ADVERTISEMENT

കുട്ടികൾക്ക് വീട്ടിലിരുന്നു പഠിക്കാനും ഹോംവർക് ചെയ്യാനും ‍ഡൈനിങ് ടേബിളിനെ അൽപനേരത്തേക്ക് സ്റ്റഡി ടേബിൾ ആക്കുകയാണ് പലരുടെയും പതിവ്. പക്ഷേ, കോവിഡും ലോക്‌ഡൗണും വന്ന് കുട്ടികൾ വീട്ടിൽ ഇരുന്നു മാത്രം പഠിക്കാൻ തുടങ്ങിയതോടെ ഈ സൂത്രപ്പണി നടക്കില്ലെന്നു മിക്ക രക്ഷിതാക്കൾക്കും മനസ്സിലായി.

സ്കൂള്‍ തുറന്നു പഠനാന്തരീക്ഷത്തിലേക്കു മടങ്ങാൻ കുട്ടികൾ ഒരുങ്ങിയെങ്കിലും ഇനി വീടിന്റെ പ്ലാൻ മനസ്സിൽ വരച്ചു തുടങ്ങുമ്പോൾ തന്നെ സ്റ്റഡി ഏരിയയും എല്ലാവരും മനസ്സിൽ കാണും.

ADVERTISEMENT

സ്റ്റഡി ഏരിയ ബെഡ്‌റൂമിലോ ?

പഠനത്തിനായി ഒരു മുറി തന്നെ മാറ്റി വയ്ക്കുന്നതാണ് ഏറ്റവും നല്ലത്. വീടിന്റെ തിരക്കുകളും ശബ്ദങ്ങളും കടന്നുവരാത്ത, ഏകാഗ്രത നഷ്ടപ്പെടുത്തുന്ന കളിപ്പാട്ടങ്ങളോ കാഴ്ചകളോ ഇല്ലാത്ത, കിടക്കയോ കട്ടിലോ ഇല്ലാത്ത മുറി. മിക്കപ്പോഴും ഇത് പ്രായോഗികമാകില്ല. കുട്ടിയുടെ മുറിയില്‍ തന്നെ സ്റ്റഡി ഏരിയ ഒരുക്കാമെന്നു വച്ചാലോ, അതു വേണ്ട എന്നാണ് വിദഗ്ധരുടെ അഭിപ്രായം. കിടക്ക കാണുമ്പോൾ കിടന്നു പഠിക്കാനോ, ഇടയ്ക്കൊന്ന് ഉറങ്ങാനോ കുട്ടിക്ക് തോന്നാം എന്നതാണു കാരണം.

ADVERTISEMENT

ആകെ, കൺഫ്യൂഷനായോ? പുതുതായി വീടു പണിയുന്നവർ കിടപ്പുമുറിയല്ലാത്ത ഒരിടം പഠനത്തിനായി മാറ്റട്ടെ. ബാക്കിയുള്ളവർക്ക് നിലവിലെ സൗകര്യത്തിൽ കുട്ടികൾക്കായി മികച്ച ഇടം കണ്ടെത്താം. കൂടുതല്‍ ഒറ്റപ്പെട്ടതോ പൊതുവായി ഉപയോഗിക്കുന്ന ഇടമോ സ്റ്റഡി ഏരിയയ്ക്കു വേണ്ട. പഠിക്കാനും ഏകാഗ്രത നഷ്ടപ്പെടാതെ ഇരിക്കാനുമുള്ള സൗകര്യം നോക്കുമ്പോൾ രക്ഷിതാക്കളുടെ ശ്രദ്ധയെത്തുന്ന ഇടമാണെന്നു കൂടി ഉറപ്പിക്കുക.

പഠനം എവിടെ ?

ADVERTISEMENT

∙ സ്റ്റെയർകെയ്സ് കയറി ചെല്ലുന്ന ലാൻഡിങ് ഏരിയസ്റ്റഡി ഏരിയയ്ക്കു പറ്റിയ ഇടമാണ്. സ്ഥലപരിമിതിയുള്ളവർക്ക് സ്റ്റെയർ കെയ്സിനടിയിൽ പഠനസൗകര്യം ഒ രുക്കാം. ടിവിയുടെ ശബ്ദമോ, മറ്റ് കുടുംബാംഗങ്ങളുടെ ബഹളങ്ങളോ കുട്ടിയെ ബാധിക്കില്ലെന്ന് ഉറപ്പാക്കണം.

