ADVERTISEMENT

കുഞ്ഞുങ്ങൾ വികൃതി കാണിച്ചാൽ അമ്മമാർ ശകാരിക്കുന്നത് സ്വാഭാവികം. പക്ഷേ, അതെങ്ങനെ വേണമെന്ന് വിദഗ്ദ്ധർ നിര്‍ദേശിക്കുന്നു.

എനിക്ക് ആരും പത്ത് കയ്യൊന്നും തന്നിട്ടില്ല. പണികൾ ഒതുക്കി ഒന്നു കിടക്കാൻ നോക്കുമ്പോഴാ... മര്യാദയ്ക്ക് കിടന്നുറങ്ങിയാൽ പോരെ നിനക്ക് ? ഓരോന്ന് ഒപ്പിച്ചോളും. കണ്ടില്ലേ, ഡൈനിങ് ടേബിളിനു മുകളില് മുഴുവൻ വാട്ടർ കളർ കോരിയൊഴിച്ചിരിക്കുന്നത്? ഇതിനി ആരു വൃത്തിയാക്കും? എടീ... നിന്നോടാ ചോദിച്ച‌ത്, ഇതാരു വൃത്തിയാക്കും എന്ന്... പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് വീട് വൃത്തിയായി സൂക്ഷിക്കണംന്ന്. ഒരു ജോലിക്കാരിയെ നിറുത്തിയാല്‍ എത്ര കാശ് കൊടുക്കണംന്ന് അറിയുമോ നിനക്ക്. ഒരു കാര്യം ചെയ്യാം, നാളെ മുതല് സ്കൂളില്‍ പോക്ക് അങ്ങു നിറുത്തിക്കോ. എന്നിട്ട് ഈ വീട്ടിലെ പണിയൊക്കെ ചെയ്യ്. അപ്പോ മനസ്സിലാവും അമ്മേടെ കഷ്ടപ്പാട് എത്രയുണ്ടെന്ന്. വേണോ? പഠിത്തം നിറുത്തണോ? വേണ്ടെങ്കില്‍ മര്യാദയ്ക്ക് പറയുന്നത് അനുസരിച്ച് അടങ്ങിയൊതുങ്ങി ജീവിച്ചോണം കേട്ടല്ലോ...

ADVERTISEMENT

മലവെള്ളപ്പാച്ചിലുപോലെ ഇത്രയും പറഞ്ഞ‌ൊപ്പിച്ചാൽ അമ്മയ്ക്ക് ഒരു സമാധാനം കിട്ടുമെന്നത് ശരി. പക്ഷേ, കുട്ടിക്ക് അപ്പോഴും ഉത്തരം കിട്ടിയിട്ടുണ്ടാവില്ല. അറിയാതെ കൈ തട്ടി വാട്ടര്‍ കളർ മറിഞ്ഞു വീണതിന് അമ്മ എന്തിനാണ് ഇങ്ങനെയൊക്കെ പറഞ്ഞതെന്ന് അമ്പരപ്പോടെ ചിന്തിക്കുകയാവും കുട്ടി. കുഞ്ഞുങ്ങള്‍ കുസൃതി കാട്ടിയാൽ അമ്മയ്ക്ക് ദേഷ്യം വരും എന്നത് സത്യമാണ്. എന്നാല്‍ അമ്മയുടെ ദേഷ്യപ്രകടനവും ശകാരവും നേർദിശയില്‍ അല്ലെങ്കിൽ കുഞ്ഞു മന‌സ് തേങ്ങി പ്പോകും. അമ്മയ്ക്ക് എന്നെ ഇഷ്ടമല്ലേ എന്നാവും കുട്ടി സംശയിക്കുന്നത്.

അപ്പോൾ തെറ്റു തിരുത്താൻ വഴക്ക് പറയേണ്ടേ?

