‘ലൈംഗികത മാത്രമാണ് നിങ്ങളെ അടുപ്പിക്കുന്നതെങ്കിൽ ‘പ്രണയം’ സപ്ലി എഴുതി മടുക്കും’: ടീനേജ് മനസ്സ്, രക്ഷിതാക്കൾ അറിയാൻ The Conflicted Teenage Mind: Understanding Gen Z
Mail This Article
ആവേശം സിനിമയിലെ കരിങ്കാളിയല്ലേ പാട്ടിനൊത്ത് മാറുന്ന ഫഹദിന്റെ മുഖം പോലെയാണ് ടീനേജിന്റെ മനസ്സ്. ഒരു സൈഡിൽ നന്നായി ചിരിക്കും. പക്ഷേ അടുത്ത നിമിഷത്തിൽ കട്ടക്കലിപ്പ്.
പുതിയ പിള്ളേരെ ന്യൂ ജെൻ എന്നൊക്കെ വിളിച്ചാൽ ഒാൾഡ് ഫാഷനായി പോവും. അവർ സ്വയം വിളിക്കുന്നത് ജെൻ സി (Gen Z) എന്നാണ്. വീട്ടിൽ നിന്ന് ഇറങ്ങുകയും ചെയ്തു സ്റ്റാന്റിൽ ഒട്ട് എത്തിയിട്ടുമില്ല എന്ന പ്രായം അതായതു കൗമാരത്തിന്റെ പടി കടക്കുകയും ചെയ്തു എന്നാൽ സ്വന്തമായി ജോലി കിട്ടി സെറ്റിൽ ചെയ്തിട്ടും ഇല്ല. ആ പരുവത്തിലാണു മനസ്സ് ഇങ്ങനെ തെന്നിത്തെറിച്ചു പോവുന്നത്.
ഉള്ളിന്റെ ഉള്ളിൽ പ്രേമലു നായകനെ പോലെ പൈങ്കിളി മാൻ ആയിരിക്കും. പക്ഷേ, തുറന്നു പറഞ്ഞാൽ ക്രിഞ്ചായി പോയാലോ?. അതുകൊണ്ട് രംഗണ്ണനെ പോലെ ‘ഡാ മോനേ’ എന്നൊക്കെ വിളിച്ചു നടക്കാൻ നോക്കും. അവരെ പറഞ്ഞിട്ടു കാര്യമില്ല. വീട്ടിലുള്ളവരും സമൂഹവും അവരുടെ തലയിൽ എടുത്തു വയ്ക്കുന്ന ഭാരം വലുതാണ്.
എന്തൊക്കെ കൺഫ്യൂഷൻസാണ് കലങ്ങി മറിയുന്നത്. നേരം വെളുക്കുമ്പോൾ മുതൽ മനസ്സിലെ ടാർഗറ്റ് പിടിക്കാൻ പറ്റാത്ത പ്രഷർ ഉണ്ട്. നേരത്തെ എഴുന്നേറ്റ് ജിമ്മിൽ പോകാനൊക്കെ വിചാരിക്കുന്നവരുണ്ടാകും. പക്ഷേ, മൊബൈൽ അണഞ്ഞതു പാതിരാവിലാവും. സപ്ലിയാണെങ്കിൽ മ്യൂട്ടടിച്ചിട്ടിരിക്കുന്ന ഫാമിലി ഗ്രൂപ്പിലെ അൺറീഡ് മെസേജുകൾ പോലെ ദിവസം കഴിയും തോറും കൂടിക്കൊണ്ടിരിക്കുകയാണ്. പഠിക്കാമെന്നു വച്ചു പുസ്തകമെടുത്താൽ അറിയാതെ ഇൻസ്റ്റയൊന്നെടുക്കും. അതോടെ മണിക്കൂർ കുറേ പോകും. അവസാനം പരീക്ഷയുടെ റിസൽറ്റ് വരുമ്പോൾ ജീവി തം ജഗതി പണ്ട് പാടിയ പോലെ ‘ഒാട്ടപാത്രത്തിൽ ഞ ണ്ടു വീണാൽ ലൊട ലൊട ലൊടലാ’....
പ്രായത്തിന്റെ ആണെടോ, ഭേദമാകും എന്നൊക്കെ ഉപദേശിക്കാൻ ചെന്നാൽ പിള്ളേരു നമ്മളെ ഒരുമാതിരി വാട്സാപ് കേശവൻമാമനാക്കും. കൗമാരത്തിന് ഉപദേശം കാള ചുവപ്പു കണ്ട പോലെയാണ്. അതുകൊണ്ടു ത ലയിൽ വെളിച്ചമുള്ള മാതാപിതാക്കൾ ചീത്തവിളിയുടെ ബോംബെറിഞ്ഞു രംഗം വഷളാക്കില്ല. ക്ഷമിച്ചും സഹിച്ചും മുന്നോട്ടു പോകും. പക്ഷേ, ഒരു പരിധികഴിഞ്ഞാൽ പിന്നെ ഏതു വീടും ഡബ്ല്യൂ ഡബ്ല്യൂ ഇ പ്ലാറ്റ്ഫോം പോലെയാകും, അടി അലക്ക് അലറൽ....