∙ കാറ്റും വെളിച്ചവുമെത്താൻ മുറിയിൽ ജനാലകൾ വേ ണം. ശുദ്ധവായുവും സൂര്യപ്രകാശവും കിട്ടുന്ന ഇടങ്ങളിൽ ഇരുന്നു പഠിച്ചാൽ ഫലം കൂടും. എന്നാൽ പുറം കാഴ്ചകളിലേക്ക് നോട്ടം പോയി ‌പഠനത്തിലുള്ള ശ്രദ്ധ മാറാതെ നോക്കണം. ജനാലയ്ക്ക് എതിരായി സ്റ്റ‍ഡി ഏരിയ ഒരുക്കുകയുമരുത്.

സ്ഥല പരിമിതിയാണോ പ്രശ്നം ?

∙ ഫോൾഡിങ് സ്റ്റഡി ഡെസ്ക്കാണ് സ്ഥലപരിമിതിയെ ചെലവു ചുരുക്കി നേരിടാനുള്ള വഴി. ഫോൾഡിങ് ഡെസ്ക് കൊണ്ട് അടയ്ക്കുന്ന ഭിത്തിയോട് ചേർന്നു വരുന്ന കബോർഡിൽ ബുക്കുകളും പേനയും പെൻസിലും വയ്ക്കാം. കസേര ഭിത്തിയോട് ചേർന്നും ഇടാനാകും.

∙ സ്റ്റഡി ഏരിയ ഒരുക്കാൻ കോർണർ സ്പേസ് തിരഞ്ഞെടുക്കാം. ‘വി’ ആകൃതിയിൽ ഭിത്തിയിൽ ഡെസ്ക് പണിതാൽ ഒരു വശം എഴുതാനുള്ള ഇടവും മറുവശം പുസ്തകങ്ങളും മറ്റും അടുക്കി വയ്ക്കാനും ഉപയോഗിക്കാം.

∙ പഴയ ക്ലാസ് മുറികളിലെ തടി ഡെസ്ക് ഓർമയില്ലേ. ചെരിവുള്ള ചതുരപ്പെട്ടി. ചെരിവുഭാഗത്തെ മൂടി തുറന്ന് അതിനുള്ളിൽ ബുക്കും പേനയും വയ്ക്കാം. പഴയ ഉരുപ്പടികള്‍ വിൽക്കുന്ന കടകളിൽ ചെന്നാൽ ഇവ സ്വന്തമാക്കാം. മേശയുടെ ഉയരത്തിനൊത്ത കസേര കൂടി കുട്ടിക്ക് നൽകാം.

∙ താഴെ സ്റ്റഡി ഏരിയ, മുകളിൽ ഡബിൾ ഡക്കർ ബെഡ്. മുറിയിൽ ഇടമില്ലെങ്കിൽ ഈ രീതിയിലും സ്റ്റഡി ഏരിയ ആലോചിക്കാം.

∙ ഒഴിഞ്ഞ ഭിത്തിയിൽ പഠനസാമഗ്രികൾ വയ്ക്കാനുള്ള ഷെൽഫും എഴുതാനും വായിക്കാനുമുള്ള വാൾ മൗണ്ടഡ് ഡെസ്ക്കും പണിയാം. ഈ ഡെസ്കിനു താഴ്‌വശം തുറന്നു കിടക്കുന്നതിനാൽ അവിടെ ഇരിപ്പിടം ഒതുക്കി വയ്ക്കാം.

വേണ്ടതും വേണ്ടാത്തതുമുണ്ടോ?

∙ ഇളം നിറങ്ങളാണ് പഠനമുറിക്ക് യോജിച്ചത്. മനസ്സിന് ഉണർവും മുറിയില്‍ വെളിച്ചവും നിറയും.

∙ ലൈറ്റിങ് ചെയ്യുമ്പോൾ ഓർക്കേണ്ട പ്രധാനകാര്യം എഴുതുമ്പോൾ ബുക്കിൽ നിഴൽ വീഴും വിധമാകരുത് എന്നതാണ്. വേണ്ട ഭാഗത്തേക്ക് പ്രകാശം വീഴുന്ന തരത്തിൽ പൊസിഷൻ ചെയ്യാവുന്ന ലൈറ്റുകളുണ്ട്.

