ADVERTISEMENT

ഒരു വയസ്സു മുതൽ മൂന്നു വയസ്സു വരെയുള്ള കാലഘട്ടം കുഞ്ഞിന്റെ വളർച്ചയും വികാസവും സംബന്ധിച്ച് ഏറെനിർണായകമായ ഘട്ടമാണ്. ഈ സമയത്ത് എന്തൊക്കെ ശ്രദ്ധിക്കണം?

കുഞ്ഞുങ്ങൾ ആദ്യത്തെ ചുവടു വച്ചു തുടങ്ങുന്നത് ഏകദേശം ഒരു വയസ്സിലാണ്. ആദ്യമാദ്യം നടക്കുമ്പോൾ പലതവണ വീഴാം. എന്നാൽ ഒന്നര വയസ്സാകുമ്പോഴേക്കും കുഞ്ഞ് നടത്തത്തിൽ വിദഗ്ധനായിട്ടുണ്ടാകും. രണ്ടു വയസ്സാകുമ്പോൾ കുഞ്ഞ് കസേര, മേശ, കോണിപ്പടി എന്നിവയിൽ ഒക്കെ വലിഞ്ഞു കയറുന്ന കാലമാണ്. ആയതുകൊണ്ടുതന്നെ ഈ കാലമൊക്കെ കുഞ്ഞിന്റെ ഒപ്പം മുതിർന്നവർ ആരെങ്കിലും സുരക്ഷ ഉറപ്പാക്കാൻ ഉണ്ടാവണം. മൂന്നു വയസ്സ് ആകുമ്പോഴേക്കും ഏതെങ്കിലും ഒരു കൈ കൂടുതൽ ഉപയോഗിക്കുന്നതായി കാണാം. അധികം കുട്ടികളും വലംകൈ ആയിരിക്കും കൂടുതൽ ഉപയോഗിക്കുന്നത്. ഇടംകൈ ആണ് ഉപയോഗിക്കുന്നതെങ്കിൽ നിർബന്ധിച്ചു മാറ്റാൻ ശ്രമിക്കരുത്.

ADVERTISEMENT

ശാരീരിക വളർച്ച പോലെ തന്നെയാണു വിരലുകളുടെ സൂക്ഷ്മമായ ഉപയോഗവും. ഒന്നര വയസ്സുള്ള കുട്ടി കളിപ്പാട്ടങ്ങൾ പല കഷണങ്ങള്‍ ആക്കാൻ ശ്രമിക്കും. അതിനാൽ വിഴുങ്ങി പോകാൻ പാകത്തിൽ ചെറിയ ഭാഗങ്ങൾ ഉള്ള കളിപ്പാട്ടങ്ങൾ നൽകുന്നത് ഒഴിവാക്കുക. മൂന്നു വയസ്സാകുന്നതോടെ ഉറക്കത്തിന്റെ സമയമൊക്കെ കൃത്യമാകും. രാത്രി തുടർച്ചയായി 10–12 മണിക്കൂർ ഉറങ്ങുകയും പകൽ ഉണർന്നിരിക്കുകയും ചെയ്യും.

ഒാടിനടക്കുന്ന സമയമായതിനാൽ അപകടങ്ങൾക്കും സാധ്യതയേറെയാണ്. മരുന്നുകൾ, കീടനാശിനികൾ,പ്രാണിനാശിനികൾ പോലെയുള്ള രാസവസ്തുക്കൾ, മണ്ണെണ്ണ എന്നിവ കുട്ടികളുടെ കയ്യെത്താത്ത സ്ഥലത്തു സൂക്ഷിക്കുക. ചൂടുള്ള ഭക്ഷണം, ചൂടുവെള്ളം എന്നിവ കുട്ടികൾക്കെത്താവുന്നിടത്ത് അലക്ഷ്യമായി വയ്ക്കരുത്. തറയും മറ്റും ദിവസവും തുടച്ച് അണുവിമുക്തമാക്കി വയ്ക്കുക.

