Tuesday 19 January 2021 12:25 PM IST : By സ്വന്തം ലേഖകൻ

ചായ മുതൽ ചക്ക വരെ വ്യത്യസ്തമായ ചേരുവകൾ കൊണ്ടു തയാറാക്കിയ 10 വൈൻ റെസിപ്പികൾ

ten-winessss

വ്യത്യസ്തമായ 10 തരം വൈനുകളുടെ റെസിപ്പികൾ ഇതാ. ആദ്യത്തെ അഞ്ചു വൈൻ തയാറാക്കിയത് മൈസൂറില്‍ നിന്നു ചിന്നു ഏബ്രഹാമും ബാക്കി അഞ്ചു വൈനുകള്‍ തയാറാക്കിയത് കോതമംഗലത്തു നിന്ന് സുനിത ഷാജനുമാണ്.

1. പൈനാപ്പിൾ വൈൻ

∙ നാലു വലിയ പൈനാപ്പിൾ കഴുകി വൃത്തിയാക്കി പുറംതൊലി മാത്രം ചെത്തിക്കളഞ്ഞ് പൊടിയായി അരിഞ്ഞ് ഒന്നര ലീറ്റർ വെള്ളത്തിൽ15 മിനിറ്റ് തിളപ്പിക്കണം. ഇതു ഭരണിയിലാക്കി കാല്‍ കിലോ സുൽത്താ നാസ് പൊടിയായി അരിഞ്ഞതും നാലു കിലോ പഞ്ചസാരയും ചേർക്കുക. ഇതിലേക്കു തിളച്ച നാലര ലീറ്റർ വെള്ളം ചേർത്തു നന്നായി ഇളക്കിയ ശേഷം നെറ്റു കൊണ്ടു മൂടി വയ്ക്കണം.

∙ മിശ്രിതത്തിനു ചെറുചൂടുള്ളപ്പോൾ മൂന്നു നാരങ്ങയുടെ നീരും ഒരു വലിയ സ്പൂണ്‍ യീസ്റ്റും ചേർത്തിളക്കു ക. ചൂടാറിയ ശേഷം ഭരണി അടച്ചു തുണികൊണ്ടു മൂ ടിക്കെട്ടി വയ്ക്കണം.

∙ ദിവസവും രാവിലെ  ഇളക്കി കൊടുക്കുക. ഇത് 21 ദിവസത്തിനു ശേഷം മറ്റൊരു ഭരണിയിലേക്ക് ഊറ്റിയൊഴിച്ചു 10 ദിവസം അനക്കാതെ വച്ചു കുപ്പികളിൽ നിറയ്ക്കാം.

2. ആപ്പിൾ വൈൻ

∙ മൂന്നു കിലോ ആപ്പിൾ നന്നായി കഴുകി കുരുകളഞ്ഞു തൊലിയോടു കൂടി അഞ്ചു ലീറ്റർ വെള്ളവും രണ്ടു കിലോ പഞ്ചസാരയും ചേർത്തു വേവിക്കുക. കഴുകി ഉണക്കിയ ഭരണിയിൽ വേവിച്ച ആപ്പിൾ ചെറുചൂടോടെ ചേർക്കണം.

∙ ഇതിൽ ഒരു വലിയ സ്പൂൺ യീസ്റ്റ് ചേർത്തിളക്കി നന്നായി ചൂടാറുമ്പോൾ ഭരണി മൂടിക്കെട്ടി വയ്ക്കുക.

∙ 21 ദിവസം രാവിലെ ഒരു നിശ്ചിത സമയത്ത് അഞ്ചു മിനിറ്റ് തുടർച്ചയായി ഇളക്കണം. ഇരുപത്തിരണ്ടാമ ത്തെ ദിവസം വൈൻ മറ്റൊരു ഭരണിയിലേക്ക് ഊറ്റി പിഴിഞ്ഞെടുക്കുക. 12 ദിവസം അനക്കാതെ വച്ച ശേഷം തെളിയൂറ്റി കുപ്പിയിലാക്കി സൂക്ഷിക്കാം.

