Monday 25 January 2021 04:50 PM IST

‘എനർജി ബോൾസ്, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഹെല്‍തി സ്നാക്’; സംവൃതയുടെ സ്‌പെഷൽ റെസിപ്പി ഇതാ

Merly M. Eldho

Chief Sub Editor

samvrith3333

പാചകം പണ്ടു മുതൽ ഇഷ്ടമായിരുന്നു. അമ്മ പാചകം ചെയ്യുമ്പോൾ അതിൽ എന്തെല്ലാമാണ് ചേർക്കുന്നത് എന്നെല്ലാം അന്വേഷിക്കും. അന്നൊന്നും ചെയ്തു നോക്കാനുള്ള സമയവും ക്ഷമയും ഉണ്ടായിരുന്നില്ല. ഇവിടെ വന്നപ്പോൾ അഖി ജോലിക്കു പോയിക്കഴിഞ്ഞാൽ ഇഷ്ടം പോലെ  സ മയം കിട്ടും. അങ്ങനെയാണ് പാചകം തുടങ്ങിയത്. നാട്ടിലെ ചില സാധനങ്ങൾ കഴിക്കാൻ ആശ തോന്നിയപ്പോൾ ഞാൻ ഉണ്ടാക്കാൻ തുടങ്ങി. അങ്ങനെയങ്ങനെ ശീലമായി. പണ്ട് അച്ഛന് ഇഷ്ടമുള്ള ഒരു മുരിങ്ങയ്ക്ക ചെമ്മീൻകറി അമ്മ ഉണ്ടാക്കുമായിരുന്നു. അതൊക്കെ ഓർമ വരുമ്പോൾ അപ്പോൾത്തന്നെ ഉണ്ടാക്കും. ഇവിടെ ഇന്ത്യൻ സ്റ്റോറിൽ എല്ലാ സാധനങ്ങളും കിട്ടും. അതുപോലെ കോളജിൽ പഠിക്കുന്ന കാലത്ത് കോൺവെന്റ് ജംങ്ഷനിൽ നിന്നു കഴിച്ചിരുന്ന പഫ്സ്. അതിന്റെ റെസിപ്പിയും ഞാൻ തപ്പിയെടുത്ത് ഉണ്ടാക്കി. ഇപ്പോൾ കുക്കിങ് ഒരു പാഷൻ ആണ്. വീട്ടിലെത്തുന്നവർക്കു വേണ്ടി പാചകം ചെയ്യാനും സൽക്കരിക്കാനും ഇഷ്ടമാണ്. 

വനിതയുടെ പാചകം മാസികയിൽ കഴിഞ്ഞ ആറു മാസമായി ഞാന്‍ ഫൂഡ് കോളം ചെയ്യുന്നുണ്ട്. എന്റെ ഇഷ്ടവിഭവങ്ങളുടെ റെസിപ്പി ഷെയർ ചെയ്യുന്നൊരു കോളം. അഗസ്ത്യയുടെ ഫേവറിറ്റ് ചോക്കോചിപ് കുക്കീസ്, അഖിയുടെ ഫേവറിറ്റ് ഓറഞ്ച് കേക്ക് എല്ലാം അതിൽ വന്നിരുന്നു. അതു ചെയ്തു തുടങ്ങിയപ്പോള്‍ പാചകത്തോടുള്ള താൽപര്യം അൽപം കൂടി. ഈ റെസിപ്പികളൊക്കെ കൂടുതൽ ആളുകളിലേക്ക് എത്തിക്കണമെന്നു തോന്നുന്നുണ്ട്. യൂട്യൂബ് ചാനൽ തുടങ്ങാനും മാനേജ് ചെയ്യാനുമൊന്നും സമയമില്ല. ഒരു ഫൂഡ് ബ്ലോഗോ റെസിപ്പി ബുക്കോ ചെയ്യണമെന്ന് ആലോചിക്കുന്നു. ഒരു റെസിപ്പി ഇവിടെ ഷെയർ ചെയ്യാം. ഞങ്ങളുടെ വീട്ടിൽ സ്ഥിരമായി ഉണ്ടാക്കുന്ന, എല്ലാവർക്കും ഇഷ്ടമുള്ള ഒരു ഹെല്‍തി സ്നാക്ക്.

എനർജി ബോൾസ്

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

∙ 20 ഈന്തപ്പഴം, അരക്കപ്പ് ബദാം, അരക്കപ്പ് വോൾനട്ട് അ ല്ലെങ്കിൽ പീക്കെൻസ്, അരക്കപ്പ് ചിയ സീഡ്സ്, കാൽ ക പ്പ് കോക്കനട്ട് ഡ്രൈ ഫ്ളേക്ക്സ്, രണ്ടു ചെറിയ സ്പൂൺ കൊക്കോ പൗഡർ, ഒരു വലിയ സ്പൂൺ വെളിച്ചെണ്ണ, ആവശ്യമെങ്കില്‍ ഒരു വലിയ സ്പൂൺ തേൻ അല്ലെങ്കിൽ മേപ്പിൾ സിറപ്പ്, ഒരു നുള്ള് ഉപ്പ് എന്നിവ യോജിപ്പിച്ചു മിക്സിയിൽ അടിക്കുക.

∙ ഇതു ചെറിയ ഉരുളകളാക്കി മയം പുരട്ടിയ ബേക്കിങ് ട്രേയിൽ നിരത്തി, ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് ആറ്–ഏഴ് മിനിറ്റ് ബേക്ക് ചെയ്യുക. നല്ല നട്ടി മണം വരുന്നതാണു പാകം. ചൂടാറിയ ശേഷം വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം.

Tags:
  • Pachakam