ചോറിനൊപ്പം ഒഴിച്ചു കൂട്ടാന്‍ തനിനാടൻ രുചിയില്‍ കുമ്പളങ്ങ പുളിങ്കറി ആയാലോ? സിമ്പിള്‍ റെസിപ്പി ഇതാ..
കുമ്പളങ്ങ പുളിങ്കറി
1. തുവരപ്പരിപ്പ് – രണ്ടു പിടി, കുതിര്‍ത്തത്
2. വാളന്‍പുളി – ഒരു നാരങ്ങ വലുപ്പം, കുതിര്‍ത്തത്
3. കുമ്പളങ്ങ – ഒന്ന്, ഒരിഞ്ചു ചതുരക്കഷണങ്ങളാ ക്കിയത്
4. മഞ്ഞൾപൊടി – കാല് ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍
5. വെളിച്ചെണ്ണ – ഒരു വലിയ സ്പൂണ്‍
6. ഉലുവ – കാല് ചെറിയ സ്പൂണ്‍
7. വറ്റല്‍മുളക് – അഞ്ച്
8. തേങ്ങ – ഒരു ചെറുത്, ചുരണ്ടിയത്
9. വെളിച്ചെണ്ണ – ഒരു വലിയ സ്പൂണ്‍
10. കടുക് – ഒരു ചെറിയ സ്പൂണ്‍
ചുവന്നുള്ളി – അഞ്ച്, അരിഞ്ഞത്
വറ്റല്‍മുളക് – നാല്
കറിവേപ്പില – പാകത്തിന്
പാകം െചയ്യുന്ന വിധം
∙ തുവരപ്പരിപ്പു കുതിര്‍ത്തു വയ്ക്കുക. വാളന്‍പുളി പിഴിഞ്ഞു വയ്ക്കുക.
∙ തുവരപ്പരിപ്പും കുമ്പളങ്ങയും മഞ്ഞൾപൊടിയും ഉപ്പും മുളകുപൊടിയും ചേര്‍ത്തു പ്രഷര്‍ കുക്കറിലാക്കി നാലു വിസില്‍ വരും വരെ വേവിക്കണം.
∙ ഇതിലേക്കു വാളന്‍പുളി പിഴിഞ്ഞതു ചേര്‍ത്തു നന്നായി തിളപ്പിക്കുക.
∙ പാനില്‍ വെളിച്ചെണ്ണ ചൂടാക്കി ഉലുവ പൊട്ടിക്കുക. ഇതിലേക്കു വറ്റല്‍മുളകു ചേര്‍ത്തിളക്കി നിറം മാറുമ്പോള്‍ തേങ്ങ ചേര്‍ത്തിളക്കണം.
∙ അടുപ്പിൽ നിന്നു വാങ്ങി ചൂടാറാനായി മാറ്റിവയ്ക്കുക. ഈ ചേരുവ മയത്തിൽ അരച്ചു കുമ്പളങ്ങ പരിപ്പുമിശ്രിതത്തില് ചേര്‍ത്തിളക്കണം.
∙ പാനില്‍ വെളിച്ചെണ്ണ ചൂടാക്കി പത്താമത്തെ ചേരുവ താളിച്ചു കറിയില്‍ ചേര്‍ക്കാം.
പാചകക്കുറിപ്പുകള്ക്കുംഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: ഷേർളി മാത്യു, എറണാകുളം.