കുട്ടികളുടെ പ്രിയപ്പെട്ട ചോക്ലേറ്റ് ഒഴുകുന്ന കുക്കീസ് ഇനി ദോശക്കല്ലിൽ തയാറാക്കാം, എളുപ്പത്തിൽ. തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം;
ചേരുവകൾ
വെണ്ണ -¼ കപ്പ്
ഷുഗർ - ½ കപ്പ്
വാനില എസ്സൻസ് - 1 ടീസ്പൂൺ
ഗോതമ്പു പൊടി - 1 കപ്പ്
ബേക്കിങ് പൗഡർ - ½ ടീസ്പൂൺ
ബേക്കിങ് സോഡ - ഒരു നുള്ള്
കൊക്കോ പൗഡർ - 1.5 ടേബിൾസ്പൂൺ
പാൽ - 3 ടേബിൾസ്പൂൺ
ചോക്ലേറ്റ് കഷണങ്ങൾ -ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ വെണ്ണ ചേർത്ത് അടിയ്ക്കുക. വെണ്ണ നല്ല മൃദുവാക്കുമ്പോൾ അതിലേക്ക് ശർക്കരയോ പഞ്ചസാരയോ ബ്രൗൺ ഷുഗറോ ചേർത്ത് യോജിപ്പിക്കുക. ഇനി ഈ കൂട്ടിലേക്ക് പൊടികൾ അരിച്ചു ചേർക്കാം. ഗോതമ്പുപൊടി കൊക്കോ പൗഡർ ബേക്കിങ് സോഡ ബേക്കിങ് പൗഡർ എന്നിവയാണ് അരിച്ചു ചേർക്കേണ്ടത്. നന്നായി യോജിപ്പിച്ചു എടുക്കുക. ഇനി അതിലേക്ക് പാലു ചേർത്ത് യോജിപ്പിച്ചു ചപ്പാത്തിമാവുപോലെ കുഴച്ചെടുക്കുക.
കുഴച്ചെടുത്ത മാവിൽ കുറച്ചു എടുത്ത് അതിൽ നടുവിൽ ഒരു ചോക്ലേറ്റ് കഷ്ണം വച്ച് കൈകൊണ്ടു ഒന്ന് ഉരുട്ടി കുക്കീസ് പരുവത്തിൽ ആക്കി എടുക്കുക. ഇനി ഓവനിൽ ബേക്ക് ചെയ്യുന്നവരാണെങ്കിൽ ചൂടാക്കിയ ഓവനിൽ 180 ഡിഗ്രി സെൽഷ്യസ് ഒരു 15 മിനിറ്റ് ബേക്ക് ചെയ്തു എടുക്കാം. ഇനി സ്റ്റോവ് ടോപ്പിൽ ഒരു ദോശക്കല്ല് വച്ച് അത് ഇടത്തരം ചൂടിൽ വയ്ക്കുക. ഇനി അതിനു മുകളിൽ വേറെ ഒരു പാൻ വച്ച് അതും ചൂടാക്കുക. അതിൽ ബട്ടർ പേപ്പറിൽ കുക്കീസ് വച്ച് കൊടുക്കുക. അടച്ചു വെച്ച് 15 മിനിറ്റ് വേവിക്കുക. ചൂടാറിക്കഴിയുമ്പോൾ കുക്കീസ് കഴിക്കാം.