Tuesday 05 March 2024 12:37 PM IST : By Julia Grayson

തീ പോലും കത്തിക്കാതെ ബ്രേക്ക്ഫാസ്റ്റ് തയാറാക്കാം, ഒരു ഹെൽതി റെസിപ്പി!

oats break

തീ പോലും കത്തിക്കാതെ ബ്രേക്ക്ഫാസ്റ്റ് എളുപ്പത്തിൽ തയാറാക്കാം. ബദാം മിൽക്ക് ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കുന്നത്. ബദാം മിൽക്കിൽ ഒരുപാട് പോഷകമൂല്യങ്ങൾ അടങ്ങിയിരിക്കുന്നു. ധാരാളം വൈറ്റമിൻ E യും, വൈറ്റമിൻ ഡി യും, കാൽസ്യവും ഇതിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ആൻറി ഓക്സിഡൻറ് ലെവൽ കൂട്ടുന്നതിനും, ക്യാൻസറിനെ ചെറുക്കുന്നതിനും ഇതു സഹായിക്കുന്നു. വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ബദാം മിൽക്കിൽ ഇനിയും പോഷകമൂല്യം ഏറും. ഇതെങ്ങനെ എളുപ്പത്തിൽ തയാറാക്കുന്നു എന്നു നോക്കാം.

ചേരുവകൾ

1.ബദാം - ഒരു കപ്പ്

2.ചിയ സീഡ് - 1 ടേബിൾ സ്പൂൺ

3.ഓട്സ് - അരക്കപ്പ്

4.ഏതെങ്കിലും ഫ്രൂട്സ് - അരക്കപ്പ്

5.ബദാം അല്ലെങ്കിൽ പിസ്താ - രണ്ട് ടേബിൾ സ്പൂൺ വീതം

6.ഈന്തപ്പഴം - 6

തയാറാക്കുന്ന വിധം

•ഒരു കപ്പ് ബദാം നന്നായി കഴുകിയതിനുശേഷം രാത്രി വെള്ളത്തിൽ ഇടുക. കുതിർത്ത ബദാമിന്റെ തൊലി കളഞ്ഞ ശേഷം മിക്സിയിലേക്ക് ഇട്ടു കൊടുക്കാം. ഒരു കപ്പ് വെള്ളം കൂടി ഒഴിച്ച് നന്നായി അരച്ചെടുക്കുക. ശേഷം ഒരു കപ്പ് കൂടെ വെള്ളം ഒഴിച്ച് വീണ്ടും അരച്ചെടുക്കുക. ബദാം മിൽക്ക് തയാർ.

•‌ഒരു കപ്പ് ബദാം മിൽക്കിലേക്ക് ഒരു ടേബിൾ സ്പൂൺ ചിയ സീഡ് ഇട്ട് ഇളക്കി വയ്ക്കാം.

∙മറ്റൊരു പാത്രത്തിൽ രണ്ടു കപ്പ് ബദാം മിൽക്ക് ഒഴിച്ച് അരക്കപ്പ് ഓട്സും കൂടിയിട്ട് ഇളക്കി മാറ്റി വയ്ക്കാം. 15 മിനിറ്റ് ഇത് മാറ്റി വയ്ക്കുക.

•ശേഷം അരിഞ്ഞെടുത്ത ഫ്രൂട്സ് തയാറാക്കിയ ഓട്സ് മിശ്രിതത്തിലേക്ക് ഇട്ടുകൊടുക്കാം.

∙മിക്സിയിലേക്ക് ഈന്തപ്പഴവും, പഴവും ഇട്ട് അടിച്ചെടുക്കാം. ഇത് ഓട്സ് മിശ്രിതത്തിലേക്ക് ഒഴിച്ച് വീണ്ടും എല്ലാം കൂടെ ഇളക്കുക.

∙ഇതിലേക്കു കുതിർത്തു വച്ച ചിയ സീഡ് കൂടി ഒഴിച്ച് മുകളിൽ കുറച്ചു നട്സ് കൂടി ഇട്ട് കൊടുക്കാം. സ്വാദിഷ്ടമായ ബ്രേക്ക്ഫാസ്റ്റ് റെഡി.

Tags:
  • Easy Recipes
  • Breakfast Recipes
  • Pachakam