3. ഒാറഞ്ച് വൈൻ

∙ ഒാറഞ്ച്, കുരുവും പാടയും കളഞ്ഞ് അല്ലി മാത്രമായി മൂന്നു ലീറ്റർ എടുത്തതിൽ മൂന്നര ക്കിലോ പഞ്ചസാര ചേർത്തു ഭരണിയിലാക്കി നന്നായി ഉടയ്ക്കുക. ഇതിലേക്കു നാലു ലീറ്റര്‍ തിളപ്പിച്ച വെള്ളം ഒഴിക്കണം. ചെറുചൂടാകുമ്പോൾ ഒരു വലിയ സ്പൂൺ യീസ്റ്റും ആറു തുള്ളി ഓറഞ്ച് എ സ്സൻസും ചേർത്തു  നന്നായി ഇളക്കുക. ചൂടാറിയ ശേഷം തുണികൊണ്ടു മൂടിക്കെട്ടി 21 ദിവസം വയ്ക്കണം. ദിവസവും ഇളക്കി കൊടുക്കണം.

∙ 22ാം ദിവസം വൃത്തിയുള്ള ഒരു തോർത്തുപയോഗിച്ച്് അരിച്ച ശേഷം മറ്റൊരു ഭരണിയിലാക്കി വൈൻ തെളിയാനായി വയ്ക്കണം. പിന്നീട് കുപ്പികളിലേക്ക് തെളി ഊറ്റിയൊഴിച്ച് ഉപയോഗിക്കാം.

4. നെല്ലിക്ക വൈൻ

∙ രണ്ടു കിലോ നെല്ലിക്ക കഴുകി വൃത്തിയാക്കി തുണികൊണ്ടു തുടച്ച ശേഷം ഫോർക്ക് കൊണ്ട് അങ്ങിങ്ങായി കുത്തി ഭരണിയിലിടുക. രണ്ടു കിലോ പഞ്ചസാര നാലു ലീറ്റര്‍ വെള്ളം ചേർത്തു തിളപ്പിച്ചു ചൂടോടു കൂടി നെല്ലിക്കയുടെ മുകളിൽ ഒഴിക്കണം. ഇതു നന്നായി ഇ ളക്കിയ ശേഷം നെറ്റിട്ടു മൂടി വയ്ക്കണം. മിശ്രിതം ചൂ ടാറി ഇളംചൂടാകുമ്പോൾ ഒരു ചെറിയ സ്പൂൺ  യീ സ്റ്റ് ചേർത്തു നന്നായി ഇളക്കുക.

∙ മിശ്രിതം നന്നായി ചൂടാറിയ ശേഷം ഭരണി നന്നായി അടച്ചു മൂടിക്കെട്ടി 21 ദിവസം വയ്ക്കുക.

∙ എല്ലാ ദിവസവും രാവിലെ ഒരു ചിരട്ടത്തവി കൊണ്ട് ഇ ളക്കി വീണ്ടും മൂടിക്കെട്ടി വയ്ക്കണം. 22ാം ദിവസം വൈൻ ഊറ്റി മറ്റൊരു ഭരണിയിലേക്ക് ഒഴിച്ചു വീണ്ടും പത്തു ദിവസം അനക്കാതെ വയ്ക്കണം. പിന്നീട് തെളിയൂറ്റി കുപ്പികളിലാക്കാം.

5. മുന്തിരി വൈൻ

∙ മൂന്നു കിലോ പഞ്ചസാര എടുത്ത്, അതില്‍ നിന്നു ര ണ്ടു കപ്പു പഞ്ചസാര കരിച്ചു മാറ്റി വയ്ക്കുക.

∙ രണ്ടു കിലോ കറുത്ത മുന്തിരി കഴുകി വൃത്തിയാക്കി വെള്ളം വാർന്ന ശേഷം ഭരണിയിലാക്കി നന്നായി ഉട യ്ക്കണം. ഇതിലേക്ക്  200 ഗ്രാം ഗോതമ്പ് മിക്സിയി ൽ ഒന്നു ചതച്ചു കഴുകി എടുത്തതും ഒരു മുട്ടയുടെ വെള്ളയും കരിച്ചു വച്ച പഞ്ചസാരയും ബാക്കിയുള്ള പഞ്ചസാരയും ചേർത്തിളക്കുക. ആറു ലീറ്റർ തിളച്ച വെള്ളവും ചേർത്ത് ഇളക്കി നെറ്റിട്ടു മൂടി വയ്ക്കണം.

∙ ചെറുചൂടുള്ളപ്പോൾ ഒരു വലിയ സ്പൂൺ യീസ്റ്റ് ചേ ർത്തു നന്നായി ഇളക്കുക. ചൂടാറിയ ശേഷം ഭരണി തുണി കൊണ്ടു മൂടിക്കെട്ടി 21 ദിവസം വയ്ക്കണം. ഒാരോ ദിവസവും കൃത്യമായി ഇളക്കി കൊടുക്കുക. 22ാം ദിവസം വൈൻ  ഊറ്റി മറ്റൊരു ഭരണിയിലാക്കി 10 ദിവസം അനക്കാതെ വയ്ക്കണം. പിന്നീട് ഊറ്റി കുപ്പികളിലാക്കാം.

