Wednesday 23 September 2020 02:04 PM IST : By Pachakam Desk

കൊതിപൊട്ടിക്കും പനീർപ്പെട്ടി, ഇപ്പോൾ തന്നെ തയാറാക്കാം!

paneer

പനീർപ്പെട്ടി

1. നെയ്യ് – രണ്ടു വലിയ സ്പൂൺ

2. കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി – അൽപം

3. മുട്ട – ഏഴ്, അടിച്ചത്

പഞ്ചസാര – നാലു വലിയ സ്പൂൺ

ഏലയ്ക്കാപ്പൊടി – കാൽ ചെറിയ സ്പൂൺ

4. പഞ്ചസാര – ഒരു കപ്പ്

ഏലയ്ക്കാപ്പൊടി – കാൽ ചെറിയ സ്പൂൺ

വെള്ളം – ഒന്നരക്കപ്പ്

പനിനീർ – ഒരു വലിയ സ്പൂൺ

5. മൈദ – ഒന്നരക്കപ്പ്

മുട്ട – മൂന്ന്

ഉപ്പ് – പാകത്തിന്

വെള്ളം – ഒന്നരക്കപ്പ്

മഞ്ഞ ഫൂഡ് കളർ – ഒരു നുള്ള്

6. കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി – അൽപം

പാകം ചെയ്യുന്ന വിധം

∙ പാനിൽ നെയ്യ് ചൂടാക്കി കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേർക്കുക. മൊരിഞ്ഞു വരുമ്പോൾ മൂന്നാമത്തെ ചേരുവ അടിച്ചതു ചേർത്തു നന്നായി ചിക്കിപ്പൊരിച്ചെടുക്കുക. ഇതാണ് ഫില്ലിങ്.

∙ നാലാമത്തെ ചേരുവ നന്നായി യോജിപ്പിച്ചു തിളപ്പിച്ചു സിറപ്പ് തയാറാക്കണം.

∙ അഞ്ചാമത്തെ ചേരുവ യോജിപ്പിച്ചു മിക്സിയിൽ നന്നായി അടിക്കുക. ഇതൊരു കുഴിവുള്ള പാത്രത്തിലാക്കി എഗ്ഗ് ബീറ്റർ കൊണ്ടു നന്നായി അടിച്ചു പതപ്പിക്കുക.

∙ ഈ പത മാത്രം കോരിയെടുത്ത് ചൂടായ ദോശക്കല്ലിൽ ഒഴിച്ച് ഒരു ചെറിയ ദോശ ഉണ്ടാക്കണം.

∙ ഈ ദോശ ഉടൻ തന്നെ തിരിച്ചിട്ട ശേഷം നടുവിൽ അൽപം ഫില്ലിങ് വച്ച ശേഷം നാലു വശവും മടക്കി ഒരു പെട്ടി പോലെയാക്കുക.

∙ വീണ്ടും മാവ് കോരിയൊഴിച്ചു അൽപം വലിയ ദോശയുണ്ടാക്കി നടുവിൽ ഫില്ലിങ് നിരത്തിയ ശേഷം തയാറാക്കിയ പെട്ടി നടുവിൽ വച്ചു ബോക്സ് പോലെ മടക്കിയെടുക്കുക. ഇ ങ്ങനെ ഇടത്തരം വലുപ്പത്തിൽ കിട്ടും വരെ ചെയ്യണം.

∙ പാത്രത്തിലാക്കി നടുവെ ഒന്നു മുറിച്ച് സിറപ്പ് തൂവിയ ശേഷം കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വിതറി വിളമ്പാം.