ബേക്ക് ചെയ്ത സെലറിയുടെ ക്രീമി രുചി, കഴിക്കാൻ എന്ത് രസമാണ് സെലറി ഗ്രാറ്റിൻ
Mail This Article
സെലറി ഇഷ്ടപ്പെടുന്നവർക്കായുള്ള ഈസി വിഭവമാണ് സെലറി ഗ്രാറ്റിൻ. ഇതൊരു സൈഡ് ഡിഷ് ആയിട്ടാണ് സാധാരണയായി വിളമ്പുന്നത്. സെലറിയുടെ തനതായ രുചിയും ക്രീം ചീസുമെല്ലാം ചേർന്ന ഈ വിഭവം വളരെ രുചികരമാണ്.
ആവശ്യമായ ചേരുവകൾ
1. വെണ്ണ – ഒരു വലിയ സ്പൂൺ
2. സെലറി കനം കുറച്ചു മുറിച്ചത് – രണ്ടു കപ്പ്
3. ഫ്രെഷ് ക്രീം – അരക്കപ്പ്
ചെഡ്ഡർ ചീസ് ഗ്രേറ്റ് ചെയ്തത് – രണ്ടു കപ്പ്
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
4. ഒലിവ് ഓയിൽ – ഒരു വലിയ സ്പൂൺ
5. റൊട്ടി പൊടിച്ചത് – ഒരു കപ്പ്
പാകം ചെയ്യുന്ന വിധം
∙ അവ്ൻ 180 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയിടണം.
∙ സോസ്പാനിൽ വെണ്ണയുരുക്കി സെലറി ചേർത്ത് ഒരു മിനിറ്റ് വഴറ്റിയ ശേഷം തീ കുറച്ചു മൂടിവച്ചു 2 മിനിറ്റ് വേവിക്കുക. സെലറി മൃദുവാകണം.
∙ വാങ്ങി വച്ച ശേഷം മൂന്നാമത്തെ ചേരുവ ചേർത്തിളക്കി ഉപ്പും എരിവും പാകത്തിനാക്കുക.
∙ റൊട്ടിപ്പൊടിക്കു മുകളിൽ ഒലിവ് ഓയിൽ മെല്ലേ തളിച്ചു തുടരെ ഇളക്കുക.
∙ ഒരു ബേക്കിങ് ഡിഷിൽ സെലറി മിശ്രിതം നിരത്തി മുകളിൽ റൊട്ടിപ്പൊടി വിതറുക. ഇത് അവ്നിൽ വച്ച് 8-10 മിനിറ്റ് ബേക്ക് ചെയ്യുക. ഗോൾഡൻ നിറമാകുന്നതാണു കണക്ക്.
∙ ചൂടോടെ വിളമ്പാം.