ADVERTISEMENT

അച്ഛനേയും അമ്മയേയും സംബന്ധിച്ചു കുട്ടിയുടെ ഡേ കെയർ തിരഞ്ഞെടുക്കൽ അൽപം ടെൻഷൻ ഉള്ള കാര്യമാണ്. കുഞ്ഞ് ആദ്യമായി വീട്ടിൽ നിന്നു മാറി നിൽക്കുന്നത് ഡേ കെയറിൽ പോകുമ്പോഴാകും. ചിലർക്ക് മണിക്കൂറുകൾ പോലും ദിവസങ്ങളായി തോന്നും. ആദ്യദിവസം കുഞ്ഞുങ്ങൾ കരഞ്ഞ് ബഹളമുണ്ടാക്കുന്നതു പതിവു കാഴ്ചയാണ്.

പക്ഷേ, ഓഫിസിലെത്തിയാലും മാതാപിതാക്കളുടെ ആശങ്ക അവസാനിക്കുന്നില്ല. ‘എന്റെ കുഞ്ഞിപ്പോൾ എന്തു ചെയ്യുകയാകും?, കുഞ്ഞിന് വിശക്കുമോ?, കുഞ്ഞ് കരയുമോ?, ഞാൻ നോക്കുന്നതുപോലെ അവർ കുഞ്ഞിനെ നോക്കുമോ? തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ആധികള്‍ മാതാപിതാക്കളെ അലട്ടും. ഇത്തരം മാനസിക സമ്മർദം ഒഴിവാക്കാൻ വഴിയൊന്നേയുള്ളൂ. നന്നായി ചിന്തിച്ചും അന്വേഷിച്ചും ഡേ കെയറുകൾ തിരഞ്ഞെടുക്കുക.

ADVERTISEMENT

സുരക്ഷ പ്രധാനം

ജോലി ചെയ്യുന്ന മാതാപിതാക്കളെ സംബന്ധിച്ച് ഡേ കെയറുകൾ ആശ്വാസമാണെങ്കിലും സൗകര്യത്തേക്കാൾ പ്രാധാന്യം നൽകേണ്ടതു സുരക്ഷയ്ക്കാണ്.

ADVERTISEMENT

അഡ്മിഷൻ എടുക്കുന്നതിനു മുൻപു നിർബന്ധമായും അറിയേണ്ട ചില കാര്യങ്ങളുണ്ട്. അത് എന്തെല്ലാമെന്നു മ നസ്സിലാക്കാം.

∙ സിസിടിവിയുണ്ടോ? സിസിടിവി അക്സസ് മാതാപിതാക്കൾക്കു നൽകുമോ?

ADVERTISEMENT

∙ മാതാപിതാക്കളല്ലാതെ പുറത്തുനിന്നുള്ള സന്ദർശകർക്കു കുട്ടിയെ കാണാൻ അനുവാദം നൽകുമോ?

∙ കുട്ടികളും അധ്യാപകരും, കുട്ടികളും ആയമാരും തമ്മിലുള്ള അനുപാതം?

∙ ജീവനക്കാരുടെ പശ്ചാത്തലവും ക്വാളിഫിക്കേഷനും

∙ അടിയന്തരഘട്ടങ്ങൾ എങ്ങനെ കൈകാര്യം ചെയ്യും?

∙ കുട്ടികളുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പതിവായി മാതാപിതാക്കളെ അറിയിക്കാനുള്ള സംവിധാനമുണ്ടോ?

∙ അവധികൾ മുൻകൂട്ടി അറിയിക്കുമോ? ജോലിക്കു പോകുന്ന അച്ഛനമ്മമാരെ സംബന്ധിച്ചിത്തോളം ഇതു വളരെ പ്രധാനമാണ്.

