Monday 24 January 2022 04:11 PM IST

വായിലിട്ടാൽ അലിഞ്ഞു പോകുന്ന റവ ലഡ്ഡു, ചുവന്ന മത്തങ്ങ പുളിങ്കറി: അമ്മ കരുതിവച്ച സമ്മാനങ്ങൾ: സുധ മേനോന്‍ പറയുന്നു

Merly M. Eldho

Chief Sub Editor

sudha-menon

അമ്മ വിളമ്പുന്ന ഭക്ഷണത്തിന്റെ രുചി.. ലോകത്തിന്റെ ഏതു കോണിൽപ്പോയാലും നാവിനെ കൊതിപ്പിക്കുന്ന ആ അമ്മരുചിയുടെ കൂട്ടുകൾ എന്താണെന്നു ചോദിച്ചാലോ? ഒരിത്തിരി ഉപ്പ്, കുറച്ചു ജീരകം എന്നെല്ലാമായിരിക്കും അമ്മ പറയുന്നത്. ടീസ്പൂൺ, ടേബിൾ സ്പൂൺ കണക്കുകൾ ഇല്ലാതെ കൈ കൊണ്ടു വാരിയിടുന്ന ഉപ്പും കുപ്പിയുടെ അടപ്പിൽ കുടഞ്ഞിട്ട ശേഷം ചീനച്ചട്ടിയിലേക്കിടുന്ന മുളകുപൊടിയും ഒരു പിടി തേങ്ങ ചുരണ്ടിയതുമാണ് അമ്മയുടെ കറികളുടെ രുചി. പലപ്പോഴും ഈ രുചിയളവുകൾ രേഖപ്പെടുത്താൻ നമ്മൾ ആഗ്രഹിക്കുമ്പോഴേക്ക് ഓർത്തെടുക്കാനുള്ള അ മ്മയുടെ കഴിവിനു മങ്ങലേറ്റിട്ടുണ്ടാവും. ആ രുചിയളവുകൾ രേഖപ്പെടുത്താനായി എഴുത്തുകാരി സുധ മേനോൻ നടത്തിയ പരിശ്രമമാണ് ‘റെസി പ്പീസ് ഫോർ ലൈഫ്’ എന്ന പുസ്തകം. ആമിർ ഖാ ൻ മുതൽ വിദ്യ ബാലൻ വരെ... ഇർഫാൻ പഥാൻ മുതൽ മിതാലി രാജ് വരെ സമൂഹത്തിന്റെ വിവിധ തട്ടിലുള്ള പ്രശസ്തർ അവരുടെ അമ്മയുടെ അടുക്കളയിലെ വിശേഷങ്ങളും അമ്മയുടെ ഏറ്റവും വിശിഷ്ടമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകളും പങ്കുവയ്ക്കുന്നു. ഈ പുസ്തകത്തിൽ നിന്നു തിരഞ്ഞെടുത്ത അമ്മരുചി വിശേഷങ്ങളിലൊന്നിതാ...

sudha-menon സുധ മേനോൻ എഴുത്തുകാരി, ഗെറ്റ് റൈറ്റിങ് & റൈറ്റിങ് വിത് വിമൻ സ്ഥാപക

സുധ മേനോൻ

സ്കൂളിൽ പോകുന്നതു സുധ മേനോന് ഒരു ശിക്ഷ പോലെ ആയിരുന്നു. പക്ഷേ, സ്കൂൾ കഴിഞ്ഞു തിരികെ എത്തുന്നത് ഒരു വലിയ സമ്മാനം പോലെയും. ‘‘പഞ്ചാബി സമോസ, ബട്ടാട്ടാ വട, പരിപ്പുവട, ഉഴുന്നുവട.. ഇങ്ങനെ ഓരോ ദിവസവും ഓരോ വിഭവം ഞങ്ങളെ കാത്തിരിപ്പുണ്ടാകും.’’

അമ്മ പ്രമീള രാധാകൃഷ്ണന്റെ കൈപ്പുണ്യത്തെക്കുറിച്ച് എഴുത്തുകാരി സുധ മേനോൻ പറയുന്നു. ‘‘അമ്മയുടെ പഴംപൊരി, ഉണ്ണിയപ്പം, വായിലിട്ടാൽ അലിഞ്ഞു പോകുന്ന റവ ലഡ്ഡു... എല്ലാം ഒന്നു രുചിച്ചു നോക്കേണ്ടവ തന്നെ.’’ ഏതു പച്ചക്കറി കൊണ്ടും അമ്മ പുളിങ്കറി ഉണ്ടാക്കുമായിരുന്നു എന്ന് സുധ. ‘‘എനിക്കേറ്റവും ഇഷ്ടം ചുവന്ന മത്തങ്ങ കൊണ്ടുള്ള പുളിങ്കറി ആയിരുന്നു. മേശയിൽ വിളമ്പി വയ്ക്കുമ്പോൾ അതിനു മുകളിൽ അൽപം പപ്പടം വറുത്തതു വിതറും. ഹോ... അതിന്റെ രുചി....’’

