Wednesday 17 April 2019 03:01 PM IST : By സ്വന്തം ലേഖകൻ

പഴങ്ങൾ കഴിക്കാൻ മടിയുള്ള കുഞ്ഞുകൾക്കായി ഫ്രൂട്ട്സ് പിത്സ! (വിഡിയോ)

fruits-pizza

പഴങ്ങൾ കഴിക്കാൻ മടിയുള്ള കുഞ്ഞുങ്ങൾക്കായി ഇതാ ഫ്രൂട്ട്സ് പിത്സ. ഈ പൊള്ളുന്ന ചൂടിൽ കുട്ടികളെ പഴങ്ങൾ കഴിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇതുപോലൊരു ഡിഷ് ഉണ്ടാക്കി കൊടുത്തുനോക്കൂ, കുട്ടികൾ ഇഷ്ടത്തോടെ കഴിച്ചോളും.

ചേരുവകൾ 

ഓട്ട്സ് - 1.5 കപ്പ് 

വെണ്ണ - 3 ടേബിൾസ്പൂൺ 

ശർക്കര പൊടി / തേൻ - 2 ടേബിൾസ്പൂൺ 

ചോക്ലേറ്റ് സ്‌പ്രെഡ് 

ഇഷ്ട്ടമുള്ള പഴവർഗ്ഗങ്ങൾ 

ചോക്ലേറ്റ് സ്‌പ്രെഡ് 

വറുത്ത കപ്പലണ്ടി -1 കപ്പ് 

കൊക്കോ പൗഡർ - 2 ടേബിൾസ്പൂൺ 

ശർക്കര പൊടി - 4 ടേബിൾസ്പൂൺ 

വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ 

ചൂടുവെള്ളം - ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

ഒരു പാൻ അടുപ്പിൽവച്ച് ഒരു ടേബിൾസ്പൂൺ വെണ്ണ ചേർക്കുക. വെണ്ണ നന്നായി ഉരുകിക്കഴിയുമ്പോൾ അതിലേക്ക് ഓട്ട്സ് ചേർക്കാം. നന്നായി യോജിപ്പിച്ചു ഓട്ട്സ് പച്ചമണം മാറുന്നത് വരെ ഇളക്കുക. അതിനുശേഷം തീ അണച്ച് അതിലേക്കു ശർക്കര പൊടി ചേർത്ത് യോജിപ്പിക്കുക. ഒന്നു ചൂടാറിക്കഴിയുമ്പോൾ മിക്‌സിയുടെ ചെറിയ ജാറിൽ ഇട്ടു പൊടിച്ചെടുക്കുക. പൊടിച്ചെടുത്ത ഓട്ട്സിൽ  2 ടേബിൾസ്പൂൺ വെണ്ണ ചേർത്ത് കുഴയ്ക്കുക.

ഇനി ഒരു കേക്ക് ടിനോ ഒരു പ്ലേറ്റോ എടുത്തു ഓട്ട്സ് അതിൽ ചേർത്ത് നന്നായി അമർത്തി കൊടുക്കുക. നന്നായി അമർത്തി എടുത്തതിനു ശേഷം ഫ്രിഡ്‌ജിൽ 30 മിനിറ്റ് വച്ച് തണുപ്പിച്ചു എടുക്കുക. ഇനി അത് ഫ്രിഡ്‌ജിൽ നിന്നും എടുത്തു ഇഷ്ട്ടമുള്ള സ്‌പ്രെഡ് ചേർക്കാം. ചോക്ലേറ്റ് സ്‌പ്രെഡ് ഉണ്ടാകുന്നതിനായി കപ്പലണ്ടി തൊലി കളഞ്ഞു മിക്സിയുടെ ചെറിയ ജാറിൽ ആദ്യം ഒന്നു പൊടിച്ചെടുക്കുക. അതിലേക്കു വെള്ളം ഒഴിക്കെ ബാക്കി എല്ലാ ചേരുവകളും ചേർത്ത് വീണ്ടും ഒന്ന് അടിക്കുക.

പിന്നീട് ചൂടുവെള്ളം ആവശ്യത്തിന് ചേർത്ത് ആവശ്യമുള്ള കട്ടിയിൽ ആക്കിയെടുക്കുക. ഈ സ്‌പ്രെഡ് ഓട്സിനു മുകളിൽ നന്നായി ചേർത്ത് കൊടുക്കാം. ഇനി അതിനു മുകളിൽ ഇഷ്ട്ടമുള്ള പഴങ്ങൾ എല്ലാം ചേർത്ത് കൊടുക്കാം. ഫ്രൂട്ട്സ് പിത്സ തയ്യാർ. വേണമെങ്കിൽ ഫ്രിഡ്‌ജിൽ വച്ച് 1 -2 മണിക്കൂർ തണുപ്പിച്ചു മുറിച്ചു കഴിക്കാം.