ADVERTISEMENT

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. അത് എല്ലാവര്ക്കും അറിയാമെങ്കിലും പക്ഷേ, ആരും കാര്യമാക്കാറില്ല. വണ്ണം കുറയ്ക്കാനും  മറ്റും പ്രാതൽ ഒഴിവാക്കുമ്പോൾ  അടുത്ത നേരത്തെ ഭക്ഷണം കൂടുതൽ കഴിക്കാൻ ഇടയാകും. വണ്ണം കൂടുകയും ചെയ്യും

പ്രാതൽ വളരെ ഗംഭീരമാകണമെന്നല്ല. ശരീരത്തിന് ആവശ്യമുള്ളതു തിരിച്ചറിഞ്ഞു കഴിക്കുക. രാവിലത്തെ ഓട്ടത്തിനിടയിൽ കഴിക്കാൻ നേരം കിട്ടില്ലെന്നുണ്ടെങ്കിൽ പാക്ക് ചെയ്തെടുക്കുക. ജോലിസ്ഥലത്തു ചെന്നു കഴിക്കാം. കൃത്യമായി പ്രാതൽ കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ ഏറെയാണ്.

∙ കൃത്യമായി പ്രാതൽ കഴിക്കുന്നവർക്കു വണ്ണം കുറയ്ക്കാൻ എളുപ്പം സാധിക്കും.

∙ രാവിലെ നന്നായി കഴിച്ചാൽ‌ ഉച്ചഭക്ഷണത്തിന്റെ അളവു കുറയ്ക്കാം.

∙ നന്നായി പ്രാതൽ കഴിക്കുന്നവർക്ക് ജോലി സ്ഥലത്തു കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനാകും. തലച്ചോറിന് ആവശ്യത്തിനു പോഷകങ്ങൾ ലഭിക്കുന്നതു കൊണ്ടാണിത്.

∙ പ്രാതലിനു ജ്യൂസ് കഴിക്കുന്നതിനെക്കാൾ ഉത്തമം പഴങ്ങൾ അങ്ങനെ തന്നെ കഴിക്കുന്നതാണ്.

Tips for healthy breakfast

∙ കൊഴുപ്പു കുറഞ്ഞ പാൽ, തൈര്, തവിടു കളയാത്ത ധാന്യങ്ങൾ, റോസ്റ്റ് െചയ്ത ധാന്യങ്ങൾ, ഓട്സ് തുടങ്ങി ആരോഗ്യപ്രദമായ വിഭവങ്ങള്‍ ശീലമാക്കുക.

∙ പല ഇന്ത്യൻ പ്രാതലും ആരോഗ്യകരവും എളുപ്പത്തിൽ തയാറാക്കാവുന്നവയുമാണ്. ഓ ട്സ്, റവ തുടങ്ങിയവ കൊണ്ടുള്ള ഉപ്പുമാവ്, ദോശ, ഇഡ്ഡലി, ചീല, നെയ്യ് ചേർക്കാതെ തയാറാക്കിയ സ്റ്റഫ്ഡ് പറാത്ത എന്നിവ കഴിക്കാം.

∙ പഴങ്ങളും ധാന്യങ്ങളും പാലും മുട്ടയും തുടങ്ങി പലതരം ചേരുവകൾ ഉൾപ്പെടുത്തി പ്രാതൽ തയാറാക്കുക. എന്നും പുട്ടും പഴവും ഉണ്ടാക്കിയാൽ എല്ലാവർക്കും ബോറടിക്കും.

∙ കാരറ്റ്, സാലഡ് വെള്ളരിക്ക തുടങ്ങിയവ വിരലാകൃതിയിൽ മുറിച്ച് ഫ്ളേവറുള്ള തൈരിനൊപ്പവും മറ്റും കുട്ടികൾക്കു കൊടുക്കാം.