∙ പഠനസാമഗ്രികൾ അടുക്കിവയ്ക്കാൻ ഷെല്‍ഫ് വേണം. ഓൺലൈൻ ക്ലാസ്സുകൾ തിരികെയെത്തിയാൽ ലാപ്‌ടോപ്പും ടാബും വയ്ക്കാനുള്ള ഇടവും മനസ്സില്‍ കാണണം.

∙ സ്റ്റഡി ടേബിളിന്റെ ഡ്രോയറിൽ വയ്ക്കാൻ ഡിവൈഡേഴ്സ് കിട്ടും. ഇവ വാങ്ങി വച്ചാൽ പേന, പെൻസിൽ, കളർ എന്നിവയെല്ലാം വേർതിരിച്ചു സൂക്ഷിക്കാം.

∙ സ്റ്റഡി ഏരിയയിൽ മോട്ടിവേഷൻ ബോർഡ് വയ്ക്കാം. വൈകുന്നേരം സ്കൂൾ കഴിഞ്ഞെത്തുന്ന കുട്ടികളെ പഠനത്തിലേക്കും ലക്ഷ്യത്തിലേക്കും എത്തിക്കുന്ന തരത്തിലുള്ള വാചകങ്ങൾ അതിൽ എഴുതി വയ്ക്കാം.

∙ പിൻ–അപ് ബോർഡ് നല്ലതാണ്. ചതുരാകൃതിയിലുള്ള ഒരു തെർമോക്കോൾ ഷീറ്റിൽ തുണി ചുറ്റി സ്റ്റ‍ഡി ടേബിളിനോട് ചേർന്നുള്ള ഭിത്തിയിൽ വയ്ക്കാം. അസൈൻമെന്റ് വിഷയവും പ്രൊജക്ട് സബ്മിഷൻ തീയതിയുമൊക്കെ മറന്നു പോകാതിരിക്കാൻ പേപ്പറിൽ എഴുതി പിൻ ചെയ്തു വയ്ക്കാം.

∙ സ്റ്റ‍ഡി ഏരിയയിൽ കുട്ടികളുടെ ശ്രദ്ധ മാറ്റുന്ന അലങ്കാരങ്ങൾ വേണ്ട. പഠനസാമഗ്രികൾ അടുക്കും ചിട്ടയുമില്ലാതെ വയ്ക്കരുത്. അലങ്കോലമായ ഇടത്തിരുന്നു പഠിച്ചാൽ പഠനവും അതുപോലെയാകും.

∙ പഠനയിടത്തിനു ചേരുന്ന അലങ്കാരം സസ്റ്റെയ്നബിൾ ഡെക്കറേഷനാണ്. അലങ്കാരചട്ടികളിലുള്ള ഇൻഡോർ ചെടികളാണ് ഇത്. മുറിയിലെ വായു ശുദ്ധീകരിക്കാനും വായിച്ചും എഴുതിയും കണ്ണു തളരുമ്പോൾ പച്ചപ്പിലേക്ക് നോട്ടം പായിച്ച് ഉന്മേഷം സ്വന്തമാക്കാനുമാണിത്.

∙ പഠിക്കുന്ന സമയത്ത് അതതു വിഷയത്തിന്റെ പുസ്തകവും നോട്ട്ബുക്കും മാത്രം മേശപ്പുറത്ത് വയ്ക്കുക. അല്ലെങ്കിൽ പ്രയാസമേറിയ വിഷയം മനസ്സിലാക്കാൻ ബുദ്ധിമുട്ട് തോന്നിയാൽ എളുപ്പ വിഷയങ്ങളിലേക്ക് അറിയാതെ കൈ പോകും.

വിവരങ്ങൾക്കു കടപ്പാട് : രഞ്ജിത് പുത്തൻപുരയിൽ,

ഇന്റീരിയർ ഡിസൈനർ & മാനേജിങ് ഡയറക്ടർ

രഞ്ജിത് അസോഷ്യേറ്റ്സ്, കൊച്ചി

English Summary:

Study space for kids is crucial for effective learning. Creating a dedicated and organized study area at home helps children focus and succeed in their studies.

ADVERTISEMENT