ADVERTISEMENT

ജെൻ സി തലമുറ മാതാപിതാക്കൾക്കിടയിൽ ട്രെൻഡാവുന്ന ഹൈബ്രിഡ് പേരന്റിങ് ശൈലിയെക്കുറിച്ചറിയാം...

കുരുന്നുമനസ്സുകൾ നോവാതെ അവർക്കു വഴികാട്ടിയാകണം. െജൻ സി മാതാപിതാക്കളുടെ ഈ മോഹത്തിനുള്ള ഉത്തരമാണു  ഹൈബ്രിഡ് അഥവാ ബാലൻസിങ് പേരന്റിങ് ശൈലി. െജന്റിൽ പേരന്റിങ് ശൈലി വിട്ടു പുതുതലമുറ മാതാപിതാക്കൾ ഹൈബ്രിഡ് പേരന്റിങ്ങിനു പിന്നാലെയാണ്.  ഓേരാ കുട്ടിയുടെയും പ്രായം, സ്വഭാവം, സാഹചര്യം ഇവ അനുസരിച്ചു പലതരം പേരന്റിങ് രീതികൾ ചേർത്തുണ്ടാക്കുന്ന പുതുശൈലിയാണു ഹൈബ്രിഡ് പേരന്റിങ്. കുട്ടികളിൽ ആത്മവിശ്വാസവും ഉത്തരവാദിത്ത ബോധവും വളർത്താൻ ഹൈബ്രിഡ് പേരന്റിങ് ഗുണകരമാകുമെന്നാണു കരുതപ്പെടുന്നത്.

ADVERTISEMENT

എന്താണു ഹൈബ്രിഡ് പേരന്റിങ്?

അടിച്ചും പേടിപ്പിച്ചുമാണു കുട്ടികളെ വളർത്തേണ്ടതെന്നാണു പഴയ കാലത്തെ മാതാപിതാക്കളിൽ ഭൂരിഭാഗം പേരും കരുതിയിരുന്നത്. അത്തരം പേരന്റിങ്ങിന്റെ ഫലമായുണ്ടായ മനസ്സിലെ മുറിവുകളാണു പുതുതലമുറയെ  ജെന്റിൽ പേരന്റിങ്ങിലേക്ക് ആകർഷിച്ചത്. കുട്ടികളോട് അലിവോടെയും സ്നേഹത്തോടെയും ഇടപെടുന്ന ജെന്റിൽ പേരന്റിങ് ശൈലിക്കു കോവിഡ് കാലത്തു പ്രചാരമേറി. ആ സമയത്തു മാതാപിതാക്കളായ യുവതലമുറ ഈ ശൈലി പിന്തുടരുകയും ചെയ്തു.

ADVERTISEMENT

കുട്ടികൾ വാശി പിടിക്കുമ്പോഴും വഴക്കിടുമ്പോഴും സൗമ്യമായി കാര്യങ്ങൾ വിശദീകരിക്കണമെന്ന െജന്റിൽ പേരന്റിങ് രീതി പല മാതാപിതാക്കൾക്കും അമിതഭാരമായി തോന്നിത്തുടങ്ങി. ചിലരാകട്ടെ,  കുട്ടികൾ പറയുന്നതെല്ലാം അനുസരിക്കുന്ന പെർമിസിവ് പേരന്റിങ് രീതിയിലേക്കു വഴിതെറ്റിപ്പോകുകയും ചെയ്തു. ഈ സാഹചര്യത്തിലാണു ഹൈബ്രിഡ് പേരന്റിങ് ശൈലി സ്വീകാര്യമായത്.

