സ്കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം: തയാറെടുക്കാൻ ഈ വഴികൾ പഠിച്ചുവച്ചോളൂ Getting Ready for School After Vacation
Mail This Article
ഒരു വർഷം പഠിച്ചു മുഷിഞ്ഞ പുസ്തകങ്ങളെല്ലാം കൂടി കെട്ടിപ്പൊതിഞ്ഞു തട്ടിൻപുറത്തു ‘വയ്ക്കുന്ന’താണു വെക്കേഷൻ. രണ്ടു മാസത്തെ കളിച്ചു തിമിർക്കൽ കഴിഞ്ഞു പുസ്തകങ്ങളൊക്കെ പൊടിതട്ടി ‘എടുക്കു’ന്നതാണ് എജ്യുക്കേഷൻ. തമാശയായി ഇങ്ങനെ പറയാറുണ്ടെങ്കിലും അക്ഷരാർഥത്തിൽ പഠനമില്ലാത്ത കാലം തന്നെയാണ് അവധിക്കാലം.
കളിച്ചുതിമിർത്തു സ്കൂൾ തുറക്കാറാകുമ്പോഴേക്കും നഷ്ടപ്പെടുന്ന മറ്റൊന്നു കൂടിയുണ്ട്, ദിനചര്യ.
കൃത്യസമയത്തു ഭക്ഷണം കഴിക്കാനും ഉറങ്ങാനും അച്ചടക്കത്തോടെ പഠനത്തിന്റെ ചിട്ടകളിലേക്കു മടങ്ങിവരാനും ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളേ ഉള്ളൂ. ചെറിയ കുട്ടികളെ സ്കൂളിലേക്കു പോകാൻ തയാറെടുപ്പിക്കാനും വലിയ കുട്ടികൾക്കു സ്വയം തയാറെടുക്കാനും ഇതാ വഴികൾ.
മൊബൈൽ തിരികെ വാങ്ങാം
വർഷാവസാന പരീക്ഷ കഴിയുന്നതോടെ മൊബൈൽ ഫോൺ പോലുള്ള ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗത്തിൽ മിക്ക മാതാപിതാക്കളും ഇളവു നൽകിയിട്ടുണ്ടാകും. അവധിക്കാലമല്ലേ, വെയിലിലിറങ്ങാതെ വീട്ടിലിരിക്കുമല്ലോ എന്നായിരിക്കും അവർ കണ്ടെത്തുന്ന ന്യായം.
ദീർഘനേരം മൊബൈൽ ഉപയോഗിച്ച് അതൊരു ഡിജിറ്റൽ അടിമത്തം പോലെയായി ചില കുട്ടികളിൽ മാറാറുണ്ട്. മൊബൈൽ ഉപയോഗം നിയന്ത്രിക്കുക എന്നതാകും സ്കൂൾ തുറക്കും മുൻപുള്ള ആദ്യ വെല്ലുവിളി.
രണ്ടു വയസ്സു വരെ പ്രായമുള്ള കുട്ടികൾക്ക് ഒരുതരത്തിലുമുള്ള ദൃശ്യമാധ്യമങ്ങളും (ടിവി, മൊബൈൽ ഫോൺ) നൽകാൻ പാടില്ല. രണ്ടു– മൂന്നു വയസ്സു വരെയുള്ള കുട്ടികൾക്ക് ഒരു ദിവസം പരമാവധി അരമണിക്കൂർ ദൃശ്യമാധ്യമങ്ങൾ നൽകാം.
മൂന്ന്– അഞ്ച് വയസ്സു വരെ പരമാവധി ഒരു മണിക്കൂർ ആയിരിക്കണം ദൃശ്യമാധ്യമ സമയം. ഇതിൽത്തന്നെ പകുതി സമയത്തിൽ താഴെ മാത്രമേ കാർട്ടൂണുകൾ, ഓൺലൈൻ ഗെയിം പോലെയുള്ള ചടുലമായ ദൃശ്യങ്ങൾ ഉൾപ്പെടുന്നവ ഉണ്ടാകാവൂ.
ആറ്– 18 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് എല്ലാ ആവശ്യങ്ങൾക്കും വേണ്ടി പരമാവധി രണ്ടു മണിക്കൂർ നേരമേ ദൃശ്യമാധ്യമങ്ങൾ ഉപയോഗിക്കാൻ അനുവദിക്കാവൂ. പാഠ്യവിഷയങ്ങളിൽ ഗവേഷണം നടത്താനടക്കമുള്ള സമയമാണിത്. ഈ ചിട്ട പാലിക്കാനാകുന്ന തരത്തിൽ ഓരോ ദിവസവും മൊബൈൽ ഫോൺ ഉപയോഗിക്കുന്ന സമയദൈർഘ്യം ക്രമമായി കുറച്ചു കൊണ്ടുവരണം.
