വിവിധ തരം പച്ചക്കറികളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും ഒരു മനോഹരമായ സംയോജനമാണ് റാറ്ററ്റൂയി. ചപ്പാത്തിക്കൊപ്പമോ അല്ലാതെയോ കഴിക്കാൻ പറ്റിയ ഏറ്റവും മികച്ചതും ആരോഗ്യകരവുമായ ഒരു വെജിറ്റബിൾ വിഭവം.
ആവശ്യമായ ചേരുവകൾ
1. ഒലിവ് ഓയിൽ – അരക്കപ്പ്
2. സവാള – രണ്ട്, കനം കുറച്ചു വട്ടത്തിൽ അരിഞ്ഞത്
വെളുത്തുള്ളി – മൂന്ന് അല്ലി, പൊടിയായി അരിഞ്ഞത്
3. സുക്കീനി – രണ്ട്, ചതുരക്കഷണങ്ങളാക്കിയത്
4. വഴുതനങ്ങ– ഒരു ഇടത്തരം, ചതുരക്കഷണങ്ങളാക്കിയത്
മഞ്ഞ സ്ക്വാഷ് – രണ്ട് ഇടത്തരം,
പച്ച കാപ്സിക്കം – രണ്ട്,
മഞ്ഞ,ചുവപ്പു കാപ്സിക്കം – ഒന്നു വീതം
5. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
6. വഴനയില – ഒന്ന്
തൈം – നാലു തണ്ട്
7. തക്കാളി – നാല്, പൊടിയായിഅരിഞ്ഞത്
പാഴ്സ്‌ലി – രണ്ടു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ ഒരു വലിയ പാത്രത്തിൽ ഒന്നര വലിയ സ്പൂൺ ഒലിവ് ഓയിൽ ചേർത്ത് ഇടത്തരം ചെറുതീയിൽ വച്ചു ചൂടാക്കുക.
∙ ഇതിലേക്കു സവാളയും വെളുത്തുള്ളിയും ചേർത്തു മൃദുവാകും വരെ വഴറ്റണം.
∙ മറ്റൊരു വലിയ ചീനച്ചട്ടിയിൽ ഒന്നര വലിയ സ്പൂൺ ഒലിവ് ഓയിൽ ചൂടാക്കി സുക്കീനി അൽപാൽപം വീതം ചേർത്തു വഴറ്റുക. വശങ്ങൾ ഇളം ബ്രൗൺ നിറമാകണം.
∙ ഇതു സവാള വെളുത്തുള്ളി വഴറ്റിയതിലേക്കു മാറ്റുക.
∙ ഒന്നര വലിയ സ്പൂൺ എണ്ണ വീതം ചേർത്തു പച്ചക്കറികൾ ഓരോന്നായി വഴറ്റണം.
∙ വഴറ്റിയ പച്ചക്കറികൾ ഓരോന്നും സവാള മിശ്രിതത്തിലേക്കു മാറ്റണം.
∙ പച്ചക്കറി വഴറ്റിയതിൽ പാകത്തിന് ഉപ്പും കുരുമുളകുപൊടിയും വഴനയിലയും ചേർത്തു പാത്രം അടച്ച് ഇടത്തരം തീയിൽ15–20 മിനിറ്റ് വേവിക്കുക.
∙ അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും പാഴ്സ്‌ലിയും ഇതിലേക്കു ചേർത്ത്10–15 മിനിറ്റ് വേവിക്കണം.ഇടയ്ക്ക് ഇളക്കിക്കൊടുക്കണം.
. ചൂടോടെ വിളമ്പാം