ADVERTISEMENT

ഭക്ഷണം കഴിക്കാൻ ഒരാൾ നിർബന്ധിക്കുമ്പോൾ ‘നിങ്ങൾക്ക് സാമാന്യ ബോധമില്ലേ? വയറു നിറഞ്ഞെന്നു പറഞ്ഞിട്ടും വീണ്ടും നിർബന്ധിക്കുന്നത് എന്തിനാണ്?’ എന്നു മറുപടി പറയുന്നത് പരുക്കനാണ്. അതേസമയം ആരോഗ്യകരമായ അതിർവരമ്പുകൾ മനസ്സിലാക്കുന്നതോടെ പ്രതികരണവും വ്യത്യസ്തമാകും. അതിൽ മറ്റൊരാളുടെ അതിരുകൾക്കു കൂടി നമ്മൾ ബഹുമാനം നൽകുന്നുണ്ട്. ‘എന്റെ വയറു നിറഞ്ഞു, ഇതിൽ കൂടുതൽ കഴിച്ചാൽ വയറുവേദന വരും. നിങ്ങൾക്കൊപ്പമുള്ള സമയം ആസ്വദിക്കാനാകില്ല.’ എന്നാകും ആ പ്രതികരണം.

ഈ മറുപടി കിറുകൃത്യമാണ്. വളച്ചൊടിക്കലൊന്നുമില്ല, ആരെയും വേദനിപ്പിക്കുന്നില്ല. എന്നാൽ സ്വന്തം ശരീരത്തിന്റെ അതിർവരമ്പുകളെ വ്യക്തമായി സ്ഥാപിക്കുന്നുമുണ്ട്. 

ADVERTISEMENT

തനിക്ക് അനുയോജ്യമായത് എന്തെന്നും അല്ലാത്തതെന്തെന്നും തിരിച്ചറിയാനുള്ള പാടവമാണ് അതിർവരമ്പുകൾ മനസ്സിലാക്കുന്നതിലൂടെ കുട്ടിക്കു കൈവരുന്നത്. പണ്ടു വീട്ടിൽ അതിഥികൾ വരുമ്പോൾ ഇഷ്ടമല്ലെങ്കിൽ കൂടിയും അവർക്കു മുന്നിൽ പാട്ടുപാടാനും നൃത്തം ചെയ്യാനും നമ്മൾ നിർബന്ധിതരായിരുന്നു. പറയുന്ന കാര്യങ്ങൾ അതേപടി അനുസരിക്കുക, മുതിർന്നവർ എന്തു ചെയ്താലും  അവരെ ബഹുമാനിക്കുക എന്നൊക്കെയാണ് കുട്ടിയോടു സ്വതവേ പറയാറ്. എന്നാൽ ഇതു കുട്ടിക്കു കൊടുക്കുന്ന സന്ദേശം എന്താണ്? സ്വന്തം ക്ഷേമത്തിനും മുകളിലാണ് അതിഥികൾ എന്നാവും അത്. 

അതിഥികൾ പ്രാധാന്യമർഹിക്കുന്നവർ തന്നെ. എന്നാൽ പലപ്പോഴും വീടിനുള്ളിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം നടക്കാനുള്ള പ്രധാന കാരണവും മറ്റുള്ളവർക്ക് അമിതപ്രാധാന്യം കൊടുക്കുന്നതു തന്നെയാണ്. പേടി കൊണ്ടോ മറ്റുള്ളവരെ വിഷമിപ്പിക്കേണ്ട എന്നു കരുതിയോ സ്വന്തം അതിർവരമ്പുകൾ കുട്ടികൾ മറന്നു പോകുന്നു. അസ്വസ്ഥതകൾ ഉണ്ടായാലും കുട്ടി അവ ഒളിപ്പിക്കും. മിണ്ടാതെ സഹിക്കും.   