ADVERTISEMENT

തലച്ചോറിന്റെ വികാസവും ഭാഷയും

രണ്ടു വയസ്സിനു ശേഷം ബൗദ്ധികമായ വളർച്ചയും വികാസവും ദ്രുതഗതിയിലാകുന്നു. കാര്യങ്ങൾ ഒാർത്തു പറയാനുള്ള ശേഷി മെച്ചപ്പെടുന്നു. നിറങ്ങളും പരിചയമുള്ള മുഖങ്ങളുമൊക്കെ തിരിച്ചറിയുന്നു. ലളിതമായ കഥകൾ പറയാനും ഒാരോ ദിവസത്തെയും സംഭവങ്ങളെ കുറിച്ചു ലഘുവായി വിവരിക്കാനുമൊക്കെ തുടങ്ങുന്നു. 18 മാസമാകുന്നതോടെ സാമാന്യം വ്യക്തമായി ആറു വാക്കുകളെങ്കിലും പറയാൻ പഠിക്കുന്നു. രണ്ടു വയസ്സു കഴിഞ്ഞ കുട്ടികൾ ഏകദേശം 50 മുതൽ 100 വാക്കുകൾ വരെ പഠിക്കുന്നു. മൂന്നു വയസ്സു കഴിയുന്നതോടെ രണ്ടോ മൂന്നോ വാക്കുകൾ ചേർത്തു ചെറു വാക്യങ്ങൾ പറയാൻ തുടങ്ങുന്നു.

ADVERTISEMENT

ഭക്ഷണം എങ്ങനെ?

ഓരോ കുഞ്ഞിന്റെയും ശാരീരിക,

ബൗദ്ധിക വളർച്ചയ്ക്കൊപ്പം അവരുടെ ഭക്ഷണത്തിനോടുള്ള ഇഷ്ടാനിഷ്ടങ്ങളിലും പ്രകടമായ മാറ്റം വരുന്നു. ഭക്ഷണം ആസ്വദിച്ചു കഴിക്കാൻ കുഞ്ഞു ശീലിക്കുമ്പോൾ വികാസത്തിന് അനുസരിച്ചുള്ള ഭക്ഷണം നൽകേണ്ടതു വളരെ അത്യാവശ്യമാണ്.

9–10 മാസം ആകുമ്പോഴേയ്ക്കും കുഞ്ഞ് സാധനങ്ങൾ കൈ കൊണ്ടുപെറുക്കി എടുക്കാൻ തുടങ്ങും. അങ്ങനെ പെറുക്കിയെടുത്തു കയ്യിൽ പിടിച്ചു കടിച്ചു തിന്നാനുള്ള ആഹാരസാധനങ്ങൾ അവന് ആസ്വദിച്ച് കഴിക്കാൻ കഴിയും. രണ്ടു വയസ്സു മുതൽ കുഞ്ഞുങ്ങൾ സ്വയം ഭക്ഷണം കഴിച്ചു തുടങ്ങുന്നു. മൂന്നു മുതൽ ആറു മാസം കൊണ്ട് ഒട്ടും നിലത്തു വീഴാതെ കഴിക്കാൻ കുഞ്ഞ് പ്രാപ്തനാവുന്നു.

ഒരു വയസ്സ് ആയ കുട്ടികൾക്കു വീട്ടിൽ മറ്റംഗങ്ങൾക്കായി ഉണ്ടാക്കുന്ന എല്ലാ ആഹാരവും നൽകാം. എന്നാൽ കുഞ്ഞിന്റെ ശ്വാസനാളത്തിൽ കുടുങ്ങി ശ്വാസതടസ്സം ഉണ്ടാകും വിധമുള്ള ഉരുണ്ടതും കട്ടിയുള്ളതുമായ ഭക്ഷണങ്ങൾ നൽകാൻ പാടില്ല. ഉദാഹരണത്തിന് കപ്പലണ്ടി, കട്ടിയുള്ള മിഠായികൾ തുടങ്ങിയവ. വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ചെറിയ മാറ്റങ്ങളോടെ ഒരു വയസ്സിനു മേലെ ഉള്ള കുട്ടികൾക്കു നൽകാവുന്നതാണ്. എരിവു കുറച്ച്, നെയ്യ്, എണ്ണ, ശർക്കര എന്നിവ ചേർത്ത് ഊർജസാന്ദ്രമാക്കി നൽകണം. ഇതിനോടൊപ്പം മുലയൂട്ടലും തുടരുക. 3–4 തവണ പ്രധാന ഭക്ഷണങ്ങളും വിശപ്പിന് അനുസരിച്ച് 1–2 സ്നാക്കുകളും നൽകാം. സ്നാക്കുകൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതു വീട്ടിൽ തന്നെ പാകം ചെയ്യുന്ന കൊഴുക്കട്ട, പഴങ്ങൾ അരിഞ്ഞത് എന്നിവയാണ്.