ADVERTISEMENT

കുട്ടികളെ ശകാരിക്കുന്നത് ഒരു തെറ്റല്ല. പക്ഷേ, ശകാരിക്കുമ്പോൾ കുട്ടിയുടെ നന്മയാണോ നിങ്ങളുടെ വികാരം എന്ന് ഉറപ്പാക്കണം. കുട്ടി ചെയ്ത തെറ്റാണോ, നിങ്ങൾക്ക് ദേഷ്യം വന്നു എന്നതാണോ വഴക്കു പറയാൻ കാരണം? കുട്ടിയുടെ തെറ്റിന് അനുസരിച്ചുളള ദേഷ്യം മാത്രമാണോ പ്രകടിപ്പിച്ചത് എന്നും മനസ്സിലാക്കണം. ദേഷ്യമാണ് വഴക്ക് പറയാൻ കാരണമെങ്കിൽ ആ വഴക്ക് ഉദ്ദേശിച്ച രീതിയിലായിരിക്കില്ല നീങ്ങിയിട്ടുണ്ടാകുക.

ശകാരം കുട്ടിയിൽ പെട്ടെന്നുണ്ടാക്കിയ പ്രതികരണം പ്രധാനമാണ്. അത് കുട്ടിയെ ഞെട്ടിച്ചെങ്കില്‍ ശകാരം തെറ്റായ പാ‌തയിലാണ്. നിങ്ങളുടെ വഴക്ക് കുട്ടിയിൽ മാറ്റം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ നിങ്ങൾ ശരിയായ വഴിയിലാണ്. എന്നാൽ ഒരേ കാര്യത്തിന് സ്ഥിരമായി നിങ്ങള്‍ക്ക് വഴക്കു പറയേണ്ടി വരുന്നുണ്ടെങ്കില്‍ സ്വന്തം രീതി ശരിയാണോ എന്നു പരിശോധിക്കാൻ മറക്കരുത്.

ADVERTISEMENT

എത്ര പറഞ്ഞാലും അനുസരിക്കില്ലന്നേ...

അമ്മമാരുടെ സ്ഥിരം പരാതിയാണിത്. എന്തിനാണ് അമ്മ വഴക്കു പറഞ്ഞത് എന്ന് കുട്ടിക്ക് മനസിലാകാതെ പോകുന്ന സന്ദർഭങ്ങളാണ് അമ്മയെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നത്. അപ്പോൾ കുട്ടി അതിനെ ഇഷ്ടക്കേടായി മനസ്സിലാക്കുന്നു. താമസിയാതെ വഴക്കിനോട് കുട്ടി നിർവികാരമായ നിലയിലേക്കു മാറുന്നു. കുട്ടി ചെയ്ത തെറ്റ് എന്താണെന്നും അതിനോടാണ് കുട്ടിയോടല്ല അമ്മ ദേഷ്യപ്പെടുന്നതെന്നും കുട്ടിക്ക് മനസ്സിലാകണം. നമ്മുടെ ലോകപരിചയത്തിന് അനുസരിച്ചുളള പ്രതികരണമാണ് നമ്മൾ കുട്ടികളില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ‘മറ്റുളളവരുടെ മുമ്പിൽ വച്ച് എന്തു മോശം കാര്യമാണ് നീ കാണിച്ചത്’ എന്ന് അമ്മ പറയുന്നു. പക്ഷേ, നല്ലതും മോശമായും എന്താണെന്ന് നിങ്ങള്‍ക്ക് അറിയുന്ന പോലെ കുട്ടിക്ക് അറിയില്ലെന്ന് ഓർക്കണം.

ആറു വയസ്സുവരെയുളള കുട്ടികള്‍ക്ക് പല കാര്യങ്ങളും ശരിയായി ഗ്രഹിക്കാൻ കഴിഞ്ഞെന്നു വരില്ല. പലവട്ടം പറഞ്ഞാലേ അവർക്ക് മനസിലായെന്ന് വരൂ. അതിനാൽ കൊച്ചു കുട്ടികൾ തെറ്റുകൾ ആവർത്തിക്കുമ്പോൾ ദേഷ്യം പിടിക്കുന്നതിൽ അർത്ഥമില്ല.‍

കുട്ടിയോട് ദേ‌ഷ്യപ്പെടുന്നത് ഇത്ര വലിയ കുറ്റമാണോ?

