Friday 08 May 2020 11:40 AM IST : By സ്വന്തം ലേഖകൻ

ഭയം വേണ്ട പ്രവാസികളെ ജാഗ്രത മതി; നാട്ടിൽ എത്തുന്നവർക്ക് ആരോഗ്യം വർദ്ധിപ്പിക്കുവാൻ ഇതാ ചില ആയുർവേദ റെസിപ്പികൾ

nri

ജീവനോപാധി തേടി അന്യനാടുകളിൽ പോയ കുറേയേറെ പേർ തിരിച്ചെത്തുകയാണ്. കോവിഡ് പശ്ചാത്തലത്തിൽ കർശനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എത്രത്തോളം പ്രാവർത്തികമാകും എന്നറിയില്ല. കേരളത്തിൽ രോഗ സാന്ദ്രത ഇപ്പോൾ കുറവാണെന്നതും കാര്യക്ഷമമായ പരിശോധനാ സംവിധാനം ഉണ്ടെന്നതും മാത്രമാണ് ആശ്വാസം. സാമൂഹ്യ അകലം പാലിക്കുന്നതിൻ്റെയും മാസ്കും സാനിറ്റൈസറും ഉപയോഗിക്കുന്നതിൻ്റെയും നിർദ്ദേശങ്ങൾക്കൊപ്പം പൊതുവിടങ്ങളിലും മറ്റും തുമ്മുന്നതും തുപ്പുന്നതും  തടയുന്ന കർശന നിബന്ധനകളും ഉറപ്പാക്കണം. ക്വാറൻ്റൈനിലേക്ക് പോകുന്നവർക്കുള്ള ഇത്തരം പൊതു നിർദ്ദേശങൾക്കൊപ്പം മുൻകരുതൽ ആവശ്യമായ ചില കാര്യങ്ങൾ കൂടിയുണ്ട്. വരും ദിനങ്ങളിൽ ഏറെ പ്രസക്തമാകാൻ പോകുന്ന രോഗ പ്രതിരോധത്തിൻ്റെ നയങ്ങളാണ് അവ.

രോഗ പ്രതിരോധ ശേഷി ഉയർന്ന നിലവാരത്തിലെത്തിക്കാൻ ആഹാരശീലത്തിനാണ് മുൻതൂക്കം കൊടുക്കേണ്ടത്. അമിതമായ ആഹാരം കൊണ്ട് ദഹനശേഷി കുറയുമ്പോൾ പ്രതിരോധശേഷിയെ ഊർജ്ജിതമായി നിലനിർത്തേണ്ട ഘടകങ്ങളൊന്നും ആഗിരണം ചെയ്യപ്പെടില്ല. അതു കൊണ്ടു തന്നെ, മുൻകരുതലോടെ വേണം ആഹാരം കഴിക്കാൻ.

ആഹാരത്തിൻ്റെ അളവ്, കഴിക്കുന്ന സമയം, ഗുണനിലവാരം എന്നിയ്ക്കാണ് ശ്രദ്ധ കൊടുക്കേണ്ടത്.

അളവ്

നല്ല രുചികരമായ വിഭവങ്ങളാണെങ്കിൽ മൂക്കുമുട്ടെ തിന്നുന്നതാണ് നമ്മുടെയൊരു ശീലം. ഇത് വയറിനെ സംബന്ധിച്ച് അമിത ജോലിഭാരമാണ്. കഴിവനപ്പുറം ജോലി ചെയ്യാൻ തുടർച്ചയായി നിർബന്ധിക്കപ്പെടുമ്പോൾ വയറിലെ ദഹനരസങ്ങൾ പണിമുടക്കിലേക്ക് നീങ്ങാം. പോഷകങ്ങൾ ആഗിരണം ചെയ്യപ്പെടില്ല. ക്രമേണ കോശങ്ങളുടെ ബലവും കുറയും. 

വിശപ്പിനനുസരിച്ച് കൃത്യമായ അളവിൽ മാത്രം കഴിക്കുന്നതാണ് നല്ലത്. ദഹനപ്രക്രിയ സുഗമമായി നടക്കാൻ ഉതകും വിധം കുറച്ച് സ്ഥലം വയറിൽ ഒഴിച്ചിടും വിധമേ ഭക്ഷണം കഴിക്കാവൂ.