ധാന്യങ്ങളും പയറു വർഗങ്ങളും ഏകദേശം 2:1 എന്ന അനുപാതത്തിൽ ഭക്ഷണത്തിൽ തീർച്ചയായും ഉൾപ്പെടുത്തണം. പച്ചക്കറികളും ഇലക്കറികളും ഉൾപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. എല്ലാ ദിവസവും ഏതെങ്കിലും പഴവർഗം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മുട്ട വളരെ ഗുണകരമാണ്, അതും ദിവസേന ഉൾപ്പെടുത്താൻ ശ്രമിക്കണം.

നന്നായി ഭക്ഷണം കഴിച്ചിരുന്ന കുട്ടികൾക്കു ഭക്ഷണത്തിനോടു താൽപര്യം കുറയുന്നതും സാധാരണയായി ഒരു വയസ്സിനും മൂന്നു വയസ്സിനും ഇടയിലാണ്. മാതാപിതാക്കളെ വളരെയധികം അലട്ടുന്ന ഒരു പ്രശ്നമാണിത്. എന്നാൽ മിക്ക കുട്ടികളിലും ഇത് ഒരു സ്വാഭാവിക പ്രതിഭാസം മാത്രമാണ്. ഫുഡ് ഫസ്സിനസ് (food fussiness) എന്ന് അറിയപ്പെടുന്ന ഈ അവസ്ഥയ്ക്കു വിവിധ കാരണങ്ങൾ ഉണ്ടാകാം.

ഒരു ശരാശരി ഇന്ത്യൻ കുഞ്ഞ് ജനിക്കുമ്പോൾ ഏകദേശം മൂന്നു കിലോയും ഒരു വയസ്സാകുമ്പോൾ ഒൻപതു കിലോയും ആകുന്നു. പക്ഷേ, ഇതേ കുട്ടി ഒരു വയസ്സിനും രണ്ടു വയസ്സിനുമിടയിൽ വെറും രണ്ടു മുതൽ രണ്ടര കിലോ മാത്രമേ കൂടുന്നുള്ളൂ. അതായത്, വളർച്ചയുടെ നിരക്ക് ഒരു വയസ്സിനു ശേഷം വലിയ തോതിൽ കുറയുന്നു. അതിന് അനുസൃതമായി വിശപ്പും കുറയുന്നു.

parenting-feeding-8

ഭക്ഷണത്തോടു ഭയം

പുതിയ ഭക്ഷണങ്ങളോടുള്ള അകാരണമായ ഭയം ചെറിയ കുട്ടികളിൽ സാധാരണമാണ്. ‘ഫുഡ് നിയോഫോബിയ’ എന്നറിയപ്പെടുന്ന ഈ ഭയം ഏകദേശം രണ്ടു വയസ്സിലായിരിക്കും ഏറ്റവും കൂടുതലായി കാണുന്നത്. എത്ര രുചിയുള്ള ഭക്ഷണം കൊടുത്താലും കുഞ്ഞ് ഒന്നു രുചിച്ചു നോക്കുന്നു പോലുമില്ല എന്നു പല അമ്മമാരും പരാതി പറയാറുണ്ട്. കാലക്രമേണ കുട്ടികൾ സ്വയം ഈ പ്രശ്നത്തെ അതിജീവിക്കും. ചില പുതിയ ഭക്ഷണങ്ങൾ ഒട്ടേറെ തവണ നൽകിയാലേ കുട്ടി അതു സ്വീകരിച്ചു തുടങ്ങുകയുള്ളൂ.

വിവിധ കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ചു കുട്ടികളുടെ ഭക്ഷണ രീതികളിൽ മാറ്റങ്ങളുണ്ടാകാം. ഉദാഹരണത്തിനു ചൂടു കാലാവസ്ഥയിൽ കുട്ടികൾ ഭക്ഷണം കഴിക്കാൻ മടി കാണിക്കുന്നു. വിശപ്പു കുറയുകയും കൂടുതൽ വെള്ളം കുടിയ്ക്കുകയും ചെയ്യുന്നു.ഒരു വയസ്സിനു ശേഷം കുട്ടികൾ കളികളിൽ കൂടുതൽ താൽപര്യം കാണിക്കുന്നവരായിരിക്കും. ശ്രദ്ധ മുഴുവൻ കളിയിലായതിനാൽ സ്വാഭാവികമായും ഭക്ഷണത്തോട് ഇഷ്ടക്കുറവുണ്ടാകാം.