ആ അവസ്ഥ ഉണ്ടാവാതിരിക്കാന്‍ പിള്ളേരുടെ മനസ്സിലെ മല്ലുമിനാട്ടികളും അതിനെ നേരിടാൻ രക്ഷിതാക്കൾ സ്വീകരിക്കേണ്ട റിയാലിറ്റികളും ഇതാ...
ബെസ്റ്റി V/S ലവർ
‘‘പണ്ട് സ്കൂളിലും കോളജിലും പഠിക്കുന്ന കാലത്ത് ആൺകുട്ടിയും പെൺകുട്ടിയും ഒന്നിച്ചു നിന്നു മിണ്ടിയാൽ ആകാശം ഇടിഞ്ഞുവീഴും എന്നാണു കരുതിയിരുന്നത്. വീട്ടിലേക്കു വരുന്ന കത്തു പോലും അച്ഛനും അമ്മയും പൊട്ടിച്ചു വായിച്ചിട്ടേ തരൂ. നിനക്കൊക്കെ ഇപ്പോ ഒരു കയ്യിൽ ബെസ്റ്റി മറ്റേ കൈയിൽ കാമുകിയും..’’ പുതിയ പിള്ളേരെ നോക്കി നര വീണ വൈബിന്റെ ആത്മഗതം. പക്ഷേ, അവർക്കറിയാം കഷ്ടപ്പാട്. ഇതു പൊടിക്ക് ഒന്നങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ...
Gen Z അറിയാൻ: ബെസ്റ്റി എന്നാൽ ആത്മാർഥ സുഹൃത്ത്. ലവർ– കാമുകൻ\ കാമുകി . ആ വേർതിരിവ് മനസ്സിൽ വേണം. ബെസ്റ്റിക്കു നമ്മളോട് ഇഷ്ടമായിരിക്കും. പൂർണ വിശ്വാസമായിരിക്കും. താൽപര്യങ്ങള്‍ പരസ്പരം സമ്മതിച്ചു കൊണ്ടു നമുക്കു വേണ്ട സഹായങ്ങൾ ബെസ്റ്റി നൽകും. ഈ ബന്ധത്തിൽ പൊസസീവ്നസ് പാടില്ല.
പ്രണയത്തിൽ നാലു ഘടകങ്ങളാണുള്ളത്.
∙ ആത്മബന്ധം (ഇന്റിമസി) – പ്രണയിച്ചു തുടങ്ങുമ്പോൾ ഇഷ്ടപ്പെട്ട വ്യക്തിയുടെ താൽപര്യം കൂടി സംരക്ഷിച്ചു തുടങ്ങുന്നു.
∙ജനാധിപത്യം (ഡെമോക്രസി) – അഭിപ്രായവും അഭിപ്രായ വ്യത്യാസവും ശ്രദ്ധിക്കപ്പെടുന്നുണ്ട്, പരിഗണിക്കുന്നുണ്ട് എന്ന ഉറപ്പ്.
∙ശാരീരിക ആകർഷണം (പാഷൻ)– പ്രണയത്തിൽ ശരീരത്തോടുള്ള ഇഷ്ടവും ലൈംഗിക ആസക്തിയും വരാം.
∙പ്രതിബദ്ധത (കമ്മിറ്റ്മെന്റ്) – പ്രണയം മുന്നോട്ടു പോകുമ്പോൾ പലരെയും പരിചയപ്പെടും. സൗന്ദര്യത്തിൽ ഭ്രമം തോന്നും. അത് പ്രണയത്തെ ബാധിക്കരുത്.
ഇതിൽ അവസാന രണ്ടു ഘടകങ്ങൾ ബെസ്റ്റിയിൽ കാണാനാകില്ല. ആ ഘട്ടം കൂടി ബെസ്റ്റിയിലേക്കു വരുമ്പോഴാണ് അതിർവരമ്പുകൾ ഇല്ലാതാകുക.
െബസ്റ്റി വഴിവിട്ടു പോകുന്നെന്ന് എങ്ങനെ തിരിച്ചറിയാം? കാണാതിരുന്നാൽ ആകെ അസ്വസ്ഥത. ബെസ്റ്റി മറ്റാരോടെങ്കിലും കൂടുതൽ സംസാരിച്ചു തുടങ്ങിയാൽ പൊസസീവ്നെസ് തുടങ്ങുന്നു. ഈ ലക്ഷണങ്ങൾ മൊത്തത്തിൽ സീൻ ആകാനാണ് സാധ്യത. അതുകൊണ്ട് ആ ജംങ്ഷനെത്തുമ്പോൾ രണ്ടിലൊന്നു തീരുമാനിക്കുക.
മാതാപിതാക്കളോട്: ‘ബെസ്റ്റി’ പരസ്പരം സഹായിക്കാനും സഹകരിക്കാനും നല്ലതാണ്. പക്ഷേ, അവരുടെ അസാന്നിധ്യം കുട്ടിയെ അസ്വസ്ഥമാക്കുന്നുവെങ്കിൽ ബെസ്റ്റി എന്ന പരിധി കടന്നു എന്നാണ് അതിന്റെ അർഥം.
