ADVERTISEMENT

അക്ഷരങ്ങളോടു കൂട്ടുകൂടിത്തുടങ്ങുന്ന പ്രായത്തിൽ ചില കുട്ടികൾക്ക് എഴുതാനും വായിക്കാനും മടിയുണ്ടാകും. പഠനസംബന്ധമായ വെല്ലുവിളികളല്ല (ലേണി ങ് ഡിസ്എബിലിറ്റീസ്) കാരണമെങ്കിൽ ലളിതമായ ആക്ടിവിറ്റികളിലൂടെ കുട്ടികളിൽ എഴുതാനും വായിക്കാനുമുള്ള ഇഷ്ടം വളർത്താം. 

∙ ദിവസവും കുറച്ചുനേരം കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നുള്ള വായനയ്ക്കു സമയം കണ്ടെത്തുക. ഓരോ കുടുംബാംഗവും ഓരോ കഥാപുസ്തകം വായിച്ചു കേൾപ്പിക്കണം. മറ്റുള്ളവർ കേട്ടിരുന്ന് ആസ്വദിക്കട്ടെ. 

ADVERTISEMENT

∙ ഗോതമ്പുമാവോ പ്ലേ ക്ലേയോ കൊണ്ട് അക്ഷരങ്ങളുണ്ടാക്കി കളിക്കാൻ അവസരം നൽകാം.

∙ കളിക്കുടുക്ക, മാജിക് പോട് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലെ ആക്റ്റിവിറ്റികള്‍ സ്ഥിരം െചയ്യാന്‍ പ്രോത്സാഹിപ്പിക്കുക. 

ADVERTISEMENT

∙ ബെർത്ഡേ  പാർട്ടിയൊരുക്കുമ്പോൾ കുട്ടിക്ക് ഇഷ്ടപ്പെട്ട പുസ്തകം തീം ആക്കി മാറ്റാം. കേക്കിലും അലങ്കാരങ്ങളിലുമെല്ലാം ഇഷ്ട കഥാപാത്രങ്ങൾ നിറയട്ടെ. 

∙ പ്രിയപ്പെട്ടവർക്കു വേണ്ടി ആശംസയെഴുതിയും ചിത്രം വരച്ചും ബെർത്ഡേ കാർഡ് ഉണ്ടാക്കാം.

ADVERTISEMENT

∙ കുട്ടിക്കൊപ്പമിരുന്നു വിഡിയോ കാണുമ്പോൾ ചാടിചാടി പല വിഡിയോസ് കാണാൻ അനുവദിക്കരുത്.‌ ഈ കഥ കണ്ടിട്ട് ബാക്കി എന്നു പറയാം. ഒരു കാര്യം ആരംഭിച്ച് അതു പൂർത്തിയാക്കണമെന്ന ‘കംപ്ലീഷൻ പാഠം’ പഠിക്കാനുള്ള ഏറ്റവും നല്ല വഴിയാണിത്. സ്കൂളിൽ പോയിത്തുടങ്ങുമ്പോൾ ക്ലാസ് വർക് എഴുതുമ്പോഴും ഇതു സഹായിക്കും.

∙ എന്നും 15 മിനിറ്റ് വായനയ്ക്കായി മാറ്റി വയ്ക്കാം. കുട്ടികൾക്കു താൽപര്യമുള്ളവയും അവരുടെ പ്രായത്തിനും യോജിച്ചവയും വായിക്കാൻ നൽകണം. വായിക്കാൻ താൽപര്യം കുറവുള്ള കുട്ടികൾക്ക് ഓഡിയോ ബുക്സ് നൽകാം.

∙ എളുപ്പത്തില്‍ വായിക്കാൻ കഴിയണം. മടുപ്പ് കാണിക്കുന്നുവെങ്കിൽ താഴ്ന്ന ക്ലാസുകളിലെ പുസ്തകങ്ങൾ നൽകാം. ഉദാഹരണം പറഞ്ഞാൽ ബാലരമ വായിക്കാൻ ബുദ്ധിമുട്ട് പറയുന്ന മൂന്നാം ക്ലാസ് വിദ്യാർഥിക്ക് കളിക്കുടുക്ക നൽകാം. വായനയിലൂടെ മെല്ലെ കുട്ടിയുടെ ഭാഷാശേഷി മെച്ചപ്പെടും.