പലതരം പേരന്റിങ് ശൈലിയിലെ ഗുണങ്ങൾ ചേർത്തു വച്ചു കുട്ടിക്കു യോജിച്ച രീതി രൂപപ്പെടുത്തിയാൽ  ഹൈബ്രിഡ് പേരന്റിങ് ശൈലിയാകും. കുട്ടികളുമായി അടുപ്പമുണ്ടാക്കുന്നതിനൊപ്പം അവർക്കു കൃത്യമായി വഴികാട്ടുകയും ചെയ്യണം എന്നതിനാണു ൈഹബ്രിഡ് പേരന്റിങ്  പ്രാധാന്യം നൽകുന്നത്. അതോറിറ്റേറ്റീവ്, ജെന്റിൽ പേരന്റിങ് രീതികളാണു കൂടുതൽ പേരും ഹൈബ്രിഡ് പേരന്റിങ്ങിനായി തിരഞ്ഞെടുക്കുന്നത്. െജന്റിൽ പേരന്റിങ്ങിൽ അടുപ്പം, സൗമ്യമായ പെരുമാറ്റം ഇവയ്ക്കാണു പ്രാധാന്യം. അതോറിറ്റേറ്റീവ് പേരന്റിങ്ങിലാകട്ടെ അടുപ്പത്തിനൊപ്പം അതിർവരമ്പുകൾക്കും നിയമങ്ങൾക്കും  പ്രാധാന്യമേകുന്നു.

ADVERTISEMENT

േഷാപ്പിങ്ങിനിടയിൽ കണ്ട കളിപ്പാട്ടം വേണമെന്നു വാശി പിടിച്ചു കരയുന്ന കുട്ടിയോട് ‘നിന്റെ വിഷമം എനിക്കു മനസ്സിലാകുന്നുണ്ട്. പക്ഷേ, ഇപ്പോൾ അതു വാങ്ങിത്തരാൻ കഴിയില്ല. ’ എന്നു കൃത്യമായി പറയാം. പെർമിസിവ് പേരന്റിങ് ആണെങ്കിൽ കുട്ടി കരയുമ്പോൾ മാതാപിതാക്കൾ ആവശ്യപ്പെടുന്നതു വാങ്ങി നൽകുകയാണു ചെയ്യുക. തിരുത്തുന്നതിനു മുൻപ് കുട്ടികളോട് അടുപ്പമുണ്ടാക്കുകയും അവരെ കേൾക്കുകയും വേണം. എന്റെ വികാരങ്ങൾ പ്രധാനമാണ്. പക്ഷേ, ഈ നിയമങ്ങൾ പാലിച്ചേ പറ്റൂ എന്നു മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കാം.

ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

 ∙ കുട്ടിയുടെ പ്രായം, സ്വഭാവം ഇവയ്ക്കു യോജിച്ച രീതിയിൽ കസ്റ്റമൈസ്ഡ് ഹൈബ്രിഡ് പേരന്റിങ് ശൈലി രൂപീകരിക്കാം. മാതാപിതാക്കൾ ചർച്ച ചെയ്ത് അതിർവരമ്പുകൾ, നിയമങ്ങൾ ഇവ നിശ്ചയിക്കുക. ഇടയ്ക്കിടെ ശൈലി മാറ്റുക, സ്ഥിരതയില്ലായ്മ ഇവ ഒഴിവാക്കണം. ഇരുവരും വ്യത്യസ്ത ആശയങ്ങളാണു പറയുന്നതെങ്കിൽ കുട്ടികൾക്ക് ആശയക്കുഴപ്പമുണ്ടാകുമെന്നോർമിക്കുക.

∙ കുട്ടികളിൽ നിന്നു പ്രതീക്ഷിക്കുന്നതെന്തെന്നു വ്യക്തമായി പറയുക. ചിട്ടകൾ, ഉത്തരവാദിത്തങ്ങൾ തുടങ്ങിയവ എങ്ങനെ പാലിക്കണമെന്നു സൗമ്യമായും പോസിറ്റീവായും വൃക്തമാക്കാം. ഹോം വർക് ചെയ്തില്ലെങ്കിൽ കളിക്കാൻ വിടില്ല എന്നു പറയുന്നതിനു പകരം ഹോംവർക് ചെയ്തു കഴിയുമ്പോൾ ഒരു മണിക്കൂർ കളിച്ചോളൂ എന്നു പറയാം.