ദേഷ്യം സ്വാഭാവികമായ വികാരമാണ്. കുട്ടികളെ വളർത്തുമ്പോൾ ദേഷ്യപ്പെടൽ ഒരു ആവശ്യവുമാണ്. പക്ഷേ, നിങ്ങളുടെ ദേഷ്യത്തിന്റെ സ്വഭാവം പ്രധാനമാണ്. കുട്ടിയെ ശാരീരികമായും മാനസികമായും മുറിപ്പെടുത്തുന്ന നിലയിലാണ് നിങ്ങളുടെ ദേഷ്യമെങ്കിൽ അത് തെറ്റാണ്. ദേഷ്യം വരുമ്പോൾ അമിതമായി ശബ്ദമുയർത്തുക, കുട്ടിയെ ഭയപ്പെടുത്തുക, നിയന്ത്രണം വിട്ട വിധത്തിൽ പെരുമാറുക... തുടങ്ങിയ ചേഷ്ടകൾ കാണിക്കുന്നെങ്കിൽ നിങ്ങളുടെ വ്യക്തിത്വത്തിലെ ഒരു റെഡ് സിഗ്നൽ ആയി അതിനെ തിരിച്ചറിയുകയാണ് വേണ്ടത്. കുട്ടിയുടെ തെറ്റുകളേക്കാൾ മറ്റെന്തൊക്കെയോ ആണ് നിങ്ങളെ ദേഷ്യപ്പെടുത്തുന്നത്.

അമ്മയുടെ കഠിനമായ ശകാരം, തനി‌ക്ക് അമ്മ പറയും പോലെ മിടുക്കരാകാൻ കഴിയില്ലെന്ന ധാരണ കുട്ടിയിൽ ഉണ്ടാക്കും. ഇത് അ‌വന്റെ ആത്മവിശ്വാസം തകർക്കും. അമ്മയ്ക്ക് തന്നോട് സ്നേഹമില്ലെന്ന തോന്നൽ കുഞ്ഞിന് അരക്ഷിതാവസ്ഥ സമ്മാനിക്കും. നോവിന്റെ പാരമ്യത്തിൽ അവൻ പിന്നോട്ടു നടന്നു തുടങ്ങിയെന്നു വരും.

ഞാൻ മാത്രമെന്താ ഇങ്ങനെ..?

ഭാര്യഭർതൃബന്ധം സ്നേഹസമ്പന്നമല്ലെങ്കില്‍ ദാമ്പത്യ ബന്ധം അമ്മയ്ക്ക് നൽകുന്ന പിരിമുറുക്കം കുട്ടി ചെറിയ തെറ്റു ചെയ്താൽ പോലും അനിയന്ത്രിത ദേഷ്യമായി പുറത്തു ചാടാം. സാഹചര്യങ്ങള്‍ സമ്മാനിക്കുന്ന പിരിമുറുക്കമാണ് ദേഷ്യത്തിന് മറ്റൊരു കാരണം. സാമ്പത്തികമായ പ്രശ്നങ്ങൾ, കൂടെ ജോലി ചെയ്യുന്നവരുമായുളള ബന്ധത്തിൽ വരുന്ന അസ്വാരസ്യങ്ങൾ, അസുഖം, പ്രായവ്യത്യാസം വളരെ കുറവുളള രണ്ടും മൂന്നും കുട്ടികളെ നോക്കേണ്ടി വരുന്ന സാഹചര്യം ഇവ ദേഷ്യത്തിന് കാരണാമാകാം. പട്ടാളച്ചിട്ട ഉണ്ടെങ്കിലേ കുട്ടികളെ വേണ്ടവിധം അനുസരണശീലം ഉളളവരാക്കി വളർത്താനാകൂ എന്ന ധാരണയും അമ്മമാരെ കണിശക്കാരാക്കാം. അമ്മയുടെ ശകാരം ഒരു അര്‍ത്ഥത്തിൽ കുട്ടികളുടെ സുരക്ഷിതത്വവും അവരുടെ വഴികാട്ടിയും ഒക്കെയാണ്. പക്ഷേ, ശകാരം കുട്ടിയില്‍ പൊസിറ്റീവ് മാറ്റം ഉണ്ടാക്കണമെന്നു മാത്രം.