കൗമാരത്തിൽ പ്രണയം തോന്നുന്നതു സ്വാഭാവികം. എ ന്നാൽ ലോകം ആ വ്യക്തിയിലേക്കു മാത്രം ഒതുങ്ങുന്നതു വൈകാരികമായ അടിമത്തമാണ്. മറ്റാരോടും സംസാരിക്കേണ്ട, സന്തോഷം ആ ഒരാൾ മാത്രമേ നല്‍കൂ തുടങ്ങിയ ചിന്തകൾ ഇതിന്റെ ഭാഗമാണ്. അത് അനാരോഗ്യകരമാണ്. ആ അവസ്ഥയിലേക്കു പോകാതെ കുട്ടിയെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണ്.
കുക്കിങ് V/S ഓൺലൈൻ ഫൂഡ്
തള്ളിമറിക്കാൻ എളുപ്പമാണ്. ജങ്ക് ഫൂഡ് ഇനി കഴിക്കില്ല, പോക്കറ്റ് മണി ലാഭിക്കും... പക്ഷേ, അറിയാതെ പീത്‌സ ഒാർഡറാക്കും. ഈ കൺഫ്യൂഷൻ ഹോസ്റ്റലിലും പേ ഇൻ ഗെസ്റ്റും ആയി നിൽക്കുമ്പോഴാണു കടുകു വറക്കുക. എന്തെങ്കിലും കുക്ക് ചെയ്ത് കഴിക്കാം എന്നു തോന്നുമ്പോൾ മനസ്സറിഞ്ഞ പോലെ സൊമാറ്റോയും സ്വിഗിയുമൊക്കെ മെസേജ് അയക്കും– ബർഗർ വേണോ ബർഗർ.... പിന്നെന്ത് നോക്കാൻ?
Gen Z അറിയാൻ: പാചകം ലിംഗ ഭേദമെന്യേ എല്ലാ കുട്ടികളും പരിശീലിക്കേണ്ട കാര്യമാണ്. വിദേശരാജ്യത്തു പഠനത്തിനും ജോലിക്കും ഒക്കെ പോകാൻ ആഗ്രഹിക്കുന്നവർ പ്രത്യേകിച്ചും. അവിടെ ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുക ഭക്ഷണം ഒാർഡർ ചെയ്യുക. ഇതൊക്കെ ചെലവേറിയ കാര്യമാണ്. വരുമാനത്തിന്റെ സിംഹഭാഗവും പോകും.
സാമ്പത്തിക നഷ്ടം മാത്രമല്ല ജങ്ക് ഫൂഡ് വഴി അമിത വണ്ണവും ഫാറ്റിലിവറും ഒക്കെയുണ്ടാകാം. അതുകൊണ്ട് കഴിയുന്നത്ര ജങ്ക് ഫൂഡ് കഴിക്കുന്നതുനിയന്ത്രിക്കണം .
മാതാപിതാക്കളോട്: –കുക്കിങ് പെ ൺകുട്ടികളുടെ മാത്രം കാര്യമാണെന്ന ചിന്ത വീട്ടിൽ വളർത്തരുത്. കുട്ടിക്കാലത്തേ ആൺപെൺ വ്യത്യാസമില്ലാതെ മക്കളെ വീട്ടുജോലികളിലും പാചകത്തിലും സഹകരിപ്പിക്കണം.
ലൈംഗികത V/S കുറ്റബോധം
വിരൽത്തുമ്പുകളിലുണ്ടു ലൈംഗികതയിലേക്കുള്ള ഷോ ർട്ട് കട്ട്. സ്വാഭാവികമായുണ്ടാകുന്ന ലൈംഗികതയും വെർച്വൽ ലോകത്തു നിന്നു കിട്ടുന്ന അനുഭൂതികളും പിന്നീടുണ്ടാവുന്ന അനുഭവങ്ങളും പല രീതിയിൽ ബാധിക്കാം. ഇതൊന്നും വലിയ സംഭവമല്ലെന്നും സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും കരുതുന്നവരും ഉണ്ട്.
എന്നാൽ ചാടി വീണു കഴിഞ്ഞിട്ടാകും ചിലർക്കു കുറ്റബോധത്തിന്റെ വൈറസ് കയറുന്നത്. അതു പിന്നെ ‘സിസ്റ്റത്തെ’ തന്നെ തകർത്തു കളയും. ചിലരുടെ മനസ്സി ൽ ലൈംഗികതയും കുറ്റബോധവും വെളിച്ചവും നിഴലും പോ ലെ മാറി മാറി തെളിയും.
Gen Z അറിയാൻ: അരാജകത്വത്തിലേക്ക് യുവതലമുറ വീഴാതിരിക്കാൻ വിക്ടോറിയൻ കാലഘട്ടം മുതൽക്കേ ലൈംഗികതയെ പാപബോധവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കൗമാരപ്രായത്തിൽ ലൈംഗിക ആസക്തി സ്വാഭാവികമാണ്. ഹോർമോൺ വ്യതിയാനത്തിന് അനുസരിച്ച് ഇത്തരം ചിന്തകൾ കൗമാരമനസ്സുകളില്‍ ഉണർന്നേക്കാം. നിയമ ലംഘനത്തിന്റെ അവസ്ഥയിലേക്കു പോകാത്തിടത്തോളം അതു വ്യക്തിയുടെ സ്വകാര്യതയാണ്.
