വീട്ടിലെ പാർട്ടിക്ക് വിളമ്പാം ക്രഞ്ചി ഷൂ ബൺസ്
Mail This Article
ഈ ഒരു വിഭവം ഉണ്ടാക്കാൻ അറിഞ്ഞാൽ അതിഥികളെ സ്നേഹത്തോടെ സൽക്കരിക്കാൻ ഇനി എന്തെളുപ്പമാണെന്നോ ..വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു ക്രഞ്ചി സ്‌നാക്കാണ് ഷൂ ബൺ.
ആവശ്യമായ ചേരുവകൾ
1. വെള്ളം – ഒന്നേകാൽ കപ്പ്
വെണ്ണ – കാൽ കപ്പ്
2. മൈദ – ഒന്നേകാൽ കപ്പ്
3. മുട്ട – രണ്ട്
പാകം ചെയ്യുന്ന വിധം
∙ അവ്ൻ 200 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയിടുക.
∙ വെള്ളത്തിൽ വെണ്ണ ചേർത്ത് അടുപ്പത്തു വച്ചു തിളപ്പിക്കുക. വെണ്ണ മുഴുവൻ അലിയുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി അതിലേക്കു മൈദ ഇടഞ്ഞതു ചേർക്കുക.
∙ തിരികെ ഇടത്തരം തീയിൽ വച്ചു തുടരെയിളക്കി ഉരുള പോലെയാകുമ്പോൾ വാങ്ങി ചൂടാറാൻ വയ്ക്ക്കണം
∙ ചൂടാറിത്തുടങ്ങുമ്പോൾ ഇതിലേക്കു മുട്ട നന്നായി അടിച്ചതു ചേർത്തടിച്ചു യോജിപ്പിക്കുക. നല്ല മയവും മിനുസവുമുള്ള മിശ്രിതം ലഭിക്കണം.
∙ വലിയൊരു പൈപ്പിങ് ബാഗിൽ വലിയ സ്റ്റാർ നോസിൽ ഇട്ട് ഈ മിശ്രിതം നിറയ്ക്കുക.
∙ മയം പുരട്ടിയ ബേക്കിങ് ഷീറ്റിലേക്കു മെല്ലേ ചെറിയ പൂക്കൾ പോലെ പൈപ്പ് ചെയ്യുക.
∙ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 20 മിനിറ്റ് ബേക്ക് ചെയ്യുക. നന്നായി പൊങ്ങി, ഗോൾഡൻ നിറമാകുന്നതാണു പാകം.
∙ പുറത്തെടുത്തയുടൻ വശങ്ങളിൽ കുത്തി ആവി കളയണം
∙ തിരികെ ഓഫ് ചെയ്തിട്ടിരിക്കുന്ന അവ്നിൽ വയ്ക്കുക. 20 മിനിറ്റിനു ശേഷം പുറത്തെടുത്തു ചൂടാറാൻ വയ്ക്കണം.
∙ പിന്നീട് ഫ്രീസറിൽ വച്ച് സെറ്റായ ശേഷം ബാഗിലാക്കി വയ്ക്കുക.
∙ ആവശ്യമുള്ളപ്പോൾ പുറത്തെടുത്തു വച്ച് തണുപ്പു മാറിയ ശേഷം ഉപയോഗിക്കാം.
∙ ഓരോ ഷൂ ബണ്ണും അറ്റം വിട്ടു പോകാതെ രണ്ടായി പിളർന്ന് ഉള്ളിൽ ഇഷ്ടമുള്ള ഫില്ലിങ് വച്ചു വിളമ്പാം.
∙ ചോക്‌ലെറ്റ് സോസ്, ക്രീം, സേവറി ഫില്ലിങ്ങ് എന്നിങ്ങനെ ഏതു വേണമെങ്കിലും ഉപയോഗിക്കാം.
Ammu Mathew, Kottayam