നാലു വയസ്സേയുളളൂ, എന്നിട്ടും എന്തൊരു വാശി...

നിലത്ത് ഉരുണ്ടു കിടന്ന് കരയുക, ഉച്ചത്തിൽ കരയുക തുടങ്ങിയവ നിങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുത്താൻ സാധ്യതയുളള സാഹചര്യങ്ങളാണ്. അപ്പോൾ ഇത്തരം വാശിക‌ൾക്ക് കീഴടങ്ങുകയോ കഠിനമായ ശിക്ഷയിലൂടെ മര്യാദ പഠിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്. അവഗണിക്കുകയാണ് ഒരു പരിധി വരെ ഇതിനു നല്ലത്. ഇത്തരം പെരുമാറ്റങ്ങളുടെ ശിക്ഷയായി അവര്‍ക്ക് ഇഷ്ടപ്പെട്ടത് നൽകാതിരിക്കാം. കാര്യം വ്യക്തമായി പറഞ്ഞ ശേഷം വേണം അത് ചെയ്യാൻ.

കുഞ്ഞുങ്ങള്‍ക്കു ചെയ്യാവുന്നതും ചെയ്യരുതാത്തതും പറഞ്ഞു കൊടുക്കാമെങ്കിലും ഒന്നോ രണ്ടോ തവണ പറഞ്ഞതുകൊണ്ട് കുഞ്ഞ് അത് അനുസരിക്കണമെന്നില്ല. പല തവണ പറഞ്ഞു കൊടുക്കുകയും അനുസരിക്കുമ്പോള്‍ ലാളിക്കുകയും ചെയ്യുന്നത് കുഞ്ഞിനെ നല്ല ശീലത്തിലേക്ക് നയിക്കും. കുഞ്ഞ് വല്ലാതെ അസ്വസ്ഥനായാൽ ശ്രദ്ധ മാറ്റി സമാധാനിപ്പിക്കാം. ഈ സാഹചര്യത്തിൽ നിങ്ങൾ അസ്വസ്ഥയാകുന്നുണ്ടെങ്കിൽ കുഞ്ഞിനെ മറ്റൊരാളെ ഏൽപ്പിക്കുക. അല്ലെങ്കിൽ സുരക്ഷിതത്വം ഉറപ്പു വരുത്തി കുട്ടിയെ ഒറ്റയ്ക്കു വിടാം.

എന്തിനാ അമ്മേ ഇത്രേം വഴക്കു പറയുന്നേ...

വികൃതി ഈ പ്രായത്തിന്റെ പ്രത്യേകതയായതിനാൽ കടുത്ത ചിട്ടകൾ ഇല്ലാതിരിക്കുന്നതാണ് നല്ലത്. അറിയാനുളള ആഗ്രഹം, കൗതുകം, സാഹസം ഒക്കെയായിരിക്കും നമുക്ക് വികൃതിയായി മാറുന്നത്‌. വഴക്കു പറയുന്നതിനേക്കാൾ മനസിലാക്കിക്കൊടുക്കുകയാണ് ഈ പ്രായത്തിൽ വേണ്ടത്. ചെറുതായി അനുസരണക്കേട് കാണിച്ചാൽ കഠിനമായി ബഹളമുണ്ടാക്കുന്നത് കുട്ടിയുടെ വ്യക്തിത്വത്തെ വികലമാക്കും.

