അലസതയുടെ ‘അവധി മൂഡ്’ മാറ്റാം, ഇനി വേണ്ടത് ഉത്സാഹത്തിന്റെ ‘സ്കൂൾ മൂഡ്’; സ്കൂളിനായി മക്കളെ തയാറാക്കാം Resetting Routine for School Reopening
Mail This Article
ഒരു വർഷം പഠിച്ചു മുഷിഞ്ഞ പുസ്തകങ്ങളെല്ലാം കൂടി കെട്ടിപ്പൊതിഞ്ഞു തട്ടിൻപുറത്തു ‘വയ്ക്കുന്ന’താണു വെക്കേഷൻ. രണ്ടു മാസത്തെ കളിച്ചു തിമിർക്കൽ കഴിഞ്ഞു പുസ്തകങ്ങളൊക്കെ പൊടിതട്ടി ‘എടുക്കു’ന്നതാണ് എജ്യുക്കേഷൻ. തമാശയായി ഇങ്ങനെ പറയാറുണ്ടെങ്കിലും അക്ഷരാർഥത്തിൽ പഠനമില്ലാത്ത കാലം തന്നെയാണ് അവധിക്കാലം.
കളിച്ചുതിമിർത്തു സ്കൂൾ തുറക്കാറാകുമ്പോഴേക്കും നഷ്ടപ്പെടുന്ന മറ്റൊന്നു കൂടിയുണ്ട്, ദിനചര്യ.
കൃത്യസമയത്തു ഭക്ഷണം കഴിക്കാനും ഉറങ്ങാനും അച്ചടക്കത്തോടെ പഠനത്തിന്റെ ചിട്ടകളിലേക്കു മടങ്ങിവരാനും ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളേ ഉള്ളൂ. ചെറിയ കുട്ടികളെ സ്കൂളിലേക്കു പോകാൻ തയാറെടുപ്പിക്കാനും വലിയ കുട്ടികൾക്കു സ്വയം തയാറെടുക്കാനും ഇതാ വഴികൾ.
മൊബൈൽ തിരികെ വാങ്ങാം
വർഷാവസാന പരീക്ഷ കഴിയുന്നതോടെ മൊബൈൽ ഫോൺ പോലുള്ള ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗത്തിൽ മിക്ക മാതാപിതാക്കളും ഇളവു നൽകിയിട്ടുണ്ടാകും. അവധിക്കാലമല്ലേ, വെയിലിലിറങ്ങാതെ വീട്ടിലിരിക്കുമല്ലോ എന്നായിരിക്കും അവർ കണ്ടെത്തുന്ന ന്യായം.
ദീർഘനേരം മൊബൈൽ ഉപയോഗിച്ച് അതൊരു ഡിജിറ്റൽ അടിമത്തം പോലെയായി ചില കുട്ടികളിൽ മാറാറുണ്ട്. മൊബൈൽ ഉപയോഗം നിയന്ത്രിക്കുക എന്നതാകും സ്കൂൾ തുറക്കും മുൻപുള്ള ആദ്യ വെല്ലുവിളി.
രണ്ടു വയസ്സു വരെ പ്രായമുള്ള കുട്ടികൾക്ക് ഒരുതരത്തിലുമുള്ള ദൃശ്യമാധ്യമങ്ങളും (ടിവി, മൊബൈൽ ഫോൺ) നൽകാൻ പാടില്ല. രണ്ടു– മൂന്നു വയസ്സു വരെയുള്ള കുട്ടികൾക്ക് ഒരു ദിവസം പരമാവധി അരമണിക്കൂർ ദൃശ്യമാധ്യമങ്ങൾ നൽകാം. മൂന്ന്– അഞ്ച് വയസ്സു വരെ പരമാവധി ഒരു മണിക്കൂർ ആയിരിക്കണം ദൃശ്യമാധ്യമ സമയം. ഇതിൽത്തന്നെ പകുതി സമയത്തിൽ താഴെ മാത്രമേ കാർട്ടൂണുകൾ, ഓൺലൈൻ ഗെയിം പോലെയുള്ള ചടുലമായ ദൃശ്യങ്ങൾ ഉൾപ്പെടുന്നവ ഉണ്ടാകാവൂ.
ആറ്– 18 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് എല്ലാ ആവശ്യങ്ങൾക്കും വേണ്ടി പരമാവധി രണ്ടു മണിക്കൂർ നേരമേ ദൃശ്യമാധ്യമങ്ങൾ ഉപയോഗിക്കാൻ അനുവദിക്കാവൂ. പാഠ്യവിഷയങ്ങളിൽ ഗവേഷണം നടത്താനടക്കമുള്ള സമയമാണിത്. ഈ ചിട്ട പാലിക്കാനാകുന്ന തരത്തിൽ ഓരോ ദിവസവും മൊബൈൽ ഫോൺ ഉപയോഗിക്കുന്ന സമയദൈർഘ്യം ക്രമമായി കുറച്ചു കൊണ്ടുവരണം.
