മുലയൂട്ടുന്നതിനിടെയുള്ള കുഞ്ഞുങ്ങളുടെ മരണം, ശ്വാസം മുട്ടൽ... പിന്നിൽ അമ്മമാർ വരുത്തുന്ന ഈ തെറ്റ് Proper Breastfeeding Techniques
Mail This Article
0–15 ശതമാനം അമ്മമാരിൽ മാത്രമേ മതിയായ അളവിൽ മുലപ്പാൽ ഇല്ലാതാകുന്ന അവസ്ഥ കാണാറുള്ളൂ. പല കാരണങ്ങൾ കൊണ്ടാകാം ഇത്. ശരിയായ രീതിയിലല്ല മുലയൂട്ടുന്നതെങ്കിൽ മുലപ്പാൽ കുറയാനിടയുണ്ട്. കൃത്യമായ ഇടവേളകളിൽ മുലയൂട്ടാതിരിക്കുന്നതും പാൽ കുറയാനിടയാക്കും. ഓേരാ തവണ പാലൂട്ടുമ്പോഴും കുഞ്ഞിനു ശരിയായ രീതിയിൽ പാൽ കിട്ടുന്നതുണ്ടെന്ന് ഉറപ്പാക്കണം. ദിവസം എട്ടു തവണയെങ്കിലും പാലൂട്ടുക. ഓേരാ വശത്തു നിന്ന് 15 മിനിറ്റെങ്കിലും രണ്ടു തവണയായി പാലൂട്ടാം.
പാലൂട്ടുന്നതിനു മുൻപു സ്തനങ്ങളിൽ മൃദുവായി മസാജ് ചെയ്യുക. സമ്മർദം, പ്രസവാനന്തര വിഷാദം ഇവയുണ്ടെങ്കിൽ വിദഗ്ധ ചികിത്സ തേടാൻ മടിക്കരുത്. സമ്മർദം കുറയ്ക്കുന്നതിനു റിലാക്സേഷൻ ടെക്നിക് ശീലിക്കുക. പാലൂട്ടിയതിനു ശേഷം 20 മിനിറ്റെങ്കിലും ഇരുവരുടെയും ചർമം സ്പർശിക്കുന്ന വിധം കുഞ്ഞിനെ ചേർത്തുപിടിക്കുക. ദിവസവും സമീകൃതമായ ഭക്ഷണം കഴിക്കണം.
ഉറക്കമില്ലാതെ അസ്വസ്ഥതയോടെ പെരുമാറുക, ഒരുപാടു നേരം കരയുക, കുഞ്ഞിന്റെ ഭാരം കുറ യുക ഈ ലക്ഷണങ്ങളുണ്ടെങ്കിൽ ആവശ്യത്തിനു പാൽ കിട്ടുന്നില്ലെന്നു സംശയിക്കാം. ചില കുഞ്ഞുങ്ങളിൽ നാവിൽ കെട്ട് ഉണ്ടെങ്കിൽ പാൽ കുടിക്കാൻ ബുദ്ധിമുട്ട് നേരിടും. സ്തനങ്ങളിൽ അണുബാധയുണ്ടായാൽ പാൽ കുറയാം. അണുബാധ അകറ്റാൻ ചികിത്സ തേടണം. ഇത്രയും കാര്യങ്ങൾ ചെയ്തു നോക്കിയ ശേഷമേ പാൽ വർധിക്കാൻ മറ്റു വഴികൾ തേടാവൂ.
ശരിയായി പാലൂട്ടേണ്ടതെങ്ങനെ?
പാലൂട്ടുമ്പോൾ നിപ്പിളിനു ചുറ്റുമുള്ള എരിയോള എന്ന ഭാഗവും കുഞ്ഞിന്റെ വായ്ക്കുള്ളിലായിരിക്കണം. കുഞ്ഞിന്റെ വായ് മത്സ്യത്തിന്റെ വായുടെ ആ കൃതിയിലാകുന്നതാണ് ഉത്തമം. വാവയുടെ താടിയുടെ ഭാഗം സ്വന്തം നെഞ്ചിലേക്ക് അമർന്നിരിക്കുന്നത് ഒഴിവാക്കണം. മുലയൂട്ടുമ്പോൾ ഇരുഭാഗത്തെ സ്തനങ്ങളിൽ നിന്നായി മാറി മാറി നൽകാം.
പാൽ കൃത്യമായി കിട്ടിയില്ലെങ്കിൽ കുഞ്ഞ് അസ്വസ്ഥമാകുകയും വലിച്ചു കുടിക്കാനുള്ള ശ്രമം ഉപേക്ഷിക്കുകയും കരയുകയും ചെയ്യാം. വയർ നിറഞ്ഞു കഴിയുന്നതോടെ കുഞ്ഞ് ശാന്തമാകുകയും മതിയാകുമ്പോൾ വലിച്ചു കുടിക്കുന്നതു നിർത്തുകയും ചെയ്യും. കുഞ്ഞിന്റെ വായ്ഭാഗത്തു നനവുണ്ടാകും.
പാൽ കുടിക്കുന്നതിനിടെ കുഞ്ഞ് ഉറങ്ങാനിടയുണ്ട്. അത്തരം സാഹചര്യത്തിൽ കുഞ്ഞിന്റെ തല അൽപം ഉയർത്തി പാൽ ഇറക്കിയെന്ന് ഉറപ്പ് വരുത്തണം. പാലൂട്ടുന്നതിനിടെ അമ്മ ഉറങ്ങിപ്പോകുകയും പാൽ കുടിക്കുന്നതിനിടെ ഉറങ്ങിയ കുഞ്ഞിന്റെ വായിൽ നിന്നു നിപ്പിൾ മാറ്റാതിരിക്കുകയും ചെയ്യുന്നതു കുഞ്ഞിന് ശ്വാസംമുട്ടാനും മരണത്തിനു വരെ ഇടയാക്കാം. ഇത്തരം സാഹചര്യം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. എൻ.
സുബ്രഹ്മണ്യ അയ്യർ
കൺസൽറ്റന്റ്, ആർസിഎച്ച്, യുനിസെഫ്, ചെന്നൈ