Friday 07 June 2024 03:51 PM IST : By Deepthi Philips

തനി നാടൻ ചേന തീയൽ, ഒരിക്കലെങ്കിലും തയാറാക്കി നോക്കണം ഈ കലക്കൻ റെസിപ്പി!

chena theeeyal

തീയലുകളിൽ രാജാവാണ് ചേന തീയൽ. തീയലിനു രുചികൂട്ടാൻ ഇതാ ചില പൊടിക്കൈകൾ. ഇതു വളരെ രുചികരവും ഉണ്ടാക്കാൻ വളരെ ലളിതവുമാണ്

ചേരുവകൾ :

•ചേന - 500 ഗ്രാം

•പച്ചമുളക് - 2

•കറിവേപ്പില – കുറച്ച്

•മഞ്ഞൾപൊടി - 1 ടീസ്പൂൺ

•ഉപ്പ് - 2 ടീസ്പൂൺ

•പുളി – ചെറുനാരങ്ങ വലിപ്പത്തിൽ(ചൂടുവെള്ളത്തിൽ കുതിർത്ത് നീരെടുക്കുക)

•വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ

•മല്ലി - 1 & 1/2 ടേബിൾസ്പൂൺ

•ഉലുവ - 1/2 ടീസ്പൂൺ

•ഉണക്കമുളക് - 8-10

•തേങ്ങ ചിരകിയത് - 1

•ചെറിയ ഉള്ളി - 10

താളിക്കാൻ

•വെളിച്ചെണ്ണ - 1 ടീസ്പൂൺ

•കടുക് - 1 ടീസ്പൂൺ

•ഉണക്കമുളക് - 4
•കറിവേപ്പില – കുറച്ച്

•ചെറിയ ഉള്ളി - 4

തയാറാക്കുന്ന വിധം

•ചുവട് കട്ടിയുള്ള ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് മല്ലി ചേർത്ത് മൂപ്പിക്കുക.

∙ഉലുവയും ഉണക്ക മുളകും കൂടെ ഇട്ടു വറുത്തെടുക്കുക. ഇതിലേക്ക് തേങ്ങ ചിരവിയതും കൂടെ ഇട്ട് നല്ല ബ്രൗൺ കളർ ആകുന്ന വരെ വഴറ്റുക. ഇത് തണുക്കാൻ ആയി മാറ്റിവെക്കുക. തണുക്കുമ്പോൾ നന്നായി അരച്ചെടുക്കണം.

•ചേന കഷ്ണങ്ങളാക്കി നുറുക്കിയതിനു ശേഷം മഞ്ഞൾപൊടിയും, ഉപ്പും, വെള്ളവും ചേർത്ത് നന്നായി വേവിക്കുക.

∙ഇതിലേക്കു പുളി പിഴിഞ്ഞതും പച്ചമുളകും ചേർത്തു തിളപ്പിക്കുക.

∙ശേഷം അരപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് എണ്ണ തെളിയുന്ന വരെ തിളപ്പിക്കുക. എണ്ണ തെളിഞ്ഞു വന്നാൽ തീ ഓഫ് ചെയ്യാം.

•ഇനി മറ്റൊരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും വെളിച്ചെണ്ണ ചൂടായി വരുമ്പോൾ കടുകും,വറ്റൽമുളകും, കറിവേപ്പിലയും, ചെറിയ ഉള്ളി അരിഞ്ഞതും കൂടിയിട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി താളിച്ചത് കറിയിലേക്ക് ഒഴിക്കാം. ലളിതവും രുചികരവുമായ ചേന തീയൽ തയാർ.

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam