അടുക്കളജോലികൾ വേഗം തീർത്തു മിടുക്കിയും മിടുക്കനുമായി മറ്റു ക്രിയാത്മക ജോലികൾക്കും നേരമ്പോക്കുകൾക്കും നേരം കണ്ടെത്താന്‍ സഹായിക്കുന്ന സ്മാർട്ട് അടുക്കള ഉപകരണങ്ങൾ പരിചയപ്പെടാം.
1. Cut Proof Gloves

ഈ ഗ്ലവ്സ് ഉണ്ടെങ്കിൽ കണ്ണുംപൂട്ടി പച്ചക്കറിയും പഴങ്ങളും മുറിക്കാം. കൈ മുറിയുമെന്നോ കൈയിൽ കറ പുരളുമെന്നോ ആധി വേണ്ട. കത്തി കൊണ്ടുമുറിക്കാൻ നോക്കിയാൽപ്പോലും ഈ ഗ്ലവ്സ് മുറിയില്ലെന്നേ. പിന്നെയല്ലേ അറിയാതെ കയ്യിൽ കത്തികൊണ്ടു മുറിയുന്നത്. 300 രൂപയിൽ താഴെയാണ് വില.
2. Egg Boiler

മുട്ട പുഴുങ്ങിയെടുക്കാൻ എളുപ്പമാണ്.
പ്രഷർകുക്കറിൽ മുട്ട മുങ്ങിക്കിടക്കാൻ പാകത്തിനു വെള്ളമെടുത്ത് ഒറ്റ വിസിലടിച്ചെടുത്താൽ സംഗതി റെഡി. അല്ലെങ്കിൽ തിളച്ച വെള്ളത്തിൽ കൃത്യം ഏഴു മിനിറ്റ് വേവിച്ചെടുക്കാം. പക്ഷേ, ചിലപ്പോൾ തോടു പൊട്ടി ‘കുളം കലങ്ങി’ മുട്ട വേസ്റ്റ് ബാസ്കറ്റിലേക്കൊഴുകും. തിരക്കുകൾക്കിടയിൽ മുട്ടയുടെ വിസിൽ ശ്രദ്ധിക്കാൻ മറന്നു പോകുന്നവരുമുണ്ട്. ഈ വിധ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാണ് എഗ് ബോയിലർ. മുട്ട പാകത്തിനു വെന്തു കഴിയുമ്പോൾ ആശാൻ താനേ ഓഫ് ആകും. ഉരുളക്കിഴങ്ങോ ചേനയോ എന്നു വേണ്ട എന്തും പുഴുങ്ങിയെടുക്കാൻ ഈ ഉപകരണം മതി. 400 രൂപ മുതൽ 1000 വരെയാണു വില. 15,000 രൂപയോളം വരുന്ന ലക്ഷ്വറി മോഡലുകളുമുണ്ട്.
3. Punch Tap

ഇളനീരു പൊട്ടിച്ചു വെള്ളം കുടിക്കാൻ ഇനി വളരെയളുപ്പം. ലൈറ്റർ പോലെ തോന്നിക്കുന്ന ചെറിയ ഒരു മെഷീൻ മതി, സ്ട്രോ കടത്താനുള്ള ദ്വാരം എളുപ്പത്തിലിടാൻ. ഈ കുഞ്ഞൻ ടൂൾ ഇളനീരിനോടു ചേർത്ത് ഒറ്റ പഞ്ച്. ആര്‍ക്കും എളുപ്പത്തിൽ കരിക്കിൻ വെള്ളം കുടിക്കാം. 200 രൂപയിൽ താഴെ വിലയുള്ള ഈ ഉപകരണം തുരുമ്പിക്കാത്ത സ്റ്റീൽ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.
4. Fish Scale Scraper