6. ചക്ക വൈൻ

∙ ഒരു കിലോ വിളഞ്ഞ ചക്ക കുരു കളഞ്ഞു വൃത്തിയാക്കിയ ത്, ഒന്നര ലീറ്റർ തിളപ്പിച്ചാറിയ വെള്ളം, രണ്ടു കിലോ പഞ്ചസാര, 200 ഗ്രാം ഗോതമ്പ് കഴുകി തുടച്ച് ചതച്ചത് എന്നിവ ഒരു ഭരണിയിലാക്കുക. ഇതിലേക്ക് ഒരു ചെറിയ സ്പൂൺ വീതം യീസ്റ്റും പഞ്ചസാരയും ചൂടുവെള്ളത്തിൽ കലക്കിയ തു ചേർക്കണം. ആറ് ഏലയ്ക്ക ചതച്ചത്, അഞ്ചു ഗ്രാമ്പൂ ചതച്ചത്, രണ്ടു കഷണം കറുവാപ്പട്ട ചതച്ചത് എന്നിവയും ചേർത്തു 10 ദിവസം മൂടിക്കെട്ടി വയ്ക്കുക. ദിവസവും മിശ്രി തം തടി സ്പൂൺ കൊണ്ട് ഇളക്കി വയ്ക്കണം.

∙ പത്താമത്തെ ദിവസം ചക്ക മിശ്രിതം അരിച്ചെടുക്കണം. ഉ ടയ്ക്കരുത്. ഇടയ്ക്കു പുളിച്ചു പൊങ്ങിയാൽ അപ്പോൾത്തന്നെ അരിച്ചെടുക്കണം. പത്തു ദിവസത്തിൽ അധികം വ യ്ക്കരുത്. ഭരണിയിൽ നിന്നും തുളുമ്പി പുറത്തു വരും.

7. ജാതിക്ക വൈൻ

∙ ഒരു കിലോ ജാതിക്ക ഞെട്ടോടു കൂടി കഴുകിത്തുടച്ച് ഭരണിയിലേക്കു പൊട്ടിച്ചു ചുന ഭരണിയിൽ വീഴ്ത്തുക. പിന്നീട് കുരു കളഞ്ഞ് ജാതിക്ക അരിഞ്ഞു വയ്ക്കണം.

∙ അരിഞ്ഞ ജാതിക്ക, ഒന്നേകാൽ കിലോ പഞ്ചസാര, കരിങ്ങാലിക്കാതൽ ഇട്ടു തിളപ്പിച്ച 3 കുപ്പി വെ ള്ളം, 200 ഗ്രാം ഗോതമ്പു കഴുകി ചതച്ചത്, രണ്ടു ചെറിയ സ്പൂൺ വീതം യീസ്റ്റും പഞ്ചസാരയും, എട്ട് ഏലയ്ക്ക ചതച്ചത്, ആറ് ഗ്രാമ്പൂ ചതച്ചത്, മൂ ന്നു നാലു കഷണം കറുവാപ്പട്ട ചതച്ചത് എന്നിവ ഭരണിയിലാക്കി മൂടിക്കെട്ടി 22 ദിവസം വയ്ക്കുക. എല്ലാ ദിവസവും മിശ്രിതം തടി സ്പൂൺ കൊണ്ട് ഇളക്കി വയ്ക്കണം.

∙ 22ാം ദിവസം ജാതിക്കാമിശ്രിതം അരിച്ചു ഞെക്കിപ്പിഴിഞ്ഞെടുക്കുക. ഇതു ഭരണിയിൽ തന്നെ 10 ദിവസം അനക്കാതെ മൂടി വയ്ക്കുക. അരിച്ചെടുത്ത് വൈൻ ഉപയോഗിക്കാം.