എന്നാൽ ശരീരം ഉണ്ടാക്കുന്ന ആകർഷണത്തെക്കാൾ ആരോഗ്യകരമായ ബന്ധങ്ങളാണ് നല്ലത്. കുറ്റബോധം ദീ ർഘനേരം മുന്നോട്ടു പോകുന്നത് ഒട്ടും ആരോഗ്യകരമല്ല. ഇത്തരം അവസ്ഥകൾ ഒറ്റയ്ക്ക് കൈകാര്യം ചെയ്യാനായില്ലെങ്കിൽ മാതാപിതാക്കളോടു പറയാം. അല്ലെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സേവനം തേടാം.
മാതാപിതാക്കളോട്: ലൈംഗിക ചിന്തകളും സ്വയംഭോഗവും ഒക്കെ കുട്ടിയുടെ മാനസിക വളർച്ചയുടെ ഭാഗമാണ്. എങ്ങനെ ആരോഗ്യമുള്ള ലൈംഗിക ജീവിതം നയിക്കണമെന്ന് തിരിച്ചറിയാനുള്ള മാർഗങ്ങൾ ഉണ്ടാക്കണം. അവരോട് തുറന്നു സംസാരിക്കാം. അതിനു കഴിയുന്നില്ലെങ്കിൽ വിവരങ്ങൾ അടങ്ങുന്ന പുസ്തകങ്ങൾ വാങ്ങിക്കൊടുക്കാം.
പലപ്പോഴും ഇന്റർനെറ്റിൽ നിന്നു വിവരങ്ങൾ അറിയാൻ കുട്ടി ശ്രമിക്കും. അബദ്ധവിവരങ്ങൾ കൊണ്ട് ആറാട്ടു നടത്തുന്ന സെറ്റുകളിൽ കയറിയേക്കാം. അതുകൊണ്ടുലൈംഗികാരോഗ്യ വിവരങ്ങൾ വിശ്വാസ്യതയുള്ള സൈറ്റുകളിൽ നിന്നു സ്വീകരിക്കണം എന്നു ബോധ്യപ്പെടുത്തുക.
പ്രണയം V/S പ്രണയച്ചാട്ടം
എറണാകുളത്തേക്ക് ടിക്കറ്റെടുത്ത് ആലുവയിൽ ഇറങ്ങുന്ന പരിപാടിയാണിത്. റീൽസു പോലും കാണാന്‍ ക്ഷമയില്ലാത്തവർ, സിനിമ ഫോർവേഡ് അടിച്ച് കാണുന്നവർ, നോർമൽ സ്പീഡ് ഇഷ്ടപ്പെടാത്തവർ പ്രണയത്തിലുടെ എങ്ങനെ സുരക്ഷിതമായി ഡ്രൈവ് ചെയ്യും?
സെറ്റായി വരുമ്പോഴേക്കുമുള്ള മടുപ്പ് , വർക്കൗട്ട് ആ കില്ലെന്നു കാണുമ്പോഴുള്ള ചാട്ടങ്ങൾ. അതുപിഴച്ചുള്ള വീഴ്ച... മക്കളേ പ്രണയം താമരശ്ശേരി ചുരമാണ്, താഴെപ്പോയാ ചെറിയ സ്പാനറുകൊണ്ടൊന്നും ശരിയാക്കാൻ പറ്റൂലെന്ന് ഒാൾഡ് െജൻ പറയുന്നത് ആരു കേൾക്കാൻ?
Gen Z അറിയാൻ: എല്ലാവർക്കും പ്രണയം ഉണ്ട്, എനിക്കും വേണം എന്ന മട്ടിലുള്ള ചിന്താഗതികൊണ്ടു പ്രണയത്തിലേക്കു ചാടരുത്. പരസ്പരം പൂർണമായി മനസ്സിലാക്കിയ ശേഷം തീരുമാനം എടുക്കുക. ലൈംഗികത മാത്രമാണ് അടുപ്പിക്കുന്നതെങ്കിൽ ‘പ്രണയം’ സപ്ലി എഴുതി മടുക്കും.
