ADVERTISEMENT

വിവാഹം കഴിഞ്ഞ ആദ്യ നാളുകളിലേ ജീവിതം ആസ്വദിക്കാനാകൂ എന്ന തെറ്റിധാരണ പല മനസ്സുകളിലും കയറിയിട്ടുണ്ടാകും. എന്നും ആസ്വദിക്കാവുന്ന ഒന്നാണു വിവാഹജീവിതം. അമ്മയായി കഴിയുമ്പോൾ ജീവിതത്തിന്റെ മറ്റൊരു സുന്ദരമായ അ ധ്യായം തുടങ്ങുകയാണ്.

∙ എപ്പോൾ അമ്മയാകണം എന്ന തീരുമാനം പങ്കാളികൾ ഒന്നിച്ചെടുക്കേണ്ടതാണ്. ഏകപക്ഷീയമാകരുത്. കുഞ്ഞു ജീവിതത്തിലേക്കു വരുമ്പോൾ ശരീരം പോലെ തന്നെ മനസ്സിനെയും ഒരുക്കണം.

ADVERTISEMENT

∙ അതുവരെയുള്ള ജീവിതത്തിൽ നിന്നുള്ള മാറ്റമാണ് ഇനി. ഉത്തരവാദിത്തങ്ങൾ  പങ്കുവയ്ക്കണം. ആദ്യ ഒൻപതു മാസം പല തരത്തിലുള്ള ആരോഗ്യ മാനസിക വ്യതിയാനങ്ങളിലൂടെ യാത്ര ചെയ്യേണ്ടി വരും. അമ്മയാകാൻ‌ ഒരുങ്ങുന്നതു സ്ത്രീയാണെങ്കിലും തുല്യ പങ്കാളിത്തം തുടക്കം മുതൽക്കേ ഉണ്ടാകണമെന്നു പങ്കാളിയെ പറഞ്ഞു മനസ്സിലാക്കുക.   

∙ ഗർഭകാലത്തു മനസ്സിനെ സംഘർഷഭരിതമാക്കരുത്. പാട്ടുകൾ ആസ്വദിക്കുക, മനസ്സിനു സന്തോഷമുണ്ടാക്കുന്ന കാര്യങ്ങൾ‌ ചെയ്യുക. പങ്കാളിയുടെ പിന്തുണ ലഭിക്കാത്തപ്പോൾ കുറ്റപ്പെടുത്താത്ത രീതിയിൽ ആശങ്ക പങ്കുവയ്ക്കാവുന്നതാണ്. ആ പിന്തുണ കിട്ടുമ്പോൾ ഉണ്ടാകുന്ന സന്തോഷം പ്രകടിപ്പിക്കുക.

ADVERTISEMENT

∙ ഗർഭിണിയാകുമ്പോൾ മുതൽ കുഞ്ഞു വളർന്നു വരു ന്നതു വരെയുള്ള കാലത്തെ വൈകാരിക മാറ്റങ്ങള്‍ തിരിച്ചറിയണം. അതു നേരിടാൻ മനസ്സ് ഒരുക്കുക.

∙ വിഷാദം പിടികൂടിക്കഴിഞ്ഞാൽ അതിനെ നേരിടാനുള്ള വഴികൾ തിരയണം. ആശങ്കകളിൽ നിന്നും സങ്കടങ്ങളിൽ നിന്നും മാറി നിൽക്കാൻ നമ്മളെത്തന്നെ എൻഗേജ്ഡ് ആക്കുക. ഹോബികൾ,വായന എന്നിവയിലേക്കൊക്കെ മനസ്സിനെ മാറ്റുക.

ADVERTISEMENT

∙ ഹോർമോൺ വ്യതിയാനങ്ങൾ ഉൾപ്പെടെയുള്ള കാരണങ്ങളാണു പൊട്ടിത്തെറിക്കു പിന്നിലെന്നു തിരിച്ചറിയണം. സന്തോഷം തിരികെ പിടിക്കാൻ പങ്കാളികൾ ഒന്നിച്ചു ശ്രമിക്കണം. ഒന്നിച്ചു നേരിടാൻ ആയില്ലെങ്കിൽ  മാനസികാരോഗ്യ വിദഗ്ധന്റെ സേവനം തേടാൻ മടിക്കേണ്ട.

