ചുകന്ദരി മുർഗ് ടിക്ക. ബീറ്റ്‌റൂട്ടിന്റെ സ്വാഭാവികമായ ചുവപ്പ് നിറം തന്നെയാണ് ഈ വിഭവത്തിന്റെ പ്രധാന ആകർഷണം. കനലിൽ ചുട്ടെടുക്കുന്ന ചിക്കന്റെ സ്മോക്കി മണവും, മസാലകളുടെ എരിവും, ബീറ്റ്‌റൂട്ടിന്റെ നേരിയ മധുരവും കൂടിച്ചേരുമ്പോൾ ഇതിന്റെ രുചി അസാധ്യമാക്കുന്നു.
ആവശ്യമായ ചേരുവകൾ
1. ചിക്കൻ എല്ലില്ലാതെ– 200 ഗ്രാം
2. നാരങ്ങാനീര് – 30 മില്ലി
ഉപ്പ് – പാകത്തിന്
കശ്മീരി മുളക് അരച്ചത് – ഒരു ചെറിയ സ്പൂൺ
3. ബീറ്റ്റൂട്ട് അരച്ചത് – 150 ഗ്രാം
കട്ടത്തൈര് – 150 ഗ്രാം
ജീരകംപൊടി – അര ചെറിയ സ്പൂൺ
ക്രീം – 80 മില്ലി
ഇഞ്ചി അരച്ചത് – 35 ഗ്രാം
വെളുത്തുള്ളി അരച്ചത് – 35 ഗ്രാം
ഗരംമസാലപ്പൊടി – നാലു ഗ്രാം
വെണ്ണ – 20 ഗ്രാം
4. ചാട്ട്മസാല – ഒരു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ ചിക്കൻ കഷണങ്ങൾ വൃത്തിയാക്കി രണ്ടാമത്തെ ചേരുവ പുരട്ടി ഒരു മണിക്കൂർ വയ്ക്കുക.
∙ ഇതിലേക്കു മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കണം.
∙ പിന്നീട് 20 മിനിറ്റ് ഗ്രിൽ ചെയ്യുക. ഇടയ്ക്കിടെ ചിക്കനില്‍ വെണ്ണ പുരട്ടിക്കൊടുക്കണം.
∙ ചാട്ട്മസാല മുകളിൽ വിതറി സാലഡിനും മിന്റ് ചട്നിക്കുമൊപ്പം വിളമ്പാം.