കാറ്റേറ്റ് കൊഴിഞ്ഞമ്പാറ റൂട്ടിൽ കുന്നാച്ചിയിലേക്ക്. പാലക്കാട് നിന്നു കോയമ്പത്തൂർ റോഡിൽ പുതുശ്ശേരി ഇറങ്ങി വലത്തോട്ടുള്ള വഴി നീളുന്നതും കുന്നാച്ചിയിലേക്കാണ്. വേലിപ്പടർപ്പുകൾ അതിരിടുന്ന പറമ്പിടങ്ങളിലൂടെ, നീണ്ടനാട പോലുള്ള വഴിയിലൂടെ മാരിയമ്മൻ ക്ഷേത്രത്തിനരികിലെ ചെറിയൊരു അങ്ങാടിയിലെത്തും. പേര് രാമശ്ശേരി. റോഡിനോട് ചേർന്ന് ചതുരക്കളം േപാലൊരു പറമ്പ്. പറമ്പിനപ്പുറം ടീസ്റ്റാൾ ബോർഡുകൾ. പറമ്പ് കടക്കുമ്പോൾ ഒാർക്കുക; േഗാത്രബോധം പേറുന്നൊരു മണ്ണാണിത്–പാവോടി പറമ്പ്. തമിഴ്നാട്ടിൽ നിന്നു കൊടുമ്പ് ദേശം വഴി ദേശഗമനം നടത്തിയ മുതലിയാർ െനയ്ത്ത് േഗാത്രങ്ങൾ പാവ് നെയ്തിരുന്ന പറമ്പാണിത്.

എന്നാലിപ്പോൾ പാവും തറിയുമില്ല. മദിപ്പിക്കുന്ന ഒരു മണം ഉയരുന്നുണ്ട്. പുളിച്ചമാവിൽ പുളിക്കാത്ത ഒരു വിഭവം ഇവിടെ ഉണ്ടാക്കുന്നു. പേരിൽ ഇഡ്‌ലിയും രൂപത്തിൽ ദോശയുമായി സാമ്യമുള്ള രാമശ്ശേരി ഇഡ്‌ലി.

ശങ്കർ നിവാസിലേക്കാണ് ആദ്യം കയറിയത്. മുത്തുകുമാരനും ഭാര്യ വിജയകുമാരിയുമാണ് ഹോട്ടൽ കം വീടിന്റെ ഉടമസ്ഥർ. നാലു ടീ ഷോപ്പും എട്ടു കുടുംബങ്ങളുമാണ് ഇഡ്‌ലി നിർമാണ രംഗത്തുള്ളത്. മുത്തുകുമാരന്റെ ചേട്ടൻ ജീവാനന്ദനാണ് ശങ്കർനിവാസിലെ പാചകവിദഗ്ധൻ. ആളിപ്പോൾ ചെെെന്ന നുങ്കമ്പാക്കത്ത് ‘കപ്പ, ചക്ക, കാന്താരി’ ഹോട്ടൽ നടത്തുന്നു. അവിടെയും രാമശ്ശേരി ഇഡ്‌ലി ഹിറ്റാണ്. വിജയകുമാരി കുടുംബത്തിലെ മരുമകളാണ്. െകാടുമ്പിൽ നിന്നു തിരുമണം ചെയ്തു വന്നവൾ. നിഴൽവീണ അടുക്കളപ്പുറത്ത് നിന്നു വിജയകുമാരി വാചാലയായി.

‘‘ചിറ്റൂരി അമ്മ എന്നൊരു പെരിയ അമ്മാൾ ഉണ്ടായിരുന്നു. അവർ പകർന്നുതന്ന പാചകരഹസ്യം അണുവിട വിടാതെ പിൻതുടരുന്നുവെന്നുമാത്രം’’. അരിയും ഉഴുന്നും കുറച്ച് ഉലുവയും ചില്ലറ അനുസാരികളും ചേർത്ത്, മണിക്കൂറുകൾ പുളിപ്പിച്ച്, ആവിയിൽ േവവിച്ചെടുക്കുന്ന, അതേ ഇഡ്‌ലിയുടെ അനുപാതവും പാചകരീതിയുമാണ് രാമശ്ശേരിയിലും. പിന്നെങ്ങനെ ദോശപോലെ ചുടുന്നു? ദിവസങ്ങളോളം കേടുകൂടാതിരിക്കുന്നു?.ഈ ചോദ്യത്തിന് ഉത്തരം തേടിയിട്ട് കാര്യമില്ലെന്ന് അനുഭവജ്ഞർ പറയുന്നു.

ഹൽവ പോലെ അലിഞ്ഞിറങ്ങുന്ന ഇഡ്‌ലി, രാമശ്ശേരി സ്പെഷൽ ചമ്മന്തിപ്പൊടി കൂട്ടി നുണയുമ്പോൾ സബാഷ് എന്നാരും പറഞ്ഞുപോകും. സാമ്പാർ, തേങ്ങാ ചട്ണി, ഉഴുന്നുപൊടി എന്തിന് ചിക്കൻകറി വരെ കൂട്ടി ഇഡ്‌ലി രുചിക്കാമെന്ന് വിജയകുമാരി പറയുന്നു.

രുചി രഹസ്യം

ഉഴുന്നുപൊടിയിൽ ഇഡ്‌ലി നുറുക്ക് പുരട്ടിയെടുക്കവേ ചോദിച്ചു: ‘‘എന്താ ഇതിന്റെ ഒരു രഹസ്യം...?’’

‘‘ഏയ് ഒന്നുമില്ല. ‘‘പുഴുങ്ങലരി രവി ബ്രാൻഡ് വേണം. ഉഴുന്നാണെങ്കിൽ മഹാരാജയോ എസ്എൽആറോ. പുളിപ്പിക്കലിന് ഇത്ര മണിക്കൂർ വേണമെന്നുണ്ട്. തിളയ്ക്കുന്ന വെള്ളത്തിൽ ഒന്നര മിനിറ്റ് കൊണ്ട് ഇഡ്‌ലി പുഴുങ്ങിയെടുക്കും.’’

ഏതുനേരവും തുറന്നുവയ്ക്കുന്ന ഒരു ഷോപ്പെങ്കിലും രാമശ്ശേരിയിലുണ്ടാകും. മാരിയമ്മൻ ക്ഷേത്രത്തിനു മുന്നിലെ സരസ്വതീ ടീസ്റ്റാൾ പോലെ. ആവിയിൽ വേവിച്ച അന്നജ കൂട്ടുകൾ നൽകുന്ന പോഷക ഗുണമോർത്ത് ഇഡ്‍‌ലി കഴിക്കുമ്പോൾ അറിയുക കാർബോെെഹഡ്രേറ്റ്, നാരുകൾ, പ്രോട്ടീൻ, പൊട്ടാസ്യം, സോഡിയം തുടങ്ങിയവയുടെ ഉത്സവമേളമാണിപ്പോൾ നിങ്ങളുടെ നാവിൽ.

അടുത്ത തവണ നിശ്ചയമായും കുടുംബത്തെ കൂട്ടണം–മനസ്സിൽ കരുതി. നിർബന്ധമായും ഇഡ്‌ലി വേണ്ടാത്ത കുട്ടിക്കുറുമ്പനും ഒപ്പമുണ്ടാകും ഉറപ്പ്.

Tags:
  • Vegetarian Recipes
  • Breakfast Recipes