അപ്പത്തിനൊപ്പം രുചിയേകാൻ ഇനി വറുത്തരച്ച ചിക്കൻ കറിയാക്കാം
Mail This Article
വറുത്തരച്ച ചിക്കൻകറി മലബാറുകാരുടെ സ്പെഷ്യൽ വിഭവമാണ്..തേങ്ങയും ജീരകവും ഏലയ്ക്കയും ചേർത്ത് വറുത്തു തയ്യാറാക്കുന്ന പേസ്റ്റ് തന്നെയാണ് ഈ കറിയുടെ രുചി സമ്പന്നമാക്കുന്നത്
ആവശ്യമുള്ള ചേരുവകൾ:
ചിക്കൻ - 1 കിലോ
തേങ്ങ ചിരകിയത് -1 കപ്പ്
സവാള - 2 എണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
ജീരകം - 2 ടീസ്പൂൺ
ഏലയ്‌ക്ക - 4 എണ്ണം
മഞ്ഞൾപൊടി - 2 ടീസ്പൂൺ
മല്ലിപൊടി -1 ടീസ്പൂൺ
മുളകുപൊടി - 2 ടീസ്പൂൺ
വറ്റൽമുളക് - 3 എണ്ണം
ചെറിയ ഉള്ളി - 5 എണ്ണം
മല്ലിയില - ആവശ്യത്തിന്
വെളിച്ചെണ്ണ - 3 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
തേങ്ങയിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, ജീരകം, ഏലയ്ക്ക എന്നിവ ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ നന്നായി വറുക്കുക.
വറുത്ത കൂട്ട് തണുപ്പിച്ച ശേഷം, ആവശ്യത്തിന് വെള്ളം ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.
ചൂടുള്ള പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില, സവാള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത വഴറ്റുക. അതിൽക്ക പാകത്തിനുള്ള മുളക്‌പൊടി, മല്ലിപൊടി, മഞ്ഞൾപൊടി , ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. അതിലേക്ക് കഴുകി വൃത്തിയാക്കിയ ചിക്കൻ ചേർത്തു നന്നായി യോജിപ്പിക്കുക. അരച്ചുവച്ച തേങ്ങാക്കൂട്ട് ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച്, ഉപ്പ് ചേർത്ത് നന്നായി തിളപ്പിക്കുക. കുറഞ്ഞ തീയിൽ 10-15 മിനിറ്റ് അടച്ചു വെച്ച് വേവിക്കുക.
മറ്റൊരു ചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ച്, ചെറിയുള്ളി അരിഞ്ഞതും കറിവേപ്പിലയും വറ്റൽമുളകും ചേർത്ത് അൽപനേരം വഴറ്റുക. തയ്യാറായ കറിയിലേക്ക് ചേർക്കുക. മല്ലിയില കൊണ്ട് അലങ്കരിച്ച് ഇറക്കിവെക്കുക.
