ADVERTISEMENT

രണ്ടു വയസ്സിനോട് അടുപ്പിച്ചാണു കുട്ടികൾ വാശി കാണിച്ചു തുടങ്ങുന്നത്. എന്താണ് കാരണം എന്നറിയാൻ പോലും അറിയാൻ കഴിയാത്ത കരച്ചിൽ. പിന്നെ ഏങ്ങലടിച്ചു കൈയൊക്കെ ചുരുട്ടി പ്രതിഷേധം.  ഇഷ്ടപ്പെട്ടതു കിട്ടിയില്ലെങ്കിൽ  പിന്നെയും വാശി. ‘എന്തൊരു വാശിയാണ് കുഞ്ഞിന്’ എന്ന് എല്ലാവരും പറയുകയും ചെയ്യും. 

അസുഖങ്ങളോ മറ്റു കുഴപ്പങ്ങളോ ഇല്ലെങ്കിൽ ഈ വാശി തെറ്റല്ല.  കുഞ്ഞിന്റെ മാനസിക, ശാരീരിക വളർച്ച ശരിയായ രീതിയിലാണ് എന്നതിന്റെ  തെളിവാണത്.  കുട്ടി സ്വതന്ത്രനാണെന്ന് കാണിക്കുന്നതാണിത്.  കളിപ്പാട്ടം കൈ നീട്ടി എടുക്കാൻ നോക്കുന്നു, കിട്ടാത്തപ്പോൾ വാശി കാണിക്കുന്നു, അതു  ദേഷ്യമായി മാറുന്നു. നടക്കാൻ ശ്രമിക്കുന്നു. കൈ പിടിക്കുമ്പോൾ തട്ടിമാറ്റാൻ നോക്കുന്നു. ശബ്ദമുണ്ടാക്കുന്നു. ഇതൊക്കെയാണ് ആ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ലക്ഷണങ്ങൾ. 

ADVERTISEMENT

ഇതെല്ലാം കുട്ടികളുടെ മാനസിക ശാരീരിക വളർച്ചയുടെ തെളിവുകളാണ്. എന്നാൽ വാശിക്കപ്പുറമുള്ള ദേഷ്യവും അതിന്റെ വലിയ അളവിലുള്ള പ്രകടനങ്ങളും ശ്രദ്ധിക്കുക തന്നെ വേണം. ആറുവയസ്സിനുള്ളിൽ അമിതദേഷ്യത്തോടെയുള്ള പെരുമാറ്റങ്ങൾ കൂടുകയാണെങ്കിൽ അതു നിരീക്ഷിക്കണം. വാശി കൂടി കുട്ടി സ്വയം മുറിവേൽപ്പിക്കാൻ ശ്രമിക്കുന്നു, കളിപ്പാട്ടങ്ങൾ എറിഞ്ഞുടയ്ക്കുന്നു,  ക്ലാസ് മുറിയില്‍ മറ്റു കുട്ടികളെ ഉപദ്രവിക്കുന്നു. ഇതൊക്കെ കൂടുതലായി കാണുന്നെങ്കിൽ കുട്ടിയെ നിരീക്ഷിക്കണം.  

വാശി മാറ്റാൻ 5 വഴികൾ

ADVERTISEMENT

രണ്ടു മുതൽ നാലു വയസ്സു വരെയാണ് സാധാരണയായി കുട്ടികൾ വാശി കാണിക്കാറുള്ളത്.  5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ വാശിയുടെ അളവ് കുറയ്ക്കാം.

1. അവഗണിക്കുക 

ADVERTISEMENT

ഒക്കത്തിരിക്കുന്ന കുഞ്ഞ് അമ്മയെ നുള്ളുന്നു അടിക്കുന്നു. ഇത്തരം സാഹചര്യത്തിൽ കുഞ്ഞിനെ തിരിച്ച് അടിക്കുക,ആളുകൾക്കു മുന്നിൽ വച്ചു വഴക്കു പറയുക, തുടങ്ങിയ പ്രതികരണങ്ങൾ ഫലപ്രദമാവില്ല. 

കുഞ്ഞു ചെയ്യുന്നതു ശ്രദ്ധിക്കാതിരിക്കുക. നിങ്ങൾ മറ്റാരോടെങ്കിലും സംസാരിക്കുക, കുഞ്ഞിനെ ശ്രദ്ധിക്കുന്നേയില്ലെന്നു ബോധ്യപ്പെടുത്തുക. കുട്ടി അടുത്തുണ്ടെന്നുപോലും അറിയാത്ത രീതിയിൽ വേണം മറ്റൊരാളോടു സംസാരിക്കാൻ. കുറച്ചു കഴിയുമ്പോൾ തനിയെ ശാന്തമാകും. 