സ്കൂളിലേക്ക് പ്രതീക്ഷയോടെ
ആദ്യമായി സ്കൂളിലേക്കു പോകുന്ന കിൻഡർ ഗാർഡൻ– പ്ലേ സ്കൂൾ കുട്ടികളെ ചിട്ടകൾ പഠിപ്പിക്കേണ്ടതു വളരെ പ്രധാനമാണ്. സവിശേഷ പരിഗണനയൊന്നും കിട്ടാത്ത, എല്ലാ വിദ്യാർഥികൾക്കും തുല്യപരിഗണന മാത്രം കിട്ടുന്ന സ്ഥിതിയിലേക്ക് പറിച്ചുനടുമ്പോൾ പൊരുത്തപ്പെടാൻ ചില കുട്ടികളെങ്കിലും പ്രയാസപ്പെടും.
വീട്ടിലെ പോലെ സ്വാതന്ത്ര്യമൊന്നും കിട്ടില്ല, കുരുത്തക്കേടും വാശിയുമൊന്നും നടക്കില്ല... എന്നിങ്ങനെ സ്കൂൾ ഒരു ഭീകരമായ സ്ഥലമാണ് എന്ന ചിന്തയുണ്ടാക്കുന്ന വാചകങ്ങളൊന്നും കുട്ടിയോടു പറയരുത്. കഠിനമായ ഉത്കണ്ഠയും അനാവശ്യ ആശങ്കയും മനസ്സിലുണ്ടായാൽ സ്കൂളിനെ വെറുക്കാനും പോകാൻ മടിക്കാനും കാരണമാകും.
രാവിലെ ഉണരുമ്പോൾ തലവേദന, വയറുവേദന പോലുള്ള രോഗലക്ഷണങ്ങളുണ്ടാകാനും ഈ പേടി ഇടയാക്കും.
കുട്ടിക്ക് സ്കൂളിനെക്കുറിച്ചു പ്രതീക്ഷ നൽകുന്ന സങ്കൽപമാണു നൽകേണ്ടത്. ഒരുപാടു കൂട്ടുകാരെ കിട്ടുന്ന സ്ഥലമാണ്, അവർക്കൊപ്പം പുതിയ കാര്യങ്ങൾ പഠിക്കാം എന്ന മട്ടിൽ കാര്യങ്ങൾ അവതരിപ്പിക്കുക. വീടിനു പുറത്തു കൂട്ടുകാരെ സമ്പാദിക്കാനും അവരോടൊപ്പം കളിക്കാനുമുള്ള അവസരവും നൽകണം. ജയവും പരാജയവും ജീവിതത്തിന്റെ ഭാഗമാണെന്നും, മത്സരബുദ്ധി നന്നല്ല എന്നും അ വർ പഠിക്കുന്നത് ഇത്തരം കളികളിലൂടെയാണ്.
ഉറക്കം ചിട്ടയാക്കാം
സ്കൂൾ തുറക്കും മുൻപു തന്നെ ഉറക്കം ചിട്ടയാക്കണം. ദിവസം എട്ടു മണിക്കൂറെങ്കിലും കുട്ടികൾ തുടർച്ചയായി ഉറങ്ങേണ്ടതു വളരെ പ്രധാനമാണ്. തലച്ചോറിനും ശാരീരിക അവയവങ്ങൾക്കും ശരിയായ വിശ്രമം കിട്ടാനും, പകൽസമയത്തു പഠിക്കുന്ന കാര്യങ്ങൾ തലച്ചോറിൽ കൃത്യമായി അടുക്കിവയ്ക്കാനുമൊക്കെ ഈ ‘റെസ്റ്റ്’ കൂടിയേ തീരൂ.
ഉറക്കം കൃത്യമാക്കാൻ സ്ലീപ് ഹൈജീൻ എക്സർസൈസുകൾ (നിദ്രാശുചിത്വ വ്യായാമങ്ങൾ) ശീലിപ്പിക്കാം. നിശ്ചിതമായ സമയത്ത് ഉറങ്ങുക, നിശ്ചിത സമയത്ത് ഉണരുക എന്നതാണ് ഇതിൽ പ്രധാനം. ഉറങ്ങുന്നതിനു രണ്ടു മണിക്കൂർ മുൻപെങ്കിലും മൊബൈൽ അടക്കമുള്ള സകല ദൃശ്യമാധ്യമങ്ങളും ഒഴിവാക്കണം. ഉറങ്ങുന്നതിന് നാല്– അഞ്ചു മണിക്കൂർ മുൻപ് കായികവ്യായാമങ്ങൾ ചെയ്യുന്നതും നന്നായി ഉറങ്ങാൻ സഹായിക്കും.
