ADVERTISEMENT

മിടുമിടുക്കികളായ നാലു മക്കളുടെ അമ്മ എന്നുകേട്ടാൽ മലയാളി ആദ്യമോർക്കുന്നതു സിന്ധു കൃഷ്ണകുമാറിനെയാണ്. നടൻ കൃഷ്ണകുമാറിന്റെ ഭാര്യ എന്ന മേൽവിലാസത്തേക്കാൾ സിന്ധുവിന് ഏറെയിണങ്ങുന്നതും അതാണ്. അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരുടെ അമ്മ സിന്ധു മക്കളെക്കുറിച്ചു സംസാരിക്കാനിരുന്നപ്പോൾ ആദ്യം പറഞ്ഞതിങ്ങനെ, ‘‘1995ൽ വനിതയുടെ ആദ്യ ടിവി പരസ്യത്തിലെ മോഡൽ ഞാനായിരുന്നു. മൂന്നു പതിറ്റാണ്ടിനിപ്പുറം വനിതയിലൂടെ മക്കളെക്കുറിച്ചു സംസാരിക്കുന്നു. അമ്മ എന്ന നിലയിൽ ഇതിലും വലിയ ഭാഗ്യമെന്താണ്...’’

അമ്മു എന്ന ചേച്ചി

ADVERTISEMENT

‘‘എന്റെയും കിച്ചുവിന്റെയും (കൃഷ്ണകുമാർ) കുടുംബത്തിലെ ആദ്യത്തെ കുട്ടിയാണ് അമ്മു (അഹാന). ആ എക്സൈറ്റ്മെന്റും ലാളനയും അവൾക്കു കൂടുതൽ കിട്ടിയിട്ടുണ്ട്. അമ്മുവിനു രണ്ടര വയസ്സുള്ളപ്പോഴാണു ദിയ ജനിച്ചത്.

എല്ലാവരുടെയും ശ്രദ്ധ പുതിയ ആളിലേക്കായതിന്റെ കുഞ്ഞുവിഷമം അമ്മുവിനുണ്ടായിരുന്നെന്നു തോന്നുന്നു. ആശുപത്രിയിൽ വച്ചെടുത്ത ചില ഫോട്ടോകളിൽ അമ്മു ചിണുങ്ങിക്കരയുന്നതു കാണാം. പക്ഷേ, ദിയയ്ക്കു രണ്ടുമൂന്നു മാസമായപ്പോഴേക്കും അമ്മു അവളെ ഏറ്റെടുത്തു.

ADVERTISEMENT

ഇഷാനി ജനിച്ചത് ദിയയ്ക്ക് രണ്ടര വയസ്സുള്ളപ്പോൾ. ഹൻസിക ജനിച്ചത് അമ്മുവിനു പത്തു വയസ്സുള്ളപ്പോഴാണ്. അമ്മുവിനെ ഗർഭിണിയായിരുന്ന കാലത്ത് എല്ലാവരും പറഞ്ഞത് ആൺകുട്ടിയാകുമെന്നാണ്. അതുകൊണ്ടു കണ്ടുപിടിച്ചു വച്ചിരുന്നതൊക്കെ ആൺകുട്ടികളുടെ പേരുകളാണ്. ഹിന്ദിയിലെ താരറാണി ഹേമമാലിനിയുടെ ഇളയ മകളുടെ പേരാണ് അഹാന. ആ പേര് അമ്മുവിനിട്ടു.

രണ്ടാമതു പിറന്നതും പെൺകുട്ടി. അവളുടെ കുഞ്ഞ് മുഖത്തിനു ചേരുന്ന പേരെന്ന് തോന്നിയാണ് ദിയ എന്നു പേരിട്ടത്. കിച്ചുവിന്റെ സുഹൃത്തിന്റെ കുട്ടിയുടെ ചെല്ലപ്പേരാണ് ഓസി. പിന്നീട് അതു ദിയയുടെ സ്വന്തം ബ്രാൻഡായി മാറുമെന്ന് അന്നേ ദൈവം കരുതിയിരിക്കും.

ADVERTISEMENT

മൂന്നാമത്തെ മകള്‍ ഇഷാനിക്കു പേരിട്ടത് ഒരു ബുക്കിൽ നിന്നു കണ്ടുപിടിച്ചാണ്. പാർവതി എന്നാണ് ആ പേരിന്റെയർഥം. കുറേ പരതിയ ശേഷം തിരഞ്ഞെടുത്ത പേരാണു നാലാമത്തെ മകളുടേത്, ഹൻസിക.’’

ഓരോരുത്തർക്കും ഓരോ സ്റ്റൈൽ

‘‘മക്കളുടെ സ്കൂൾ ടൈം വളരെ രസമായിരുന്നു. തലേദിവസം തന്നെ ഓരോരുത്തരും ഓരോ ഹെയർസ്റ്റെൽ ബുക്ക് ചെയ്യും. രാവിലെ അതുപോലെ മുടി കെട്ടികൊടുക്കണം. കൂട്ടത്തിൽ കുറച്ചു വികൃതി ദിയയായിരുന്നു.