2. ഭയപ്പെടുത്തൽ

അല്‍പം വിരട്ടലാണ് അടുത്ത രീതി. പേപ്പർ ചുരുട്ടി നിലത്ത് അടിക്കുക. മുഖം ഗൗരവത്തിലാക്കി ശബ്ദമുണ്ടാക്കുക തുടങ്ങിയ വിരട്ടൽ മാർഗങ്ങൾ സ്വീകരിക്കാം. ദേഹോപദ്രവം വേണ്ട. കുട്ടി ചെയ്തതു മാതാപിതാക്കൾക്ക് ഇഷ്ടപ്പെട്ടില്ലെന്നതു  പ്രവൃത്തികളിലൂടെ മനസ്സിലാക്കിക്കൊടുക്കുക.  

3. സ്വയം വേദനിപ്പിച്ചാൽ 

കുഞ്ഞു സ്വയം വേദനിപ്പിച്ചാൽ ഉടൻ വാശിപിടിക്കാനുണ്ടായ കാര്യം സാധിച്ചു കൊടുക്കേണ്ട.  മേൽ പറഞ്ഞ രണ്ടു വഴികളും പരീക്ഷിക്കാം.  വിരട്ടൽ മാർഗമാകും കൂടുതൽ ഉചിതം. കുട്ടിക്കു പരിക്കേൽക്കും എന്ന സാഹചര്യം ഉണ്ടായാൽ വളരെ പെട്ടെന്ന്   ഇടപെട്ടു കുട്ടിെയ അവിടെ നിന്ന് മാറ്റണം. 

4. എന്തും സമ്മതിക്കണ്ട

വാശിപിടിച്ച് ചോദിക്കുന്ന എല്ലാ കാര്യവും സമ്മതിച്ചു കൊടുക്കുകയേണ്ട. അതു ശീലമാകും. അടുത്ത തവണ വാശി പിടിച്ചാൽ മാതാപിതാക്കൾ അനുവദിക്കും എന്നു കു‍ഞ്ഞിനറിയാം. അതുകൊണ്ടു വീണ്ടും വീണ്ടും വാശികാണിച്ചുകൊണ്ടിരിക്കും.  

5. എപ്പോൾ അനുവദിക്കണം

പ്രത്യേക സാഹചര്യത്തിലാണു വാശിപ്രകടനമെങ്കിൽ അനുവദിച്ചു കൊടുക്കാം. ഉദാഹരണത്തിനു പനി പിടിച്ചു കിടക്കുന്ന കുട്ടി ചെറിയ കാര്യങ്ങൾക്കും നിർബന്ധം പിടിക്കുന്നതു പനിയുടെ അസ്വസ്ഥതകൾ കൊണ്ടാണ്. അപ്പോൾ അനുതാപത്തോടെ മാത്രം ഇടപെടുന്നതാണു നല്ലത്. അതുപോലെകുഞ്ഞ് ഉറങ്ങുന്നതിനു മുൻപും വാശി കാണിക്കുന്നതു സ്വാഭാവികമാണ്. അതുകൊണ്ടു തന്നെ സാഹചര്യം തിരിച്ചറിഞ്ഞു വേണം  മാതാപിതാക്കളുടെ പ്രതികരണങ്ങൾ. 

വാശി നാണക്കേടല്ല

ആൾക്കൂട്ടത്തിനു നടുവിൽ വച്ച് അല്ലെങ്കിൽ ബന്ധുക്കൾക്ക് ഒപ്പമിരിക്കുമ്പോഴൊക്കെ കുട്ടികൾ വാശികാണിക്കുന്നതു പലപ്പോഴും വളർത്തുദോഷം എന്ന രീതിയിൽ ചിത്രീകരിക്കപ്പെടും. അതോടെ  രക്ഷിതാക്കൾക്കു കുഞ്ഞുങ്ങളുടെ വാശി നാണക്കേടായി തോന്നും. കുഞ്ഞിനോട് അമിതമായ ദേഷ്യം തോന്നും. ഈ ദേഷ്യം ഉള്ളിൽ വച്ച് കുട്ടിയോടു പെരുമാറരുത്. പകരം വാശി നിർത്താനുള്ള മാർഗങ്ങൾ തേടുകയാണ് വേണ്ടത്. 

കുട്ടിയെ അല്ല തെറ്റിനെയാണ് വെറുക്കേണ്ടത്. തെറ്റുകാണിക്കുമ്പോൾ കുട്ടിയോട് നീരസം കാണിക്കുകയും നല്ലത് ചെയ്യുമ്പോൾ കുട്ടിയെ കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കുകയും വേണം. 

അത്തരം സാഹചര്യങ്ങൾ ഉണ്ടാവുമ്പോൾ മാത്രമേ തെറ്റും നല്ലതും എന്താണെന്ന് കുട്ടി തിരിച്ചറിയൂ. ആ തെറ്റ് പിന്നീട് ആവർത്തിക്കാതെ ഇരിക്കും.  

