ജെൻ സി സോഷ്യൽ മീഡിയയിൽ നിന്ന് അകലുന്നു എന്ന ധാരണ ശരിയല്ല. സ്ക്രീനിൽ നിന്ന് അവർ കണ്ണെടുക്കുന്നില്ല എന്നു തന്നെയാണു വിലയിരുത്തൽ. നന്നായി പഠിച്ചിരുന്നവർ പെട്ടെന്നു പഠിക്കാതാകുന്നതു പോലുള്ള ലക്ഷണങ്ങളാണു കൗമാരക്കാരിലെയും കുട്ടികളിലെയും ഡിജിറ്റൽ ക്ഷീണമായി (ഡിജിറ്റൽ ഫറ്റീഗ്) പ്രകടമാകുക. വെക്കേഷൻ കാലത്തു ഗെയിമുകൾ കളിച്ചിരുന്നു ശ്രദ്ധയും ഏകാഗ്രതയും കുറഞ്ഞതാണു കാരണം.
സ്ക്രീനിലെ നിറങ്ങളും മാറിമറിയുന്ന കഥാപാത്രങ്ങളും സംഗീതവുമൊക്കെ ചേർന്നു തലച്ചോറിലുണ്ടാക്കുന്ന ഡോപമിൻ റഷ് (കുതിപ്പ്) വളരെ വലുതായിരിക്കും. സാധാരണ ജീവിതത്തിലെ ഒരു കാര്യം കൊണ്ടും അത്രയും ഡോപമിൻ റഷ് ഉണ്ടാകാത്ത പക്ഷം മറ്റെല്ലാത്തിനോടും വിരക്തിയുണ്ടാകും. ഇതാണു പഠനത്തിലും മറ്റും ശ്രദ്ധ കുറയ്ക്കുന്നത്.
മൂന്നും നാലും വയസ്സുള്ള കുട്ടികളെ ടിവിയും മൊബൈൽ ഫോണും ശീലിപ്പിക്കുന്നതു രക്ഷിതാക്കൾ തന്നെയാണ്. പുറത്തു പോയി കളിക്കാൻ അനുവദിക്കാതെ ഒറ്റയ്ക്കു വീട്ടിലിരിക്കുന്ന കുട്ടി ഫുൾ ടൈം ടിവി കാണുന്നു. ഇതു ശ്രദ്ധക്കുറവു മാത്രമല്ല അഗ്രഷൻ (ദേഷ്യം) പോലുള്ള പെരുമാറ്റ പ്രശ്നങ്ങളിലേക്കും നയിക്കാം.
ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നു മുക്തനാക്കാൻ പൂക്കളോടും ചെടികളോടും കൂട്ടുകൂടാൻ കുട്ടികളോടു നിർദേശിക്കുന്നതും കരുതലോടെ വേണം. എന്തിനാണ് ഇതു ചെയ്യുന്നത് എന്നു വിശ്വസിപ്പിക്കാൻ പ്രയാസമായതു കൊണ്ടുതന്നെ ദേഷ്യവും വെറുപ്പും വിദ്വേഷവുമൊക്കെ അവർ കൂടുതൽ പ്രകടിപ്പിക്കും.
സാമൂഹിക ഇടപെടൽ ഇല്ലാത്തതു കൊണ്ടുതന്നെ വികാരങ്ങൾ പ്രകടിപ്പിക്കാനും അഭിപ്രായം പറയാനുമൊക്കെയുള്ള കഴിവും കുട്ടിക്കു കുറവാകും. ഇതൊക്കെ പൊട്ടിത്തെറി പോലുള്ള അവ്സഥയിലേക്കു നയിക്കാം. ഇതെല്ലാം മുൻകൂട്ടി കണ്ടു വിദഗ്ധ സഹായത്തോടെ കുട്ടിയെ ഡിജിറ്റൽ ഡീടോക്സിങ്ങിനു വിധേയനാക്കാൻ മുൻകൈയെടുക്കണം.