അഹാനയും ദിയയും താരാ കല്യാൺ ഡാൻസ് അക്കാദമിയിൽ വെക്കേഷൻ ക്ലാസ്സിലാണ് ഡാൻസ് പഠിച്ചു തുടങ്ങിയത്. പിന്നെ, കലാമണ്ഡലം വിമലാ മേനോൻ ടീച്ചറിന്റെയടുത്തു മൂന്നുപേരെയും ചേർത്തു. ഭരതനാട്യവും മോഹിനിയാട്ടവും അരങ്ങേറ്റം നടത്തി. കുച്ചിപ്പുടിയും പഠിച്ചിട്ടുണ്ട്. ഹൻസിക ജിംനാസ്റ്റിക്സും ബാലെയും ഭരതനാട്യവും പഠിച്ചിട്ടുണ്ട്. കല ടീച്ചർ വീട്ടിൽ വന്നു പാട്ടും പഠിപ്പിച്ചു.

പണ്ടൊരിക്കൽ കിച്ചുവിന്റെ അഭിമുഖത്തിനിടെ അവതാരകൻ അഹാനയോടു ചോദിച്ചു, ‘സിനിമാനടി ആകണ്ടേ?’ ‘വേണ്ട’ എന്നാണ് അമ്മു പറഞ്ഞത്. പത്താം ക്ലാസ് പരീക്ഷാസമയത്ത് സിനിമയിലേക്ക് ഓഫർ വന്നപ്പോഴും ‘നോ’ ആയിരുന്നു അവളുടെ മറുപടി. വർഷങ്ങൾക്കു ശേഷം വീണ്ടും അവസരം വന്നപ്പോഴാണ് ശ്രമിച്ചുനോക്കാമെന്ന മനസ്സുണ്ടായത്.

ഓസി എപ്പോഴും പറയുമായിരുന്നു സിനിമാ നടിയാക ണമെന്ന്. പക്ഷേ, അവൾക്കു വന്ന അവസരങ്ങളൊന്നും നടന്നില്ല. ഇഷാനിയും അപ്രതീക്ഷിതമായാണു സിനിമയിലെത്തിയത്. എല്ലാവരും ഈ രംഗത്തേക്കു വരുന്നതു സന്തോഷമുള്ള കാര്യമല്ലേ.’’

sindhukrishnakumarahaanadiyaishaanihansikaoldmemories1

തമ്മിൽ പിണങ്ങിപ്പോകല്ലേ...

‘‘അമ്മ എന്ന നിലയിൽ ഒരു കാര്യമാണു മക്കളോടു പറഞ്ഞിട്ടുള്ളത്, എന്തുണ്ടെങ്കിലും ആദ്യം വീട്ടിൽ പറയണം. അച്ഛനും അമ്മയും അറിഞ്ഞാൽ എന്തു വിചാരിക്കും എന്ന ആശങ്ക അവർക്കില്ല എന്നതാണു ധൈര്യം. ശരിയെന്നു തോന്നുന്ന കാര്യം മാത്രം ചെയ്യണമെന്നും ആരെയും സഹായിച്ചില്ലെങ്കിലും ആർക്കും ഉപദ്രവമാകരുതെന്നും പറഞ്ഞിട്ടുണ്ട്. പെൺകുട്ടികൾ സാമ്പത്തിക സ്വാതന്ത്ര്യം നേടണമെന്നും അവരെ പഠിപ്പിച്ചു.

മക്കളിൽ നിന്നു ഞാനും ചിലതു പഠിച്ചു. കാലത്തിനനുസരിച്ചു ചിന്തകളിൽ ‘അപ്ഡേറ്റ്’ ആകാൻ ഹൻസികയുടെയും ഇഷാനിയുടെയും ടിപ്സാണ് ചോദിക്കുന്നത്. എന്തു പ്രശ്നം വന്നാലും നേരിടാം എന്ന കൂൾ ആറ്റിറ്റ്യൂഡ് ആണ് ഓസിക്ക്. അമ്മുവിനു നല്ല ലീഡർഷിപ് ക്വാളിറ്റിയുണ്ട്. എല്ലാവരുടെയും കാര്യം നോക്കി നടന്ന് അമ്മയുടെ കാര്യത്തിൽ മടി കാണിക്കരുത് എന്നു മക്കൾ പറയും. ജിമ്മിൽ പോകാനും ശരീരം നോക്കാനും അവരാണു പ്രോത്സാഹിപ്പിക്കുന്നത്.

മക്കള്‍ക്കൊപ്പം നിൽക്കുന്ന അമ്മയാകാൻ ശ്രമിക്കുമ്പോൾ അമ്മയ്ക്കും അച്ഛനുമൊപ്പം നിൽക്കുന്ന മക്കളായി അവരെ തിരിച്ചുകിട്ടുന്നതു സന്തോഷമാണ്. എല്ലാ അമ്മമാരുടെയും ആഗ്രഹവും അതാണ്.’’

Sindhu Krishna Kumar: A Mother's Pride in Her Four Daughters:

Sindhu KrishnaKumar is celebrated as a mother of four talented daughters, often recognized more for her maternal role than as the wife of actor KrishnaKumar. She beautifully articulates her journey of motherhood, highlighting the unique personalities and achievements of Ahaana, Diya, Ishaani, and Hansika, expressing immense pride in their growth and individuality.

ADVERTISEMENT