കത്തിയുപയോഗിച്ചു മീനിന്റെ ചെതുമ്പൽ ചെത്തിക്കളഞ്ഞാൽ ചെതുമ്പൽ എവിടെയൊക്കെ പറന്നെത്തുമെന്നു മഷിയിട്ടു കണ്ടു പിടിക്കേണ്ടി വരും. നിലത്തും തലയിലും എന്നു വേണ്ട, കത്തിയിലും ചട്ടിയിലുമൊക്കെ പറ്റിപ്പിടിച്ച് ആകെ അലമ്പാകുമെന്നു പ്രത്യേകം പറയേണ്ടല്ലോ. ഫിഷ് സ്കേൽ സ്ക്രേപ്പർ ഉപയോഗിക്കുമ്പോൾ, പെൻസിൽ മുന വെട്ടി ഷാർപ്നറിൽ ശേഖരിക്കുന്നതു പോലെ ചെതുമ്പൽ അടങ്ങിയൊതുങ്ങി ഒരു ചേമ്പറിൽ കയറിയിരിക്കും. ഇതു വെയ്സ്റ്റ് ബിന്നിലേക്ക് ഇട്ടാൽ മതി. 200 രൂപയോളമാണ് ഈ ഉപകരണത്തിനു വില.
5. Cutting Board with Containers

പ്ലാസ്റ്റിക് കട്ടിങ് ബോർഡ് മാറി വുഡൻ കട്ടിങ് ബോർഡും സ്റ്റീൽ കട്ടിങ് ബോർഡുമാണ് മിക്ക അടുക്കളകളിലുമിപ്പോൾ. അതിനൊപ്പം മുറിച്ചെടുത്ത പച്ചക്കറികൾ ശേഖരിക്കാനുള്ള കണ്ടെയ്നറും ചേർന്ന ഉപകരണങ്ങളാണ് പുതിയ ട്രെൻഡ്. ബോക്സ് രൂപത്തിലുള്ള കട്ടിങ് ബോർഡിന്റെ ഉള്ളിലായി ക്രമീകരിച്ച പ്ലാസ്റ്റിക് അറകളോ സ്റ്റീൽ ട്രേയോ ചേർന്ന സംവിധാനം വൃത്തിയാക്കാനും ഉപയോഗിക്കാനും ഏറെ എളുപ്പവുമാണ്. വില അൽപം കൂടുമെങ്കിലും അതു നഷ്ടമേയല്ലെന്നാണ് ഉപയോഗിച്ചവരുടേയും അഭിപ്രായം. ഗുണനിലവാരമുള്ള വുഡൻ ബോർഡിന് ആയിരത്തിനു മുകളിലാണ് വില.
6. Silicone Sink Drainer

എത്രയൊക്കെ സൂക്ഷിച്ചു പാത്രം കഴുകിയാലും അടുക്കള സിങ്കിൽ വേസ്റ്റ് അടിയും. സിങ്ക് ബ്ലോക് ആകുകയും ചെയ്യും. അൽപം അലസമായി പെരുമാറുന്നവരുടെ കാര്യത്തിൽ ഒന്നും പറയാനുമില്ല. സിങ്കിന്റെ ഡ്രെയ്നേജ് ഭാഗത്തായി സിലിക്കൺ സിങ്ക് ഡ്രെയ്നർ ഘടിപ്പിച്ചാൽ ബ്ലോക് ഉണ്ടാക്കാവുന്ന ഖരമാലിന്യങ്ങൾ എളുപ്പത്തിൽ വേർതിരിച്ചെടുക്കാം. 200–300 രൂപയിൽ വലിയ അടുക്കള പ്രശ്നത്തിനുള്ള ചെറിയ പരിഹാരം.
7. Herb Stripper

കറിവേപ്പിലയും മല്ലിയിലയും പോലെ തണ്ടും ഇലകളുമുള്ളവ എളുപ്പത്തിൽ അടർത്തിയെടുക്കാൻ സഹായിക്കുന്ന ഉപകരണമാണിത്. കൂടുതൽ അളവിൽ ഇലക്കറികൾ ഉപയോഗിക്കുന്നവർക്ക് ഇതു വളരെ ഉപകാരപ്പെടും. പല വലുപ്പത്തിലുള്ള ദ്വാരങ്ങളാണ് ഇതിലുള്ളത്. അടർത്തിയെടുക്കേണ്ട ഇലയ്ക്കു യോജിച്ച വലുപ്പത്തിലുള്ള ദ്വാരത്തിൽ തണ്ടോടെ വച്ച് ഒറ്റവലി. ഇലയും തണ്ടും വെവ്വേറെയാകും. മുരിങ്ങയിലയും മറ്റും സ്ഥിരമായി കറി വയ്ക്കുന്നവർക്ക് അനുഗ്രഹം തന്നെയാകും ഹെർബ് സ്ട്രിപ്പർ. മെറ്റീരിയലിനനുസരിച്ചു പല വിലകളിൽ ഇതു ലഭ്യമാണ്.
പ്ലാസ്റ്റിക് സ്ട്രിപ്പർ കുറഞ്ഞ വിലയിൽ ലഭിക്കുമ്പോൾ വുഡ്, മെറ്റൽ എ ന്നിവ കൊണ്ടുള്ള സ്ട്രിപ്പറുകൾക്കു വില കൂടും.
8. Multi Layer Scissors

