Saturday 23 February 2019 04:28 PM IST : By സ്വന്തം ലേഖകൻ

ആദിമ നിവാസികളുടെ കിടിലൻ രുചിക്കൂട്ട്; ’ബാംബൂ ചിക്കൻ’ തയാറാക്കുന്നത് ഇങ്ങനെ! (വിഡിയോ)

bamboo-chicken3211

ഇതൊരു ന്യൂ ജനറേഷൻ ഡിഷ് അല്ല, രുചികരവും വ്യത്യസ്തവുമാണ് ഈ ബാംബൂ ചിക്കൻ. ആന്ധ്രയിലെ ഉൾവനത്തിൽ താമസിച്ചിരുന്ന ആദിമ നിവാസികളായ ’അരക്കു’ വംശത്തിൽ പെട്ട മനുഷ്യരാണ് ഈ രുചിക്കൂട്ടിനു പിന്നിൽ. കാട്ടിൽ സുലഭമായ പച്ച മുള ഉപയോഗിച്ച് പാകം ചെയ്യുന്ന ഈ ചിക്കൻ വിഭവത്തിൽ എണ്ണ ചേർക്കുന്നേയില്ല. തീയിൽ ചുട്ടെടുക്കുന്ന ബാംബൂ ചിക്കൻ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ 

ചിക്കൻ - 750 ഗ്രാം 

തൈര് - 3 ടീസ്പൂൺ 

മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ 

മല്ലിപൊടി - 2 ടീസ്പൂൺ 

മുളക് പൊടി - 3 ടീസ്പൂൺ 

വെളുത്തുള്ളി - 6 എണ്ണം 

ഇഞ്ചി - 1 ചെറിയ കഷ്ണം 

വലിയ ഉള്ളി - 1 ചെറുതായി അരിഞ്ഞത് 

കറിവേപ്പില - ആവശ്യത്തിന് 

ഗരം മസാല - 1/2 ടീസ്പൂൺ 

ഉപ്പ് - 1 1/2 ടീസ്പൂൺ 

തയാറാക്കുന്ന വിധം 

ചിക്കൻ ചെറിയ കഷ്ണങ്ങളാക്കുക. അതിലേക്ക് തൈരും, മഞ്ഞൾ പൊടി, മല്ലി പൊടി, മുളക് പൊടി, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, വലിയ ഉള്ളി, കറിവേപ്പില, ഗരം മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കുക. തൈര് ആവശ്യമെങ്കിൽ ചേർക്കാവുന്നതാണ്. ഒരു ഭാഗം തുറന്ന പച്ച മുളന്തണ്ടുകളാണ് ഇതിന് ഉപയോഗിക്കുന്നത്. തീയിൽ ചുട്ടെടുക്കുന്നതിനാൽ ഉണക്ക മുളകൾ അഭികാമ്യമല്ല. പച്ച മുളകളിൽ ഈർപ്പം ഉള്ളതിനാൽ കത്താൻ സമയം എടുക്കും. 

ചിക്കൻ കഷ്ണങ്ങൾ മുളയിലേക്ക് നിറക്കുക. ചിരട്ട കൊണ്ടോ വാഴയില കൊണ്ടോ തുറന്ന ഭാഗം അടച്ച് കെട്ടാവുന്നതാണ്. കൽക്കരി നന്നായി കത്തിച്ചു ചൂടാക്കി വയ്ക്കുക. ഇതിലേക്ക് മുള നിറച്ചത് വയ്ക്കുക. മുളയുടെ ചുറ്റും കരിഞ്ഞു തുടങ്ങിയാൽ ചിക്കൻ വെന്തതായി മനസിലാകും. മുള വിണ്ട് കീറുകയും ചെയ്യും. 25- 30 മിനിറ്റ് ചിക്കൻ വെന്തു വരാനായി എടുക്കും. വെന്തു കഴിഞ്ഞാൽ നാരങ്ങ നീര് ചേർക്കാം. ചോറിനൊപ്പമോ, ചപ്പാത്തിയ്ക്കൊപ്പമോ കഴിക്കാൻ അനുയോജ്യമായ ഒരു വിഭവമാണിത്.