വിളർച്ചയെ തിരിച്ചറിയാം

ഏതെങ്കിലും ഒരു നേരം കുട്ടി ഭക്ഷണം കഴിച്ചില്ലെങ്കിൽ പോലും അനാവശ്യമായി ടെൻഷനടിക്കുന്നവരാണ് പല ന്യൂജനറേഷൻ മാതാപിതാക്കളും. ഒരു നേരം എത്ര കഴിക്കുന്നു എന്നതിനു പകരം കഴിഞ്ഞ ഒരാഴ്ച കുട്ടി എന്തൊക്കെ കഴിച്ചു എന്ന് ഓർത്തു നോക്കൂ. ഭൂരിഭാഗം കുട്ടികളും അവരുടെ പ്രായത്തിനനുസരിച്ചുള്ള ഭക്ഷണം കഴിക്കുന്നുണ്ടാവും.പോഷകാഹാരക്കുറവിന്റെ ഭാഗമായി വരുന്ന അനീമിയ (വിളർച്ച) രോഗമുണ്ടെങ്കിലും വിശപ്പു കുറയാറുണ്ട്. ഉന്മേഷക്കുറവ്, കളിക്കാൻ മടി, അരി, മണ്ണ്, കടലാസ് എന്നിവയൊക്കെ തിന്നുക എന്നിവയാണു വിളർച്ചയുടെ മറ്റു ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കാണണം.

നല്ല ഭക്ഷണ ശീലങ്ങൾ

മുതിർന്നവരെ അനുകരിക്കാനുള്ള ഒരു ജന്മവാസന എല്ലാ കുട്ടികളിലുമുണ്ട്. അതിനാൽ ഭക്ഷണശീലങ്ങളിലും തീൻമേശ മര്യാദകളിലും മുതിർന്നവർ സ്വയം നല്ല മാതൃകകളാകണം. കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. കുട്ടികൾക്കു ഭക്ഷണം കൊടുക്കുന്നതും ഇതിനൊപ്പം ആക്കുക. ഒരുമിച്ചു ഭക്ഷണം കഴിക്കുമ്പോൾ കുട്ടികൾക്കു കൂടുതൽ താൽപര്യം ഉണ്ടാകും.

കഴിവതും വീട്ടിൽ പാചകം ചെയ്യുന്ന ഭക്ഷണം തന്നെ കഴിക്കുക. സ്ഥിരമായി ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുന്നതു ദോഷമാണ്. ചിപ്സുകൾ, ബേക്കറി ഭക്ഷണം, മധുര പാനീയങ്ങൾ എന്നിവ ഒഴിവാക്കുക. പാചകത്തിനാവശ്യമായ പച്ചക്കറികൾ, പഴങ്ങൾ, പലവ്യഞ്ജനങ്ങള്‍ എന്നിവ വാങ്ങുമ്പോൾ ഇടയ്ക്ക് കുട്ടികളെയും ഒപ്പം കൂട്ടുക. അതുപോലെ പാചകത്തിലും ഭക്ഷണം വിളമ്പുമ്പോഴും ആയാസകരമല്ലാത്ത ചെറിയ ജോലികൾ കുട്ടികൾക്കു നൽകുക. ഇത്തരം ചെറിയ പങ്കാളിത്തങ്ങൾ കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടും.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. കൃഷ്ണമോഹൻ ആർ.

കൺസൽറ്റന്റ്
പീഡിയാട്രീഷൻ, താലൂക്ക് ഹോസ്പിറ്റൽ, മലപ്പുറം
സംസ്ഥാന സെക്രട്ടറി, ഇന്ത്യൻ അക്കാദമി ഒാഫ് പീഡിയാട്രിക്സ്

കടപ്പാട്: മനോര ആരോഗ്യം

English Summary:

Toddler care is crucial between one and three years for overall development. Focus on nutrition, safety, and cognitive milestones during this significant phase.

ADVERTISEMENT