Mail This Article
ചക്കയുടെ കാലമെത്തിയാൽ എല്ലായിടത്തും അടുക്കളയിൽ ഇടിച്ചക്ക സ്ഥിരമാണ്. മൂക്കാത്ത ഇടിച്ചക്ക ചെത്തിയെടുത്ത്, വേവിച്ച് ഇടിച്ചുണ്ടാക്കുന്ന നാടൻ തോരൻ. വെളിച്ചെണ്ണയിൽ കടുകും ചുവന്നുള്ളിയും താളിച്ച്, തേങ്ങയും ചേർത്ത ഈ വിഭവം ഉണ്ടെങ്കിൽ ചോറിന് പിന്നെ വേറൊന്നും വേണ്ട.
ആവശ്യമായ ചേരുവകൾ
ഇടിച്ചക്ക - 500 ഗ്രാം
തേങ്ങ- 1 കപ്പ്
ചെറിയ ഉള്ളി - 5-6 എണ്ണം
വെളുത്തുള്ളി: 2-3 അല്ലി
കാന്താരി മുളക് - 4 - 6 എണ്ണം
മഞ്ഞൾപ്പൊടി - ½ ടീസ്പൂൺ
കടുക്: 1 ടീസ്പൂൺ
ഉഴുന്ന്: 1 ടീസ്പൂൺ
വെളിച്ചെണ്ണ -ആവശ്യത്തിന്
കറിവേപ്പില -ആവശ്യത്തിന്
ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
. ഇടിച്ചക്കയുടെ പുറത്തെ മുള്ളും നടുവിലെ കട്ടിയുള്ള ഭാഗവും നീക്കം ചെയ്ത് ചെറിയ കഷ്ണങ്ങളായി മുറിക്കുക.
. മുറിച്ച ചക്ക കഷ്ണങ്ങൾ അല്പം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് കുക്കറിൽ 2 വിസിൽ വരുന്നതുവരെ വേവിച്ചെടുക്കുക.
. വെള്ളം കളഞ്ഞ ശേഷം വെന്ത ചക്ക കഷ്ണങ്ങൾ തണുക്കുമ്പോൾ മിക്സിയിലോ ഉരലിലോ ഇട്ട് അധികം അരഞ്ഞു പോകാതെ ചതച്ചെടുക്കുക
. തേങ്ങ, കാന്താരി മുളക്, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവ കൂടി ചേർത്ത് ഒന്ന് ചതച്ചെടുക്കുക.
. ചതച്ചു വെച്ചിരിക്കുന്ന ചക്കയും തേങ്ങയുടെ കൂട്ടും ചേർത്ത് നന്നായി ഇളക്കുക
. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉഴുന്ന്, കറിവേപ്പില എന്നിവ വറുക്കുക.
. ഇതിലേക്ക് ചക്കയുടെ കൂട്ടും ചേർത്തിളക്കുക.
. അല്പനേരം ചെറുതീയിൽ മൂടിവെച്ച് വേവിക്കാം.
. വെള്ളം പൂർണ്ണമായും വറ്റിയാൽ ചൂടോടെ വിളമ്പാം