സമയം

ഒരു നിശ്ചിത സമയക്രമം ആഹാരത്തിന് അത്യാവശ്യമാണ്. സമയം തെറ്റി ഭക്ഷണം കഴിക്കുന്നതും കൂടെക്കൂടെ കഴിച്ചു കൊണ്ടിരിക്കുന്നതും നല്ലതല്ല. വിശപ്പ് തീരെ തോന്നാതെ ആഹാരം കഴിക്കുന്നതും നല്ലതല്ല. ദഹനരസങ്ങളുടെ സ്വാഭാവിക ഉത്തേജന ക്രമത്തെയാണ് ഇത് പ്രതികൂലമായി ബാധിക്കുക. മെല്ലെ മെല്ലെ അത് ശരീരബലം കുറയുന്നതിനും രോഗപ്രതിരോധശേഷി താഴുന്നതിനും കാരണമാകും.

ഗുണനിലവാരം 

ശരിയായി ദഹിക്കുന്നതും പോഷകങ്ങൾ നിറഞ്ഞതുമാവണം ഭക്ഷണം. അതിൽ ശരീരത്തിന് ഹാനികരമാകുന്നതൊന്നും ഉണ്ടാകുകയുമരുത്. നമ്മുടെ ഭക്ഷണ ശീലങ്ങളിൽ അനാരോഗ്യകരമായ നിരവധി സംഗതികൾ കാലങ്ങളായി തുടർന്നു വരുന്നുണ്ട്. ഉഴുന്ന്, തൈര്, എണ്ണപ്പലഹാരങ്ങൾ, പുളിപ്പിച്ചവ, ശീതീകരിച്ചവ, മാംസാഹാരങ്ങൾ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക്സ് തുടങ്ങിയവയുടെ ഉപയോഗം വളരെ കൂടുതലാണ്. രുചികരമാണെങ്കിലും ആരോഗ്യകരമല്ല ഇത്തരം വിഭവങ്ങൾ. സ്ഥിരമായി കഴിച്ചാൽ രോഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ഇവ മതി.

പകരം പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ നന്നായി ഉൾപ്പെടുത്തുക. ചെറുതായി മുളപ്പിച്ച ധാന്യങ്ങളും അന്നജാഹാരവും ആവശ്യത്തിന് കൊഴുപ്പും ആകാം. ഇവയുടെ ശരിയായ ദഹനം ഉറപ്പുവരുത്താൻ ഇഞ്ചി, കുരുമുളക്, ജീരകം, കറിവേപ്പില, മോര് തുടങ്ങിയ ദഹന ത്വരകങ്ങളും കോശങ്ങളുടെ ശേഷിയുയർത്തുന്ന മഞ്ഞളും നെല്ലിക്കയും എല്ലാ ദിവസവും ശീലമാക്കേണ്ടതുണ്ട്. അങ്ങനെയായാൽ ആഹാരം തന്നെ നമ്മുടെ ഔഷധമാക്കാം.

ക്വാറൻ്റൈൻ സ്പെഷ്യൽ വിഭവങ്ങൾ

ശരീരബലം ഉയർത്താനും രോഗാണുക്കൾക്കെതിരെ ചെറുത്തു നിൽക്കാനും സഹായിക്കുന്ന വിഭവങ്ങൾ.

മഞ്ഞൾ, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, കടുക്, കായം, ചുക്ക്, കുരുമുളക്, വെളുത്തുള്ളി, ചുവന്നുള്ളി, ജീരകം, ചെറുനാരങ്ങ, ചെറുപയർ എന്നിവ ഭക്ഷണ നിർമ്മാണത്തിൽ കൂടുതലായി ഉപയോഗിക്കാം

1. കുടിക്കുവാനുള്ള വെള്ളം 

ചുക്ക്, മല്ലി, തുളസി ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിക്കാം.ലഭ്യത പോലെ രാമച്ചവും ചേർക്കാം.

2. തുളസി കാപ്പി

ചുക്ക് പൊടി, 4കുരുമുളക്, 6തുളസിയില, 5പനികൂർകയില എന്നിവയിട്ട് വെള്ളം തിളപ്പിച്ച്‌ കാപ്പിപ്പൊടി ചേർത്ത് കാപ്പി ഉണ്ടാക്കുക. പഞ്ചസാരയ്ക്ക് പകരം പനംകൽക്കണ്ടോ, കരിപ്പട്ടിശർക്കരയോ ചേർക്കുക...  

ദിവസം 1-2പ്രാവശ്യം തുളസി കാപ്പി  കുടിക്കാവുന്നതാണ്...

3. സ്പെഷ്യൽ സംഭാരം

ചുക്ക്, കുരുമുളക്, അയമോദകം, മല്ലി, കറിവേപ്പില എന്നിവ തുല്യമായി എടുത്ത് മഞ്ഞൾപൊടി  ചേർത്ത് മോര് കാച്ചി  ഒരു നേരം കുടിക്കുക. ഇത് തന്നെ നേർപ്പിച്ച് സംഭാരം ആയി ദാഹത്തിനു കുടിക്കാം.. 