നാലോ അഞ്ചോ കത്രികകൾ ഒരുമിച്ചു ചേർത്തു മുറിക്കുന്ന അതേ ഐഡിയയാണ് ഈ കട്ടിങ് ഉപകരണത്തിനു പിന്നിൽ. ഉള്ളിത്തണ്ടും ചീരയും പോലുള്ള ഇലക്കറികൾ വേഗത്തിൽ അരിഞ്ഞെടുക്കാൻ ഇതു സഹായിക്കും. ക്ലീനിങ് എളുപ്പമാക്കാൻ പ്രത്യേക ബ്രഷ് ഒപ്പം കിട്ടും.
9. Meat Ball Spoon

മീഡിയം വലുപ്പമുള്ള സ്പൂണിന്റെ നടുക്കായി വലിയ ദ്വാരമുള്ള ഡിസൈനാണിതിന്. മീറ്റ് ബോളും വെജ് ബോളുമൊക്കെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ ഈ സഹായി മതി. കുഴച്ചു പരുവപ്പെടുത്തിയ മാവിനു മുകളിൽ ഈ സ്പൂൺ കൊണ്ട് അമർത്തി നാരങ്ങാവലുപ്പമുള്ള ബോൾ രൂപത്തിൽ വേർതിരിച്ചെടുക്കാം. 200 രൂപയിൽ താഴെയാണു വില.
10. Fry Basket

പാസ്തയും നൂഡിൽസുമൊക്കെ വേവിച്ചു വേഗത്തിൽ ഊറ്റിയെടുക്കാനും ഫ്രൈയിങ് പാനിൽ മുക്കിപ്പൊരിച്ചെടുക്കാനും പച്ചക്കറികളും പഴങ്ങളും കഴുകിയെടുക്കാനുമെല്ലാം സഹായിക്കും ഓൾ ഇൻ വൺ മെഷ് ബാസ്കറ്റ്. തുരുമ്പിക്കാത്ത സ്റ്റീൽ കൊണ്ടാണിത് ഉണ്ടാക്കിയിരിക്കുന്നത്. 500 രൂപയിൽ താഴെയാണ് വില.
11. Warming Butter Knife

ഫ്രിജിൽ തണുത്തുറഞ്ഞിരിക്കുന്ന വെണ്ണ, ബ്രെഡിൽ പുരട്ടാൻ ശ്രമിച്ച് തോറ്റു തുന്നംപാടിയിട്ടുണ്ടോ? നമ്മൾ സാധാരണ ആ വെണ്ണ അൽപം ഉരുകാൻ വയ്ക്കും. എന്നിട്ട് ബ്രെഡിൽ പുരട്ടും. ഈ സമയനഷ്ടം പരിഹരിക്കാൻ വാമി ങ് ബട്ടർ നൈഫ് മ തി. വെണ്ണ പുരട്ടുന്ന കത്തി, ശരീരോഷ്മാവ് വലിച്ചെടുത്ത് ചൂടാകും. അങ്ങനെ തണുത്തുറഞ്ഞ ബട്ടറും ചീസുമെല്ലാം എളുപ്പത്തിൽ മുറിക്കാനാകും.
12. Cake cutter

ത്രികോണാകൃതിയിലോ ‘S’ ആകൃതിയിലോ ഉള്ള കേക്ക് കട്ടർ ഉപയോഗിച്ചു പൊടിയാതെ കൃത്യമായി കേക്കു മുറിക്കാം. മുറിച്ചെടുത്ത് പ്ലേറ്റിലേക്കു വയ്ക്കാൻ ഏറെ എളുപ്പം. ആവശ്യം കഴിഞ്ഞു വൃത്തിയാക്കാനും അതിലേറെ എളുപ്പം. 150 രൂപയാണ് പ്ലാസ്റ്റിക് കേക്ക് കട്ടറിനു വില.
13. Grip Tray