ചികിത്സ വേണ്ടത്

ഒാട്ടിസം പോലുള്ള അസുഖങ്ങൾ ഉണ്ടാകുമ്പോൾ അവരുടെ സ്വാഭാവത്തിന്റെ പ്രത്യേകതയാണു വാശിയിലൂടെ പുറത്തു വരുന്നത്. കുട്ടിക്ക് മറ്റുള്ളവരോടു  സംവദിക്കാൻ  പറ്റുന്നില്ല, സമൂഹത്തിൽ മറ്റുള്ളവർ ചെയ്യുന്ന പല കാര്യങ്ങളും ചെയ്യാനാകുന്നില്ല, കുട്ടി എപ്പോഴും സ്വന്തം ലോകത്തിരിക്കുന്നു... 

ഇത്തരം സാഹചര്യങ്ങളിൽ ഉചിതം ഡെവലപ്മെന്റൽ തെറപ്പിയാണ്. അമിതമായ വാശിയും മറ്റും ബിഹേവിയറൽ തെറപ്പിയിലൂടെ പരിഹരിക്കാനാകും. ആറു വയസ്സിനുള്ളിൽ തന്നെ  ഇത്തരം കാര്യങ്ങൾ കണ്ടെത്തുകയും വിദഗ്ധ ചികിത്സയിലൂടെ പരിഹരിക്കപ്പെടുകയും വേണം.

എല്ലാ കാര്യങ്ങളിലും എതിർപ്പ് പ്രകടിപ്പിക്കുന്ന ഒപ്പോസിഷനൽ ഡെഫിയന്റ് ഡിസോർഡർ (ഒഡിഡി) പോലുള്ള രോഗാവസ്ഥകൾ ചികിത്സിച്ചു ഭേദമാക്കാം. അല്ലെങ്കിൽ കൗമാരമാകുമ്പോൾ സ്വഭാവവൈകല്യങ്ങളിലേക്ക് എത്തിപ്പെടാം. കുട്ടിക്കുറ്റവാളികള്‍ ഉണ്ടാകുന്നതിനു പിന്നിലുള്ള പലകാരണങ്ങളിലൊന്ന് ഒഡിഡി ആണ്. 

രക്ഷിതാക്കളുടെ പൊട്ടിത്തെറിക്കൽ  

കുഞ്ഞിന്റെ ദേഷ്യം കണ്ടു പൊട്ടിത്തെറിക്കുന്ന രക്ഷിതാക്കളുണ്ട്. അതു കണ്ടു വീട്ടിലെ മുതിർന്നവർ ഇടപെടുകയും അച്ഛനെയോ അമ്മയേയോ വഴക്കു പറയുകയും ചെയ്യും. കുട്ടിയുടെ ദേഷ്യം വളർത്തുദോഷമായി ചിത്രീകരിച്ചു  രക്ഷിതാക്കളുടെ ‘തലയിൽ കെട്ടിവയ്ക്കാനുള്ള’ പ്രവണത പലർക്കുമുണ്ട്.

എന്നാൽ രക്ഷിതാക്കളുടെ ഭാഗത്തു നിന്നും ആ ലോചിക്കണം. പല തരം അവസ്ഥകളിലൂടെയാണ് അവർ ദൈനംദിന ജീവിതത്തിൽ കടന്നു  പോകുന്നത്. ജോലിസ്ഥലത്തെ സമ്മർദം മുതൽ പലതരം പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ടാകും. കുട്ടികളുടെ ഇത്തരം പ്രകടനങ്ങളിൽ ചിലപ്പോൾ അവരുടെ ഉള്ളിലെ ‌സമ്മർദങ്ങൾ പൊട്ടിത്തെറിക്കുന്നതു സ്വാഭാവികമാണ്. അതു നിയന്ത്രിക്കാൻ രക്ഷിതാക്കൾ ശ്രമിക്കണം.

എന്നാൽ അങ്ങനെയൊരു പൊട്ടിത്തെറി ഉണ്ടായാൽ കുട്ടികളുടെ മുന്നിൽ വച്ച് രക്ഷിതാക്കളെ കുറ്റപ്പെടുത്തേണ്ട. രക്ഷിതാവു ചെയ്തത് തെറ്റാണെങ്കിലും അതു കുട്ടിയുടെ മുന്നിൽ വച്ചു പറയാതെ മാറ്റി നിർത്തി  വിശദീകരിക്കുക.

Credits: ഡോ. എംകെസി നായർ D.sc ചീഫ്, നിംസ് സ്പെക്ട്രം ചൈൽഡ് ഡെവലപ്മെന്റ് സെന്റർ, നെയ്യാറ്റിൻകര, ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസിലർ

Is Tantrum a Sign of Healthy Development?:

Understanding childhood tantrums is crucial for parents. This article explores the reasons behind a child's stubbornness, its connection to healthy development, and provides practical strategies for managing and reducing tantrums, while also highlighting when professional intervention might be necessary.

ADVERTISEMENT