‘അറിയുന്നുണ്ടേ, അമ്മയെല്ലാം...’; കുഞ്ഞുവാവ നടന്നു തുടങ്ങുമ്പോൾ ശ്രദ്ധിക്കാം ഈ 6 കാര്യങ്ങൾ Understanding Your Baby's Needs
Mail This Article
കൺമണിക്ക് ഒരു വയസ് തികയുന്ന ദിവസമായിരുന്നു. അതുവരെ ഇഴഞ്ഞു നടന്നിരുന്ന വാവ കസേരക്കാലിൽ പിടിച്ച് എഴുന്നേൽക്കാൻ പാടുപെടുന്നു. പിന്നെയുള്ള ദിവസങ്ങളിൽ പിച്ചവച്ച് നടക്കാൻ തുടങ്ങും. ഡാൻസ് കളിക്കുന്നതു പോലെ ചുവടുറയ്ക്കാതെയുള്ള നടപ്പിന്റെ ആ ദൃശ്യങ്ങൾ ഒരമ്മയും മറക്കില്ല.
അറിയുന്നുണ്ടേ, അമ്മയെല്ലാം
ശരീരത്തിന് പോഷകാഹാരം പോലെ കുഞ്ഞിന്റെ ബുദ്ധിക്കും ചില കാര്യങ്ങൾ ആവശ്യമാണ്. കുഞ്ഞല്ലേ, ഒന്നും മനസ്സിലാകില്ലെന്നു വിചാരിച്ച് സംസാരിക്കുന്നതിലും കുഞ്ഞിനെ കളിപ്പിക്കുന്നതിലും കുറവു വരുത്തരുത്. നല്ല വ്യക്തിയായി വളരാൻ വേണ്ട വിത്തുകൾ പാകേണ്ടത് ഇക്കാലത്താണ്.
കുഞ്ഞിന്റെ ശരീരവും ബുദ്ധിയും മനസ്സും വളരുന്നതും വികസിക്കുന്നതും ഏറ്റവും നന്നായി മനസ്സിലാക്കാനാകുന്നത് അമ്മയ്ക്കു തന്നെ. അതിൽ സംശയമേയില്ല. പക്ഷേ, അമ്മയ്ക്കു മാത്രമല്ല, വീട്ടിലെ ഓരോരുത്തർക്കും കുഞ്ഞിന്റെ വളർച്ചയിൽ പങ്കുണ്ടെന്ന കാര്യവും മറക്കരുത്.
എട്ടു മാസം പ്രായമായാൽ കഥകൾ വായിച്ചു കൊടുക്കുകയോ പറഞ്ഞു കൊടുക്കുകയോ ചെയ്യാം. രണ്ടോ മൂന്നോ തവണ കഥ ആവർത്തിക്കുമ്പോൾ കുഞ്ഞിന് മനസ്സിലായിക്കൊള്ളും. കുഞ്ഞ് മുഖത്തു നോക്കിത്തുടങ്ങുമ്പോൾ മുതൽ കൊഞ്ചിക്കുകയും കളിപ്പിക്കുകയും പാട്ടു പാടിക്കൊടുക്കുകയും വേണം. പാട്ടുകൾ കേൾപ്പിക്കാം. ഇതിനോടെല്ലാം സ്വാഭാവികമായി കുഞ്ഞ് പ്രതികരിക്കും. ഇത്തരം ‘എക്സ്ചേഞ്ചുകൾ’ കുഞ്ഞിന്റെ ബുദ്ധി വികസിക്കാൻ അത്യാവശ്യമാണ്.
കൊഞ്ചിക്കാം ഇഷ്ടം പോലെ
കുറേ നേരം കുഞ്ഞിന്റെ മുഖത്തേക്കു നോക്കിയിരിക്കുക. മുഖം തിരിച്ചറിയാനുള്ള കഴിവ് കുഞ്ഞിന്റെ തലച്ചോറിനു കിട്ടും. ഓർമശക്തിയും കൂട്ടും. ‘ഒളിച്ചേ കണ്ടേ’ പോലെയുള്ള കളികളും കിലുക്കി പോലെയുള്ള കളിപ്പാട്ടങ്ങളും ‘ലൈവ്’ ആയി രംഗത്തു വേണം.
പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവു കൂട്ടാൻ കുഞ്ഞുകട്ടകൾ കൊണ്ട് വീടും ട്രെയിനുമൊക്കെ ഉണ്ടാക്കുന്ന ബിൽഡിങ് ബ്ലോക്സ് ടോയ്സ് നല്ലതാണ്. പസിൽ പോലുള്ള കളികൾ കുഞ്ഞിന്റെ ചിന്താശേഷി കൂട്ടും. വില കൂടിയ കളിപ്പാട്ടങ്ങൾ വേണമെന്നില്ല. നിറമുള്ളതും ശബ്ദമുണ്ടാക്കുന്നതും ചലിക്കുന്നതുമാണെങ്കിൽ കുഞ്ഞിനു കൗതുകമാകും. കളിപ്പാട്ടത്തിലെ പുതുമയാണ് കുട്ടികളെ ആകർഷിക്കുന്നത് എന്ന കാര്യം ഓർത്താൽ മതി.