∙ പ്രാതലിന് ഹോൾവീറ്റ് ബ്രെഡ് കൊണ്ടൊരു സാൻവിച്ച് ആയാലോ. ധാരാളം പച്ചക്കറികൾ ഫില്ലിങ്ങായി ഉപയോഗിക്കുക. മയണീസിനു പകരം കൊഴുപ്പു കുറഞ്ഞ തൈര് ഉപയോഗിക്കാം. കൊഴുപ്പു കുറഞ്ഞ ഇറച്ചി, മുട്ട, സ്റ്റീംഡ് ട്യൂണ തുടങ്ങിയ ഫില്ലിങ് ഉപയോഗിക്കാം.

∙ കേക്ക്, പേസ്ട്രി, പീറ്റ്സ, ബർഗർ തുടങ്ങിയവയിൽ കൊഴുപ്പും പഞ്ചസാരയും കൂടുതലാണ്. ചീത്ത കൊഴുപ്പുകൾ അടങ്ങിയ ഇവ ആരോഗ്യത്തിന് ഹാനികരവുമാണ്.

∙ പ്രാതൽ കഴിക്കാൻ ഒട്ടും സമയം കിട്ടുന്നില്ലെന്നാണ് പരാതിയെങ്കിൽ കുറഞ്ഞത് ഒരു പഴമോ അൽപം തൈരോ മുട്ട പുഴുങ്ങിയതോ കഴിക്കാൻ ശ്രമിക്കൂ. 

∙ വിശപ്പോടു കൂടി ഷോപ്പിങ്ങിനു പോകരുത്. വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം മാത്രം ഷോപ്പിങ്ങിന് ഇറങ്ങുക.

ഇങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു ഭക്ഷണ വിഭവമാണ് മിക്സഡ് ദാൽ അട ..  

ആവശ്യമായ സാധനങ്ങൾ 

1.    പച്ചരി – ഒരു കപ്പ്

2.    ചെറുപയർ, കടലപ്പരിപ്പ് , ഉഴുന്നുപരിപ്പ് – ഒരു കപ്പിന്റെ മൂന്നിലൊന്ന് വീതം

3.  വറ്റൽമുളക് – ഒന്ന്

    ഉപ്പ് – പാകത്തിന്

4.  തൈര് – അരക്കപ്പ്

5.  കറിവേപ്പില – രണ്ടു തണ്ട്

    കോളിഫ്ളവർ – രണ്ടു പൂക്കൾ,

    (പൊടിയായി അരിഞ്ഞത്)

  കാരറ്റ് – ഒന്ന്, ഗ്രേറ്റ് ചെയ്തത്

  ബീൻസ് – ആറ്, (പൊടിയായി അരിഞ്ഞത്)

   കായംപൊടി – അര ചെറിയ സ്പൂൺ

6. എണ്ണ – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙  അരിയും പരിപ്പും മൂന്നു നാലു മണിക്കൂർ വെവ്വേറെ കുതിർക്കണം.

∙  അരി തരുതരുപ്പായി അരയ്ക്കണം. പരിപ്പ് എല്ലാം യോജിപ്പിച്ചു മുളകും ഉപ്പും ചേർത്തു മയത്തിൽ അരയ്ക്കണം.

∙  രണ്ടു മാവും തൈരും യോജിപ്പിച്ച്, അതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തിളക്കി 10 മിനിറ്റ് വയ്ക്കുക.

∙  തവ ചൂടാക്കി മാവു കോരിയൊഴിച്ചു വട്ടത്തിൽ പരത്തി, മുകളിൽ അൽപം എണ്ണ തളിച്ചു ചെറുതീയിൽ ബ്രൗൺ നിറമാകും വരെ ചുട്ടെടുക്കണം. മറിച്ചിട്ട് മറുവശവും ചുട്ടെടുക്കുക. 

∙  മിക്സ്ഡ് ദാൽ അട പ്ലേറ്റിലാക്കി ചൂടോടെ ചട്നിക്കൊപ്പം വിളമ്പാം.

 Renu Thomas 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT