‘വസ്ത്രധാരണം, വിഷാദം, ഒറ്റയ്ക്കിരുപ്പ്, സ്വയം സംസാരം...’; കുട്ടിയുടെ വാക്കുകളെക്കാള്‍ ശ്രദ്ധിക്കേണ്ടത് പ്രവൃത്തികള്‍, മാതാപിതാക്കള്‍ അറിയാന്‍
Mail This Article
കൗമാരത്തിന്‍റെ മനോഗതികള്‍ എപ്പോഴാണു മാറിമറിയുന്നതെന്ന് ആര്‍ക്കും പറയാനാകില്ല. പക്ഷേ, ജീവിത്തിലെ ആശങ്കകളെ നേരിടാന്‍ മാതാപിതാക്കള്‍ക്ക് എങ്ങനെ അവരെ സഹായിക്കാന്‍ പറ്റും? മക്കള്‍ക്കു കരുതലും വിവേചനപൂര്‍ണവുമായ പിന്തുണ നല്‍കാന്‍ ചുവടെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
∙ ആത്മഹത്യ ചെയ്യുന്ന കൗമാരക്കാരില്‍ 90 ശതമാനവും വിഷാദരോഗത്തിന്‍റെ നിഴലിലുള്ളവരോ അതിലൂടെ കടന്നു പോയവരോ ആകുമെന്നു പഠനങ്ങള്‍ പറയുന്നു. മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നു പുറമേ തോന്നില്ലെങ്കിലും അവരുടെയുള്ളില്‍ ഒരു മഹാസമുദ്രം അലയടിക്കുന്നുണ്ടാകാം.
കൗമാരക്കാരനോട് ശാന്തമായും സൗമ്യമായും നിരന്തരം ഇടപെടുകയും സംസാരിക്കുകയും വേണം. കുഞ്ഞ് നിങ്ങളുടെ അരികിലേക്കു വരട്ടെ, എന്നു കരുതി കാത്തിരിക്കരുത്. ‘നിന്റെ സങ്കടം ഞാന്‍ മനസ്സിലാക്കുന്നു, നമുക്കതു സംസാരിച്ചു പരിഹരിക്കാം, നിന്നെ ഞ ങ്ങള്‍ക്കിഷ്ടമാണ്, നിന്‍റെ ഓരോ മാറ്റവും ഞങ്ങളറിയുന്നുണ്ട്...’ ഈ വിധ സൂചനകള്‍ കുട്ടികള്‍ക്കു മാതാപിതാക്കളില്‍ നിന്നു ലഭിക്കണം.
∙ കുട്ടിയുടെ വാക്കുകളേക്കാള്‍ ശ്രദ്ധിക്കേണ്ടത് അവരുടെ പ്രവൃത്തികളാണ്. ഉറക്കരീതി, കൂട്ടുകാരുമായും കുടുംബാംഗങ്ങളുമായുള്ള ഇടപെടല്‍, വിശപ്പ്, മറ്റ് ആക്റ്റിവിറ്റികളില്‍ പങ്കെടുക്കുന്നത്, വസ്ത്രധാരണം, വിഷാദം, ഒറ്റയ്ക്കിരുപ്പ്, സ്വയം സംസാരം, തുടങ്ങി പതിവിനു വിരുദ്ധമായ ഏതു മാറ്റവും ശ്രദ്ധിക്കുകയും ഇടപെടുകയും വേണം. എന്തെങ്കിലും കാര്യത്തില്‍ കുട്ടി കൂടുതല്‍ ബുദ്ധിമുട്ടുന്നു എന്നു തോന്നിയാല്‍ അവഗണിക്കരുത്.
∙ ഈ െകാച്ചു പ്രായത്തില്‍ അവള്‍ക്കെന്തു ടെന്‍ഷന്‍, ഞാനും ഇതൊക്കെ കഴിഞ്ഞല്ലേ ഇവിടെത്തിയത് എന്ന മനോഭാവമാണു നിങ്ങള്‍ക്കെങ്കില്‍ അതുടന്‍ മാറ്റുക. നിങ്ങള്‍ക്കു ചിന്തിക്കാന്‍ പോലുമാകാത്ത ആത്മഹത്യാ സാധ്യതകള്‍ ഇന്നത്തെ കൗമാരക്കാര്‍ മനസ്സില്‍ പേറുന്നുണ്ട്. േസാഷ്യല്‍മീഡിയ വഴിയും നേരിട്ടുമുള്ള പലതരം ഭീഷണികള്‍, ഒറ്റപ്പെടുത്തല്‍, വിവേചനം, അസമത്വം, പുറത്തു പറയാനാകാത്തവരില്‍ നിന്നോ മറ്റുള്ളവരില്‍ നിന്നോ പീഡനങ്ങള്‍ക്കിരയാകുന്നത്, പ്രണയെെനരാശ്യം, കൂട്ടുകാരുടെ ആത്മഹത്യ തുടങ്ങി കാരണങ്ങള്‍ പലതാെണന്നോര്‍ക്കുക.