∙ എഴുത്തിലേക്ക് കൈ വഴങ്ങാൻ ‘വഴി കാണിക്കാം.’ കഥാ പുസ്തകങ്ങളിലെ വഴി കണ്ടെത്തുമ്പോൾ വളഞ്ഞും തിരിഞ്ഞും പേനയോ പെൻസിലോ ഉപയോഗിക്കാൻ അവർ പഠിക്കും. ഒപ്പം എഴുത്തും സുഗമമാകും. കളറിങ് ബുക്കുകളുംനൽകാം.

∙ ഇംഗ്ലിഷ്, മലയാളം അക്ഷരം വച്ച് ചിത്രം പൂർത്തിയാക്കുക, അക്ഷരമാല ക്രമത്തിൽ ചിത്രം പൂർത്തിയാക്കുക തുടങ്ങിയ ആക്ടിവിറ്റികളും നല്ലതാണ്.

സ്ക്രീൻ ടൈം പ്രയോജനപ്പെടുത്താം

∙ രണ്ടു വയസ്സ് വരെ കുട്ടികൾക്ക് ഒരു സ്ക്രീനും വേണ്ട. ടിവി, മൊബൈൽ ഫോൺ, ടാബ്, ഐ പാഡ് എന്നിങ്ങനെയൊന്നും. രണ്ടു വയസ്സുവരെ നേരിട്ടുള്ള സംഭാഷണങ്ങളിലൂടെ കുട്ടിയെ പഠിപ്പിക്കാം. അതുകഴിഞ്ഞ് ഒരു മണിക്കൂറിൽ താഴെ സ്ക്രീൻ ടൈം നൽകാം. മൂന്നു വയസ്സിനു ശേഷം ദിവസം പരമാവധി ഒന്നര മണിക്കൂർ.

∙ ‘മീഡിയേറ്റ‍‍ഡ് സ്ക്രീൻ ടൈം’ നൽകാം. മാതാപിതാക്കൾ ഒപ്പമിരുന്ന് കാണുന്ന രീതി. വിഡിയോയിലെ കാഴ്ചകൾ ചർച്ച ചെയ്ത്, അതിലൂടെ കുട്ടികളെ ശ്രദ്ധ, ഭാഷ എന്നിവ പഠിപ്പിക്കാം. അതൊരു പഠനപ്രവർത്തനമാണെന്ന് രണ്ടുകൂട്ടർക്കും തോന്നുകയുമില്ല. കാർട്ടൂണിലെ കഥാപാത്രം വീഴുമ്പോൾ, അവൻ വീണല്ലേ, അവനു സങ്കടമായിക്കാണുമല്ലേ എന്നു പറയാം. വൈകാരികമായ മനസ്സിലാക്കൽ (Emotional learning) കൂടിയാണത്.

∙ പല ഭാഷകളിലുള്ള വിഡിയോ കാണാം. മലയാളത്തിൽ ഉള്ളതാണെങ്കിൽ ചില വാക്കുകളുടെ ഇംഗ്ലിഷ് പറയാം. അതേപോലെ തിരിച്ചും. എണ്ണം പഠിപ്പിക്കാനും സ്ക്രീൻ ടൈം ഉപകാരപ്പെടുത്താം. എത്ര കാർ പോയി? എത്ര കുരങ്ങൻ ഉണ്ട്? എന്നിങ്ങനെ വിഡിയോ കാഴ്ചകൾ കണക്കു പഠിക്കാൻ ഉപയോഗപ്രദമാക്കാം.

Activities to Boost Children's Literacy:

Encourage children to read and write through fun activities and parental involvement, even if they show initial reluctance. Limiting screen time and engaging in shared media experiences can also foster language and emotional development.

ADVERTISEMENT