‘ചൈനീസ് രുചിയിൽ വെജ് വിഭവം’; ഫ്രൈഡ് റൈസിനും ചപ്പാത്തിക്കും ഒപ്പം വിളമ്പാൻ ഒരു സൂപ്പർ ഡിഷ്
Mail This Article
വെജിറ്റേറിയൻസിനു വേണ്ടിയുള്ള, ചൈനീസ് രുചിയിഷ്ടപ്പെടുന്ന നോൺ വെജിറ്റേറിയൻസിനും പ്രിയമാകുന്ന വിഭവമാണ് ചില്ലി വെജ്. ട്രൈ ചെയ്താലോ ?
ചില്ലി വെജ്
കാബേജ്, കാരറ്റ്, സവാള പൊടിയായി അരിഞ്ഞത് – ഒരു കപ്പ് വീതം, പച്ചമുളക് – രണ്ട്, അരിഞ്ഞത്, കുരുമുളകുപൊടി – ഒരു വലിയ സ്പൂൺ, ഉപ്പ് – പാകത്തിന്, കോൺഫ്ലോർ – കാൽ കപ്പ്, ഗോതമ്പുപൊടി – അരക്കപ്പ്, കാപ്സിക്കം, സവാള ചെറിയ കഷണങ്ങളാക്കിയത് – അരക്കപ്പ് വീതം, മുളകുപൊടി, സോയാസോസ് – ഒരു വലിയ സ്പൂൺ വീതം, ചില്ലി സോസ്, ടുമാറ്റോ സോസ് – ഒന്നര വലിയ സ്പൂൺ വീതം
പാകം ചെയ്യുന്ന വിധം
∙ കാബേജ്, കാരറ്റ്, സവാള, പച്ചമുളക് എന്നിവ പാകത്തിന് ഉപ്പും അര ചെറിയ സ്പൂൺ കുരുമുളകുപൊടിയും ചേർത്തു നന്നായി യോജിപ്പിക്കുക.
∙ ഇതിലേക്ക് ഗോതമ്പുപൊടിയും കോൺഫ്ലോറും ചേർത്ത് യോജിപ്പിച്ച് ചെറിയ ഉരുളകളാക്കുക.
∙ എണ്ണ ചൂടാക്കി ഓരോ വെജ് ബോൾസും ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തുകോരുക.
∙ ഒരു പാൻ ചൂടാക്കി അൽപം എണ്ണയൊഴിച്ച് സവാളയും കാപ്‌സിക്കവും വഴറ്റുക. ഇതിലേക്ക് മുളകുപൊടിയും ബാക്കി കുരുമുളകുപൊടിയും ചേർത്തു വഴറ്റുക.
∙ പാകത്തിന് വെള്ളമൊഴിച്ചു തിളപ്പിച്ചശേഷം സോസുകൾ ചേർക്കുക.
∙ ഒരു വലിയ സ്പൂൺ കോൺഫ്ലോർ അൽപം വെള്ളത്തിൽ കലക്കി കറിയില്‍ ചേർത്തു ചൂടാക്കുക. വറുത്തു വച്ചിരിക്കുന്ന വെജ് ബോൾസ് ചേർത്തിളക്കുക.
∙ സ്പ്രിങ് അണിയൻ കൊണ്ട് അലങ്കരിച്ചു വിളമ്പാം.
Credit: ഡോ. അനിത മോഹൻ, ഫോർമർ സ്റ്റേറ്റ് നൂട്രീഷൻ, പ്രോഗ്രാം ഓഫിസർ,ഡയറക്റ്ററേറ്റ് ഓഫ് ഹെൽത് സർവീസസ്