പ്രണയിക്കുന്ന വ്യക്തിയെക്കുറിച്ചു വ്യക്തമായ ധാരണ വേണം. പ്രതിസന്ധിഘട്ടത്തിൽ ഒപ്പമുണ്ടാകും എന്ന വിശ്വാസം വേണം. പ്രണയച്ചാട്ടം ഉണ്ടാകാതിരിക്കാൻ സ്വന്തം താൽപര്യങ്ങളെ മറികടന്ന് ഒന്നും അനുവദിച്ചു കൊടുക്കാതിരിക്കുക. പ്രണയച്ചാട്ടം പലപ്പോഴും ദുരന്തങ്ങളിലാണു കലാശിക്കുന്നത്. പരസ്പരം വേദനിപ്പിക്കുന്ന ഇത്തരം ചാട്ടങ്ങളിൽ നിന്നു മാറി നിൽക്കുക
മാതാപിതാക്കളോട്: കൗമാര പ്രണയം സ്വാഭാവികമാണ്. സംശയത്തിന്റെ ലെൻസ് വച്ചു മക്കളുടെ പിറകേ പോകുന്നതിനു പകരം പഠനകാലത്തെ ‘പ്രണയ ജീവിതത്തിൽ’ സംഭവിച്ചേക്കാവുന്ന പൊസിറ്റീവും നെഗറ്റീവുമായ കാര്യങ്ങളെക്കുറിച്ചു പറഞ്ഞുകൊടുക്കുക. സപ്പോർട്ട് ആകുന്ന സൗഹൃദങ്ങൾ നല്ലതാണ്. എന്നാൽ പൊസസീവ്നെസ് വരുന്നതോടെ പൊസിറ്റീവ് ഭാവം നഷ്ടമായേക്കാം എന്നും പറയുക. ലൈംഗിക താൽപര്യങ്ങൾക്കു മാത്രമായുള്ള ബന്ധങ്ങളിൽ ചാടരുതെന്നും തുറന്നു പറയുക.
ലഹരി V/S ഭയം
സിനിമ തുടങ്ങുമ്പോൾ തന്നെ എഴുതി കാണിക്കും; പുകവലി ആരോഗ്യത്തിന് ഹാനികരം. എന്നാൽ തുടങ്ങി കഴിഞ്ഞു തീരുന്നതു വരെ നായകനും നായികയും വില്ലനും എന്നുവേണ്ട വരുന്നവരും പോകുന്നവരും വലിയോ വലി. കള്ളുകുടിയും ലഹരി ഉപയോഗവും വേറെ. ഒരു കാര്യമുണ്ട്; ഇതൊക്കെ വരുന്ന സീനുകളിൽ കുഞ്ഞുറുമ്പു വലുപ്പത്തിൽ എഴുതും‘ഇതൊക്കെ ഉപയോഗിക്കുന്നത് ഹാനികരം.’ ഇതു പോലെ തന്നെയാണ് ഈ കുട്ടികളുടെ മനസ്സും. പണിയാണെന്നറിയാം. പക്ഷേ സിഗരറ്റ് മുതൽ സിന്തറ്റിക് വരെയുള്ള െകണിയിൽ വീഴും. അടിമയാകും.
Gen Z അറിയാൻ: സ്വാതന്ത്ര്യം നേടാനും മുതിർന്നയാളായി മാറിയെന്ന് അറിയിക്കാനും ഉള്ള സഹജ സ്വഭാവം കൗമാരത്തിലുണ്ട്. അതാണു പലപ്പോഴും കൗമാരക്കാരെ ലഹരിയിലേക്ക് എത്തിക്കുന്നത്. ഉന്മേഷം കിട്ടും. ഏകാഗ്രത കൂടും എന്നൊക്കെ സഹപാഠികൾ പറയുന്നതോടെ ഉപയോഗിച്ചു നോക്കാം എന്നാകും.
ഏതു ലഹരിയും ഗുരുതര രോഗങ്ങളിലേക്കാണ് എത്തിക്കുന്നത്. ലഹരി ഉപയോഗിക്കുമ്പോൾ ലഭിക്കുമെന്നു പറയുന്ന മായാലോകം സത്യസന്ധമല്ല. ഉപയോഗിച്ചില്ലെങ്കിൽ സഹപാഠികൾ പരിഹസിക്കും കൂട്ടുകെട്ടിൽ നിന്നു പുറത്താകും എന്നുള്ളതെല്ലാം വെറും ധാരണകൾ മാത്രമാണ്. ആ പുറത്താകലുകൾ നിങ്ങളെ ആരോഗ്യമുള്ളവരാക്കി മാറ്റും, അതു നല്ലതേ വരുത്തൂ എന്നുറപ്പാണ്.
മാതാപിതാക്കളോട്: കുട്ടി ലഹരി ഉപയോഗിക്കുന്നു എ ന്നു തിരിച്ചറിഞ്ഞാൽ എടുത്തു ചാടിയുള്ള പ്രതികരണങ്ങൾ ഒഴിവാക്കുക. അവരുടെ നന്മയ്ക്കു വേണ്ടിയാണെന്ന മട്ടിൽ പോസിറ്റീവ് ആയി സംസാരിക്കുക.
കുട്ടിയുടെ ദൈനം ദിന കാര്യങ്ങളിൽ ശ്രദ്ധിക്കണം. സംശയത്തോടെ എപ്പോഴും പിന്നാലെ നടക്കണം എന്നല്ല അർഥം. കുട്ടി പെട്ടിരിക്കുന്ന സംഘത്തെ കണ്ടെത്താൻ അധ്യാപകരുടെയും പൊലീസിന്റെയും സഹായം തേടാം.