∙ മെറ്റേണിറ്റി ലീവ് വരെയുള്ള കാലഘട്ടം പല ബുദ്ധിമുട്ടുകളുടെതുമാണ്. ക്ഷീണവും ഛർദിയും ഒക്കെയുണ്ടായേക്കാം. അതൊക്കെ കൈകാര്യം ചെയ്യാൻ പഠിക്കണം. അതു നേരിടാനുള്ള മനസ്സുറപ്പും തയാറെടുപ്പും വേണം.

∙ ചില സ്ത്രീകൾക്കു വലിയ വയറുമായി നടക്കുന്നത് കോംപ്ലക്സ് ഉണ്ടാക്കിയേക്കാം. പക്ഷേ, ഞാൻ അമ്മയാകാൻ പോകുന്നു എന്ന ആത്മാഭിമാനത്തെ ഉണർത്തുക. രൂപത്തെക്കുറിച്ചൊന്നും ഒാർക്കേണ്ട സമയം അല്ല ഇത്.

∙ ഗർഭകാലത്തു ലൈംഗിക ബന്ധത്തിൽ താൽപര്യമില്ലെങ്കിൽ പങ്കാളിയോട് അതു തുറന്നു പറയുക.

കുഞ്ഞു പിറന്നാൽ

∙ കുഞ്ഞുങ്ങൾക്കു പല രീതിയിലുള്ള അസുഖങ്ങൾ വരാം. അതിൽ അമിതമായി ടെൻഷന്റെ ആവശ്യം ഇല്ല. ‘മാതൃഹൃദയം’ വല്ലാതെ വേവലാതി പിടിച്ച് മറ്റുള്ളവരെ കൂടി പേടിപ്പിക്കാതിരിക്കാം. എ ന്നാൽ ഗൗരവമുള്ള കാര്യങ്ങൾ തിരിച്ചറിയുകയും വേണം.

∙ പ്രാഥമിക ശുശ്രൂഷകളെക്കുറിച്ച് അറിയുക  ജലദോഷപ്പനിക്കും മറ്റുമുള്ള പൊടിക്കൈകൾ അമ്മമാരിൽ നിന്നു ചോദിച്ചു  വയ്ക്കുക.

∙ പെട്ടെന്നുണ്ടാകുന്ന സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള മനസാന്നിധ്യം ഉണ്ടാക്കുക. ഉദാ: പനി കൂടി കുഞ്ഞിന് അപസ്മാരം വരുന്നു, തലയിടിച്ചു വീണു മൂക്കിൽ നിന്നു ചോരവരുന്നു. ഇത്തരം സാഹചര്യങ്ങളിൽ  തളര്‍ന്നു പോകാതെ എത്രയും പെട്ടെന്നു കുഞ്ഞിനെ ആ ശുപത്രിയിൽ എത്തിക്കാനുള്ള വഴികൾ തേടുക.

∙ ന്യൂക്ലിയർ ഫാമിലിയിൽ എപ്പോഴും ഭർത്താവ് അടുത്തുണ്ടാകണമെന്നില്ല. പെട്ടെന്നു സഹായത്തിനാവശ്യമായ മൊബൈൽ നമ്പറുകൾ സേവ് െചയ്തു വയ്ക്കുക.

∙ പുതിയ കാലത്ത് അമ്മമാർ പെൺകുട്ടികളെ ആദരവോടെ കാണാൻ ആൺകുട്ടികളെ പഠിപ്പിക്കണം.

∙ നീ പെൺകുട്ടിയാണ്. അടങ്ങിയൊതുങ്ങി ജീവിക്കണം എന്നൊക്കെയുള്ള മുത്തശ്ശി പറച്ചിലുകളെ അമ്മമാർ തിരുത്തികൊടുക്കണം. മുത്തശ്ശിമാരെ സങ്കടപ്പെടുത്തണമെന്നില്ല. നീ  ഒന്നാമതു തന്നെയാണ് എന്നു മകളോടു പറയുക.  ആൺകുട്ടികളും പെൺകുട്ടികളും തുല്യരാണെന്ന ബോധം അവരിൽ ഉണ്ടാക്കുക.  

∙ ആൺകുട്ടികളെയും പാചകം പഠിപ്പിക്കുക. വീട്ടുജോലിക്ക് ആൺപെൺ വ്യത്യാസമില്ലെന്നു പറഞ്ഞുകൊടുക്കുക.

∙ കുട്ടികൾക്ക് എല്ലാ കാര്യവും ചെയ്തുകൊടുക്കുന്ന അമ്മമാർ ആകരുത്. പ്രായത്തിനു ചേർന്ന കാര്യങ്ങൾ അവർ സ്വയം ചെയ്യട്ടെ.