∙ മുലയൂട്ടുന്ന അമ്മമാർ, ഇടയ്ക്ക് ഡേ കെയറിലെത്തി കുഞ്ഞിനു പാൽ നൽകാനുള്ള സാഹചര്യമുണ്ടോ?

daycare2

നേരിൽ കാണാം, അറിയാം

∙ഗൂഗിൾ റിവ്യൂവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ വാക്കും വിശ്വസിച്ച് ഡേ കെയർ തിരഞ്ഞെടുക്കരുത്. നേരിൽക്കണ്ടാൽ മാത്രമേ ആയിടം എത്ര ഊഷ്മളമാണെന്നു മനസ്സിലാകുകയുള്ളൂ.

ഡേ കെയറിലെ കുട്ടികൾ എത്രത്തോളം ഉത്സാഹഭരിതരാണ്, അവർ സന്തോഷത്തോടെ കളിക്കുന്നുണ്ടോ അതോ അലസമായി ഇരിക്കുകയാണോ തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുക. ഏതൊരു ബ്രോഷറിനേക്കാളും ഫലപ്രദം ഇതുതന്നെയാണ്.

∙കുട്ടികളിൽ കളിപ്പാട്ടങ്ങളേക്കാൾ സ്വാധീനം ചെലുത്തുക അവരുമായി ഇടപഴകുന്ന മനുഷ്യരാണ്. സ്കൂളിലെ അധ്യാപകരും ആയമാരും ഇക്കൂട്ടത്തിൽ പ്രധാനികളാണ്. ഡേ കെയർ സന്ദർശിക്കുമ്പോൾ തന്നെ ആയമാരും അധ്യാപകരും കുട്ടികളുമായി എങ്ങനെ ഇടപെടുന്നുവെന്നും അവർക്കൊപ്പം ആയിരിക്കുമ്പോൾ കുട്ടികൾ സന്തുഷ്ടരാണോ എന്നും നിരീക്ഷിക്കാം.

∙ഡേ കെയർ പ്രവർത്തനത്തിന് ആവശ്യമായ രേഖകളും ലൈസൻസുമുണ്ടെന്ന് ഉറപ്പു വരുത്തണം. അഡ്മിഷന്‍ എടുക്കുന്നതിനു മുൻപായി അധ്യാപകർക്കും ആയമാ ർക്കും കുട്ടികളെ നോക്കുന്നതിന് ആവശ്യമായ പരിശീലനം ലഭിച്ചിട്ടുണ്ടോ എന്നു ചോദിച്ചു മനസ്സിലാക്കുക.

∙കളിപ്പാട്ടങ്ങൾ മുതൽ വാഷ്റൂം വരെ വൃത്തിയായി സൂക്ഷിച്ചിട്ടുണ്ടോ എന്നു നോക്കാം. കുട്ടികൾ ഭക്ഷണം കഴിക്കുന്ന ഇടവും വിശ്രമിക്കുന്ന മുറിയും നേരില്‍ക്കണ്ട് ശുചിത്വം ഉറപ്പുവരുത്തുക. നിലവിൽ ഡേ കെയറിലുള്ള കുട്ടികളെ നിരീക്ഷിക്കുന്നതിലൂടെയും കാര്യങ്ങൾ ഏറക്കുറെ മനസ്സിലാക്കാം.

∙കുഞ്ഞിനുള്ള ഭക്ഷണം ഡേ കെയറിൽ നിന്നാണു നൽകുന്നതെങ്കിൽ അതു വൃത്തിയുള്ള സാഹചര്യത്തിലാണ് പാകം ചെയ്യുന്നതെന്ന് ഉറപ്പുവരുത്താം. കുഞ്ഞിന് ഏതെങ്കിലും ഭക്ഷണം അലർജിയുണ്ടാക്കുമെങ്കിൽ അത് അധികൃതരെ അറിയിക്കാൻ മറക്കരുത്.