ADVERTISEMENT

പലപ്പോഴും കുട്ടികളുടെ ആശയവിനിമയ രീതിയും സ്വഭാവവും ഒക്കെ മുതിർന്നവരെ അനുകരിച്ചാണ് ആദ്യകാലത്തു രൂപപ്പെടുത്തുന്നത്. അവിടെയാണു ചോദ്യം വരുന്നത്. നമ്മൾ അതിർവരമ്പുകളെ പറ്റി പറയാൻ സജ്ജരാണോ? വണ്ണമുള്ള മത്സരാർഥിയെ പരിഹസിക്കുന്ന ജഡ്ജസ് ഉള്ള ടിവി പ്രോഗ്രാം കണ്ട് ഒപ്പം ചിരിച്ചാൽ, ബോഡി ഷെയ്മിങ് പ്രശ്നമല്ല എന്ന മോശം സന്ദേശമാണു നമ്മൾ കുട്ടിയിലേക്ക് എത്തിക്കുന്നത്. അതായതു ചിട്ടയോടെ പറഞ്ഞു പഠിപ്പിക്കുന്നതു മാത്രമല്ല പഠനം, അതല്ലാതെയുള്ള പല ചെയ്തികളിലൂടെ കുട്ടിയെ നമ്മൾ പലതും പഠിപ്പിക്കുന്നുണ്ട്. ചുറ്റുമുള്ളവരോട് എങ്ങനെ പ്രതികരിക്കുന്നു, എന്തു തരത്തിലുള്ള മാധ്യമ സമ്പർക്കമാണു വീട്ടിൽ ലഭ്യമാക്കുന്നത്, കുട്ടി കേൾക്കുന്ന ഫോൺ സംഭാഷണങ്ങൾ, വീട്ടിൽ വന്ന് നമ്മൾ പറയുന്ന ജോലിസ്ഥലത്തെ വിവരണങ്ങൾ തുടങ്ങി എല്ലാ കാര്യങ്ങളും കുട്ടിയെ സ്വാധീനിക്കും. 

അതിർവരമ്പുകൾ വയ്ക്കുന്നതു ‘വേട്ടക്കാരിൽ’ നിന്നുള്ള രക്ഷയ്ക്ക് വേണ്ടി മാത്രമല്ല. കുട്ടി വലുതാകുമ്പോൾ പങ്കാളിയുമായി കൃത്യമായ ലൈംഗിക അതിർവരമ്പു വയ്ക്കാനും അപകടകരമായ ലൈംഗിക രീതികളിലേക്കു പോകാതിരിക്കാനും മറ്റും അവർ പ്രാപ്തരാകും.  

ADVERTISEMENT

ലൈംഗികതയുടെ കാര്യത്തിൽ മാത്രമൊതുങ്ങുന്ന ഒന്നല്ല അതിർവരമ്പുകൾ. സാമ്പത്തിക അതിർവരമ്പുകൾ, വൈകാരിക അതിർവരമ്പുകൾ, ബന്ധങ്ങളിലെ അതിർവരമ്പുകൾ തുടങ്ങി പലതുമുണ്ട്. 

മറുത്തു പറയുന്നതു ‘ധിക്കാരമാണ്’ എന്നു മാത്രം പഠിച്ച മാതാപിതാക്കൾ കുട്ടിയെ പഠിപ്പിക്കും മുന്‍പേ പല കാര്യങ്ങൾ അ–പഠനം (അൺലേൺ) ചെയ്യേണ്ടതുണ്ട്. അസ്വസ്ഥതയുണ്ടാക്കുന്ന എന്തിനോടും ‘നോ’ പറയേണ്ടത് അവകാശമാണെന്നും അതു സ്വയം കാണിക്കുന്ന പ്രധാനമായ ബഹുമാനമാണെന്നും നമുക്കും പഠിക്കാം. 

The Power of Setting Boundaries:

Understanding personal boundaries empowers individuals to communicate their needs effectively and respectfully. This knowledge is crucial for children to recognize their own limits and for adults to foster healthy relationships built on mutual respect.

ADVERTISEMENT