ഓർമയും ബുദ്ധിയും
- കുട്ടികളിലും കൗമാരക്കാരിലും ഇതു ബാധിക്കുന്നതു മറ്റൊരു തരത്തിലാണ്. ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നു നിരന്തരം സുഖമുള്ള കാര്യങ്ങൾ ലഭിക്കുന്നതു കൊണ്ടു പുറത്തിറങ്ങാനോ ആളുകളുമായി ഇടപെടാനോ ഉള്ള താത്പര്യം നശിക്കുകയും, സാമൂഹികവിഛേദന ലക്ഷണത്തിലേക്ക് (സോഷ്യൽ ഡിസ്കണക്ട്) എത്തിക്കുകയും ചെയ്യാം. മറ്റുള്ളവരുടെ വൈകാരിക അവസ്ഥ മനസ്സിലാക്കി പെരുമാറാനുള്ള അനുതാപം (എംപതി) എന്ന ഗുണം കുറയുകയും ചെയ്യും. ജീവിതത്തിൽ സന്തോഷത്തോടെയിരിക്കാൻ സൗഹൃദമോ അടുപ്പങ്ങളോ ആവശ്യമില്ല എന്ന ചിന്തയും വിശ്വാസവും ഉറപ്പിക്കാനും ഇതു കാരണമാകും.
- ഓൺലൈൻ ഗെയിമുകളോ ചാറ്റിങ്ങോ മുതൽ യുട്യൂബ് കണ്ടന്റ് ക്രിയേറ്റിങ്ങു വരെയായി രാത്രി ഉറക്കം കുറയാം. പക്ഷേ, രാവിലെ ഉണർന്നു പ്രവർത്തനക്ഷമമാകേണ്ട സമയത്തിൽ മാറ്റം വരുന്നില്ല. അതുകൊണ്ടുതന്നെ ഉറക്കത്തിന്റെ ദൈർഘ്യവും ഗുണനിലവാരവും കുറയും. പകൽസമയത്തു പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന കാര്യങ്ങൾ കൃത്യമായി തലച്ചോറിൽ അടുക്കി വയ്ക്കുന്നത് രാത്രിയിലെ വിശ്രമസമയത്താണ്. ഇതു ശരിയായി നടക്കാത്തതു കൊണ്ടുതന്നെ ഓർമക്കുറവു വരാം.
- ചടുലമായ ദൃശ്യവിന്യാസമുള്ള കാർട്ടൂണുകളോ ഓൺലൈൻ ഗെയിമുകളോ നിരന്തരം കളിക്കുന്ന വ്യക്തികൾക്ക് അതേ വേഗതയിലുള്ള സംവേദനങ്ങളുമായി മാത്രമേ പൊരുത്തപ്പെടാനാകൂ. ഈ വേഗത ഇല്ലാതെ വരുന്നതോടെ പഠിക്കുന്ന കാര്യങ്ങളിൽ നിന്നൊക്കെ ശ്രദ്ധ പതറിപ്പോകും. ക്ലാസ്സിലിരിക്കുമ്പോഴോ പുസ്തകം വായിക്കുമ്പോഴോ ഏകാഗ്രത ഇല്ലാതെയാകാൻ ഇതിടയാക്കും.
- ഡിജിറ്റൽ അടിമത്തം പോലുള്ള സ്വഭാവഅടിമത്തത്തിലേക്കും ഇതു നയിക്കാം. ഏതെങ്കിലും സാഹചര്യത്തിൽ ഡിജിറ്റൽ ഉപയോഗം സാധ്യമാകാതെ വന്നാൽ കഠിനമായ അസ്വസ്ഥത, ദേഷ്യം, സങ്കടം എന്നിവയ്ക്കു പുറമേ അക്രമ– ആത്മഹത്യാ പ്രവണത വരെ കാണിക്കാം.
വിവരങ്ങൾക്കു കടപ്പാട്: അമൃത കെ. ഫ്രാൻസിസ്, പേരന്റിങ് ആൻഡ് ഫാമിലി ലൈഫ് കോച്ച്, കൊച്ചി