 ∙ ഭർത്താവിന്റെ മദ്യപാനം കുടുംബത്തിനെ പല രീതിയിൽ ബാധിക്കാം. അതിൽ ഏറ്റവും മുറിവുണ്ടാക്കുന്നതു കുഞ്ഞുങ്ങളുടെ മുന്നിൽ വച്ചുണ്ടാവുന്ന മോശം പെരുമാറ്റമാണ്. ഉപദ്രവവും ചീത്തവിളിയുമെല്ലാം കുഞ്ഞുമനസ്സിൽ വലിയ മുറിപ്പാടുണ്ടാക്കും എന്നു തിരിച്ചറിയണം.   

∙ ബുദ്ധികൊണ്ടും വിവേകം കൊണ്ടും ഭർത്താവിന്റെ മദ്യപാനാസക്തിയെ നേരിടണം. പൊട്ടിത്തെറിക്കുകയോ  എല്ലാ ഉപദ്രവങ്ങളും സഹിച്ചിരിക്കുകയോ ചെയ്യരുത്. ശാസ്ത്രീയമായ ചികിത്സാരീതിയിലേക്കു ബുദ്ധിപൂർവം ഭർ‌ത്താവിനെ ജീവിതത്തിലേക്ക് എത്തിക്കുക.

അവളെ ശരിയായി അറിയൂ

∙ അമ്മയാകുക എന്നാൽ സ്ത്രീകൾക്ക് ഏകപക്ഷീയമായ കാര്യമാണെന്ന തെറ്റിദ്ധാരണ ചില മനസ്സുകളിലെങ്കിലും ഉണ്ടാകും. ഭർത്താവ് ഗർഭിണിയാക്കുന്നു, ഭാര്യ പ്രസവിക്കുന്നു ആ ചിന്താഗതി മാറി കഴിഞ്ഞു. എപ്പോൾ കുഞ്ഞുവേണം എന്ന കാര്യത്തിൽ പോലും തീരുമാനമെടുക്കാനുള്ള അവകാശം സ്ത്രീകൾക്കുണ്ടെന്നു തിരിച്ചറിയുക.

∙ കുഞ്ഞുണ്ടായി കഴിഞ്ഞുള്ള ആദ്യ ആറുമാസം അമ്മയ്ക്കു പലപ്പോഴും ഉറക്കം പോലും ഉണ്ടാവില്ല. അത്തരം അവസരങ്ങളിലൊക്കെ ‘ഞാനൊപ്പമുണ്ടെ’ന്ന ഉറപ്പു നൽകുക. വാക്കിലൂടെ മാത്രമല്ല പ്രവൃത്തിയിലൂടെയും അതു തെളിയിക്കുക.

∙ ഗർഭിണിയാകുന്നതു മുതൽ കുഞ്ഞിന് ഒരു വയസ്സാകുന്നതു വരയുള്ള  ഏതാണ്ട് എഴുന്നൂറോളം ദിവസം വീട്ടിലെ സൂപ്പർ സ്റ്റാർ അമ്മയാണ്. എല്ലാ മാനസിക ശാരീരിക സംഘർഷങ്ങളെയും മറികടക്കാൻ ഒപ്പം നിന്നാൽ മാത്രമേ കുഞ്ഞിന് ശരിയായ വളർച്ചയുണ്ടാകൂ.

∙ ഗര്‍ഭകാലം ജോലി  ചെയ്യുന്ന സ്ത്രീകൾക്ക് ഒരുപാടു പ്രതിസന്ധികൾ ഉണ്ടാക്കാം. സമൂഹം അതു തിരിച്ചറിഞ്ഞ് പരിഗണന നൽകണം. യാത്രയിൽ സീറ്റ് നൽകുന്നതു മുതൽ കാരുണ്യത്തോടെ പെരുമാറി മേലധികാരിക്കു വരെ പരിഗണന പ്രകടിപ്പിക്കാം.

കടപ്പാട്: ഡോ. സി.ജെ. ജോൺ, ചീഫ് സൈക്യാട്രിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, കൊച്ചി

Embracing Motherhood: A Journey of Preparation and Partnership:

Motherhood is a beautiful chapter that begins with pregnancy, requiring both physical and mental preparation. This journey involves embracing changes, sharing responsibilities with a partner, and actively managing emotional shifts throughout pregnancy and after childbirth, emphasizing shared partnership and seeking support when needed.

ADVERTISEMENT