ഇളംവെയിലിൽ വ്യായാമം ചെയ്യുന്നതുകൊണ്ടു കുട്ടികൾക്കു സഹായകമായ നാലു ഗുണങ്ങൾ കൂടിയുണ്ട്. തലച്ചോറിലെ ഡൊപമിന്റെ അളവ് കൂടുക വഴി ശ്രദ്ധയും ഏകാഗ്രതയും മെച്ചപ്പെടും.
എൻഡോർഫിനുകളുടെ അളവ് മെച്ചപ്പെടുന്നതിനാൽ കൂടുതൽ സന്തോഷം അനുഭവപ്പെടും. തലച്ചോറിൽ രക്തയോട്ടം കൂടുന്നതിലൂടെ കൂടുതൽ ഊർജസ്വലരാകാനും ഇളംവെയിലേറ്റ് ശരീരത്തിലെ വൈറ്റമിൻ ഡിയുടെ അളവ് കൂടുന്നതു വഴി തലച്ചോറിന്റെ വിജ്ഞാനവിശകലന ശേഷി മെച്ചപ്പെടും. ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂടും. വ്യായാമത്തിനു ശേഷം തണുത്ത വെള്ളത്തിൽ കുളിക്കാൻ പ്രേരിപ്പിക്കണം.
വൈകിട്ടു നാലു മണി കഴിഞ്ഞു ചായ, കാപ്പി, കോള പോലുള്ളവ പൂർണമായും ഒഴിവാക്കാം. വൈകുന്നേരങ്ങളിൽ ഭീതിജനകമായ ദൃശ്യങ്ങളോ സിനിമകളോ കാണുന്നില്ലെന്നും ഉറപ്പുവരുത്തണം.
ഭക്ഷണം സുപ്രധാനം
സ്കൂൾ തുറക്കും മുൻപുതന്നെ ഭക്ഷണസമയം ക്രമീകരിക്കാൻ കുട്ടികളെ പരിശീലിപ്പിക്കണം. വീട്ടിൽനിന്നു പ്രഭാത ഭക്ഷണം കഴിപ്പിച്ചു തന്നെ കുട്ടിയെ സ്കൂളിലേക്കു വിട ണം. ഇതിനായി രാവിലെ ഉണരാനും പ്രഭാതകൃത്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും ശീലിപ്പിക്കണം.
ഉച്ചഭക്ഷണം കൃത്യസമയത്തു നൽകി കുട്ടി അതു മുഴുവൻ കഴിക്കുന്നുണ്ട് എന്നുറപ്പാക്കുക. ചെറിയ കുട്ടികളെ തനിയെ വൃത്തിയായി ഭക്ഷണം കഴിക്കാൻ ശീലിപ്പിക്കുന്നതു പോലെ തന്നെ പ്രധാനമാണ് വലിയ കുട്ടികളെ ആരോഗ്യഭക്ഷണങ്ങൾ കഴിപ്പിക്കുന്നതും. ഇതിനായി കുട്ടിയുടെ ഇഷ്ടാനുസരണം ആരോഗ്യഭക്ഷണം തയാറാക്കാം.
കഴിച്ച പാത്രം അവരെകൊണ്ടുതന്നെ കഴുകിക്കുക. ഉച്ചഭക്ഷണം കൊണ്ടുപോകുന്ന ലഞ്ച് ബോക്സ് കഴുകി തിരികെ കൊണ്ടുവരാനുള്ള പരിശീലനമാണിത്. ഭക്ഷണം പങ്കുവച്ചു കഴിക്കാൻ പ്രോത്സാഹിപ്പിക്കണം. വീട്ടിൽ രണ്ടു കുട്ടികളുണ്ടെങ്കിൽ രണ്ടുപേർക്കും ഒരു പ്ലേറ്റിൽ നിന്നു കഴിക്കാൻ അവസരം നൽകാം. അപ്പോൾ കറികളും മീൻ വറുത്തതുമൊക്കെ പങ്കുവയ്ക്കുന്നുണ്ട് എന്നുറപ്പാക്കണേ.
സ്കൂൾ തുറക്കും മുൻപേ ‘റുട്ടീൻ’ ടൈംടേബിൾ നൽകാം. ഉറക്കമുണരാനും ഭക്ഷണം കഴിക്കാനും പഠിക്കാനും കളിക്കാനും ഇതിൽ സമയം നൽകണം. ഒരു ദിവസം ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും അതിനായി എത്ര സമയം വേണം എന്നും കുട്ടിയുടെ അഭിപ്രായം കൂടി ചോദിച്ച ശേഷമാകണം ടൈംടേബിളുണ്ടാക്കാൻ. ഞായറാഴ്ച അവധിയായതിനാൽ ശനിയാഴ്ച കുറച്ചു വൈകി ഉറങ്ങുക പോലുള്ള റിലാക്സേഷനുകൾ നൽകാം.
