കുട്ടി ഡ്രഗ് അഡിക്റ്റ് ആണെന്നു തിരിച്ചറിഞ്ഞാൽ എന്താണ് ആദ്യം ചെയ്യേണ്ടത്? എങ്ങനെ പരിഹരിക്കും? Preventing Drug Abuse in Children
Mail This Article
Q. ‘അച്ഛനും ഹൈസ്ക്കൂളിൽ പഠിക്കുന്ന മകനും ന്യൂ ഇയറിനു ബീയർ കുടിക്കുന്ന ഫോട്ടോ സ്റ്റാറ്റസ് ഇടുന്നു. വീടുകളിൽ അത്ര പരസ്യമായാണു മദ്യപാനം നടക്കുന്നത്. അതു തെറ്റല്ലെന്ന തോന്നൽ വരുന്നതോടെ ലഹരിയുടെ വാതിലിലാണു നിൽക്കുന്നത്. കുട്ടികൾ കാണുന്ന സിനിമകളിലും വെബ്സീരിസുകളിലും എല്ലാം മദ്യപാനം ആഘോഷമാകുകയാണ്. വീടുകളിൽ തന്നെ മാറ്റം വരേണ്ടേ?’
A. ചെറുപ്രായത്തിൽ ലഹരി വസ്തുക്കളുടെ ഉപയോഗം ഭാവിയിൽ ലഹരി അടിമത്തത്തിലേക്കു നയിക്കാൻ സാധ്യതയുണ്ടെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. ലഹരിവസ്തുക്കൾ ഉപയോഗിച്ചാലുണ്ടാകുന്ന ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചു മാതാപിതാക്കൾ കുട്ടികളോടു സംസാരിക്കണം. മദ്യം അടക്കമുള്ള ലഹരി വസ്തുക്കൾ തലച്ചോറിന്റെ പ്രവർത്തനത്തെ തകർത്തു മാനസികരോഗങ്ങൾക്കു കാരണമാകുന്നുവെന്ന അറിവു നൽകുക.
കാൻസറും കരൾരോഗവുമടക്കം ഒരുപാടു ശാരീരിക ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ച മരണത്തിന് ഇതു കാരണമാകുന്നു എന്നതും കുട്ടികളെ ബോധ്യപ്പെടുത്തണം. കൗമാരത്തിനു മുൻപു തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ചു വ്യക്തമായ ധാരണ ലഭിച്ചാൽ കുട്ടികൾ ലഹരി വസ്തുക്കളുടെ ഉപയോഗിത്തിലേക്കു പോകുന്നത് ഒരുപരിധിവരെ തടയാൻ സാധിക്കും.
കുട്ടികൾ വീട്ടിലുള്ള മുതിർന്ന വ്യക്തികളുടെ സ്വഭാവത്തെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. മുതിർന്ന വ്യക്തികളുടെ പെരുമാറ്റം അനുകരിക്കാനുള്ള പ്രവണത കുട്ടികളിൽ കൂടുതലായിരിക്കും. അതുകൊണ്ടാണു കുട്ടികളുടെ മുൻപിൽ വച്ചു മദ്യപിക്കുകയോ പുകവലിക്കുകയോ മറ്റു ലഹരിവസ്തുക്കൾ ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ല എന്നു പറയുന്നത്.
സഹപാഠികളായ ആരെങ്കിലും ലഹരി ഉപയോഗിച്ചതിനെക്കുറിച്ചു പറയുമ്പോൾ വഴക്കു പറഞ്ഞു ചർച്ച അവസാനിപ്പിക്കുക അല്ല വേണ്ടത്. അതു മൂലമുണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ചു പറയാനുള്ള അവസരമായി അത് ഉപയോഗപ്പെടുത്തി കുട്ടികളുടെ മനസ്സിൽ കൂടുതൽ വ്യക്തതയോടുകൂടി ലഹരി വസ്തുക്കൾക്കെതിരായിട്ടുള്ള മനോഭാവം ശക്തിപ്പെടുത്തുകയാണു രക്ഷിതാക്കൾ ചെയ്യേണ്ടത്.
Q. ‘കുട്ടി ഡ്രഗ് അഡിക്റ്റ് ആണെന്നു തിരിച്ചറിഞ്ഞാൽ എന്താണ് ആദ്യം ചെയ്യേണ്ടത്? എങ്ങനെയാണ് പ്രതികരിക്കേണ്ടത്? പല രക്ഷിതാക്കളുടെയും സംശയമാണി ത്. മക്കളുടെ ഭാവി ഇല്ലാതാകുമോ എന്ന പേടി. പക്ഷേ, ല ഹരിയിൽ നിന്ന് അവരെ എങ്ങനെ രക്ഷിക്കാനാകും എന്ന ആ ശങ്കയും. ഇതെങ്ങനെ പരിഹരിക്കും?’
A. ലഹരി ഉപയോഗിക്കുന്ന എല്ലാ കുട്ടികളെയും ഡ്രഗ് അഡിക്ട് എന്ന കാഴ്ചപ്പാടിലൂടെ വീക്ഷിക്കാതെ നമ്മുടെ കുട്ടികളെ എങ്ങനെ ആരോഗ്യപരമായ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാം എന്നാണ് ആദ്യം ചിന്തിക്കേണ്ടത്. കുട്ടി മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്നു സംശയം തോന്നിയാൽ മാതാപിതാക്കൾ സംയമനം പാലിക്കണം. അമിതമായ ഭയമോ ദേഷ്യമോ പ്രകടിപ്പിക്കാതെ ശാന്തമായി കുട്ടിയെ വിളിച്ചിരുത്തി സംഭാഷണത്തിൽ ഏർപ്പെടണം, സംശയത്തിന്റെ അടിസ്ഥാനത്തിൽ ഒരിക്കലും കുറ്റപ്പെടുത്തലുകൾ പാടില്ല.
ശാന്തമായി, കുട്ടിയുടെ ഭാവിയിൽ പ്രതീക്ഷയുണ്ടെന്നും കുട്ടിയുടെ മറ്റു ഗുണങ്ങളെയും കഴിവുകളെയും അംഗീകരിച്ചുകൊണ്ടുമാകണം സംഭാഷണം. ഇതെല്ലാം, ഒറ്റയടിക്ക് ഒരു ദിവസം കൊണ്ടു െചയ്തു തീർക്കാനാവണമെന്നില്ല. കുട്ടിയുടെ ദൈനംദിന കാര്യങ്ങളിലും മറ്റും ശ്രദ്ധ വേണം. കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെതിരെ രക്ഷിതാക്കളും അധ്യാപകരും ഒരുമിച്ചു നിന്നു മാനസിക ആരോഗ്യവിദഗ്ധരുടെയും മറ്റും സഹായത്തോടെ സുരക്ഷിതമായ ജീവിത രീതിയിലേക്ക് കുട്ടികളെ തിരിച്ചു കൊണ്ടുവരണം.
കുട്ടിക്കല്ല കുഴപ്പം, മറിച്ച് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന ശീലമാണ് കുഴപ്പം എന്ന രീതിയിൽ അതിനെ കാണാൻ ശ്രമിക്കണം. ഇതു വിദഗ്ധ ചികിത്സയിലൂടെ പരിഹരിക്കാൻ പറ്റുന്ന പ്രശ്നമാണ് എന്ന വിശ്വാസം രക്ഷിതാക്കൾക്കും വേണം. അതു കുട്ടികൾക്ക് പകർന്നു കൊടുക്കുകയും വേണം.