റെഡ് ഫ്ലാഗുകൾ ശ്രദ്ധിക്കാം

∙ കുട്ടികളുടെ മുഖത്തു ഭയമോ സങ്കടമോ നിരാശയോ കാണുക.
∙ അധ്യാപകരോ ആയമാരോ അസ്വസ്ഥരായി കാണപ്പെടുക.
∙ കുട്ടികൾ അടങ്ങിയിരിക്കുന്നതിനായി സ്ക്രീൻ നൽകുക
∙ കുട്ടികളുടെ കയ്യെത്തുന്ന ഉയരത്തിൽ പ്ലഗ് പോയിന്റുകൾ പോലെ അപകടകരമായ സാഹചര്യം
∙ വൃത്തിഹീനമായ ചുറ്റുപാട്.
∙ ‘ഡേകെയറിലേക്കു പോകേണ്ട’ എന്നു കുട്ടി പറഞ്ഞാൽ അതിനെ മടിയെന്നു നിസ്സാരമായി കാണരുത്. പരാതികൾ ക്ഷമയോടെ കേൾക്കാം.
∙ ഡേ കെയറിൽ നിന്നു മടങ്ങിയെത്തിയശേഷം കുഞ്ഞ് അമിതമായി ക്ഷീണം, ഭയം തുടങ്ങിയവ പ്രകടിപ്പിച്ചാൽ അധികൃതരുമായി ബന്ധപ്പെടുക.
∙ മാതാപിതാക്കളുടെ ചോദ്യങ്ങൾക്കു ഡേ കെയർ അധികൃതരിൽനിന്നു വ്യക്തമായ മറുപടി ലഭിക്കാതിരിക്കുക.

കളിച്ചു വളരട്ടേ, കുഞ്ഞുമനസ്സുകൾ

ഡേ കെയറിലേക്കെത്തുന്ന കുട്ടികളുടെ പ്രായം പരമാവധി നാലുവയസ്സോ അതിൽ താഴെയോ ആയിരിക്കും. ഈ പ്രായത്തിൽ അവർ കളികളുടെ ലോകത്തായിരിക്കും. അതുകൊണ്ടുതന്നെ കുട്ടികൾക്കുമേൽ സമ്മർദം ചെലുത്തിയുള്ള പഠനരീതി ഇവിടെ വേണ്ട.

കഥകളിലൂടെയും വരയിലൂടെയും കണ്ടും കേട്ടും തൊട്ടും അവർ എല്ലാം മനസ്സിലാക്കട്ടേ. കുട്ടികളെ പ്രകൃതിയിലേക്കിറക്കി പഠിപ്പിക്കുന്ന ഡേ കെയറുകൾ തിരഞ്ഞെടുക്കുന്നതു കുറച്ചു കൂടി നല്ലതായിരിക്കും.

ചെക്ക്‌ലിസ്റ്റിലെ എല്ലാ ബോക്സുകൾക്കും ടിക് വീണെങ്കിലും ഉള്ളിലെ തോന്നലുകളെ നിസ്സാരമായി കാണേണ്ട. എല്ലാം ശരിയെന്നു മനസ്സു പറഞ്ഞാൽ ധൈര്യമായി മുന്നോട്ടു പോകാം. ഏതെങ്കിലും ഒരു പോയിന്റിൽ മനസ്സു സംശയിച്ചു നിന്നാൽ ആലോചിച്ചു മതി തീരുമാനത്തിലെത്തുന്നത്. കാരണം, നിങ്ങളുടെ കുഞ്ഞിനെ നിങ്ങളേക്കാൾ ഭംഗിയായി മറ്റാർക്കും മനസ്സിലാകില്ല.

Choosing the Right Day Care: A Parent's Guide:

Selecting a day care is a crucial decision for parents, especially when it's a child's first separation from home. To alleviate parental anxiety, thorough research and careful selection of a day care are essential, prioritizing safety above all else. Parents should verify safety measures like CCTV, visitor policies, staff-to-child ratios, staff qualifications, emergency protocols, communication methods, and facilities for nursing mothers before admitting their child.

ADVERTISEMENT