15 വയസ്സിനു ശേഷം തീവ്രമായ മത്സരമുള്ള വിദ്യാഭ്യാസ പദ്ധതിയിലൂടെയാകും കുട്ടി കടന്നുപോകേണ്ടി വരിക. പ്രവേശന പരീക്ഷകളും പരിശീലനങ്ങളുമായി ദിനചര്യ അപ്പാടെ തകിടം മറിയാനുള്ള സാധ്യതയുമുണ്ട്.
ഇവിടെയും ടൈംടേബിൾ സഹായിക്കും. സ്കൂൾ തുറന്നാൽ ദിവസവും രണ്ടു മണിക്കൂറെങ്കിലും പാഠഭാഗങ്ങൾ റിവൈസ് ചെയ്യാനും ഹോംവർക്ക് ചെയ്യാനുമായി നീക്കിവയ്ക്കണം. ഈ ചിട്ടയിലേക്കു നയിക്കാൻ ചെറിയ കണക്കുകൾ, പുതിയ വാക്കുകൾ കണ്ടെത്തൽ, കണക്കിലെ സൂത്രവാക്യങ്ങൾ റിവൈസ് ചെയ്യൽ പോലുള്ള ടാസ്കുകൾ നൽകി കൃത്യസമയത്തു പൂർത്തിയാക്കുന്നു എന്നുറപ്പിക്കണം.
ആഗ്രഹത്തിന്റെ എക്സ്ചേഞ്ച് ഓഫർ
അഞ്ചു– 10 വയസ്സു വരെയുള്ള കുട്ടികളെ ദിനചര്യകൾ ശീലിപ്പിക്കാനായി ‘സ്റ്റാർ റേറ്റിങ്’ രീതി പരീക്ഷിക്കാം. കുട്ടിയുടെ കിടപ്പുമുറിയിൽ ഒട്ടിച്ചുവയ്ക്കുന്ന ടൈംടേബിൾ പോലുള്ള ചാർട്ട്പേപ്പറാണിത്. ഒരു ദിവസം കുട്ടി നിർബന്ധമായും ചെയ്തിരിക്കേണ്ട അഞ്ചു കാര്യങ്ങളാണ് ഇതിൽ എഴുതേണ്ടത്. ഉണരുന്ന സമയം, രാവിലെ പഠിക്കേണ്ട സമയം, കളിക്കേണ്ട സമയം, മൊബൈൽ ഉപയോഗിക്കാനുള്ള സമയം എന്നിങ്ങനെയാകാം ഇവ.
തിങ്കൾ മുതൽ ഞായർ വരെയുള്ള ദിവസങ്ങളാണ് അതിനു നേരേയുള്ള കോളങ്ങളിൽ വരേണ്ടത്. ഈ അഞ്ചു കാര്യങ്ങളും കുട്ടി സ്വയം ചെയ്താൽ ഓരോ ദിവസത്തിനു നേരേയും ഓരോ സ്റ്റാർ വരയ്ക്കണം.
ആഴ്ചയിൽ അഞ്ചുസ്റ്റാർ വന്നാൽ ആറാംദിവസം ഈ സ്റ്റാറുകളെ കുട്ടിക്ക് ഇഷ്ടമുള്ള ഒരു സംഗതി ചെയ്യാനായി എക്സ്ചേഞ്ച് ചെയ്യാം.
ഒരു സിനിമ ടിവിയിലോ തിയറ്ററിലോ പോയി കാണുക, ഒരു മണിക്കൂർ കൂടുതൽ കളിക്കാൻ അനുവദിക്കുക, മൊബൈൽ ഗെയിം കളിക്കുക എ ന്നിങ്ങനെയാകണം ഈ എക്സ്ചേഞ്ച് ഓഫർ. ആഗ്രഹിക്കുന്ന കാര്യം നേടിയെടുക്കാൻ ചിട്ടയോടെയുള്ള പരിശ്രമം വേണമെന്നും അതിനായി ക്ഷമയോടെ കാത്തിരിക്കണമെന്നും കുട്ടി ഇതിലൂടെ പഠിക്കും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അരുൺ ബി. നായർ, പ്രഫസർ ഓഫ് സൈക്യാട്രി, ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം. (ഓണററി കൺസൽറ്റന്റ്, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി)
