ബീഫ് കുറുമ
1. ബീഫ് – ഒരു കിലോ, ചെറിയ കഷണങ്ങളാക്കിയത്
2. നെയ്യ്, എണ്ണ – കാൽ കപ്പ് വീതം
3. സവാള നീളത്തിൽ അരിഞ്ഞത് – ഒരു കപ്പ്
4. ഗ്രാമ്പൂ – ഒൻപത്
ഏലയ്ക്ക – ആറ്
കറുവാപ്പട്ട – ഒരിഞ്ചു നീളമുള്ള നാലു കഷണം
5. മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
6. വെളുത്തുള്ളി അരച്ചത് – രണ്ടു ചെറിയ സ്പൂൺ
7. ഇഞ്ചി അരച്ചത് – രണ്ടു ചെറിയ സ്പൂൺ
8. മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ, അരച്ചത്
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
9. തക്കാളി കഷണങ്ങളാക്കിയത് – അരക്കപ്പ്
10. തേങ്ങ ചുരണ്ടിയത് – കാൽ കപ്പ്
കശുവണ്ടിപ്പരിപ്പ് – 12
11. തേങ്ങാപ്പാൽ – അരക്കപ്പ്, ഒരു കപ്പ് തേങ്ങ ചുരണ്ടി പിഴിഞ്ഞെടുത്തത്
12. പുളിയില്ലാത്ത തൈര് – കാൽ കപ്പ്
ഉണക്കമുന്തിരി അരച്ചത് – രണ്ടു ചെറിയ സ്പൂൺ
13. പച്ചമുളക് – ആറ്, അറ്റം പിളർന്നത്
14. നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ
15. മല്ലിയില, പുതിനയില – കാൽ കപ്പ് വീതം
പാകം ചെയ്യുന്ന വിധം
∙ ബീഫ് കഴുകി വൃത്തിയാക്കി വയ്ക്കുക.
∙ നെയ്യും എണ്ണയും ചൂടാക്കി സവാള ചേർത്ത് വഴറ്റുക. ഇളം ചുവപ്പുനിറത്തിലായി മൂത്തമണം വരുമ്പോൾ നാലാമത്തെ ചേരുവ ചേർത്തു വഴറ്റണം.
∙ ഇതിൽ മഞ്ഞൾപ്പൊടി ചേർത്തു മൂത്തമണം വരുമ്പോൾ വെളുത്തുള്ളി അരച്ചതു ചേർത്തു വഴറ്റിയ ശേഷം ഇഞ്ചി അരച്ചതു ചേർത്തു വഴറ്റുക. ഇതിൽ മല്ലിപ്പൊടിയും മുളകുപൊടിയും ചേർത്തു ചെറുതീയിൽ വഴറ്റണം.
∙ ഇതിലേക്കു തക്കാളി ചേർത്തു വഴറ്റിയ ശേഷം ബീഫ് ചേർത്ത് അൽപസമയം വഴറ്റുക. ഇതിൽ പത്താമത്തെ ചേരുവ അരച്ചതു തേങ്ങാപ്പാലിൽ കലക്കി ചേർക്കണം.
∙ ഇറച്ചി പകുതി വെന്ത ശേഷം 12ാമത്തെ ചേരുവയും പച്ചമുളകും ചേർത്തു പാത്രം മൂടി വച്ചു വേവിക്കുക.
∙ കഷണങ്ങളിൽ ചേരുവകൾ പിടിച്ച ശേഷം വാങ്ങുന്നതിന് അൽപം മുൻപ് നാരങ്ങാനീരു ചേർക്കുക. ചാറ് അധികം കുറുകാതെ ഇടത്തരം അയവിൽ ആയിരിക്കണം.
∙ മല്ലിയിലയും പുതിനയിലയും തൂവി വാങ്ങാം.