ഭക്തി V/S ദൈവവിശ്വാസമില്ലായ്മ
കുടുംബ വാട്സാപ് ഗ്രൂപ്പിൽ നിറയെ പ്രാർഥനയും ഭക്തിയും നിറഞ്ഞു തുളുമ്പുന്നുണ്ടാവും. മുതിർന്നവർ ആരാധനാലയങ്ങളിൽ പോവാൻ നിർബന്ധിക്കുകയും ചെയ്യും. എന്നാൽ കൂട്ടുകാരുടെ ഗ്രൂപ്പുകളിൽ ദൈവവിശ്വാസമില്ലാത്തവരുടെ ആഘോഷമാണ്. ഏതു ഭാഗത്തു നിൽക്കണം എന്ന കാര്യത്തിൽ വലിയ സംശയം. പോരെങ്കിൽ എത്ര പ്രാർഥിച്ചിട്ടും ഒന്നും ശരിയാവുന്നില്ലെന്ന തോന്നലും.
Gen Z അറിയാൻ: പ്രാർഥനയുടെ മനഃശാസ്ത്രത്തെക്കുറിച്ച് ആദ്യം പറയാം. എത്ര നിരാശപ്പെട്ടിരിക്കുമ്പോഴും ചെയ്ത പ്രവൃത്തികളിൽ രക്ഷിതാക്കളും കൂട്ടുകാരും കുറ്റപ്പെടുത്തുമ്പോഴും ഈശ്വരനോടു പറഞ്ഞാൽ കിട്ടുന്ന ശാന്തി വലുതാണ്. കാരണം ഈശ്വരൻ നമ്മളെ കുറ്റപ്പെടുത്തില്ല. തള്ളിപ്പറയില്ല. നമ്മളെ നമ്മളായി തന്നെ അംഗീകരിച്ച് നമ്മുടെ എല്ലാ തെറ്റുകളും ഇറക്കിവയ്ക്കാനുള്ള ഇടമായി ഈശ്വരൻ മാറുന്നു. ആ പ്രക്രിയയാണ് പ്രാർഥന. അതുകൊണ്ട് പ്രാർഥന തീർച്ചയായും മാനസികമായ ആശ്വാസം നൽകുന്നുണ്ട്.
ഇതു പോലെ നിങ്ങൾക്ക് തുണയാകുന്ന എന്നും അഭയമാവുന്ന മനുഷ്യരുണ്ടോ? അവരോട് പ്രാർഥന പോലെ തുറന്നു പറയാനാവുന്നുണ്ടോ? വെളിച്ചമാവുന്നുണ്ടോ? ഇതു താരതമ്യം ചെയ്ത് സ്വയം ഉത്തരം കണ്ടെത്താം.
മാതാപിതാക്കളോട്: വിശ്വാസമായാലും വിശ്വാസമില്ലായ്മ ആയാലും കുട്ടികളിൽ നിർബന്ധപൂർവം വളർത്താൻ ശ്രമിക്കരുത്. നിങ്ങളുടെ വഴിയിലേക്കു കൊണ്ടുവരാൻ നിർബന്ധിക്കരുത്. പ്രാർഥന മനസ്സു ശാന്തമാകാൻ നല്ലതാണെന്നു ബോധ്യപ്പെടുത്തുക. അതുപോലെ തന്നെ മനുഷ്യരുടെ സ്നേഹത്തിലും സങ്കടപ്പെടുന്നവനെ ചേർത്തു പിടിക്കാനുള്ള കഴിവിലും ഉള്ള വിശ്വാസം വളർത്താം.
ഒരു വ്യക്തിക്കു മനുഷ്യനിൽ നിന്നാണോ ഈശ്വരനി ൽ നിന്നാണോ ശാന്തി ലഭിക്കുന്നതെന്നു തീരുമാനിക്കാനുള്ള അവകാശം അവർക്കു തന്നെ നൽകുക. അതിലേക്കുള്ള വെളിച്ചമായി മാത്രം നിൽക്കുക.
വിദേശ പഠനം V/S നാട്
നാടു വിടുക എന്നു പറഞ്ഞാൽ അർഥം വേറെയായിരുന്നു. ഇപ്പോള്‍ പ്ലസ് ടു കഴിയുമ്പോൾ തന്നെ വിദേശത്തു പോയി പഠിക്കാനായി ആക്സിലേറ്റർ കൊടുത്തു നിൽക്കുകയാണ്. ആ സ്വപ്നത്തിന്റെ ഭാരം രക്ഷിതാക്കൾക്കാണു കാറിനും വീടിനും ലോണുണ്ട്. ഇനി വിദേശ പഠനത്തിന്റെ ലോൺ കൂടിയായാൽ....
Gen Z അറിയാൻ: വിദേശത്തു ലഭിക്കുന്ന സ്വാതന്ത്ര്യവും അവിടുത്തെ ജീവിത ശൈലിയും സംസ്കാരവുമൊക്കെ അങ്ങോട്ടു പോകാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. സ്വാതന്ത്ര്യം ഉണ്ടെന്നതു ശരിയാണ്. പക്ഷേ, ആ രാജ്യങ്ങളിൽ കർശനമായ നിയമങ്ങളും ഉണ്ട്. ആ നിയമങ്ങൾ ഭാരമായി തോന്നരുത്. പാർട് ടൈം ജോലി ചെയ്ത് പണമുണ്ടാക്കിയാണ് പല കുട്ടികളും പഠിക്കുന്നത്. അതിനുള്ള മനസ്സും വേണം. ഒപ്പമുള്ളവർ പോകുന്നതുകൊണ്ടുമാത്രം വിദേശത്തു പഠിക്കാം എന്ന തീരുമാനം എടുക്കരുത്.