ചിരിയെന്ന മരുന്ന്
അമ്മയുടെ ചിരിയും സംസാരവും പോലും കുഞ്ഞിനെ ഉത്തേജിപ്പിക്കും, ജനിക്കുമ്പോൾ രണ്ടരക്കിലോ ഭാരമുള്ള കുഞ്ഞിന്റെ ഒരു വയസ്സിലെ ഐക്യു ലെവൽ 85 ആണെന്നിരിക്കട്ടെ. ഒന്നര കിലോ ഭാരമുള്ള കുഞ്ഞിന്റേത് എഴുപത്തഞ്ചും. അമ്മ നൽകുന്ന ഉത്തേജനത്തിലൂടെ മാത്രം ഭാരക്കുറവുള്ള കുഞ്ഞിന്റെ ഐക്യു 84.8 വരെയാക്കാം.
രണ്ടു വയസ്സു വരെ തലച്ചോറിലെ കോശങ്ങൾ അതിവേഗത്തിൽ വളരും. സെക്കൻഡിൽ 700 മുതൽ 1000 വരെ സിഗ്‌നലുകളെ തിരിച്ചറിയാനും കഴിയും. അക്കാലത്ത് തലച്ചോറിലേക്ക് പൊസിറ്റീവ് കാര്യങ്ങൾ നൽകി നോക്കൂ. കഥ പറയുമ്പോഴും പാട്ടു പാടുമ്പോഴും കുഞ്ഞിന് മനസ്സിലാകുന്നില്ലെന്ന് തോന്നാമെങ്കിലും കുഞ്ഞിന്റെ തലച്ചോറ് ഇതെല്ലാം പിടിച്ചെടുക്കും. അതനുസരിച്ചാകും തലച്ചോറിന്റെ ഘടന രൂപപ്പെടുന്നത്.
രണ്ടു വയസ്സിനുള്ളിൽ
രണ്ടു വയസ്സിനുള്ളിൽ തന്നെ കുഞ്ഞിന് പോട്ടി ട്രെയിനിങ് നൽകിത്തുടങ്ങാം. പോട്ടി ഉപയോഗിച്ച ശേഷം കൈ സോപ്പിട്ടു കഴുകാനും മൂത്രമൊഴിച്ചാൽ വെള്ളം കൊണ്ട് കഴുകാനും ശീലിപ്പിക്കണം. പ്രത്യേകിച്ച് പെൺകുട്ടികളെ. കുഞ്ഞായിരിക്കുമ്പോൾ മുതൽ ധാരാളം വെള്ളം കുടിക്കാനും ഭക്ഷണത്തിനു മുമ്പ് കൈ വൃത്തിയായി കഴുകാനും പഠിപ്പിക്കണം.
ചോറു മിക്സിയിൽ വേണ്ട
കുഞ്ഞിനെ ചോറു കഴിപ്പിക്കുമ്പോൾ ഓരോ കറിയുടെയും സ്വാദ് അറിയുന്ന വിധത്തിൽ കൈകൊണ്ട് തിരുമ്മിക്കൊടുക്കണം. ഹൈജിനിക് എന്നോ കഴിക്കാൻ എളുപ്പമായിക്കോട്ടെ എന്നോ കരുതി മിക്സിയിലടിച്ചു കൊടുക്കരുത്. വ്യത്യസ്തമായ സ്വാദുകൾ തിരിച്ചറിയാനുള്ള കഴിവ് ഇല്ലാതാകും.
വേണം, കുസൃതികൾ
ചിരിക്കുന്നതും കാൽവെള്ളയിൽ ഇക്കിളിയിട്ട് ചിരിപ്പിക്കുന്നതും തമാശകൾ പറയുന്നതും മൃഗങ്ങളുടെ ശബ്ദം അനുകരിക്കുന്നതും മുഖം കൊണ്ട് കുസൃതികൾ കാണിക്കുന്നതും കുഞ്ഞിൽ നർമബോധമുണ്ടാക്കും. നാക്കു നീട്ടി കാണിക്കുമ്പോഴും ചേർത്തു പിടിക്കുമ്പോഴും ഉമ്മ വയ്ക്കുമ്പോഴും ഓമനിച്ച് കുലുക്കുമ്പോഴും കൈയിലും കാലിലും മൃദുവായി തലോടുമ്പോഴും കുഞ്ഞിലുണ്ടാക്കുന്ന പ്രതികരണങ്ങൾ കുഞ്ഞിന്റെ വളർച്ച ശരിയാണ് എന്നതിന്റെ അടയാളമാണ്.