8. ചാമ്പയ്ക്ക വൈൻ

∙ ഒരു കിലോ ചാമ്പയ്ക്ക, ഒന്നേകാൽ കിലോ പഞ്ചസാര, 3 കുപ്പി തിളപ്പിച്ചാറിയ വെള്ളം, 200 ഗ്രാം ഗോതമ്പ് കഴുകി ചതച്ചത്, രണ്ടു ചെറിയ സ്പൂൺ വീതം യീസ്റ്റും പഞ്ചസാ രയും, എട്ട് ഏലയ്ക്ക ചതച്ചത്, ആറു ഗ്രാമ്പൂ ചതച്ചത്, മൂന്നു കഷണം കറുവാപ്പട്ട ചതച്ചത് എന്നിവ ഭരണിയിലാക്കി മൂടിക്കെട്ടി 22 ദിവസം വയ്ക്കുക. എല്ലാ ദിവസവും മിശ്രിതം തടി സ്പൂൺ കൊണ്ട് ഇളക്കി വയ്ക്കണം.

∙ 22ാം ദിവസം ചാമ്പയ്ക്കാ മിശ്രിതം നന്നായി ഉടച്ച് അരിച്ചെടു ക്കണം. ഇത് ഭരണിയിൽ  തന്നെ 10 ദിവസം അനക്കാതെ മൂടി വയ്ക്കുക. അരിച്ചെടുത്ത് ഉപയോഗിക്കാം. ചാമ്പയ്ക്ക വൈനിന് പിങ്ക് നിറമായതിനാൽ പഞ്ചസാര കരിച്ചു ചേർക്കേണ്ടതില്ല. ഇതേ പോലെ ലോലോലിക്ക കൊണ്ടും വൈൻ ഉണ്ടാക്കാം.

9. കശുമാങ്ങ വൈൻ

∙ ഒരു കിലോ കശുമാങ്ങ കഴുകിത്തുടച്ചത്, ഒരു കിലോ ശർക്കര പൊടിച്ചത്, ഒരു ലീ റ്റർ തിളപ്പിച്ചാറിയ വെള്ളം എന്നിവ ഒരു ഭരണിയിലാക്കി 21 ദിവസം മൂടിക്കെട്ടി വ യ്ക്കുക.  ഇടയ്ക്കു തടി സ്പൂൺ കൊണ്ട് രണ്ടു തവണ ഇളക്കി വയ്ക്കണം. 21ാം ദിവസം തുണിയിലൂടെ അരിച്ച് നന്നായി പിഴി‍ഞ്ഞെടുക്കുക.

∙ ഇതു ഭരണിയിൽ തിരിച്ചൊഴിച്ച ശേഷം അരക്കപ്പ് ഗോ തമ്പ് കഴുകി ചതച്ചത്, 10 ഏലയ്ക്ക ചതച്ചത്, എട്ട് ഗ്രാമ്പൂ ചതച്ചത്, മൂന്നു കഷണം കറുവാപ്പട്ട ചതച്ചത്, ഒന്നര ചെറിയ സ്പൂൺ കുരുമുളക്, ഒരു ചെറിയ സ്പൂ ൺ തിപ്പലി എന്നിവ ചേർത്ത് 20 ദിവസം മൂടിക്കെട്ടി വ യ്ക്കണം.

∙ 20ാമത്തെ ദിവസം അരിച്ചെടുത്ത് 20 ദിവസം കൂടി കഴി ഞ്ഞ ശേഷം വൈൻ ഉപയോഗിക്കാം.

10. ടീ വൈൻ

∙ നല്ല കടുപ്പത്തിൽ ഒന്നര ലീറ്റർ തേയിലവെള്ളം തയാറാക്ക ണം. ചൂടുള്ള തേയിലവെള്ളത്തിൽ മുക്കാല്‍ കിലോ പഞ്ചസാരയും 300 ഗ്രാം ഉണക്കമുന്തിരിയും ചേർക്കുക. രണ്ടു നാരങ്ങയുടെ തൊലി ചുരണ്ടിയതും നീരും രണ്ടു ചെറിയ സ്പൂൺ യീസ്റ്റും ചെറുചൂടുള്ള തേയിലവെള്ളത്തിൽ ചേ ർക്കുക. ചൂടാറിയ ശേഷം ഭരണിയിലൊഴിച്ച് 21 ദിവസം മൂ ടിക്കെട്ടി വയ്ക്കുക. എന്നും രാവിലെ അഞ്ചു മിനിറ്റ് ഇളക്കി വയ്ക്കണം.

∙ 21ാം ദിവസം അരിച്ച് നിറമുള്ള കുപ്പിയിലാക്കുക. അനക്കാതെ 20 ദിവസം കൂടി വച്ച ശേഷം ഉപയോഗിക്കാം.

-തയാറാക്കിയത്: ശില്പ ബി. രാജ്

Tags:
  • Pachakam