മാതാപിതാക്കളോട്: ലോൺ എടുത്തു തലയിൽ വച്ചാൽ താങ്ങാനാകുമോ? തിരഞ്ഞെടുക്കുന്ന രാജ്യത്തിന്റെ അവസ്ഥ എന്താണ്? പെട്ടെന്നുണ്ടാകുന്ന സാഹചര്യങ്ങളിൽ ലോൺ ഭാരമായി മാറുമോ? കുട്ടികളുടെ സ്വപ്നങ്ങൾക്ക് ഒപ്പം നില്‍ക്കും മുൻപ് ഇതിന് ഉത്തരങ്ങൾ തേടുക. അഥവാ ലോൺ അടയ്ക്കാനായില്ലെങ്കിൽ പ്ലാൻ ബി കൂടി മനസ്സിലുണ്ടാകണം.
കുർത്ത V/S ക്രോപ്ടോപ്പ്
സംഘർഷ സാധ്യത ഏറിയ ഇടമാണ് ഷോപ്പിങ്. കുട്ടിക്ക് ഇഷ്ടം ട്രെൻഡിങ് ഒൗട്ട് ഫിറ്റുകൾ. പക്ഷേ, വീട്ടിലോ? ഇറക്കം കുറയും തോറും .പ്രായമായവരുടെ നെഞ്ചിടിപ്പു കൂടും. ‘ഞാൻ എന്തു ധരിക്കണം എന്നത് ആരുടെ തീരുമാനമാണ്?’ അവർ ചോദിക്കുന്നു.
Gen Z അറിയാൻ: ക്യാംപസുകളിലും മറ്റുമുള്ള ഡ്രസ്കോഡുകൾ കുട്ടികളെ അസ്വസ്ഥരാക്കാറുണ്ട്. അച്ചടക്കത്തിന്റെ ഭാഗമായി അത് അംഗീകരിച്ചേ മതിയാകൂ. എന്നാൽ ക്യാംപസിനു പുറത്ത് എന്താണു ധരിക്കേണ്ടത് എന്നുള്ളത് അവരുടെ സ്വാതന്ത്ര്യമാണ്.
അതിൽ മറ്റുള്ളവരുടെ സ്വാധീനമോ നിർബന്ധമോ പാടില്ല. സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി ഇഷ്ടമല്ലാത്ത മോഡേൺ വസ്ത്രങ്ങൾ ധരിക്കുന്നവരുണ്ട്. അത് ആത്മവിശ്വാസത്തെ ഇല്ലാതാക്കും. അത്തരം നിർബന്ധങ്ങൾക്ക് ‘ഇതാണെനിക്ക് ഇഷ്ടം ഇതാണ് ആത്മവിശ്വാസം തരുന്നതെ’ന്നു പറയാനുള്ള സ്വഭാവ ദൃഢത മനസ്സിനുണ്ടാകണം.
മാതാപിതാക്കളോട്:എന്തു ധരിക്കണം എന്ന കാര്യത്തിൽ കുട്ടികളെ സമ്മർദത്തിലാക്കേണ്ട. എന്നാൽ വസ്ത്രധാരണത്തിൽ കുഴപ്പങ്ങൾ ഉണ്ടെങ്കിൽ കുട്ടിക്ക് അത് ഇണങ്ങുന്നില്ലെങ്കിൽ ചൂണ്ടിക്കാട്ടുക. വസ്ത്രമല്ല, നല്ല പെരുമാറ്റമാണു വ്യക്തിത്വത്തിന്റെ ലക്ഷണം എന്ന് അവരോടു സൂചിപ്പിക്കുക.
ഉഴപ്പ് V/S ജിം
ഉഴപ്പും ജിമ്മും പ്രഥമദൃഷ്ട്യാ അകൽച്ചയിലാണെങ്കിലും തമ്മിൽ ചില അന്തർധാരകളുമുണ്ട്. രാവിലെ ജിമ്മിൽ പോണം എന്നു കരുതും. പക്ഷേ, സീരീസ് വഴി ഇൻസ്റ്റയിലിറങ്ങി അവിടെ നിന്ന് ഗെയിമിലേക്കെത്തി കറങ്ങിത്തിരിഞ്ഞ് കിടക്കയിലേക്കെത്തുമ്പോൾ വെളുപ്പിനെയാകും. ജിമ്മിൽ പോകാന്‍ മടിക്കും. അടുത്ത ദിവസവും ഉഴപ്പ്, മടി... ഇതാണ് അകൽച്ച.
അന്തർധാര സജീവമാവുന്നത് എങ്ങനെയാണെന്നറിയാമോ? പഠിക്കാനുള്ള മടി കാരണം ഒാടുന്നത് ജിമ്മിലേക്കാണ്. രാവിലെയും വൈകീട്ടും പഠന ബോറടിയി ൽ നിന്നു രക്ഷപെടാൻ ജിമ്മിൽ അഭയം പ്രാപിക്കുന്നു. ഇത് രണ്ടും സീനാണ്.