>> ആവോലിക്കൂട്ടാന്‍

1. ആവോലി – അരക്കിലോ, കഷണങ്ങളാക്കിയത്

പച്ചമാങ്ങ – ഒരു വലുത്, ചതുരക്കഷണങ്ങളാക്കിയത്

ഉപ്പ് – പാകത്തിന്

പച്ചമുളക് – മൂന്ന്, നീളത്തിലരിഞ്ഞത്

ഇഞ്ചി തീപ്പെട്ടിക്കമ്പു വലുപ്പത്തിലരിഞ്ഞത് – ഒരു ചെറിയ സ്പൂണ്‍

മുളകുപൊടി – പാകത്തിന്

2. സവാള – ഒന്നിന്റെ നാലിലൊന്ന്, പൊടിയായി അരിഞ്ഞത്

മല്ലിപ്പൊടി – നാലു ചെറിയ സ്പൂണ്‍

തേങ്ങ – ഒന്ന്, ചുരണ്ടിയത്

3. വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂണ്‍

കറിവേപ്പില – രണ്ടു തണ്ട്

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ മണ്‍ചട്ടിയിലാക്കി പാകത്തിനു വെള്ളം ചേര്‍ത്തു വേവിക്കുക.

∙ ഇതിലേക്കു രണ്ടാമത്തെ ചേരുവ മയത്തിലരച്ചതു ചേര്‍ത്ത് ഒരു മിനിറ്റ് ചെറുതീയില്‍ വേവിക്കണം.

∙ വാങ്ങി വെളിച്ചെണ്ണയൊഴിച്ചു കറിവേപ്പില ചേര്‍ക്കുക.

∙ ചൂടുചോറിനൊപ്പം വിളമ്പാം.

∙ ആവോലിക്കു പകരം അയലയോ ചെമ്മീനോ ഉപയോഗിക്കാം.

>> മാങ്ങ–മുരിങ്ങയ്ക്ക കറി

1. തുവരപ്പരിപ്പ് – മൂന്ന്–നാലു പിടി

2. പച്ചമാങ്ങ – രണ്ട്–മൂന്ന്, പൊടിയായി അരിഞ്ഞത്

മുരിങ്ങയ്ക്ക/വെള്ളരിക്ക/കുമ്പളങ്ങ – കാല്‍ കിലോ, തൊലി കളഞ്ഞ് അരിഞ്ഞത്

3. മുളകുപൊടി – മൂന്നു ചെറിയ സ്പൂണ്‍

മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍

4. ഉപ്പ് – പാകത്തിന്

5. തേങ്ങ – ഒന്നിന്റെ പകുതി, ചുരണ്ടിയത്

ജീരകം – ഒരു ചെറിയ സ്പൂണ്‍

6. വെളിച്ചെണ്ണ – പാകത്തിന്

7. കടുക് – അര ചെറിയ സ്പൂണ്‍

വറ്റല്‍മുളക് – ഒരു വലുത്

ഉലുവ – കാല്‍ ചെറിയ സ്പൂണ്‍

8. കറിവേപ്പില – രണ്ടു തണ്ട്

പാകം െചയ്യുന്ന വിധം

∙ പ്രഷര്‍ കുക്കറില്‍ തുവരപ്പരിപ്പു വേവിച്ചു വയ്ക്കുക.

∙ മാങ്ങയും മുരിങ്ങയ്ക്ക/വെള്ളരിക്ക/കുമ്പളങ്ങയും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും പാകത്തിനു വെള്ളംചേര്‍ത്തു വേവിക്കണം.

∙ പാതി വേവുമ്പോള്‍ ഉപ്പു ചേര്‍ത്ത ശേഷം വേവിച്ചു വച്ച പരിപ്പു ചേര്‍ത്തു പച്ചക്കറി വേവുന്ന വരെ ചെറുതീയില്‍ വയ്ക്കുക.

∙ തേങ്ങയും ജീരകവും മയത്തിലരയ്ക്കണം.

∙ ഇതു പരിപ്പു–പച്ചക്കറി മിശ്രിത്തില്‍ ചേര്‍ത്തു വേവിക്കുക. തിളയ്ക്കുമ്പോള്‍ വാങ്ങണം.

∙ പാനില്‍ എണ്ണ ചൂടാക്കി ഏഴാമത്തെ ചേരുവ താളിക്കുക. കറിവേപ്പിലയും ചേര്‍ത്തിളക്കി കറിയില്‍ ചേര്‍ക്കാം.

∙ ചക്കക്കുരു ചേര്‍ത്തും ഈ കറിയുണ്ടാക്കാം.

∙ ചോറിനും പപ്പടത്തിനുമൊപ്പം വിളമ്പാം.

തയാറാക്കിയത്:
മെര്‍ലി എം. എല്‍ദോ
 ഫോട്ടോ: സരുൺ മാത്യു

ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍
തയാറാക്കിയതിനും കടപ്പാട്:

ഷാനവാസ്
എക്സിക്യൂട്ടീവ് ഷെഫ്
മൺസൂൺ എംപ്രസ്സ്
പാലാരിവട്ടം, കൊച്ചി.