Friday 22 September 2023 05:03 PM IST : By സ്വന്തം ലേഖകൻ

ചോറിനൊപ്പം കഴിക്കാം രുചിയൂറും സ്റ്റഫ്ഡ് വെണ്ടയ്ക്ക സ്റ്റ്യൂ!

bin

സ്റ്റഫ്ഡ് വെണ്ടയ്ക്ക സ്റ്റ്യൂ

1.ബ്രോക്ക് ലി – 100 ഗ്രാം

2.പനീർ – 100 ഗ്രാം

3.തേങ്ങ ചുരണ്ടിയത് – മൂന്നു വലിയ സ്പൂൺ

പച്ചമുളക് – രണ്ട്

പെരുംജീരകം – അര ചെറിയ സ്പൂൺ

ചുവന്നുള്ളി – നാല്

വെളുത്തുള്ളി – രണ്ട്

4.ഇളം വെണ്ടയ്ക്ക, ചെറുത് – കാൽ കിലോ

5.മൈദ, കോൺഫ്ളോർ – 50 ഗ്രാം വീതം

6.എണ്ണ – പാകത്തിന്

7.സവാള – രണ്ട്, അരിഞ്ഞത്

പച്ചമുളക് – മൂന്ന്, അരിഞ്ഞത്

ഇഞ്ചി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

വെളുത്തുള്ളി – 10 അല്ലി, അരിഞ്ഞത്

8.മുളകുപൊടി – കാൽ ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു നുള്ള്

കുരുമുളക് – അഞ്ചു മണി, ചതച്ചത്

കറിവേപ്പില – അഞ്ചു തണ്ട്

9.തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത ഒന്നാം പാൽ – ഒരു കപ്പ്

രണ്ടാം പാൽ – രണ്ടു കപ്പ്

10.നെയ്യ് – ഒരു വലിയ സ്പൂൺ

11.കറുവാപ്പട്ട – രണ്ടു കഷണം

ഏലയ്ക്ക – രണ്ട്

ഗ്രാമ്പൂ – മൂന്ന്

ചുവന്നുള്ളി – അഞ്ച്, അരിഞ്ഞത്

12.കശുവണ്ടിപരിപ്പ് – 50 ഗ്രാം, വറുത്തത്

പാകം ചെയ്യുന്ന വിധം

  • ബ്രോക്ക് ലി തിളച്ച വെള്ളത്തിലിട്ട് ഊറ്റി പച്ചവെള്ളത്തിലിട്ടശേഷം കഴുകി പൊടിയായി അരിഞ്ഞു വയ്ക്കുക. പനീർ പൊടിച്ചു ബ്രോക്ക് ലിയുമായി യോജിപ്പിക്കുക. ഇതിലേക്കു മൂന്നാമത്തെ ചേരുവ ചതച്ചതും ചേർത്തു യോജിപ്പിച്ചു വയ്ക്കണം. ഇതാണ് സ്റ്റഫിങ്.

  • വെണ്ടയ്ക്കാ കഴുകിത്തുടച്ചു രണ്ടറ്റവും മുറിച്ചശേഷം മുകളിലായി ചെറിയൊരു പോക്കറ്റ് ഉണ്ടാക്കി ഓരോ വെണ്ടയ്ക്കയുടെയും ഉള്ളിൽ സ്റ്റഫിങ് നിറയ്ക്കുക. ഇങ്ങനെ നിറച്ച വെണ്ടയ്ക്ക ചൂടായ ഫ്രൈയിങ് പാനിലിട്ട് വഴുവഴുപ്പു മാറ്റി വഴറ്റി വയ്ക്കണം.

  • മൈദയും കോൺഫ്ലോറും യോജിപ്പിച്ച് അൽപ്പം വെള്ളം ചേർത്തു കുഴമ്പു പരുവത്തിലാക്കുക. വഴറ്റിയ വെണ്ടയ്ക്ക ഓരോന്നും ഈ മാവിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തു കോരി വയ്ക്കണം.

  • ഇതേ എണ്ണയിൽ ഏഴാമത്തെ ചേരുവ വഴറ്റുക. ഇതിലേക്ക് എട്ടാമത്തെ ചേരുവയും ചേർത്തു വഴറ്റി മസാലമണം വരുമ്പോൾ രണ്ടാം പാൽ ചേർത്തു വേവിക്കുക. ഇതിലേക്കു വറുത്തു വച്ചിരിക്കുന്ന വെണ്ടയ്ക്ക ചേർത്തു തിളപ്പിക്കണം.

  • മറ്റൊരു പാനിൽ നെയ്യ് ചൂടാക്കി 11–ാമത്തെ ചേരുവ മൂപ്പിച്ചു ചുവന്നുള്ളി മൊരിഞ്ഞു വരുമ്പോൾ ഒരു സ്പൂൺ മൈദയും ചേർത്തിളക്കി വാങ്ങി ഒന്നാം പാലിൽ ചേർക്കുക. ഈ പാലും പാകത്തിന് ഉപ്പും തിളച്ചുകൊണ്ടിരിക്കുന്ന വെണ്ടയ്ക്കാ മിശ്രിതത്തിൽ ചേർത്തിളക്കി വാങ്ങി, കശുവണ്ടിപ്പരിപ്പ് വറുത്തതും കറിവേപ്പിലയും കൊണ്ടലങ്കരിക്കുക.

കടപ്പാട്

അനു പാട്രിക്