ആരോഗ്യവും രുചിയും ഒപ്പത്തിനൊപ്പം; സ്പെഷല്‍ ടുമാറ്റോ കോഡോ മില്ലെറ്റ് പുലാവ്
Mail This Article
ചെറുധാന്യങ്ങളില്‍ ഹാര്‍ട്ട് ഹെല്‍തി മില്ലെറ്റ് എന്നറിയപ്പെടുന്ന കോഡോ മില്ലെറ്റും ആന്റിഓക്സിഡന്‍റായ ലൈകോപീനും ധാരാളം അടങ്ങിയ തക്കാളിയും ചേര്‍ന്ന രുചികരമായ ഈ പുലാവ് ആരോഗ്യകരമായ ഭക്ഷണരീതി ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ ഗുണകരമാണ്.
ടുമാറ്റോ കോഡോ മില്ലെറ്റ് പുലാവ്
1. കോഡോ മില്ലെറ്റ് – രണ്ടു വലിയ സ്പൂൺ
2. സണ്‍ഫ്ളവര്‍ ഓയില്‍ – ഒരു ചെറിയ സ്പൂൺ
3. കടുക്– അര ചെറിയ സ്പൂൺ
4. പൊട്ടുകടല – ഒരു ചെറിയ സ്പൂൺ
ഗ്രാമ്പൂ, ഏലയ്ക്ക – മൂന്നു വീതം
കറുവാപ്പട്ട – ഒരു ചെറിയ കഷണം
5. സവാള – ഇടത്തരം ഒന്ന്, പൊടിയായി അരിഞ്ഞ്
ഇഞ്ചി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
വെളുത്തുള്ളി – നാല് അല്ലി, അരിഞ്ഞത്
പച്ചമുളക് – ഒന്ന്, അരിഞ്ഞത്
6. മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍
മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍
7. തക്കാളി പൊടിയായി അരിഞ്ഞത് – 100 ഗ്രാം
8. മല്ലിയില അരിഞ്ഞത് – 15 ഗ്രാം
പാകം െചയ്യുന്ന വിധം
∙ കോഡോ മില്ലെറ്റ് ആറു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം പത്തു മിനിറ്റ് വേവിച്ച് ഊറ്റി വയ്ക്കണം.
∙ പാനില്‍ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം നാലാമത്തെ ചേരുവ ചേര്‍ത്തു മൂപ്പിക്കണം.
∙ ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേര്‍ത്തു വഴറ്റിയ ശേഷം മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു മൂപ്പിക്കണം.
∙ തക്കാളിയും ചേര്‍ത്തിളക്കി 10 മിനിറ്റ് അടച്ചു വച്ചു വേവിച്ച ശേഷം മല്ലിയില ചേര്‍ത്തിളക്കുക.
∙ വെള്ളം വറ്റി വരുമ്പോള്‍ വേവിച്ചു വച്ച കോഡോ മില്ലെറ്റ് ചേര്‍ത്തിളക്കി വാങ്ങാം.
തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ഫോട്ടോ : വിഷ്ണു നാരായണന്‍