ശകാരിച്ചതിൽ കുറ്റബോധം മൂലം അൽപം കഴിഞ്ഞ് കുട്ടിയുടെ വാശി സാധിച്ചു കൊടുത്ത് പ്രശ്നം പരിഹരിക്കരുത്. അമ്മയെ അസ്വസ്ഥയാക്കിയാൽ കാര്യം നടക്കും എന്നുളള പാഠം കുട്ടി ഇതിലൂടെ പഠിച്ചെടുക്കും. തെറ്റുകളെ ആക്ഷേപിക്കുക, പരിഹസിക്കുക, ‘നിനക്ക് ബുദ്ധിയില്ലേ ?’ എന്ന ചോദ്യം... ഇവ തീർത്തും ഒഴിവാക്കാം. മോശം വാക്കുകൾ കുട്ടിയോടു പറഞ്ഞു പോയാല്‍ അത് തെറ്റായിരുന്നുവെന്ന് കുട്ടിയോട് തുറന്നു പറയുകയും ക്ഷമ ചോദിക്കുകയും വേണം.

പത്ത് വയസ്സുവരെയുളള കുട്ടികളോട് ദേഷ്യപ്പെടുന്നതിനേക്കാൾ ഫലം ചെയ്യും അവരുടെ സ്വഭാവത്തെ സംബന്ധി‌ച്ച് ഗുഡ്-ബാഡ് ചാർട്ട് ഉണ്ടാക്കുന്നത്. അനുസരണക്കേടിന് കറുത്ത സ്റ്റാറും നല്ല സ്വഭാവത്തിന് ഗോൾഡൻ സ്റ്റാറും നൽകാം.

തെങ്ങുപോലെ വളർന്നിട്ടും ഒരു പ്രയോജനവുമില്ല...

കൗമാരത്തിൽ ഈ രീതിയിൽ ശകാരിക്കുന്നത് അമ്മയെ കുട്ടിയുടെ ശത്രുവാക്കും. കൗമാരത്തിലേക്ക് കടക്കുന്നതോടെ കൊച്ചുകുട്ടികളെ പോലെ ശാസിക്കുന്നത് അവർ ഇഷ്ടപ്പെടില്ല. പ്രത്യേകിച്ച് മറ്റുളളവരുടെ മുന്നിൽ വച്ച്. സ്വന്തമായ കാഴ്ചപ്പാടും വ്യക്തിത്വവും രൂപപ്പെടുന്ന പ്രായമാണ് ഇത് എന്ന തിരിച്ചറിവ് ഈ കാലഘട്ടത്തിൽ അമ്മയ്ക്കുണ്ടാകണം. അവരുട‌െ ആവശ്യങ്ങൾക്കു വേണ്ടി തര്‍ക്കിക്കുകയും വാദിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. കുട്ടിയോട് മത്സരിച്ച് വാദിച്ച് ജയിക്കാൻ ശ്രമിക്കരുത്. എന്നാൽ കുട്ടിയുടെ വികാരപ്രകടനം അമി‌തമായാൽ അതിന്റെ ഭവിഷ്യത്ത് പറഞ്ഞു മനസിലാക്കുകയും വേണം.

ദേഷ്യം വന്നാൽ ഇങ്ങനെ ചെയ്യാം

കുട്ടിയോടു പ്രകടിപ്പിക്കുന്ന ദേഷ്യം, വേഷം മാറി വരുന്ന നിരാ‌ശയും, സങ്കടവും, വെറുപ്പും, സംഘർഷവും ഒക്കെയാകാം. ഏതു തരത്തിലുളളതായാലും ദേഷ്യം അനിയന്ത്രിതമായി കുട്ടികളോട് പ്രകടിപ്പിക്കുന്നത് അവരുടെ സ്വഭാവത്തെ ബാധിക്കും. ഏതു പ്രായത്തിലും കുട്ടി വ്യക്തി എന്ന ബഹുമാനം അർഹിക്കുന്നു. അ‌ത് നൽകുക തന്നെ വേണം.

