രസപ്പൊടി ഇല്ലാതെ തന്നെ വെറും അഞ്ചു മിനിറ്റിൽ ഉഗ്രൻ രസം ഉണ്ടാക്കാം. കഴിച്ചവർ എല്ലാം വീണ്ടും ചോദിക്കും രുചിയിലായിരിക്കും ഈ രസം.
ചേരുവകൾ
1.തക്കാളി - രണ്ടെണ്ണം
2.കുരുമുളക് - ഒരു ടീസ്പൂൺ
3.ജീരകം - ഒന്നര ടീസ്പൂൺ
4.വെളുത്തുള്ളി - എട്ടു തൊട്ടു പത്തെണ്ണം വരെ
5.കറിവേപ്പില – കുറച്ച്
6.പച്ചമുളക് - മൂന്നെണ്ണം
7.വെളിച്ചെണ്ണ - ഒരു ടേബിൾ സ്പൂൺ
8.കടുക് - ഒരു ടീസ്പൂൺ
9.പുളി - നാരങ്ങാ വലിപ്പത്തിൽ
10.മല്ലിയില - രണ്ടു പിടി
11.മുളകുപൊടി - അര ടീസ്പൂൺ
12.മഞ്ഞൾ പൊടി - അര ടീസ്പൂൺ
13.കായം പൊടി - കാൽ ടീസ്പൂൺ
14.വെള്ളം - ഒരു കപ്പ്
15.ഉപ്പ് - ഒരു ടീസ്പൂൺ
16.വറ്റൽ മുളക് - രണ്ടെണ്ണം
തയ്യാറാക്കുന്ന വിധം
•ജീരകവും, കുരുമുളകും കൂടി ചതച്ചെടുക്കാം. ഇനി ചതച്ചെടുക്കേണ്ടത് വെളുത്തുള്ളിയും, പച്ചമുളകും, കറിവേപ്പിലയും കൂടിയാണ്. ഇത് രണ്ടും ചതച്ചെടുത്ത് മാറ്റിവയ്ക്കുക.
∙മിക്സിയുടെ വലിയ ജാറിലേക്ക് തക്കാളി അരിഞ്ഞിട്ടു കൊടുക്കാം. ഇത് ഒറ്റ പ്രാവശ്യം മാത്രം കറക്കി എടുക്കുക, ഒരുപാട് അരഞ്ഞു പോകരുത്.
•മൺചട്ടി അടുപ്പിൽ വച്ച് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ചൂടാകുമ്പോൾ ഒരു ടീസ്പൂൺ കടുക് ഇട്ട് പൊട്ടിക്കാം.
∙കടുക് പൊട്ടി വന്നതിനു ശേഷം വറ്റൽ മുളകും, ചതച്ചെടുത്ത കുരുമുളകും, ജീരകവും, കൂടി ഇട്ടു കൊടുക്കാം.
∙അതിലേക്ക് തന്നെ നേരത്തെ ചതച്ചുവച്ച വെളുത്തുള്ളിയും, പച്ചമുളകും, കറിവേപ്പിലയും ഇട്ട് വഴറ്റുക.
∙നന്നായി വഴന്നു വന്നു കഴിഞ്ഞാൽ ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, അര ടീസ്പൂൺ മുളകുപൊടിയും, കാൽ ടീസ്പൂൺ കായവും കൂടിയിട്ട് നന്നായി ഇളക്കി യോജിപ്പിക്കുക.
∙ശേഷം നമ്മൾ നേരത്തെ അടിച്ചു വെച്ച തക്കാളി കൂടി ഒഴിച്ചു കൊടുക്കാം. അതിനുശേഷം ഒരു കപ്പ് വെള്ളം കൂടി ഒഴിച്ച് നേരത്തെ പിഴിഞ്ഞു വച്ച പുളിയും കൂടെ ചേർത്ത് കൊടുക്കുക. ഇനി ആവശ്യത്തിന് ഉപ്പ് ചേർക്കാം.
∙ശേഷം ഒരുപിടി മല്ലിയില പൊടിയായി അരിഞ്ഞതും കൂടിയിട്ട് നന്നായി ചൂടാക്കിയെടുക്കുക. ഇത് തിളയ്ക്കരുത് തിളക്കുന്നതിന് തൊട്ട് മുമ്പായി നമ്മൾക്ക് ഫ്ലെയിം ഓഫ് ചെയ്യാം. ഇനി കുറച്ചുകൂടി മല്ലിയില വിതറി ഇത് അടച്ചു വയ്ക്കാം. രുചികരമായ രസം റെഡി.