ADVERTISEMENT

എല്ലാ കുട്ടികളും തിമിർത്തു കളിക്കുന്നതു കണ്ട് കളിക്കാനാവാതെ മൂലയ്ക്ക് ഒതുങ്ങേണ്ടി വരിക ഒരു കുട്ടിയെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമാണ്. കുട്ടികൾ ഉത്സാഹമില്ലാതിരിക്കുന്നതു കാണുന്നത് മാതാപിതാക്കൾക്കും ബുദ്ധിമുട്ട്. ശ്വാസംമുട്ടലുള്ള കുട്ടികൾ വീട്ടിലുള്ളപ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ കൃത്യമായി ഡോക്ടർ പറയുന്നു.  കുട്ടിയുടെ ബുദ്ധിമുട്ട് കുറയ്ക്കാൻ പറ്റുന്നത്ര കാര്യങ്ങൾ ചെയ്യാം.  

∙വീട്ടിനുള്ളിൽ വച്ച് പുകവലിക്കരുത്. പാസിവ് സ്മോക്കിങ്ങ് ശ്വാസംമുട്ടല്‍ കൂട്ടും.

ADVERTISEMENT

∙ കഴിവതും കാർപ്പെറ്റ് ഉപയോഗിക്കണ്ട. അഥവാ ഉണ്ടെങ്കിൽ തന്നെ ആഴ്ച്ചയിലൊരിക്കൽ വാക്വം ക്ലീനർ കൊണ്ട് ക്ലീൻ ചെയ്തിരിക്കണം. അല്ലെങ്കിൽ പുറത്തു കൊണ്ടു പോയി നന്നായി പൊടി തട്ടി വെയിലത്തിട്ട് ഉണക്കി വേണം ഉപയോഗിക്കാൻ.  

∙ പഴയ കോട്ടൺ തലയിണകളാണ് വീട്ടിൽ ഉള്ളതെങ്കിൽ അവയ്ക്കു മീതെ പ്ലാസ്റ്റിക് കവറിട്ട് അതിനു മുകളിൽ തുണിയുടെ കവറിട്ട് ഉപയോഗിക്കാം.

ADVERTISEMENT

∙ പഴയ പുസ്തകങ്ങൾ പേപ്പറുകൾ എന്നിവ കുട്ടിയുടെ മുറിയിലും കുട്ടി കൂടുതൽ സമയം ചിലവഴിക്കുന്ന ഹാളിലും മറ്റും തുറസായി അടുക്കി വയ്ക്കുന്നത് കുറയ്ക്കാം. എത്ര വൃത്തിയാക്കിയാലും ഇവയ്ക്കിടയിൽ പൊടി അടിയും. അത് കുട്ടിക്ക് ശ്വാസംമുട്ടലുണ്ടാക്കാനുള്ളൊരു പ്രധാന കാരണമായി മാറാറുണ്ട്. അഥവാ അത്തരം ഷെൽഫുകൾ ഉണ്ടെങ്കിൽ അവയ്ക്ക് വാതിലുകൾ വച്ച് അടച്ചിടാം.  

∙ ഭിത്തിയും മറ്റും എപ്പോഴും നനഞ്ഞിരിക്കുന്നത് അതിൽ പൂപ്പൽ പിടിക്കാൻ ഇടയാക്കും. ഇത് ശ്വാസംമുട്ടലുണ്ടാക്കുന്ന അലർജനാണ്. കഴിവതും ഇത്തരം ഇടങ്ങൾ ഈർപ്പമില്ലാതെ വയ്ക്കുക.

ADVERTISEMENT

∙ പെർഫ്യൂം, ചോക്ക്, പൗഡർ എന്നിവ ശ്വാസംമുട്ടലുള്ള കുട്ടികൾ ഉള്ളിടത്തു നിന്നും കഴിവതും ദൂരെ വയ്ക്കാം.

∙ വീട് തൂക്കുന്നതിനേക്കാൾ നല്ലത് തുടച്ച് വൃത്തിയാക്കുന്നതാണ്. പൊടി ഉയരില്ല.

∙ സ്കൂട്ടറിലും മറ്റും യാത്രയ്ക്കിറങ്ങുമ്പോൾ കുട്ടിയെ മാസ്ക് ധരിപ്പിക്കുന്നതും തൊപ്പികൊണ്ട് ചെവി മൂടുന്നതും നല്ലതാണ്.

∙ കിടക്ക വിരികളും കർട്ടനുകളും രണ്ടാഴ്ച്ചയിൽ കൂടുതൽ മാറ്റാതെ ഉപയോഗിക്കരുത്.

∙ വളർത്തു മൃഗങ്ങളുടെ രോമത്തോട് അലർജിയുണ്ടെങ്കിൽ കുട്ടിയുടെ ബെഡിലേക്ക് വളർത്തു മൃഗങ്ങളെ കയറ്റാതിരിക്കാന്‍ നോക്കാം.

ഭക്ഷണ കാര്യത്തിലും വേണം ശ്രദ്ധ

കുട്ടികൾ വളരുന്ന പ്രായമായതുകൊണ്ട് സാധാരണ ഗതിയിൽ ഭക്ഷണ നിയന്ത്രണം വേണമെന്ന് പറയാറില്ല. എന്നിരുന്നാലും ചില കുട്ടികൾക്ക് ചില ഭക്ഷണത്തോട് അലർജിയുള്ളത് കാണാം. ഇവ ശ്വാസതടസവും സൃഷ്ടിക്കാനിടയുണ്ട്. തോടുള്ള മത്സങ്ങൾ, കടൽ മത്സങ്ങൾ, മുട്ട, ചോക്ലേറ്റ് എന്നിവയോടൊക്കെയാണ് സാധാരണ അലർജിയുണ്ടായി കണ്ടിട്ടുള്ളത്. ഒന്ന് രണ്ട് തവണ ഇതിലേതെങ്കിലും കഴിച്ചിട്ട് ശ്വാസതടസം വന്നാൽ അതൊഴിവാക്കുന്നതാണ് നല്ലത്.

ആന്റിഓക്സിഡന്റുകളടങ്ങിയ കാരറ്റ്, ബീറ്റ്റൂട്ട്, ചീര എന്നവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. മത്സ്യം, ഒമേഗ3 ഫാറ്റി ആസിഡ് അടങ്ങിയ മീനെണ്ണ, പഴവർഗങ്ങൾ, പാൽ, പാലുൽപ്പന്നങ്ങൾ, ധാന്യങ്ങൾ, മാംസം, മുട്ട, കിഴങ്ങുവർഗങ്ങൾ എന്നിവയെല്ലാം ഇഷ്ടം പോലെ കഴിക്കാം.

കടപ്പാട്: ഡോ. എബ്രഹാം പോൾ, ശിശുരോഗവിദഗ്ധൻ, എറണാകുളം.

ADVERTISEMENT