∙ ദേഷ്യം നിയന്ത്രിക്കാൻ ദേഷ്യം വരുന്നത് അറിയുകയാണ് ആദ്യം വേണ്ടത്. ദേഷ്യം വരുമ്പോൾ നിങ്ങളുടെ ഹൃദയമിടിപ്പ് കൂടുക, വിയർക്കുക, വിയർക്കുന്ന പോലെ തോന്നുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകും.‍

∙ ദേഷ്യം അടക്കിവയ്ക്കുന്നത് വെറുപ്പ്, അസ്വസ്ഥത, പ്രതീക്ഷ ഇല്ലായ്മ, വിഷാദം തുടങ്ങിയ അവസ്ഥയിലേക്ക് മാറും. അതു കൊണ്ട് നിയന്ത്രിതമായി ദേഷ്യം പ്രകടിപ്പിക്കുന്നതാണ് നല്ലത്.

∙ കഠിനമായി ദേഷ്യം വരുമ്പോൾ ആ സാഹചര്യത്തിൽ നിന്നും എത്രയും വേഗം മാറി നിൽക്കുക. നന്നായി ശ്വാസോച്ഛ്വാസം ചെയ്യുകയോ സ്വസ്ഥമായ സ്ഥലത്തു വേഗത്തിൽ നടക്കുകയോ സ്റ്റെപ്പ് കയറി ഇറങ്ങുകയോ ചെയ്യാം.

∙ ഒറ്റയ്ക്ക് ഒരിടത്തു മാറിയിരുന്ന് ഒരു കൈപ്പത്തി അകത്തോട്ടും ഒരു കൈപ്പത്തി പുറത്തോട്ടും എന്ന വിധത്തിൽ വിടര്‍ത്തി വിരലുകൾ തമ്മിൽ പുറത്തേക്ക് കൊരുത്ത് വലിക്കുക.

∙ ദേഷ്യം സ്ഥിരമായ പ്രശ്നമാണെങ്കിലും, നിങ്ങളെ അസ്വസ്ഥയാക്കുന്ന സാഹചര്യങ്ങള്‍ മാറ്റാൻ കഴിയാത്തതാണെങ്കിലും ഏതെങ്കിലും സൈക്കോളജിസ്റ്റിനെ കണ്ട് ഉപദേശം തേടുകയും റിലാക്സേഷൻ ടെക്നിക് പരിശീലിക്കുകയും ചെയ്യാം. യോഗ ഗുണകരമായിരിക്കും.

∙ കൂട്ടുകാരുമൊത്തുളള നിമിഷങ്ങൾ, ഹോബിക‌ള്‍, മനസ്സിന് ഇഷ്ടമുളള കാര്യങ്ങൾ എന്നിവ ചെയ്യുന്നത് മനസ്സ് ശാന്തമാകാൻ സഹായിക്കും. സ്വന്തം ആരോഗ്യത്തിനും വിശ്രമത്തിനു മായി സമയം കണ്ടെത്തുക.

∙ ഇടയ്ക്ക് എല്ലാ ഉത്തരവാ‌ദിത്വങ്ങളിൽ നിന്നും വിട്ട് ഇടവേള എടുക്കുക. അത് പത്ത് മിനിറ്റു നേരത്തെ വിശ്രമം മുതൽ ഉല്ലാസ യാത്ര വരെയാകാം.

ഇതുകൊണ്ടൊന്നും ദേഷ്യം നിയന്ത്രണ വിധേയമാകുന്നില്ലെങ്കിൽ മനശാസ്ത്ര വിദഗ്ധരുടെ സഹായം തേടാം.

വിവരങ്ങൾക്കു കടപ്പാട് : ഡോ. എൽസി ഉമ്മന്‍, കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്,  

English Summary:

Effective parenting involves understanding how to discipline children without causing emotional harm. Experts advise on constructive ways to correct behavior, focusing on understanding the child's perspective and avoiding excessive anger.

ADVERTISEMENT