ADVERTISEMENT

കുട്ടികളുടെ ഇഷ്ടങ്ങൾ സാധിച്ചുകൊടുക്കുന്നവരാണ് മാതാപിതാക്കൾ. എങ്കിലും അവരുടെ പിടിവാശികൾക്കും ശാഠ്യങ്ങൾക്കും കുഞ്ഞു കുഞ്ഞു വഴക്കുപറച്ചിലുകളും ഒഴിവാക്കാനാകില്ല. ‘എന്തെങ്കിലും വഴക്കു പറഞ്ഞാൻ പിന്നെ യാതൊന്നും അവൻ കഴിക്കില്ല, മുഖവും വീർപ്പിച്ച് ഇരിക്കും’ എന്നാണ് പല അമ്മമാരും പറയുന്ന പരാതി. കുട്ടികളെ വഴക്കു പറഞ്ഞാൽ അവർ പട്ടിണികിടന്നാലോ എന്നോർത്ത് മിണ്ടാതെ ഇഷ്ടങ്ങളെല്ലാം സാധിച്ചു കൊടുക്കുന്ന അച്ഛനമ്മമാരാണോ നിങ്ങൾ. ഒരു നിമിഷം ഓർത്തു നോക്കൂ, അവരുടെ പിടിവാശികളെല്ലാം ആവശ്യമുള്ളതാണോ. അനാവശ്യ ശീലങ്ങളാണോ അവർ ശീലിക്കുന്നത്. ഇതാ നിങ്ങളുടെ കുട്ടികളെ നല്ലവരാക്കാൻ ഈ ഏഴു കാര്യങ്ങളോട് ‘നോ’ പറയൂ.

ഉറക്കം വൈകരുത്

ADVERTISEMENT

ഉറങ്ങാതെ രാത്രി ഉറക്കമൊഴിച്ചിരിക്കുന്നവരാണ് കുട്ടികളിൽ പലരും. ഇങ്ങനെ ഉറക്കമിളയ്ക്കേണ്ടി വരുമ്പോൾ ഉണരാനും വൈകും. ദഹന പ്രക്രിയകൾ തകിടം മറിയും. പഠനക്ലാസ്സിൽ വേണ്ട വിധം ശ്രദ്ധ കിട്ടില്ല. എന്നാൽ വൈകി ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന കുട്ടികളോട് പെട്ടെന്ന് നോ പറയാൻ നിൽക്കേണ്ട. അതിനു പകരം ഓരോദിവസവും അരമണിക്കൂർ വീതം നേരത്തെ ഉറക്കി അരമണിക്കൂർ നേരം മുമ്പ് ഉണരാൻ പഠിപ്പിക്കാം. പിന്നീടത് ഒരു മണിക്കൂർ, ഒന്നര അങ്ങനെ കൂട്ടാം. ഉറങ്ങാൻ വൈകുന്ന ശീലം പതിയെ മാറ്റാം.

ഭക്ഷണം ഒഴിവാക്കൽ

ADVERTISEMENT

ഭക്ഷണം കഴിക്കാൻ മടിയുള്ള സ്വഭാവം കാണിക്കുന്നവരാണ് ഭൂരിഭാഗം കുട്ടികളും. ഓരോ കാരണം പറഞ്ഞ് ഭക്ഷണം ഒഴിവാക്കുന്ന ശീലം പതിയെ മാറ്റാം. അവർ പോലുമറിയാതെ അവരുടെ ഭക്ഷണത്തിൽ അൽപ്പം പോഷകങ്ങൾ നിറയ്ക്കാം. മാഗി ഇഷ്ടമുള്ള കുട്ടികൾക്ക് അതിൽ അൽപ്പം ബസുമതി ചോറു മസാലയിൽ വേവിച്ച് മിക്സ് ചെയ്ത് ന്യൂഡിൽസുമായി ചേർത്ത് കൊടുക്കാം. ജ്യൂസ് ഇഷ്ടമില്ലാത്ത കുട്ടികൾക്ക് മിൽക്ക് ഷേക്ക് കൊടുക്കാം.

വൃത്തി പ്രധാനം

ADVERTISEMENT

എത്ര ശാഠ്യക്കാരാണെങ്കിലും പല്ലുതേയ്ക്കാതെ പ്രാതൽ കഴിക്കാനോ കൈ കഴുകാതെ ഭക്ഷണം കഴിക്കാനോ കുളിക്കാതെ ഉറങ്ങാനോ അനുവദിക്കരുത്. വൃത്തിയാണ് ആരോഗ്യത്തിലേക്കും വ്യക്തിത്വത്തിലേക്കുമുള്ള ആദ്യ പാഠം.

വിഡിയോ ഗെയിം അല്ല, ഔട്ട് ഡോർ ഗെയിം

കുറച്ചു സമയം മാത്രം വിഡിയോ ഗെയിമുകളും ഗാഡ്ജറ്റുകളും ഉപയോഗിച്ച് കൂടുതൽ സമയം കായികപരമായ കളികളിൽ ഏർപ്പെടാൻ കുട്ടികളെ പഠിപ്പിക്കാം. ആരോഗ്യം കാത്തു സൂക്ഷിക്കാൻ ഇത് ഉപകരിക്കും.

പഞ്ചസാരയോട് ‘നോ’

കുട്ടികളിലെ അമിതവണ്ണത്തിന് ഏറ്റവും പ്രധാനവില്ലനാകുന്നത് പഞ്ചസാരയുടെ അമിതോപയോഗമാണ്. മിഠായികൾ കുറച്ച് പഴവർഗങ്ങൾ കൂട്ടാം. മിഠായികൾ നിറമില്ലാത്ത അധികം പഞ്ചസാരയുടെ അളവില്ലാത്തവ വല്ലപ്പോഴും മാത്രമായി കുറയ്ക്കാം.

ജങ്ക് ഫുഡ് വേണ്ട

ബർഗറും പിസ്സയും ഫ്രഞ്ച് ഫ്രൈസും അഡിക്ഷനാണ് പല കുട്ടികൾക്കും. ജങ്ക് ഫുഡ് സ്വാദു മാത്രമേ തരൂ എന്ന് അവരെ പറഞ്ഞ് ബോധ്യപ്പെടുത്തണം. പഴങ്ങളും പച്ചക്കറികളുമെല്ലാം ഗ്രിൽ ചെയ്തോ പ്രകൃതി ദത്തമായ തേനോ ശർക്കര പാനിയോ ഒഴിച്ച് കഴിക്കാൻ നൽകാം. ജങ്ക് ഫുഡ് കഴിക്കേണ്ടി വരുമ്പോൾ അളവ് കുറച്ചുമാത്രം നൽകുക.

ഗുഡ് ‘നോ ഗെയിം’ നൈറ്റ്

രാത്രി വൈകി ഉറങ്ങുന്നതു പോലെ ദോഷകരമാണ് രാത്രി വൈകിയിരുന്നും ഇലക്ട്രോണിക് ഉപകരണങ്ങളിൽ കളിച്ചുകൊണ്ടിരിക്കുന്നത്. രാത്രി കഥകൾ വായിക്കാനും അച്ഛനമ്മമാരോട് സ്കൂൾ വിശേഷങ്ങൾ പറയാനും ശീലിപ്പിക്കണം.

കടപ്പാട്: വനിത റിസർച്ച് ഡെസ്ക്/ ആർക്കൈവ്സ്

English Summary:

Child habits are crucial for their overall development. **Parenting tips** in Malayalam can help parents guide their children towards healthy habits and responsible behavior, fostering a positive and nurturing environment.

ADVERTISEMENT