Saturday 09 March 2019 02:18 PM IST : By സ്വന്തം ലേഖകൻ

അവ്ൻ ഇല്ലാതെ, മധുരക്കിഴങ്ങും ഓട്ട്സും ചേർത്ത ടേസ്റ്റി ചോക്ലേറ്റ് കേക്ക് (വിഡിയോ)

cake47637

മധുരക്കിഴങ്ങും ഓട്ട്സും ചേർത്ത് അവ്ൻ ഇല്ലാതെ ചോക്ലേറ്റ് കേക്ക് ഉണ്ടാക്കാം. ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ മധുരക്കിഴങ്ങ് കഴിക്കുന്നത് കുട്ടികൾക്കും വലിയവർക്കും ഒരുപോലെ നല്ലതാണ്. കുട്ടികളെ മധുരക്കിഴങ്ങ് കഴിപ്പിക്കുക എന്നത് അമ്മമാർക്ക് പലപ്പോഴും ശ്രമകരമാണ്. എന്നാൽ മധുരക്കിഴങ്ങും ഓട്ട്സും ചേർത്ത് ഇങ്ങനെ ഒരു ഹെൽത്തി കേക്ക് ഉണ്ടാക്കിനോക്കൂ, ആരും കഴിച്ചുപോകും.

ചേരുവകൾ 

മുട്ട- 3 എണ്ണം 

ശർക്കര പൊടിച്ചത് - 1/2 കപ്പ് 

ഓയിൽ - 1/2 കപ്പ് 

വാനില എസ്സെൻസ് - 1 ടീസ്പൂൺ 

ഓട്സ് പൗഡർ -3 / 4 കപ്പ് 

കൊക്കോ പൗഡർ - 1/ 3 കപ്പ് 

ബേക്കിങ് പൗഡർ - 1 ടീസ്പൂൺ 

മധുര കിഴങ്ങു വേവിച്ചു ഉടച്ചത് - 1 കപ്പ് 

തയാറാക്കുന്ന വിധം 

ആദ്യം ഒരു പാത്രത്തിൽ മൂന്നു മുട്ടയും ശർക്കര പൊടിച്ചതും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. അതിലേക്ക് ഓയിലും വാനില എസ്സെൻസ്സും ചേർത്ത് മാറ്റിവയ്ക്കുക. വേറെ ഒരു പാത്രത്തിൽ അരിപ്പ വച്ച് അതിലേക്ക് ഓട്ട്സ് പൊടിച്ചതും കൊക്കോ പൗഡറും ബേക്കിങ് പൗഡറും ചേർത്ത് അരിച്ചെടുക്കുക. ഇനി പൊടികൾ ചേർത്തതിലേക്ക് നേരത്തെ ചേർത്തുവച്ച ഓയിൽ കൂട്ട് ചേർത്ത് മിക്സ് ചെയ്തു എടുക്കുക.കുറച്ചു വീതം വേണം ചേർക്കാൻ. നന്നായി ഇളക്കി കട്ടയില്ലാതെ യോജിപ്പിച്ചെടുക്കുക.

ഇനി വേവിച്ചു ഉടച്ചു വച്ചിരിക്കുന്ന മധുരകിഴങ്ങു ഈ കൂട്ടിലേക്ക് ചേർത്ത് പതുക്കെ യോജിപ്പിച്ചെടുക്കുക. കട്ടയില്ലാതെ നന്നായി മിക്സ് ചെയ്തു എടുക്കണം. ഇനി ഈ കൂട്ട് ഒരു ബട്ടർ പേപ്പർ വച്ച പാത്രത്തിൽ ഒഴിക്കുക. ഒരു വലിയ നോൺ സ്റ്റിക്ക് പാത്രം അടുപ്പിൽ വച്ച് അടച്ചു മീഡിയം തീയിൽ അഞ്ചു മിനിറ്റ് ചൂടാക്കുക. ഇനി ആ പാത്രത്തിലേക്ക് ഒരു സ്റ്റാൻഡ് വച്ചുകൊടുത്തു അതിനു മുകളിൽ കേക്ക് ടിൻ വയ്ക്കുക. പാത്രം അടച്ചുവച്ച് 30 മിനിറ്റ് മീഡിയം തീയിൽ ബേക്ക് ചെയ്തു എടുക്കുക. ചൂട് ആറിയതിനു ശേഷം കട്ട് ചെയ്തു കഴിക്കാം.