  

ഇഞ്ചി, കറിവേപ്പില, 1ചെറുനാരങ്ങ, 1നെല്ലിക്ക ചേർത്ത്  ഉണ്ടാക്കുന്ന സംഭാരം ദാഹത്തിന്ന് കുടിക്കുവാൻ നല്ലതാണ്. 

(പ്രത്യേക ശ്രദ്ധയ്ക്ക് 

തൈര്  അല്പം വെള്ളം ചേർത്ത് മിക്സിയിൽ അടിച്ച്  വെണ്ണ നല്ലപോലെ മാറ്റിയ മോരാണ്  ഉപയോഗിക്കേണ്ടത്.... )

4. നാരങ്ങവെള്ളം

നാരങ്ങവെള്ളത്തിൽ ഇഞ്ചി നീര് കൂടി ചേർത്ത് ഇടക്ക് പാനീയമായി ഉപയോഗിക്കാം.

5. ഔഷധകഞ്ഞി 

ജീരകം, ഉലുവ, മഞ്ഞൾ, വെളുത്തുള്ളി, കായം, ചെറുപയർ (പ്രത്യേക അളവില്ല. ആവശ്യത്തിന് ).ഇവ ചേർത്ത് സാധാരണ ഉപയോഗിക്കുന്ന അരി ഉപയോഗിച്ചോ പൊടിയരി ഉപയോഗിച്ചോ കഞ്ഞി പാകം ചെയ്യുക.. പ്രമേഹം  ഉള്ളവർ അരിക്ക് പകരം നുറുക്ക് ഗോതമ്പ് ചേർക്കുക.

6. ഇഞ്ചി മാങ്ങ /ഇഞ്ചിശർക്കര 

ഇഞ്ചിയും മാങ്ങയും ചെറുതായി കൊത്തിയരിഞ്ഞു (മാങ്ങാ അച്ചാറിന് എന്ന പോലെ )ചേർത്ത് വയ്ക്കുക.... ഇടക്ക് വെറുതെ കഴിക്കാനും ഊണിനു ഒപ്പം കഴിക്കുകയും ചെയ്യാം.... 

മാങ്ങയ്ക്ക് പകരം ശർക്കരയും ചേർക്കാം.

7. ചമ്മന്തി 

ഇഞ്ചി, ചുവന്നുള്ളി, തക്കാളി, നെല്ലിക്ക, കറിവേപ്പില, നാളികേരം ഇവയെല്ലാം ഒരുമിച്ചു ചേർത്തോ രണ്ടോ മൂന്നോ ചേർത്തോ ചമ്മന്തി ഉണ്ടാക്കാം.. ചുവന്നുള്ളി, ഇഞ്ചി ചേർത്ത് അല്ലെങ്കിൽ തക്കാളി, കറിവേപ്പില, ചുവന്നുള്ളി ചേർത്ത്..... എന്നിങ്ങനെ.

8. ചുവന്നുള്ളി വറുത്തത് 

ചുവന്നുള്ളി അല്പം നെയ്യ് ചേർത്ത് മൂപ്പിച്ചു  ഇടക്ക് കഴിക്കുക.ഊണിനൊപ്പം കഴിക്കാനും ഉപയോഗിക്കാം.

9. ഉള്ളി സാമ്പാർ

ചെറിയ ഉള്ളി, മുരിങ്ങക്കായ, മല്ലി, ഉലുവ, കറിവേപ്പില, മല്ലി, മഞ്ഞൾ പൊടി, കായം, കടുക്, വറ്റൽ മുളക് ചേർത്ത് സാമ്പാർ വയ്ക്കുക.

10. രസം

തക്കാളി, തുവരപരിപ്പ്, ജീരകം, ചുക്ക് പൊടി, കുരുമുളക്, വറ്റൽ മുളക്‌, മുളക് പൊടി, മല്ലിപൊടി , മല്ലിയില, ഉപ്പ്, കായപ്പൊടി എന്നിവ ചേർത്ത് രസം തയാറാക്കുക.

അല്പം കറിവേപ്പില മഞ്ഞളും പനംകൽകണ്ടും ചേർത്തരച്ചു വെച്ച് ഒരു ചെറിയ ഉരുള വീതം ദിവസവും കഴിക്കുക. 

നെല്ലിക്ക ഉപ്പിലിട്ടത് ഇടക്ക് കഴിക്കുക.  

ഡോ. പി. എം. മധു

അസിസ്റ്റൻറ്  പ്രൊഫസർ

ഗവൺമെൻറ് ആയുർവേദ കോളേജ്

കണ്ണൂർ