അതിഥികള്‍ക്കു പാനീയങ്ങൾ വിളമ്പുമ്പോൾ, ഗ്ലാസ് ചെരിയാതെയും തുളുമ്പാതെയുമിരിക്കാൻ ഗ്രിപ് ട്രേ സഹായിക്കും. 80 ഡിഗ്രിയോളം ചൂടു താങ്ങാൻ ശേഷിയുള്ളതും ഗ്ലാസുകൾ തമ്മിൽ ഉരസാതെയും വീണു പോകാതെയും നല്ല ഗ്രിപ് ഉറപ്പാക്കുന്നതുമായ ട്രേയാണിത്. പോളിപ്രൊപ്പിലീൻ മെറ്റീരിയലിലാണ് തയാറാക്കിയിരിക്കുന്നത്. ഗ്രിപ്പിനായി റബ്ബർ ഉപയോഗിച്ചിട്ടുണ്ട്.
14. Flexible Lid

പാത്രങ്ങളുടെ വായ്ഭാഗവും മുറിച്ചെടുത്ത പഴങ്ങളുമൊക്കെ മൂടിവയ്ക്കാനുള്ള അടപ്പാണിത്. സ്ട്രെച്ചബിൾ ആയതുകൊണ്ട് ഒരേ അടപ്പു തന്നെ പല വലുപ്പത്തിലുള്ള പാത്രങ്ങളുടെ അടപ്പായി ഉപയോഗിക്കാം. പല വലുപ്പത്തിലും ആകൃതിയിലും കിട്ടുന്ന നോൺ ടോക്സിക് സിലിക്കൺ അടപ്പുകൾ മൈക്രോവേവിലും ഡിഷ് വാഷറിലും സുരക്ഷിതമായി ഉപയോഗിക്കാം.
ഫ്രിജിനുള്ളിലും തീൻമേശയിലും ഉപകരിക്കും. ലീക്പ്രൂഫ് ആയതുകൊണ്ടു ഭക്ഷണസാധനങ്ങൾ ഫ്രിജിൽ ഫ്രഷ് ആയിരിക്കാൻ സഹായിക്കും. പല ഗുണനിലവാരത്തിലുള്ള ഉൽപന്നങ്ങൾ ഇറങ്ങുന്നതുകൊണ്ടു റിവ്യൂ നോക്കി വാങ്ങാൻ ശ്രദ്ധിക്കണം. ഗുണനിലവാരം കുറഞ്ഞ അടപ്പുകൾ വേഗം കീറിപ്പോകാൻ സാധ്യതയുണ്ട്.
15. Levoop

അൽപം പോലും അളവിൽ വ്യത്യാസം വരാതെ അളന്നെടുക്കാൻ സഹായിക്കുന്ന സ്മാർട്ട് സ്പൂണാണ് ലെവൂപ്. ബേക്കിങ് പൗഡറും മറ്റും അളന്നെടുക്കാനാണ് ഏറ്റവും ഉപകാരപ്പെടുക. പൊടി കോരിയെടുത്ത് ലിവർ വലിച്ചാൽ ഏറ്റവും മുകളിലെ ലെയർ, സ്പൂണിനു മുകളിലൂടെ നീങ്ങി അധികമുള്ള പൊടി നീക്കിക്കളയും.
16. Spice Infuser

ബിരിയാണിയിലൊക്കെ ചെറിയ കിഴികെട്ടിയിട്ട് ചിലപ്പോൾ സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കാറില്ലേ. സ്പൈസ് ഇ ൻഫ്യൂസറുണ്ടെങ്കിൽ മസാലക്കൂട്ട് ഇതിലാക്കി വിഭവത്തിലിടാം. വേവിച്ച/തിളപ്പിച്ച ശേഷം ഇൻഫ്യൂസർ എടുത്തു മാറ്റിയാൽ മതി. അരിപ്പയ്ക്കുള്ളിൽ കിടന്നു തന്നെ സ്പൈസ് വെന്തു ചേരുമെന്നർഥം. ചായയിട്ടശേഷം അരിച്ചെടുക്കുന്നതിനു പകരം ചായപ്പാടി സ്പൈസ് ഇൻഫ്യൂസറിലാക്കി തിളപ്പിക്കാം. 200 രൂപയിൽ താഴെ മാത്രമാണ് വില.