സോഫ്റ്റ്നെസ്സ് ഓവർലോഡഡ്, ഖമീരി റൊട്ടി Discover the Unique Flavor of Khameeri Roti
Mail This Article
സാധാരണ റൊട്ടികളിൽ നിന്നും തികച്ചും വ്യത്യസ്തമായ രുചിയാണ് ഖമീരി റൊട്ടിയുടേത്. ഇതിന്റെ പ്രത്യേകമായ പുളിപ്പും മൃദുത്വവും ഏത് കറിയുടെയും രുചി ഇരട്ടിയാക്കും. തനി ഉത്തരേന്ത്യൻ രുചി ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഇത് പരീക്ഷിക്കണം.
ആവശ്യമായ ചേരുവകൾ
1. ഗോതമ്പു പൊടി – ഒരു കപ്പ്
ഉപ്പ് – ഒരു നുള്ള്
നെയ്യ് – രണ്ടു ചെറിയ സ്പൂൺ
2. അബീവിയ ഇവാപ്പറേറ്റഡ് മിൽക്ക് – അരക്കപ്പ്
പഞ്ചസാര – രണ്ടു ചെറിയ സ്പൂൺ
ഇൻസ്റ്റൻറ് യീസ്റ്റ് – അര ചെറിയ സ്പൂൺ
3. നെയ്യ്/വെണ്ണ ഉരുക്കിയത് – രണ്ടു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ ബൗളിൽ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കുക.
∙ ഇതിനു നടുവിൽ ഒരു കുഴിയുണ്ടാക്കി അതിൽ പാലും പഞ്ചസാരയും ഇന്‍സ്റ്റന്റ് യീസ്റ്റും ചേർത്തു 10 മിനിറ്റ് കുഴച്ചു മയമുള്ള മാവു തയാറാക്കണം.
∙ ഇത് ഒരു മണിക്കൂർ അടച്ചു മാറ്റി വയ്ക്കുക. മാവ് പൊങ്ങി ഇരട്ടി വലുപ്പമാകണം.
∙ മാവ് ഒന്നു കൂടി കുഴച്ച് നാലു തുല്യഭാഗങ്ങളാക്കി വയ്ക്കണം.
. ഓരോന്നും ഉരുളകളാക്കി 10-20 മിനിറ്റ് മാറ്റി വയ്ക്കുക.
∙ ഓരോ ഉരുളയും ഏതാനും മിനിറ്റ് കുഴച്ച ശേഷം മയം പുരട്ടിയ തട്ടിൽ വച്ചു നാലിഞ്ചു കനത്തിൽ വട്ടത്തിൽ പരത്തണം.
∙ ഇത് തന്തൂറിലോ സാധാരണ അവ്നിലോ വച്ച് ഇളം ബ്രൗൺ നിറത്തിൽ ബേക്ക് ചെയ്യുക.
∙ മുകളിൽ വെണ്ണ പുരട്ടി ചൂടോടെ വിളമ്പാം.