മധുരവും പ്രോട്ടീനും നിറഞ്ഞ പെർഫെക്റ്റ് സ്നാക്ക്; നമ്മുടെ സ്വന്തം പയറ്റുണ്ട.
Mail This Article
പയറ്റുണ്ട, മുന്തിരിക്കൊത്ത് എന്നും അറിയപ്പെടുന്നു, ഇത് കേരളത്തിലെ പരമ്പരാഗതമായ ഒരു പലഹാരമാണ്. മധുരമുള്ള, ആരോഗ്യകരമായ കേരളീയ പലഹാരമാണ് പയറ്റുണ്ട. ഇത് സാധാരണയായി വൈകുന്നേരത്തെ ചായയോടൊപ്പമോ ലഘുഭക്ഷണമായോ ആണ് കഴിക്കുന്നത്.
ആവശ്യമായ ചേരുവകൾ
1. ചെറുപയർ – ഒന്നരക്കപ്പ്
2. പുഴുക്കലരി – ഒന്നരക്കപ്പ്
3. ശർക്കര – കാൽക്കിലോ
4. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
5. ഏലയ്ക്കാപ്പൊടി – രണ്ടു ചെറിയ സ്പൂൺ
6. നെയ്യ് – രണ്ടു വലിയ സ്പൂൺ
7. അരിപ്പൊടി – അരക്കപ്പ്
മൈദ – മുക്കാൽ കപ്പ്
വെള്ളം – ഒന്നരക്കപ്പ്
ഉപ്പ് – ഒരു നുള്ള്
8. വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ ചുവടു കട്ടിയുള്ള ചീനച്ചട്ടിയിൽ ചെറുപയർ ഇട്ട് ചൂടാക്കുക. മൂക്കുമ്പോൾ വാങ്ങി അരകല്ലിൽ വച്ചു ചതച്ച് തൊലി കളഞ്ഞ ശേഷം മിക്സിയിൽ തരുതരുപ്പായി പൊടിക്കുക.
∙ പുഴുക്കലരി അൽപനേരം കുതിർത്ത ശേഷം കഴുകി വാരി വെള്ളം വറ്റി പോകാൻ വയ്ക്കുക. ഇത് പയർ ചൂടാക്കിയ ചീനച്ചട്ടിയിലിട്ടു വറുക്കുക. അരി മൊരിഞ്ഞു വരുമ്പോൾ മിക്സിയിൽ തരുതരുപ്പായി പൊടിക്കുക.
∙ ശർക്കരയിൽ ഒന്നരക്കപ്പ് വെള്ളമൊഴിച്ച് ഉരുക്കുക. ഇതിൽ ഒന്നര വലിയ സ്പൂൺ പാൽ ഒഴിച്ചു തിളച്ചു വരുമ്പോൾ മുകളിലെ കറുത്ത പത മാറ്റണം.
∙ ഇതിലേക്കു തേങ്ങ ചേർത്തിളക്കി ഒരു നൂൽ പരുവമാകുമ്പോൾ വാങ്ങി പയറുപൊടിയും അരി പൊടിച്ചതും ഏലയ്ക്കാപ്പൊടിയും ചേർത്തു വീണ്ടും ഇളക്കി വാങ്ങുക.
∙ ഇത് ചെറിയ ഉരുളകളാക്കി ഉരുട്ടി മാറ്റി വയ്ക്കണം. അൽപം നെയ്യ് കൈയിൽ പുരട്ടിയ ശേഷം ഉരുട്ടിയാൽ പറ്റിപ്പിടിക്കില്ല.
∙ ഏഴാമത്തെ ചേരുവ കട്ടിയില്ലാതെ കലക്കിയതിൽ ഉരുളകൾ മുക്കിയ ശേഷം ചൂടായ വെളിച്ചെണ്ണയിൽ വറുത്തു കോരാം.
Gracy Cherian, Pathanamthitta