∙ മനസ്സിന്‍റെ വിങ്ങലുകള്‍ വാക്കുകളായി ചിലപ്പോള്‍ പുറത്തുവരും. ഒന്നും തള്ളിക്കളയരുത്. ‘ഞാന്‍ ഒന്നും കാര്യമാക്കുന്നില്ല’, ‘ഞാന്‍ ഇവിടെ നിന്നു പോകുന്നതോടെ എല്ലാവര്‍ക്കും സുഖമാകും, ‘ഇനി എന്നെക്കുറിച്ചോര്‍ത്താരും വിഷമിക്കേണ്ട...’ തുടങ്ങി ദുഃസൂചന തോന്നുന്ന ഒാരോ വാക്കും അവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷവും സാന്ത്വനം േവണമെന്ന ആവശ്യവുമാണെന്നു മാതാപിതാക്കള്‍ തിരിച്ചറിയണം.
കുട്ടിയുടെ വാക്കുകളും പെരുമാറ്റവും ഒരുപക്ഷേ, ദേഷ്യവും േവദനയും നിങ്ങളിലുണ്ടാക്കും. താനനുഭവിച്ച കഷ്ടപ്പാടുകള്‍ പറഞ്ഞു തര്‍ക്കിക്കാനും ഞങ്ങളെ മറന്നാണല്ലോ നീ ഇതു പറയുന്നത് എന്ന മനോഭാവത്തോടെ അവഗണിക്കാനും ഒക്കെ തോന്നും. ഒരിക്കലും അതു ചെയ്യരുത്. മക്കളുടെ വാക്കിലും ആവശ്യങ്ങളിലും പൂര്‍ണമായും ശ്രദ്ധ േകന്ദ്രീകരിക്കാന്‍ ശ്രദ്ധിക്കുക.
∙ സൂചനകള്‍ കടുത്തതാെണങ്കിലും തങ്ങളെക്കൊണ്ടു മാത്രം നിയന്ത്രിക്കാനാവില്ല എന്നു തോന്നിയാൽ വിദഗ്ധന്റെ സഹായം തേടാം. സ്കൂള്‍ കൗണ്‍സിലേഴ്സ്, മനോരോഗവിദഗ്ധര്‍ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്താം. കൂടുതല്‍ ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ ഇതു സഹായിക്കും. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തിന് 1056, 0471 2552056 എന്നീ ടോള്‍ ഫ്രീ നമ്പരുകളില്‍ വിളിക്കാവുന്നതുമാണ്.
∙ കുട്ടിക്ക് മനഃശാസ്ത്ര ചികിത്സ േവണ്ടിവരുന്ന സാഹചര്യത്തില്‍ മാതാപിതാക്കള്‍ ഒപ്പം നില്‍ക്കണം. അസുഖം വന്നാല്‍ കരുതലോടെ പരിചരിക്കുന്നതു പോലെ തന്നെ േവണം ഇവിടെയും. ചികിത്സയോര്‍ത്തു വിഷമിക്കുകയോ നാണക്കേടു തോന്നുകയോ േവണ്ടെന്നും കൂടുതല്‍ പക്വതയിലേക്കും മാനസികനിലയിലേക്കും എത്തുന്നതിനുള്ള ചുവടുകള്‍ മാത്രമാണെന്നും ചൂണ്ടിക്കാട്ടി അവരെ ചേര്‍ത്തു പിടിക്കുക.
സുഹൃത്തുക്കള്‍, ബന്ധുക്കള്‍ തുടങ്ങിയരോടൊത്തു ഇടപഴകാന്‍ കുട്ടിക്ക് മടി തോന്നുക സ്വാഭാവികം. മാതാപിതാക്കളുടെ ബുദ്ധിപൂര്‍വമായ ഇടപെടലിലൂടെ ഈ പ്രശ്നം പരിഹരിക്കണം. കുട്ടികളുടെ ആവശ്യങ്ങളും മനോഗതങ്ങളും മാനിക്കുകയും വേണം.
∙ മാനസികാരോഗ്യത്തില്‍ ഏറ്റവും പ്രധാനമാണ് ഉറക്കം. ഡോക്ടറുടെ നിർദേശാനുസരണം നല്ല ഉറക്കശീലങ്ങള്‍ പ്രോത്സാഹിപ്പിക്കണം. വ്യായാമം, യാത്ര, യോഗ, വായന, നല്ല കൂട്ടുകാരുമായുള്ള ഇടപെടല്‍ തുടങ്ങി പോസിറ്റീവ് മാനസികാവസ്ഥയിലേക്കു നയിക്കുന്ന എന്തിനും കൂടെ കൂടണം.
ഗുളിക കഴിച്ചാല്‍ പനി മാറുന്നതു പോലെ െപട്ടെന്നു സംഭവിക്കുന്നതല്ല, മികച്ച മാനസികാരോഗ്യത്തിലേക്കുള്ള തിരിച്ചുപോക്ക് എന്നും മാതാപിതാക്കള്‍ മനസ്സിലാക്കണം. ക്ഷമയോടെ കാത്തിരിക്കുകയും അതിനു കുട്ടിയെ പ്രോത്സാഹിപ്പിക്കുയും െചയ്യുക.