Gen Z അറിയാൻ: ഉഴപ്പിന്റെ ഭാഗമായി ജിമ്മിൽ പോവുന്നത് അനാരോഗ്യകരമാണ്.ബോഡി ബിൽഡിങ്ങിലൂടെ സമൂഹ മാധ്യമങ്ങളിൽ പേരും പ്രശസ്തിയും കിട്ടുന്നവരുണ്ടാകാം. അവരെ പോലെ ആയാലോ എന്നോർത്ത് ജിമ്മിലേക്കുള്ള വാതിൽ തുറക്കേണ്ട. സ്വന്തം ആരോഗ്യത്തിനായി വർക്ക് ഒൗട്ട് ചെയ്യുന്നതാണു നല്ലത്.
വ്യായാമം ചെയ്യുന്നതു വഴി ഉന്മേഷവും ഏകാഗ്രതയും കൂടും തലച്ചോറിലെ ഡോപമിൻ വർധിക്കും. ഊർജ്ജസ്വലരാകും. പക്ഷേ, മറ്റൊരാളെ പോലെയാകാൻ ജിമ്മിൽ ചേരുന്നതു സ്വഭാവ അടിമത്തമാണ്.
മാതാപിതാക്കളോട്: എപ്പോഴും പഠിക്കാന്‍ പറഞ്ഞാൽ അവർക്ക് ഇഷ്ടപ്പെടണം എന്നില്ല. പകരം സമയ ക്രമീകരണം പറഞ്ഞു കൊടുക്കുക. അന്നന്ന് എടുക്കുന്ന പാഠഭാഗങ്ങൾ അന്നു തന്നെ തീർക്കാന്‍ പരിശീലിപ്പിക്കുക. ബാക്കിയുള്ള സമയം അവർക്ക് ഏതു രീതിയിലും ക്രമീകരിക്കാം.
മാന്യത V/S സോഷ്യൽ മീഡിയ കമന്റ്
ശ്വാസം കഴിഞ്ഞാൽ ജെൻ സിക്കു ജീവൻ നിലനിർത്താൻ വേണ്ടത് സോഷ്യൽ മീഡിയയാണ്. ഒരു ദിവസം നെറ്റ് ഒാഫ് ആയാൽ പിള്ളേര് മൊത്തം ഒാഫാകും എന്ന് വാട്സാപ് അമ്മാവന്മാർ കുശുകുശുത്താൽ തെറ്റു പറയാനാകില്ല. പലരും മാന്യരാണെങ്കിലും ചിലപ്പോൾ കമന്റുമായി കമാൻഡോ ഒാപ്പറേഷൻസ് നടത്തും. ചീത്തവിളിയുടെ ബോംബേറ്, റോക്കറ്റാക്രമണം... സ്വന്തം െഎഡിയിലാണ് ഇതൊക്കെ. ഇങ്ങനൊക്കെ പോസ്റ്റ് ചെയ്യണമോ എന്നു ചോദിച്ചാൽ അവർ തിരികെ ചോദിക്കും,അയിന്?
Gen Z അറിയാൻ: സോഷ്യൽ മീഡിയ ആത്മപ്രകാശനത്തിനുള്ള ഉപകരണമാണ്. കലാപരമായ കഴിവുക ൾ സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടാൻ ഉള്ള വഴി. അങ്ങനെ സെലിബ്രിറ്റികളാകുന്നു. പണം ലഭിക്കുന്നു. അപ്പോഴൊക്കെ ഒരു കാര്യം ഒാർക്കണം. ഇത് അയഥാർഥമായ ലോകം ആണ്. ലൈക്കുകൾക്കും ഷെയറുകൾക്കും അടിമപ്പെടരുത്. ആകാംക്ഷയുണ്ടാക്കരുത്.
ഒരുപാടു പേരുടെ ശ്രദ്ധാകേന്ദ്രമാകുമ്പോൾ സ്വാഭാവികമായും വിമർശനം ഉണ്ടാകും. പതറിപ്പോകരുത്. അതിജീവിക്കാനുള്ള വഴികൾ കണ്ടെത്തണം. സ്വയം മാന്യത പുലർത്താനും ശ്രദ്ധിക്കുക
മാതാപിതാക്കളോട്: റീൽസും മറ്റും എടുക്കുന്നതു കുട്ടികളുടെ ആത്മവിശ്വാസവും ആത്മാഭിമാനവും ഉയർത്താൻ സ ഹായിക്കും.
അതില്‍ നിന്നു കിട്ടുന്ന അഭിനന്ദനങ്ങള്‍ ആത്മവിശ്വാസം ഉ ണ്ടാക്കും. പക്ഷേ, സോഷ്യൽമീഡിയ മാത്രമാണു ലോകം എന്ന് ധരിക്കരുതെന്നും അതിൽ അടിമപ്പെടരുതെന്നും ബോധ്യപ്പെടുത്തുക.
Credits: ഡോ. അരുൺ ബി നായർ, പ്രൊഫസർ ഒാഫ് സൈക്യാട്രി മെഡിക്കൽ കോളജ്, തിരുവനന്തപുരം, ഒാണററി കൺസൽട്ടൻറ്, സൈക്യാട്രി, ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ് ആന്റ് ടെക്നോളജി