∙ മാതാപിതാക്കൾ എല്ലാ കാര്യത്തിലും കുട്ടികൾക്കു മാതൃകയാകാൻ ശ്രദ്ധിക്കണം. കുട്ടികളെ ഉപദേശിക്കുന്നതിനു നേർവിപരീതമായി പെരുമാറുന്നത് ഒഴിവാക്കുക.    

∙ എല്ലാ കുട്ടികൾക്കും ഒരേ സമീപനമല്ല ഗുണം ചെയ്യുക. ചിലർക്കു സ്നേഹപൂർവമുള്ള തിരുത്തലുകൾ മതിയാകും. ചില സാഹചര്യങ്ങളിൽ അനന്തരഫലങ്ങളെക്കുറിച്ചു വ്യക്തമാക്കിയ ശേഷം അനുഭവത്തിലൂടെ കാര്യങ്ങൾ മനസ്സിലാക്കാൻ കുട്ടികളെ അനുവദിക്കാം. സ്വന്തം തീരുമാനങ്ങളുടെയും പ്രവൃത്തികളുടെയും ഉത്തരവാദിത്തം തങ്ങൾക്കു തന്നെയാണന്നു അവർ പഠിക്കും. വീഴ്ചകളിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാനും ശീലിക്കട്ടെ.

ശീലിക്കാം 7– 7– 7 റൂൾ

ദിവസവും മൂന്നു നേരം ഏഴ് മിനിറ്റ് നീക്കി വച്ചുള്ള 7– 7 – 7 റൂൾ കുഞ്ഞുങ്ങളുമായുള്ള അടുപ്പം മെച്ചപ്പെടുത്താൻ ഗുണകരമാണ്..

∙ രാവിലെ ഏഴ് മിനിറ്റ് കുട്ടിയോടൊപ്പം ശാന്തമായി ചെലവഴിക്കുക. ഈ സമയം തിരക്ക് കൂട്ടരുത്. സംസാരിച്ചു കൊണ്ടു ചെടികൾ നനയ്ക്കുകയോ അൽപദൂരം നടക്കുകയോ എന്തെങ്കിലും ആക്ടിവിറ്റിയിലേർപ്പെടുകയോ ചെയ്യാം.

∙ സ്കൂളിൽ നിന്നു തിരികെ വന്ന ശേഷവും കുട്ടികളോടൊപ്പം ഏഴു മിനിറ്റ് ചെലവഴിക്കാം. ഗാഡ്ജറ്റുകളെല്ലാം മാറ്റി വച്ച്  കുട്ടികളുടെ അന്നത്തെ അനുഭവങ്ങൾ കേൾക്കാനിരുന്നോളൂ.

∙ ഉറങ്ങുന്നതിനു മുൻപും കുട്ടിക്കു വേണ്ടി ഏഴു മിനിറ്റ് മാറ്റിവയ്ക്കാം. മൊബൈൽ ഫോൺ മാറ്റി വച്ച് കഥകൾ പറഞ്ഞോ കൊച്ചുവർത്തമാനം പറ‍ഞ്ഞോ കുറച്ചുനേരം ചെലവഴിച്ചോളൂ. മാനസികമായ അടുപ്പമേറുന്നതോടെ പേരന്റിങ്ങും സുഖകരമാകും. 

വിവരങ്ങൾക്കു കടപ്പാട്: ഡോ. വസുന്ധര എസ്. നായർ, അസിസ്റ്റന്റ് പ്രഫസർ ആൻഡ് അസോഷ്യേറ്റ് ഡീൻ, ( അക്കാദമിക് അഫയർസ്) ജിൻഡൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറൽ സയൻസസ് ഒപി ജിൻഡൽ ഗ്ലോബൽ യൂണിവേഴ്സിറ്റി, ഹരിയാന.

Understanding Hybrid Parenting: A Gen Z Approach:

Hybrid parenting is a trending approach among Gen Z parents, blending various styles to foster confidence and responsibility in children. This balanced approach prioritizes understanding and guiding children effectively.

ADVERTISEMENT