സ്കൂളിലേക്ക് പ്രതീക്ഷയോടെ
ആദ്യമായി സ്കൂളിലേക്കു പോകുന്ന കിൻഡർ ഗാർഡൻ– പ്ലേ സ്കൂൾ കുട്ടികളെ ചിട്ടകൾ പഠിപ്പിക്കേണ്ടതു വളരെ പ്രധാനമാണ്. സവിശേഷ പരിഗണനയൊന്നും കിട്ടാത്ത, എല്ലാ വിദ്യാർഥികൾക്കും തുല്യപരിഗണന മാത്രം കിട്ടുന്ന സ്ഥിതിയിലേക്ക് പറിച്ചുനടുമ്പോൾ പൊരുത്തപ്പെടാൻ ചില കുട്ടികളെങ്കിലും പ്രയാസപ്പെടും.
വീട്ടിലെ പോലെ സ്വാതന്ത്ര്യമൊന്നും കിട്ടില്ല, കുരുത്തക്കേടും വാശിയുമൊന്നും നടക്കില്ല... എന്നിങ്ങനെ സ്കൂൾ ഒരു ഭീകരമായ സ്ഥലമാണ് എന്ന ചിന്തയുണ്ടാക്കുന്ന വാചകങ്ങളൊന്നും കുട്ടിയോടു പറയരുത്. കഠിനമായ ഉത്കണ്ഠയും അനാവശ്യ ആശങ്കയും മനസ്സിലുണ്ടായാൽ സ്കൂളിനെ വെറുക്കാനും പോകാൻ മടിക്കാനും കാരണമാകും. രാവിലെ ഉണരുമ്പോൾ തലവേദന, വയറുവേദന പോലുള്ള രോഗലക്ഷണങ്ങളുണ്ടാകാനും ഈ പേടി ഇടയാക്കും.
കുട്ടിക്ക് സ്കൂളിനെക്കുറിച്ചു പ്രതീക്ഷ നൽകുന്ന സങ്കൽപമാണു നൽകേണ്ടത്. ഒരുപാടു കൂട്ടുകാരെ കിട്ടുന്ന സ്ഥലമാണ്, അവർക്കൊപ്പം പുതിയ കാര്യങ്ങൾ പഠിക്കാം എന്ന മട്ടിൽ കാര്യങ്ങൾ അവതരിപ്പിക്കുക. വീടിനു പുറത്തു കൂട്ടുകാരെ സമ്പാദിക്കാനും അവരോടൊപ്പം കളിക്കാനുമുള്ള അവസരവും നൽകണം. ജയവും പരാജയവും ജീവിതത്തിന്റെ ഭാഗമാണെന്നും, മത്സരബുദ്ധി നന്നല്ല എന്നും അ വർ പഠിക്കുന്നത് ഇത്തരം കളികളിലൂടെയാണ്.
ഉറക്കം ചിട്ടയാക്കാം
സ്കൂൾ തുറക്കും മുൻപു തന്നെ ഉറക്കം ചിട്ടയാക്കണം. ദിവസം എട്ടു മണിക്കൂറെങ്കിലും കുട്ടികൾ തുടർച്ചയായി ഉറങ്ങേണ്ടതു വളരെ പ്രധാനമാണ്. തലച്ചോറിനും ശാരീരിക അവയവങ്ങൾക്കും ശരിയായ വിശ്രമം കിട്ടാനും, പകൽസമയത്തു പഠിക്കുന്ന കാര്യങ്ങൾ തലച്ചോറിൽ കൃത്യമായി അടുക്കിവയ്ക്കാനുമൊക്കെ ഈ ‘റെസ്റ്റ്’ കൂടിയേ തീരൂ.
ഉറക്കം കൃത്യമാക്കാൻ സ്ലീപ് ഹൈജീൻ എക്സർസൈസുകൾ (നിദ്രാശുചിത്വ വ്യായാമങ്ങൾ) ശീലിപ്പിക്കാം...
കുട്ടികളുടെ വെക്കേഷൻ ശീലങ്ങൾ റീസെറ്റ് ചെയ്യുമ്പോൾ ഉറക്കം, ഭക്ഷണം തുടങ്ങിയവ ചിട്ടയാക്കാനുള്ള വഴികളും, അഞ്ചു– 10 വയസ്സു വരെയുള്ള കുട്ടികളെ ദിനചര്യകൾ ശീലിപ്പിക്കാനായി ‘സ്റ്റാർ റേറ്റിങ്’ രീതി പരീക്ഷിക്കുന്ന രീതിയും ഡോ. അരുൺ ബി. നായർ (പ്രഫസർ ഓഫ് സൈക്യാട്രി, ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം, ഓണററി കൺസൽറ്റന്റ്, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി) വിശദമായി പറഞ്ഞുതരുന്ന ലേഖനം വായിക്കാം, പുതിയ ലക്കം (മെയ് 9– 22) വനിതയിൽ.
